Sunday, June 30, 2019 Last Updated 36 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 11.38 PM

അനശ്വരതയ്‌ക്ക് റീമേക്ക്‌

uploads/news/2019/06/318337/sun6.jpg

''സത്യന്‍ മലയാളസിനിമയുടെ ചക്രവര്‍ത്തിയായിരുന്നു. അദ്ദേഹം അലങ്കരിച്ചിരുന്ന സിംഹാസനം വളരെക്കാലം ഒഴിഞ്ഞു തന്നെ കിടക്കും.''
1971 ജൂണ്‍ 15 ന്‌ അന്തരിച്ച സത്യന്റെ മൃതദേഹം വഹിച്ചിരുന്ന വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഒരു തല്‍സമയ പ്രക്ഷേപണത്തിന്റെ സജ്‌ജീകരണങ്ങളുമായി ആകാശവാണി പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്നു. അവരോട്‌ പ്രേംനസീര്‍ നടത്തിയ പ്രസ്‌താവനയുടെ അവസാനഭാഗമാണ്‌ മുകളിലുദ്ധരിച്ചത്‌. നസീറിന്റെ ശബ്‌ദം ഇടറിയിരുന്നു. കേരളം മുഴുവന്‍ അതു തല്‍സമയം കേട്ടു. പിറ്റേ ദിവസത്തെ പത്രങ്ങളിലെ ഒന്നാം പേജില്‍ സത്യന്റെ ചരമവാര്‍ത്തയോടൊപ്പം പ്രേംനസീറിന്റെ ഈ പ്രസ്‌താവനയും സ്‌ഥാനം പിടിച്ചിരുന്നു. അന്നും അടുത്ത ദിവസങ്ങളിലുമായി പത്രമാസികകളുടെ മുഖപ്രസംഗങ്ങള്‍ ഈ പ്രസ്‌താവന ഉദ്ധരിക്കുകയും ചെയ്‌തിരുന്നു. പ്രേംനസീര്‍ പറഞ്ഞതുപോലെ എന്നായിരുന്നു പല മുഖപ്രസംഗങ്ങളും ആരംഭിച്ചതുതന്നെ.
സത്യന്‌ മലയാളസിനിമയിലുണ്ടായിരുന്ന സ്‌ഥാനത്തിന്റെ എന്നതുപോലെ പ്രേംനസീറിന്റെ മഹാമനസ്‌കതയുടെയും കൂടി സൂചകം ആയിരുന്നു ഈ പ്രസ്‌താവന. സത്യനും നസീറും ഒരുമിച്ചാണ്‌ സിനിമയിലേക്കുവന്നത്‌. ഇന്നും റിലീസായിട്ടില്ലാത്ത ത്യാഗസീമ എന്ന സിനിമയിലൂടെ.
നീലക്കുയിലിലെ ശ്രീധരന്‍മാസ്‌റ്റര്‍ മുതല്‍ അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍വരെ നിരവധി കഥാപാത്രങ്ങളെ വിജയകരമായി വെള്ളിത്തിരയില്‍ അവതരിപ്പിച്ച സത്യന്‍ മലയാളസിനിമയുടെ വളര്‍ച്ചക്ക്‌ നല്‍കിയ സംഭാവനകള്‍ വളരെ വലുതായിരുന്നു. സത്യന്റെ വേര്‍പാടിനുശേഷം അദ്ദേഹത്തിനുവേണ്ടി നീക്കിവച്ചിരുന്ന സിനിമകള്‍ നസീറോ മധുവോ അഭിനയിച്ചു.
സേതുമാധവന്‍ സംവിധാനം ചെയ്‌ത കെ. സുരേന്ദ്രന്റെ ദേവി, പാറപ്പുറത്തിന്റെ പണിതീരീത്ത വീട്‌, ഡോ. ഏ.റ്റി കോവൂരിന്റെ അനുഭവത്തെ അടിസ്‌ഥാനമാക്കി നിര്‍മ്മിച്ച പുനര്‍ജ്‌ജന്മം ഇവയൊക്കെയായിരുന്നു സത്യന്‍ അഭിനയിക്കേണ്ടിയിരുന്ന സിനിമകള്‍. അവയിലെ പ്രധാന കഥാപാത്രങ്ങളെ നസീറാണവതരിപ്പിച്ചത്‌. പി. ഭാസ്‌കരന്‍ സംവിധാനം ചെയ്‌ത ഉറൂബിന്റെ ഉമ്മാച്ചുവിലെ മായനെ അവതരിപ്പിച്ചത്‌ മധുവാണ്‌. സത്യന്‍ വിടപറഞ്ഞിട്ട്‌ 48 വര്‍ഷമാവുന്നു.
സത്യന്‍ മാത്രമായിരുന്നു മലയാളത്തിലെ ഏക നടന്‍ എന്ന്‌ വിശ്വസിച്ചിരുന്നവരുടെ തലമുറ ഇല്ലാതായിക്കഴിഞ്ഞു. ഇപ്പോള്‍ സംഭവിക്കുന്നത്‌ മറിച്ചാണ്‌. സത്യന്‍ ഒരു ഹാസ്യകഥാപാത്രമായി അപ്രധാനവേഷത്തിലാണ്‌ സിനിമയെ സംബന്ധിക്കുന്ന ടി.വി. പരിപാടികളിലെല്ലാം പ്രത്യക്ഷപ്പെടാറുള്ളത്‌. എന്നാല്‍ മലയാളസിനിമക്ക്‌ വിലപിടിച്ച സംഭാവനകള്‍ നല്‍കിയ ആളാണ്‌ സത്യന്‍.
തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തില്‍ മലയാളസിനിമയ്‌ക്ക്‌ വേറിട്ടൊരുമുഖം നല്‍കിയ നീലക്കുയിലിലെ നായകനായിരുന്നു സത്യന്‍. സേതുമാധവന്റെ കണ്ണും കരളും, രാമുകാര്യാട്ടിന്റെ ചെമ്മീന്‍ തുടങ്ങി ചരിത്രം അടയാളപ്പെടുത്തിയ പല ചിത്രങ്ങളിലും സത്യനായിരുന്നു നായകന്‍.
പ്രേംനസീര്‍, മധു, ജയന്‍, സുകുമാരന്‍, സോമന്‍ എന്നിങ്ങനെ സത്യന്‌ ഒപ്പവും ശേഷവും വന്നവര്‍ സൂപ്പര്‍ താരഗണത്തില്‍ നില്‍ക്കുന്ന ജനപ്രിയ നായകന്‍മാരായി വിലസിയപ്പോള്‍ ജനപ്രീതിയും സ്‌റ്റാര്‍ഡവും നിലനില്‍ക്കെ തന്നെ അസാധാരണ റേഞ്ചുള്ള അഭിനേതാവ്‌ എന്ന സ്‌ഥാനം കയ്യടക്കാന്‍ സ്വതസിദ്ധമായ അഭിനയശേഷി കൈമുതലായുള്ള സത്യന്‌ സാധിച്ചു. അതുകൊണ്ടാവാം മരിച്ച്‌ അരനൂറ്റാണ്ടോട്‌ അടുക്കുമ്പോള്‍ സത്യനെ മലയാളികള്‍ അനശ്വര നടന്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌.
അഭിനയരംഗത്ത്‌ എത്തും മുന്‍പ്‌ നിയമപാലകനായി ഔദ്യോഗികജീവിതം നയിച്ചിരുന്ന സത്യന്റെ വ്യക്‌തിജീവിതം വളരെ സ്വാഭാവികമായി അടയാളപ്പെടുത്തുന്ന സിനിമയില്‍ സത്യനായി അഭിനയിക്കുന്നത്‌ പുതുതലമുറയിലെ ഏറ്റവും പ്രതീക്ഷയുളള നടന്‍മാരില്‍ ഒരാളായ ജയസൂര്യയാണെന്നത്‌ കൗതുകകരമാണ്‌. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ ദൗത്യം അതിന്റെ എല്ലാ പൂര്‍ണ്ണതയോടും കൂടി സ്‌ക്രീനിലെത്തുന്നത്‌ കാത്തിരിക്കുകയാണ്‌ സിനിമാപ്രേമികള്‍.

ആര്‍.എസ്‌. കുറുപ്പ്‌

Ads by Google
Saturday 29 Jun 2019 11.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW