Saturday, June 29, 2019 Last Updated 9 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 11.38 PM

വെയിലും മഴയും ...

uploads/news/2019/06/318334/sun3.jpg

ഒരു തമാശ്ശക്കഥാപാത്രമായിരുന്നു ഗോവിന്ദന്‍വൈദ്യര്‍.
പ്രത്യേകതകളൊന്നും എടുത്തു പറയാനില്ലാത്ത ഒരു ഗ്രാമം...
അങ്ങ്‌ കിഴക്ക്‌, ഔഷധച്ചെടികളുള്ള അച്ചന്‍കോവില്‍ മലകളില്‍ നിന്നുത്ഭവിക്കുന്ന വെള്ളവുമായി നിറഞ്ഞൊഴുകിയിരുന്ന ആറ്‌ അതിരിട്ടിരുന്ന ഗ്രാമം. പള്ളിയും അമ്പലവുമുണ്ട്‌.
കടവും കടത്തുമുണ്ടായിരുന്നു. കടവിനോടടുത്ത്‌ ചെറിയ കടകളുള്ള തെരുവുണ്ടായിരുന്നു.
പൊതുവള്ളവും സ്വകാര്യവള്ളവുമുണ്ടായിരുന്നു കടത്തിന്‌.
വാഹനകടത്തിനായി ചങ്ങാടവുമുണ്ടായിരുന്നു. രണ്ടു വള്ളങ്ങള്‍ക്കു മീതെ പലകകള്‍ പാകിയുറപ്പിച്ചതായിരുന്നു ചങ്ങാടം. തുഴക്കാരായി രണ്ടു പേരുണ്ടാകും. അക്കരയിക്കരെ നിര്‍ത്തുന്ന ബസുകളില്‍ നിന്ന്‌ യാത്രക്കാര്‍ ഇറങ്ങി ചങ്ങാടത്തില്‍ കയറും. ബസ്‌ പുറകെയും.
സര്‍ക്കാര്‍ വള്ളത്തിലെ യാത്രയ്‌ക്ക് തിക്കും തിരക്കുമുണ്ടാകാറുണ്ടായിരുന്നു. ചന്ത ദിവസങ്ങളില്‍ തിരക്കേറും. കടത്തു കടന്നായിരുന്നു ഗ്രാമവാസികള്‍ അടുത്ത ഗ്രാമത്തിലെ പ്രസിദ്ധമായ ചന്തയിലേക്കു പോയിരുന്നത്‌.
ആളുകള്‍ മാത്രമല്ല ചന്തയിലേക്കുള്ള സാധനങ്ങളുമുണ്ടാകും.
ഗ്രാമീണരുടെ ജീവിതത്തെ ചലനാത്മകമാക്കിയിരുന്നത്‌ ചന്തയായിരുന്നു. വിറ്റും വാങ്ങിയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയ ചന്ത.
തെറിവിളിച്ചും വഴക്കുപറഞ്ഞുമായിരുന്നു കടത്തുകാരന്‍ വള്ളമൂന്നിയിരുന്നത്‌. പ്രത്യേകിച്ചും എന്തെങ്കിലും കാരണത്താല്‍ വള്ളമുലയുമ്പോള്‍. വട്ടിയും കുട്ടയും മുറവുമൊക്കെയായി വള്ളത്തില്‍ കയറിയിട്ടുള്ള സ്‌ത്രീകളെ നോക്കിക്കൊണ്ടായിരിക്കും തെറി വിളിക്കുക. മാറത്തേക്കിട്ട തോര്‍ത്തിന്റെ അറ്റം വലിച്ചിട്ട്‌ നഗ്നമായ വയര്‍ മറച്ച്‌ ഒതുങ്ങിക്കൂടുമായിരുന്നു അവര്‍.
വള്ളത്തിലേക്ക്‌ ഊറിക്കയറുന്ന വെള്ളം തേവിക്കളഞ്ഞ്‌ നയമ്പുകൊണ്ട്‌ ബാലന്‍സ്‌ ചെയ്‌ത് കൊച്ചോറച്ചായന്‍ യാത്രക്കാരെ കാത്തു കിടക്കും. കൊച്ചോറച്ചായന്റെ കൊതുമ്പു വള്ളത്തിലെ യാത്രയ്‌ക്ക് പണം കൊടുക്കണം.
പണം കൊടുക്കാന്‍ കഴിവുളളവര്‍ക്കേ കൊതുമ്പുവള്ളത്തില്‍ ഒറ്റയ്‌ക്ക് യാത്ര ചെയ്യാനാവു. പേരുപോലെ, ഒരാളേ വഹിക്കാനുള്ള ശക്‌തിയേ കൊതുമ്പുവള്ളത്തിനുള്ളൂ.
തെറിവിളിയില്ല.
ആളുകള്‍ കയറി വള്ളം നിറയുന്നതുവരെ കാത്തുനില്‌ക്കേണ്ടതുമില്ല.
വിസ്‌താരമായ പുഴ, വര്‍ഷകാലത്ത്‌ ഇരുകരകളും മുട്ടിയൊഴുകി ഇടത്തോടുകളിലൂടെ കയറി താഴ്‌ന്ന പ്രദേശങ്ങളെ മുക്കിത്തഴുകുമായിരുന്നു. വെള്ളം കയറിക്കിടക്കുന്ന പാടങ്ങളില്‍ വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീന്തി കുളിക്കുമായിരുന്നതും കളിക്കുമായിരുന്നതും ഫിലിപ്പ്‌ ഓര്‍ത്തു.
വേനല്‍ക്കാലത്ത്‌ വെള്ളമൊഴുക്കിന്‌ കുറവുണ്ടാകും. വൃത്തിയുള്ള മണല്‍ത്തിട്ട തെളിയും.
എങ്കിലും, ഔഷധമൂല്യമുള്ള വെള്ളം ആവശ്യത്തിനുണ്ടാകുമായിരുന്നു. സന്ധ്യാനേരത്ത്‌ വെള്ളത്തിന്‌ ഇളം ചൂടും..
കുളിക്കുന്നവരുടെയും നനക്കുന്നവരുടെയും തിരക്കുമുണ്ടായിരുന്നു ആറ്റിലെപ്പോഴും.
ആണുങ്ങളും പെണ്ണുങ്ങളും ഒരേകടവില്‍ നനയ്‌ക്കുകയും കുളിക്കുകയും പുറം തിരിഞ്ഞുനിന്ന്‌ തോര്‍ത്തുകയും ചെയ്‌തു.
സ്‌ഥലനാമചരിത്രം രണ്ടുണ്ട്‌, ഗ്രാമത്തിന്‌, പ്രചുരപ്രചാരമില്ലെങ്കിലും. രണ്ടിനും എഴുതപ്പെട്ട തെളിവുകളുമില്ല.
സ്‌ഥലനാമചരിത്രക്കാരുടെ നിര്‍മ്മിതിയാണെന്നോ എന്നുതൊട്ടുള്ള ചരിത്രമാണെന്നോ പറയാനുമാവില്ല.
ആരോ, ആരൊക്കെയോ പറയുന്നു. പറഞ്ഞു. കേട്ടു.
ഒന്ന്‌, കൈയില്‍പ്പെട്ട ഊരെന്നാണ്‌.
മാറുമുറിച്ചെറിഞ്ഞ്‌ രക്‌താഭിഷിക്‌തയായി അഴിച്ചിട്ട ഉലഞ്ഞ മുടിയും കൈയില്‍ രക്‌തമിറ്റുന്ന വാളുമായി മധുരാദഹനം കഴിഞ്ഞിട്ടും പ്രതികാരമടങ്ങാത്ത കണ്ണകിയുടെ ഓട്ടത്തിനിടയില്‍ കടവിലിറങ്ങി കൈക്കുമ്പിളില്‍ വെള്ളം കോരികുടിച്ചത്രേ.
കൈക്കുമ്പിളില്‍പ്പെട്ടത്‌, കൈയില്‍പ്പെട്ട ഊരായെന്നായതത്രേ ഒരു ചരിത്രം.
മണലൂറ്റ്‌ പുഴയെ കൊന്നു.
കടവിലും കടവിലേക്കിറങ്ങുന്ന വഴികളിലും ലോറികള്‍ നിരന്നു കിടന്ന കാലമുണ്ടായിരുന്നു. മണല്‍ നിറച്ച, വെള്ളമിറ്റുന്ന ലോറികള്‍ കടവില്‍ നിന്നും നാനാഭാഗത്തേക്കും ചീറിപ്പാഞ്ഞു. ജലനിരപ്പുയരുമ്പോഴും പുഴയില്‍ നിന്ന്‌ മണലൂറ്റി മുങ്ങിക്കോരിയെടുത്ത മണല്‍ വഞ്ചിയില്‍ നിറച്ചു. വഞ്ചിയില്‍ നിന്ന്‌ ലോറിയിലേക്ക്‌ ജലനിരപ്പ്‌ താഴുമ്പോള്‍, ലോറി ആറ്റിലേക്കിറക്കി മണല്‍കോരി നിറച്ചു.
ഗ്രീസും ഓയിലും പുഴവെള്ളത്തില്‍ മഴവില്ലുകള്‍ തീര്‍ത്തു.
ആദായക്കച്ചവടം ആറിനെ കൊന്നു.
ചത്ത ആറ്റില്‍ പുറ്റുകളുയര്‍ന്നു. കാട്ടുചെടികള്‍ വളര്‍ന്നു. കുറച്ചു ചെളി വെള്ളവും.
മാലിന്യങ്ങളൊക്കെ വലിച്ചെറിയാനൊരിടവുമായി.
ഔഷധമൂല്യത്തിനു പകരം രോഗാണുക്കളാണിപ്പോള്‍ ഒഴുക്കുനിലച്ച വെള്ളത്തില്‍.
വര്‍ഷകാലത്തുമാത്രം നിറയുന്ന ആറിപ്പോള്‍ ഉപയോഗപ്പെടുത്തുന്നവര്‍ കുറവാണ്‌.
നനയ്‌ക്കാനും കുളിക്കാനും കടവിനെ ആശ്രയിച്ചിരുന്ന സ്‌ത്രീകള്‍ അങ്ങോട്ട്‌ നോക്കാറേയില്ല.
ഭയമാണവര്‍ക്ക്‌.
ആണും പെണ്ണും ഒരേ കടവില്‍ കുളിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞുനിന്ന്‌ തോര്‍ത്തുകയും തുണിമാറുകയും ചെയ്‌തിരുന്ന കാലം പോയി.
പീഡനകാലമാണിപ്പോള്‍. സ്‌നേഹവും വിശ്വാസവും പീഡനമെന്നായി രൂപാന്തരപ്പെട്ട കാലം.
കടവിലേക്കുളള വഴിയും കാടായി.
അടുത്തുള്ള കെട്ടിടത്തിലെ വാടകക്കാരായ ഇതരസംസ്‌ഥാനത്തൊഴിലാളികളുടെ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള ഇടമായി, വര്‍ഷകാലത്തുമാത്രം ഒഴുക്കുള്ള ആറും പരിസരവും. പറമ്പിലെ കക്കൂസും ഉപയോഗിക്കാനാവില്ല എന്ന നിബന്ധനയോടെയാണ്‌ ഇതരസംസ്‌ഥാനക്കാര്‍ക്ക്‌ കെട്ടിടം വാടകയ്‌ക്ക് കൊടുത്തിരിക്കുന്നതത്രേ.
ആറ്റിലൊരിടത്ത്‌ കുഴികുത്തി കിട്ടിയ വെള്ളമാണ്‌ കഴുകാനും കുളിക്കാനുമായി അവര്‍ ഉപയോഗിക്കുന്നത്‌. മറ്റൊന്ന്‌, കൈ കൊണ്ട്‌ പട്ട്‌ നെയ്യുന്ന ഊരാണന്നാണത്രേ.
എല്ലാ ചരിത്രവും സംഭവങ്ങളും ഓര്‍ത്തു പറയാറുള്ള, എണ്‍പത്തിനാലുകാരനും ഓര്‍മ്മശക്‌തിതെളിയിക്കാറുമുള്ള ജോണ്‍ സാറിനും, ഗ്രാമത്തില്‍ തറികളോ പട്ടുല്‌പാദനമോ ഉണ്ടായിരുന്നതായി ഓര്‍മ്മയിലില്ല. അന്നിങ്ങനെയൊരു സ്‌ഥലനാമചരിത്രം കേട്ടുട്ടിമില്ലത്രേ. തന്റെ അജ്‌ഞതയില്‍, ചരിത്രബോധമില്ലായ്‌മയില്‍ ജോണ്‍സാറിനും കുറ്റബോധം തോന്നി.
ചിലപ്പോള്‍ ശരിയായിരിക്കാം....
ജോണ്‍ സാര്‍ ഓര്‍ത്തു.
നെയ്‌ത്തുകാര്‍ ഉണ്ടായിരുന്നിരിക്കാം. കഴിവുള്ള നെയ്‌ത്തുകാര്‍, മേന്മയേറിയ പട്ടുവസ്‌ത്രങ്ങള്‍ നെയ്‌തിട്ടുണ്ടാകാം. അവരുടെ തൊഴില്‍ മഹാത്മ്യം തിരിച്ചറിഞ്ഞ നാടുവാഴികള്‍, ഒരു പക്ഷേ, കൈകൊണ്ട്‌ പട്ട്‌ നെയ്യുന്നവരുടെ ഊരിനെ പ്രക്രീര്‍ത്തിച്ചിട്ടുമുണ്ടാവാം...
സംഭാവ്യമെന്നേ കരുതേണ്ടൂ.
സംശയനിവാരണത്തിന്‌ ആരുമില്ല. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക്‌ എന്തറിയാമെന്ന്‌ നിരാശ്ശയോടെ പറഞ്ഞവസാനിപ്പിച്ചു. ജോണ്‍ സാര്‍. എത്രയോ തലമുറകള്‍ക്ക്‌ മുമ്പേയുള്ള ചരിത്രമായിരിക്കാമെന്ന്‌ സമാധാനപ്പെടുകയും ചെയ്‌തു.
കടവിനടുത്ത്‌ തന്നെയായിരുന്നു ഗോവിന്ദന്‍വൈദ്യരുടെ വൈദ്യശാല.
പുഴയിലെ ഔഷധഗുണമുള്ള ഒഴുക്കുജലം പോലെ ശുദ്ധന്‍, ശുദ്ധരില്‍ ശുദ്ധന്‍.
കൃശഗാത്രന്‍
കടവിലേക്ക്‌ പടര്‍ന്നു വളരുന്ന ആറ്റുവഞ്ചിയുടെ നിഴലിലെ തണുപ്പേറിയ ഒഴുക്കുവെള്ളത്തില്‍ മുങ്ങിക്കുളിച്ച്‌ ഇളകിക്കിടക്കുന്ന പടികളിലൂടെ ശ്രദ്ധയോടെ അമ്പലമുറ്റത്തേക്ക്‌ കയറി, കൊടിമരത്തിനും ശ്രീകോവിലിനും വലംവച്ച്‌ നടയിലെത്തി ഭഗവതിയെ തൊഴുത്‌ പ്രസാദവും വാങ്ങി കാണിക്കയുമിട്ട്‌ വീട്ടിലേക്ക്‌ പോയി, പ്രഭാതഭക്ഷണവും കഴിഞ്ഞ്‌ ശുഭ്രവസ്‌ത്രധാരിയായിട്ടായിരുന്നു വൈദ്യശാല തുറന്നിരുന്നത്‌.
അപ്പോള്‍ കൃത്യം എട്ടര.
വൈദ്യശാലയുടെ പരിസരം തൂത്ത്‌ വൃത്തിയാക്കി വെള്ളം കുടയും ധന്വന്തരിയുടെ ചില്ലിട്ട ചിത്രത്തിനു മുമ്പില്‍ വിളക്ക്‌ തെളിയിക്കും. ചന്ദനത്തിരി കത്തിക്കും. കത്തിച്ച തിരി വൈദ്യശാലക്കുള്ളിലും മരുന്നലമാരികളിലും ഉഴിയും.
ഏത്തമിടും.
കടവിലെ പ്രധാനസ്‌ഥാപനമായിരുന്നു വൈദ്യശാല. ആശുപത്രികള്‍ സര്‍വ്വസാധാരണമല്ലാതിരുന്ന കാലം. കുറച്ചകലെയുള്ള ധര്‍മ്മാശുപത്രിയില്‍ ചെന്നാലും കയ്‌പു വെള്ളമേ കിട്ടൂയെന്നുള്ളതുകൊണ്ട്‌, വൈദ്യശാലയിലെ കയ്‌പും ചവര്‍പ്പും മധുരവുമുള്ള കഷായങ്ങള്‍ക്കും അരിഷ്‌ടങ്ങള്‍ക്കും പൊടികള്‍ക്കും കുഴമ്പുകള്‍ക്കും തൈലങ്ങള്‍ക്കും ആവശ്യക്കാരുണ്ടായി.
സന്ധ്യവരെ വൈദ്യര്‍ വൈദ്യശാലയില്‍.
കൃത്യം ആറരയോടെ വൈദ്യശാല അടയ്‌ക്കും.
ആറു ബാറ്ററി ടോര്‍ച്ചുമായുള്ള യാത്ര തുടങ്ങുകയായി.
രാവുമുഴുവന്‍ യാത്ര തന്നെ. വൈദ്യരുടെ രാവുകള്‍ ലഹരിയുടേതാണ്‌. എവിടെനിന്നുമാണ്‌ മദ്യം കിട്ടുന്നതെന്നോ എപ്പോഴാണ്‌ കുടിക്കുന്നതെന്നോ വ്യക്‌തമല്ല. ആരുമത്‌ കണ്ടിട്ടില്ല. അറിഞ്ഞിട്ടുമില്ല. കഷായങ്ങളും അരിഷ്‌ടങ്ങളും ചേര്‍ത്ത്‌ സ്വയം ഉണ്ടാക്കുന്ന മദ്യമാണെന്ന്‌ സംശയിക്കുന്നവരുമുണ്ട്‌. വൈദ്യശാല അടയ്‌ക്കുന്നതുവരെ കച്ചവടം ഉണ്ടായിരിക്കും. അപ്പോഴൊന്നും മദ്യലഹരിയെന്നല്ല ഗന്ധം പോലും അനുഭവപ്പെടാറില്ല.
മദ്യശാലയില്‍ മദ്യമില്ലെന്ന്‌ ശത്രുക്കളും സമ്മതിക്കും.
ലഹരിയുടെ ഉന്മാദം വൈദ്യരെ എങ്ങോട്ടൊക്കെയോ നയിച്ചു.
ആ സമയത്തൊന്നും വൈദ്യര്‍ ആളുകളെതിരിച്ചറിയാറില്ല. അവരുടെ സാന്നിദ്ധ്യം പോലും.
കാവുകളും സെമിത്തേരികളുമാണ്‌ രാത്രി താവളം.
വൃക്ഷങ്ങളും വള്ളികളുമായി ഇടതൂര്‍ന്ന നാഗത്താന്‍മാരുടെ താവളമെന്നോ യക്ഷി സാന്നിദ്ധ്യമുണ്ടെന്നോ സ്‌ഥിതീകരിക്കപ്പെട്ടിട്ടുള്ള കാവുകളും ഇടങ്ങളും സെമിത്തേരികളുമാണ്‌ ഗോവിന്ദന്റെ വൈദ്യരുടെ രാവിടങ്ങള്‍.
സാധാരണക്കാര്‍ ഭയപ്പെടുന്ന ഇടങ്ങളിലേക്ക്‌, ഇരുട്ടിന്റെ കറുപ്പില്‍ രാതപസ്സാണ്‌ വൈദ്യര്‍ക്ക്‌. ഇരുവശങ്ങളിലേക്കും കൈകള്‍ വിടര്‍ത്തി ഒറ്റക്കാല്‍ നില്‌പ്. വായ്‌ക്കുള്ളിലേക്ക്‌ കത്തിച്ച ടോര്‍ച്ച്‌ കടത്തി കവിളിലൂടെ മാത്രം വെളിച്ചം കാട്ടാറുമുണ്ട്‌.
ഇരുട്ടിലായ കാവുകളില്‍ നിന്നോ സെമിത്തേരികളില്‍ നിന്നോ ലക്ഷ്യമില്ലാതെ ടോര്‍ച്ച്‌ മിന്നിച്ചു. റോഡുകളിലേക്കും ഇടവഴികളിലേക്കും, പെട്ടെന്ന്‌, ഒരു മിന്നലിനെ ഓര്‍മ്മിപ്പിച്ച്‌ വെളിച്ചം പകര്‍ന്നു.
പരിചിതചരും അപരിചിതരും ഒരേപോലെ ഭയപ്പെട്ടു.
അപരിചിതര്‍ തരിച്ചുനില്‍ക്കുകയോ ഭയന്നുവിറച്ച്‌ ഓടിപ്പോകുകയോ ചെയ്‌തപ്പോള്‍, ഇതുനമ്മുടെ വൈദ്യരുടെ രാത്രിക്കളിയാണല്ലോയെന്ന്‌ പരിചിതര്‍ സമാധാനപ്പെട്ടു.
പ്രേതങ്ങള്‍ ഉറങ്ങുന്ന ആഴമുള്ള ആറാട്ടുകടവിന്റെ പരിസരങ്ങളിലും പ്രേതസഞ്ചാരം തുടങ്ങുന്നതെന്ന്‌ കരുതുന്ന അര്‍ദ്ധരാത്രികളില്‍ വൈദ്യരെത്താറുണ്ടത്രേ.
പൈതലിന്റെ അവധിയെപ്പറ്റിയും ഫാമിലി അലോട്ട്‌മെന്റിനെപ്പറ്റിയും സുബേദാര്‍ മേജര്‍ അന്വേഷിച്ചിരുന്നത്‌ എന്തിനായിരുന്നു എന്ന്‌ ഓര്‍ത്തും കൈയിലിരുന്ന മുനകൂര്‍പ്പിച്ച പെന്‍സില്‍കൊണ്ട്‌ നെറ്റിക്ക്‌ പതുക്കെ കൊട്ടിയും ആലോചിച്ചും ക്യാമ്പ്‌ ഓഫീസറുടെ മുറിയിലേക്ക്‌ ഫിലിപ്പ്‌ നടന്നു.

(തുടരും)

കൈപ്പട്ടൂര്‍ തങ്കച്ചന്‍

Ads by Google
Saturday 29 Jun 2019 11.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW