Sunday, June 30, 2019 Last Updated 36 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 11.38 PM

റോസ്‌മലയിലെ വിധവകള്‍

uploads/news/2019/06/318335/sun4.jpg

ഏത്‌ നിമിഷവും വിധവയാകാന്‍ സാദ്ധ്യതയുള്ള രുഗ്മിണിയുടെ, ഭയവും ഉല്‍ക്കണ്‌ഠയും കലര്‍ന്ന മറ്റൊരു പ്രഭാതം. രുഗ്മിണി പതിവ്‌ തെറ്റിച്ചില്ല. അവള്‍ അന്നും ഉറക്കത്തില്‍ നിന്ന്‌ കണ്ണ്‌ മിഴിച്ചയുടന്‍ തന്റെ ഭര്‍ത്താവിന്‌ ജീവനുണ്ടോന്നറിയാന്‍ അയാളുടെ ദേഹം പിടിച്ചുലച്ചു. മുഖത്ത്‌ നിന്ന്‌ പുതപ്പ്‌ മാറ്റി, ശശാങ്കന്‍ അവളെ നോക്കിച്ചിരിച്ചു.
'പേടിക്കണ്ട രുഗ്മിണീ ഞാന്‍ ഇന്നും മരിച്ചിട്ടില്ല.'
അയാള്‍ക്ക്‌ ഉറക്കം മതിയായില്ല. അയാള്‍ വീണ്ടും പുതപ്പിനുള്ളിലേക്ക്‌ ചുരുണ്ടു.
യുവാവും ആരോഗ്യവാനും കഴിഞ്ഞ രാത്രിയില്‍ തന്നോടൊപ്പം കിടക്ക പങ്കിട്ടവനുമായ ഭര്‍ത്താവിന്‌ അതിരാവിലെ ഉറക്കമുണര്‍ന്നയുടന്‍ ദിവസവും ജീവനുണ്ടോന്നറിയാന്‍ ഉത്‌കണ്‌ഠയോടെ വിളിച്ചുണര്‍ത്തുന്ന ലോകത്തിലെ ഏക ഭാര്യ രുഗ്മിണിയായിരിക്കാം. എന്തൊരു വിധി. എന്തൊരു ഗതികെട്ട ജീവിതം. മരണം എപ്പോഴും കടന്നുവന്ന്‌ ശശാങ്കനെ കൊണ്ടുപോകാം. എരിയുന്ന പകലില്‍, സായംസന്ധ്യയില്‍, രാത്രിയില്‍, ഭക്ഷണത്തിനിടയില്‍, വേഴ്‌ചക്കിടയില്‍ എപ്പോള്‍ വേണമെങ്കിലും കടന്നുവരാം.
ശശാങ്കന്റെ റോസ്‌മലയിലെ ആയുസ്സിന്റെ സമയമവസാനിച്ചിട്ട്‌ ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. റോസ്‌മലയില്‍ നാല്‌പത്‌ വയസ്സിനപ്പുറം ഒരു പുരുഷനും ജീവിച്ചിരുന്നിട്ടില്ല. ദാമ്പത്യ ജീവിതം കരുപ്പിടിക്കുമ്പോള്‍ മരണം പ്രതിനായകനായെത്തും. പുരുഷന്മാരെ, അതിന്റെ ഇരുണ്ട ഗഹ്വരങ്ങളിലേക്ക്‌ കൊണ്ടുപോകും. മരണ ലക്ഷണങ്ങള്‍ ഒന്നും തന്നെയുണ്ടാകില്ല. മരണകാരണവും അജ്‌ഞാതമാണ്‌. അമ്പത്‌ വര്‍ഷമായി തുടരുന്ന ദുരന്തം സര്‍ക്കാര്‍ അറിഞ്ഞു. ഡോക്‌ടര്‍മാര്‍ പലവുരു റോസ്‌മല കയറിവന്നു.
ഉത്തരം കാണാതെ മടങ്ങി. ഒടുവില്‍ അങ്ങ്‌ ദില്ലിയില്‍ നിന്ന്‌ ഒരു വിദഗ്‌ധ സംഘമെത്തി. റോസ്‌മല നിവാസികള്‍ യഥേഷ്‌ടം കഴിക്കുന്ന അടിവാരത്തെ സബര്‍ തടാകത്തിലെ തീക്കട്ട പോലെ തിളങ്ങുന്ന കനല്‍ മല്‍സ്യങ്ങളായിരിക്കാം കാരണമെന്ന്‌ റിപ്പോര്‍ട്ട്‌ കൊടുക്കുകയും സബര്‍ തടാകം വറ്റിച്ച്‌ അവയെ കൊല്ലാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു. ഭാഗ്യത്തിന്‌, മത്സ്യ പരിശോധനയില്‍ രോഗപ്രതിരോധശക്‌തിയില്‍ കനല്‍മത്സ്യം ഒരു അത്ഭുത മരുന്നാണെന്ന്‌ കണ്ടെത്തുകയും ആ ശ്രമം ഉപേക്ഷിക്കുകയും ചെയ്‌തു. പിന്നെയും ഭര്‍ത്താക്കന്മാര്‍, നിന്ന നില്‌പില്‍, നടന്ന വഴിയില്‍, കുളിക്കടവില്‍, കിടന്ന പായയില്‍ അപ്രതീക്ഷിതമായി മരിച്ചുകൊണ്ടേയിരുന്നു.
ഫലമോ സന്താനുല്‌പാദനം നിലച്ചു. അമ്പത്‌ വര്‍ഷം കൊണ്ട്‌, അഞ്ഞൂറായിരുന്ന മനുഷ്യര്‍ അമ്പതായിച്ചുരുങ്ങി. ബാക്കിവന്ന അമ്പതില്‍ മുപ്പതും വിധവകള്‍. പതിനാല്‌ അവിവാഹിതകള്‍. പിന്നെ രുഗ്മിണീ ശശാങ്കരുടെ നാല്‌ ആണ്‍മക്കള്‍...
റോസ്‌മല ഒരു കിലോമീറ്റര്‍ ചുറ്റളവുള്ള ഒരു കുന്നാണ്‌. മാട്ടങ്ങള്‍ (കള്ളുകുടം) തൂക്കിയിട്ട ചെത്തുപനകള്‍ നിറഞ്ഞ കുന്ന്‌. ചുവപ്പ്‌ നിറമുള്ള പുല്‍ക്കാട്‌ നിറഞ്ഞ കുന്ന്‌. ശാപം കിട്ടിയ കുന്ന്‌. വിധവകളുടെയും അവിവാഹിതകളുടെയും വിലാപം നിറഞ്ഞ കുന്ന്‌. വിധവകളുടെ വെന്ത കണ്ണീരില്‍ കുതിര്‍ന്ന കുന്ന്‌. അവര്‍ കുന്നിറങ്ങി, അന്നം തേടി, സബര്‍ തടാകത്തിനക്കരെ പറമ്പിലും പാടങ്ങളിലും ക്വാറികളിലും പണിയെടുത്തു. ആഭരണങ്ങളണിയാത്ത, റോസ്‌മലയിലെ വിധവകളെ വധുവാക്കുവാന്‍ അയല്‍ ഗ്രാമക്കാര്‍ ആഗ്രഹിച്ചില്ല. കൂടെക്കിടത്താന്‍ അവര്‍ മിനക്കെട്ടില്ല. വിജനമായ കാട്ടില്‍വച്ച്‌ ഒറ്റയ്‌ക്ക് കണ്ടിട്ടും ബലാത്സംഗം ചെയ്‌തില്ല. അവരെ പ്രാപിച്ചാല്‍ അകാലമരണം ഉറപ്പാണെന്ന വിശ്വാസം പ്രചരിച്ചു. അങ്ങനെ റോസ്‌മലയിലെ വിധവകള്‍ പുരുഷ സാമീപ്യം ലഭിക്കാതെ, സുരക്ഷിതരായി പരിശുദ്ധരായിത്തന്നെ ജീവിച്ചു.
വൈകുന്നേരം ജോലി കഴിഞ്ഞു അരിയും മണ്ണെണ്ണയും പച്ചക്കറിയും പലചരക്കുമായി അവര്‍ തിരികെ കുന്ന്‌ കയറും. എല്ലാ വെള്ളിയാഴ്‌ചയും ആടിനെയോ, കോഴികളെയോ അറുത്ത്‌ ദേവിക്ക്‌ ബലികൊടുക്കും.
റോസ്‌മലയില്‍ പള്ളികളോ അമ്പലമോ ഇല്ല. വിഗ്രഹമോ ദൈവചിത്രങ്ങളോ ഇല്ല. എങ്കിലും അയല്‍ഗ്രാമക്കാര്‍ ദേവീകോപമെന്ന്‌ പറഞ്ഞപ്പോള്‍ അവര്‍ വിശ്വസിച്ചു. ബലി കൊടുക്കാന്‍ പറഞ്ഞപ്പോള്‍ അതും ചെയ്‌തു. എങ്ങനെയും തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ആയുസ്സ്‌ നീട്ടിക്കിട്ടണം. ഒരു ഗുണവുമുണ്ടായില്ല. പൂജയും ബലിയര്‍പ്പണങ്ങളും പാഴായി. ഒരു ദേവിയും കനിഞ്ഞില്ല. ഒടുവില്‍ അവസാന ഭര്‍ത്താവായി ശശാങ്കനെ അവശേഷിപ്പിച്ച്‌ മരണം ജേതാവായി.
ഇതൊന്നും ശശാങ്കനെ ബാധിച്ചില്ല .തന്റെ ആയുസ്സിനെക്കുറിച്ച്‌ ഓര്‍ത്തു വേവലാതിപ്പെട്ടതുമില്ല. അയാളും നാല്‌ ആണ്‍മക്കളും റോസ്‌മലയിലെ സകല പനകളിലും അത്ഭുത വേഗത്തില്‍ കയറിയിറങ്ങി ചെത്തി കള്ളെടുത്തു. സബര്‍ തടാകക്കരയില്‍ കാത്തുനിന്ന ഷാപ്പ്‌ മുതലാളിമാര്‍ക്ക്‌ അത്‌ വിറ്റു. കന്നാസുകളിലാക്കി അയല്‍ ഗ്രാമങ്ങളിലേക്കവര്‍ കൊണ്ടുപോയി. ശശാങ്കനും മക്കളും കള്ള്‌ കുടിച്ചില്ല. കള്ള്‌ കുടിച്ച്‌ മരിച്ചു എന്ന്‌ കേള്‍ക്കാന്‍ അവര്‍ ഇഷ്‌ടപ്പെട്ടില്ല.
ഇന്ന്‌ ശശാങ്കന്‌ നാല്‌പത്തൊന്ന്‌ വയസ്സ്‌ തികയുകയാണ്‌. ശശാങ്കന്‍ പുതപ്പ്‌ വിട്ട്‌ എഴുന്നേറ്റിരുന്നു. രുഗ്മിണി ആവി പറക്കുന്ന കരുപ്പെട്ടിക്കാപ്പിയുമായി അയാളുടെ അടുത്തിരുന്നു. അത്‌ കുടിക്കുമ്പോള്‍ ഗ്ലാസ്സിന്‌ മുകളിലൂടെ അയാള്‍ രുഗ്മിണിയെ ശ്രദ്ധിച്ചു. അവളുടെ മുഖത്ത്‌ വല്ലാത്ത അങ്കലാപ്പിന്റെ ഭാവം. കണ്ണുകളില്‍ രണ്ട്‌ തുള്ളി കണ്ണുനീര്‍ അടരാതെ അടരാന്‍ ശ്രമിക്കുന്നു.
അയാള്‍ രുഗ്മിണിയെ ചേര്‍ത്ത്‌ പിടിച്ചു. കരുപ്പെട്ടിക്കാപ്പി അവളുടെ ചുണ്ടോട്‌ ചേര്‍ത്തു. നാണത്തോടെ അവള്‍ ഒരിറക്ക്‌ കുടിച്ചു .
'നീ പേടിക്കണ്ട. എനിക്ക്‌ ഒന്നും സംഭവിക്കില്ല... മക്കളെവിടെ'
'അവര്‍ പന കയറാന്‍ പരിശീലിക്കുകയാണ്‌..'
അവള്‍ പുറത്ത്‌ മുകളിലേക്ക്‌ വിരല്‍ ചൂണ്ടി.
'നോക്ക്‌ രുഗ്മിണീ ഇനി നമ്മുടെ മക്കള്‍ ഈ മല കാക്കും. ജീവിതം നിലനിര്‍ത്തും...'
അയാള്‍ രുഗ്മിണിയെ ആശ്വസിപ്പിച്ചു. അവള്‍ ശശാങ്കന്‍ കുടിച്ചു വച്ച ഗ്‌ളാസ്സിലെ കരുപ്പെട്ടിക്കാപ്പിയുടെ അവസാന തുള്ളികള്‍ ആവേശത്തോടെ നുണഞ്ഞിറക്കി. രുഗ്മിണിയുടെ കണ്ണില്‍ അസാധാരണമായ വെട്ടം അയാള്‍ കണ്ടു. ശശാങ്കന്റെ ഉമിനീര്‍ കലര്‍ന്ന കാപ്പി അവള്‍ക്ക്‌ ജീവ രസമായിരുന്നു. മരണം നല്‍കിയ അനുതാപര്‍ദ്രമായ ഇളവിന്റെ ജീവരസം. അവള്‍ ജീവിതത്തിന്റെ കാലയളവ്‌ വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള അജ്‌ഞാത ശക്‌തിയെ ആകാശത്ത്‌ നോക്കി തൊഴുതു. അപ്പൊഴേക്കും ശശാങ്കന്‍ മാട്ടങ്ങളുമായി പനയുടെ മുകളിലേക്ക്‌ കയറിക്കഴിഞ്ഞു.
പനയുടെ മുകളിലേക്ക്‌ ഒരുമിന്നായം പോലെ കയറിപ്പോകുന്ന ശശാങ്കനെയാണവള്‍ക്കിഷ്‌ടം. അവരുടെ ജീവിതത്തിന്റെ പ്രേമ സല്ലാപം മുഴുവനും പനയുടെ ചുവട്ടിലും മുകളിലുമാണ്‌. ശശാങ്കന്‍ പനയുടെ ഉച്ചിയിലെത്തി. റോസ്‌മലയ്‌ക്ക് മുകളില്‍ പ്രഭാതമുണര്‍ന്നു. ശശാങ്കന്റെ മുഖത്ത്‌ സൂര്യന്റെ ആദ്യ കിരണങ്ങള്‍ പതിച്ചു.
അയാളുടെ മുഖത്ത്‌ ഇതുവരെ ഇല്ലാത്ത ഒരു തേജസ്സ്‌ രുഗ്മിണി കണ്ടു. അത്‌ അകാല മരണത്തിന്റെ മോചനപ്രകാശമായി രുഗ്മിണിക്ക്‌ തോന്നി. പുനര്‍ജന്മത്തിന്റെ ആശാ നാളമായി അവളുടെ ഹൃദയം അത്‌ ഏറ്റുവാങ്ങി. അവള്‍ ജീവന്‍ നിലനിര്‍ത്തുന്ന അഭൗമ പ്രതിഭാസത്തോട്‌ മനസാ നന്ദി പറഞ്ഞു.
അവള്‍ക്ക്‌ കരച്ചില്‍ വന്നു. അവളുടെ തൊണ്ട വിങ്ങുകയും കരച്ചില്‍ അണ പൊട്ടുകയും ചെയ്‌തു. അവള്‍ ശബ്‌ദത്തോടെ നിലവിളിച്ചു. ശശാങ്കന്‍ പനയുടെ മുകളില്‍ നിന്ന്‌ ഇറങ്ങി വരുകയും മണ്‍തിട്ടയില്‍ അവളോടൊപ്പം ചേര്‍ന്നിരിക്കുകയും ചെയ്‌തു. എങ്കിലും രുഗ്മിണിയുടെ കരച്ചിലിനെ അയാള്‍ തടഞ്ഞില്ല. രുഗ്മിണിയുടെ നാലുമക്കളും ഓടിവന്ന്‌ അമ്മയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശശാങ്കന്‍ അവരെ തടഞ്ഞു.അരുത്‌.
'അമ്മ കരയട്ടെ. മതിയാവോളം കരയട്ടെ. ഇത്‌ സന്തോഷത്തിന്റെ കണ്ണീരാണ്‌...'
അച്‌ഛന്‍ പറഞ്ഞതിന്റെ പൊരുള്‍ അവര്‍ക്ക്‌ മനസ്സിലായില്ല. എങ്കിലും അവരും അച്‌ഛനമ്മമാരോടൊപ്പം ആ മണ്‍ തിട്ടയില്‍ അങ്ങനെ വെറുതെ ഇരുന്നു...

എ.ജെ. നിസാര്‍, മൊ: 9645147157

Ads by Google
Saturday 29 Jun 2019 11.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW