Saturday, June 29, 2019 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 01.34 AM

പൂവ്‌ ബിസിനസ്‌ മുതല്‍ ഡാന്‍സ്‌ ബാറുകള്‍ വരെ , നേതാക്കള്‍ ആന്‍ഡ്‌ സണ്‍സ്‌ @ ദുബായ്‌

uploads/news/2019/06/318226/bft4.jpg

സി.പി.എമ്മിനെയും സര്‍ക്കാരിനെയും പിടിച്ചുലച്ച്‌, ബന്ധുനിയമനവിവാദം കത്തിനിന്ന സമയം. പാര്‍ട്ടി സൈബര്‍ ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ ഒരു പ്രവര്‍ത്തകന്റെ കുറിപ്പ്‌ ഇങ്ങനെ: "അവരൊന്നും നമ്മളെപ്പോലെയല്ല സഖാവേ, ജീവിതച്ചെലവുകള്‍ എത്രാന്നുവച്ചിട്ടാ? ലാന്‍ഡ്‌ ക്രൂസറിന്‌ ഒരുമാസം ഡീസലടിക്കാന്‍ ഒന്നരലക്ഷം വേണം. പിന്നെ ഇടയ്‌ക്കിടെ മക്കളെ ദുബായിലേക്കു കച്ചവടം നോക്കാന്‍ അയയ്‌ക്കുന്നതിന്റെ വിമാനക്കൂലി വേറെയും".
രാജ്യാന്തര അധോലോകത്തിന്റെ ആസ്‌ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന ദുബായ്‌, നമ്മുടെ ജനപ്രതിനിധികളില്‍ നല്ലൊരു വിഭാഗത്തിന്റെയും അവരുടെ മക്കളുടെയും സ്വപ്‌നഭൂമികൂടിയാണെന്ന യാഥാര്‍ഥ്യം ഇന്നൊരു അടുക്കളരഹസ്യമല്ല. പാര്‍ട്ടി ഗ്രൂപ്പില്‍ സൈബര്‍ സഖാക്കളിലൊരാള്‍ ആത്മരോഷം കൊണ്ടതില്‍ അതിശയോക്‌തിയുമില്ല. വോട്ടര്‍മാര്‍ക്കു മുന്നില്‍ പരസ്‌പരം ചെളിവാരിയെറിയുന്ന ഭരണ-പ്രതിപക്ഷക്കാര്‍ ദുബായിലെത്തിയാല്‍ ബിസിനസ്‌ പാര്‍ട്‌ണര്‍മാരായി അറബിപ്പൊന്നു വാരും! ഭരണപക്ഷത്തെ സ്‌ഥിരം വിവാദനായകനായ ഒരു നിയമസഭാംഗവും പ്രതിപക്ഷമുന്നണിയിലെ പ്രബലനായ ലോക്‌സഭാംഗവും ദുബായിലെത്തിയാല്‍ നക്ഷത്ര ഹോട്ടല്‍ ബിസിനസില്‍ പങ്കാളികളാണ്‌.
ഉന്നത സി.പി.എം. നേതാവിന്റെ മകന്‍ പീഡനക്കേസില്‍പ്പെട്ടതോടെയാണു നേതാക്കളുടെയും മക്കളുടെയും ദുബായ്‌ ബന്ധങ്ങള്‍ വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞത്‌. ഇടയ്‌ക്കിടെ ദുബായിലേക്കു പറക്കുന്നവരില്‍ മലബാറില്‍നിന്നുള്ള കോണ്‍ഗ്രസ്‌, മുസ്ലിം ലീഗ്‌ ജനപ്രതിനിധികളുമുണ്ട്‌.
കണ്ണൂരിലെ രാഷ്‌ട്രീയസംഘര്‍ഷങ്ങളുടെമൂര്‍ധന്യത്തിലാണു സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ്‌ ആദ്യമായി ദുബായിലെത്തിയത്‌. പിന്നീടു ബിസിനസ്‌ മേഖലയില്‍ ചുവടുറപ്പിച്ചു. കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കേ മകന്റെ ദുബായ്‌ ബിസിനസുകളുമായി ബന്ധപ്പെട്ട്‌ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കോടിയേരി പാര്‍ട്ടി സെക്രട്ടറിയായതിനു പിന്നാലെ, ബിനോയ്‌ 13 കോടിയുടെ സാമ്പത്തികത്തട്ടിപ്പ്‌ കേസില്‍പ്പെട്ടെങ്കിലും പിന്നീടത്‌ ഒത്തുതീര്‍പ്പായി.
കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ പല പ്രമുഖനേതാക്കളുടെയും മക്കള്‍ ചേക്കേറുന്നതു ദുബായിലാണ്‌. അവിടെ അവര്‍ക്ക്‌ ആതിഥ്യമരുളാന്‍ പ്രവാസിമലയാളികളുടെ വന്‍പടതന്നെയുണ്ട്‌. ഉദ്ദിഷ്‌ടകാര്യത്തിന്‌ ഉപകാരസ്‌മരണയായി കേരളത്തില്‍ രാഷ്‌ട്രീയനേതാക്കളും പ്രബലരായ പ്രവാസികളും തമ്മിലുള്ള അവിശുദ്ധബന്ധവും അവരുടെ ബിസിനസ്‌ സാമ്രാജ്യങ്ങളും തഴച്ചുവളരുന്നു. ദുബായിലെയും കൊച്ചിയിലെയും വന്‍കിട ഹോട്ടലുകളാണ്‌ രാഷ്‌ട്രീയ-ബിസിനസ്‌ പങ്കുകച്ചവടത്തിന്റെ ഹബ്ബുകള്‍. തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്കു മാത്രമല്ല, പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും പണമൊഴുകുന്നതു പ്രധാനമായും പ്രവാസലോകത്തുനിന്നാണ്‌. നാട്ടിലെ കള്ളപ്പണവും കൈക്കൂലിയും പിരിവുമൊക്കെ ഇത്തരം ഫണ്ടുകളുടെ മറവില്‍ വെളുക്കുന്നു.
ഗള്‍ഫില്‍ തകര്‍ന്നുതരിപ്പണമായ പല അറബികളുടെയും ബിസിനസ്‌ പങ്കാളികള്‍ ഇന്നു മലയാളികളാണ്‌. ഒടുവില്‍ അറബികളെ കബളിപ്പിച്ചു കേരളത്തിലേക്കു മുങ്ങുന്നവരും കുറവല്ല.
കേരളത്തിലെ ഒരു സമുദായനേതാവ്‌ ദുബായിലെ ഒരു ബാങ്കില്‍നിന്നു വായ്‌പയെടുത്ത്‌ മുങ്ങിയശേഷമാണ്‌ നാട്ടില്‍ വിരാജിക്കുന്നത്‌. ദുബായിലെ മിക്ക ഡാന്‍സ്‌ ബാറുകളും വാടകയ്‌ക്കെടുത്തു നടത്തുന്നവരില്‍ മലയാളിസാന്നിധ്യം ശക്‌തമാണ്‌. പ്രമുഖനായ ഒരു നേതാവ്‌ വിവിധ മേഖലകളിലായി ദുബായില്‍ നിക്ഷേപിച്ചിരിക്കുന്നതു 40 കോടി രൂപയാണ്‌. മറ്റൊരു പ്രമുഖനേതാവിന്റെ മകനു സ്വന്തമായി രണ്ടു ഡാന്‍സ്‌ ബാറുകളുണ്ട്‌. ചില മന്ത്രിമാരുടെ ഔദ്യോഗികവസതികളില്‍ ഏതുസമയവും കടന്നുചെല്ലാന്‍ സ്വാതന്ത്ര്യമുള്ള ഒരു വിശ്വസ്‌തന്‍ ദുബായില്‍ നാലു ഡാന്‍സ്‌ ബാറുകളുടെ ഉടമയാണ്‌. എല്ലാം ബിനാമി പേരുകളില്‍. ദുബായിയിലെ മീന്‍ മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്നവരുടെ പേരില്‍പോലും ഇത്തരത്തില്‍ ഡാന്‍സ്‌ ബാറുകളുണ്ട്‌! യുവരാഷ്‌ട്രീയക്കാരുടെയും ബിസിനസ്‌ സംരംഭകരുടെയും ചര്‍ച്ചകള്‍ക്കു "ചൂടുപിടിക്കുന്നത്‌" ഇവിടങ്ങളിലാണ്‌.
കേരളത്തിലെ മദ്യവില്‍പ്പനയുടെ പകുതിയും കൈയടക്കിയിരുന്നതു വിജയ്‌ മല്യയുടെ ഉടമസ്‌ഥതയിലുള്ള യു.ബി. ഗ്രൂപ്പായിരുന്നു. ഭരണ-പ്രതിപക്ഷവ്യത്യാസമില്ലാതെ പ്രബലനേതാക്കളെ ദുബായില്‍ സല്‍ക്കരിച്ചാണു മല്യ ഈ കുത്തക സ്വന്തമാക്കിയത്‌. ഇതോടെ, ബിവറേജസ്‌ കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഔട്ട്‌ലെറ്റുകള്‍ യു.ബി. ഗ്രൂപ്പിന്റെ ബ്രാന്‍ഡുകളാല്‍ നിറഞ്ഞു. മല്യ കേസുകളില്‍ കുടുങ്ങിയതോടെ യു.ബി. ഗ്രൂപ്പിന്റെ വിതരണാവകാശം ഡയാജിയോ എന്ന ബ്രിട്ടീഷ്‌ കമ്പനിക്കു കൈമാറി.ഈ കമ്പനി മൂന്നുമാസം മുമ്പു കേരളത്തിലെ പ്രമുഖര്‍ക്കായി ദുബായില്‍ വിരുന്നൊരുക്കിയിരുന്നു. ഫലത്തില്‍, ഇതേ കമ്പനിയുടെ മദ്യമാണു കേരളത്തിലെ സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളിലൂടെ കൂടുതലായി വിറ്റഴിക്കുന്നത്‌. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതു സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള ഒരു വ്യവസായമേഖലയിലേക്കുള്ള ഉത്‌പന്നങ്ങളാണ്‌. ഗള്‍ഫ്‌ കേന്ദ്രീകരിച്ച്‌ ഈ ഇടപാടിനു ചുക്കാന്‍ പിടിക്കുന്ന വ്യവസായപ്രമുഖന്‍ യു.ഡി.എിലെ പ്രമുഖ ഘടകകക്ഷി നേതാവിന്റെ ഉറ്റബന്ധുവാണ്‌. ഇടതുസര്‍ക്കാരിനും ഇയാള്‍ പ്രിയങ്കരന്‍തന്നെ. മധ്യതിരുവിതാംകൂറിലെ പ്രമുഖ യു.ഡി.എഫ്‌. ഘടകകക്ഷി നേതാവിനു ഗള്‍ഫില്‍ പുഷ്‌പങ്ങളുടെ ബിസിനസാണ്‌. എതിര്‍മുന്നണിയിലെ ഒരു നേതാവുമൊത്ത്‌ കെനിയയിലും ഘാനയിലും 2000 ഏക്കര്‍ പാട്ടത്തിനെടുത്താണു പൂവ്‌ കൃഷി!
പലവട്ടം പാര്‍ട്ടി മാറിയ ഒരു നേതാവ്‌, മാതൃപ്രസ്‌ഥാനത്തില്‍നിന്നു പുറത്തായപ്പോള്‍ ബിസിനസ്‌ തുടങ്ങാന്‍ പദ്ധതിയിട്ടതും ദുബായില്‍. എല്ലാ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും ഒരുപോലെ എത്തിപ്പെടാന്‍ സൗകര്യമുള്ളതും മറ്റു ഗള്‍ഫ്‌ രാജ്യങ്ങളെക്കാള്‍ അയവുള്ള സാമൂഹികവ്യവസ്‌ഥയുമാണു ദുബായിയെ ആകര്‍ഷകമാക്കുന്നത്‌. രാജ്യാന്തര സ്വര്‍ണം, മയക്കുമരുന്ന്‌ ലോബിയുടെ ആസ്‌ഥാനം കൂടിയായി ദുബായ്‌ മാറിക്കഴിഞ്ഞു. ഗള്‍ഫില്‍നിന്നുള്ള സ്വര്‍ണക്കടത്തിന്റെ പ്രധാനകവാടമെന്ന സ്‌ഥാനം മുംബൈയില്‍നിന്നു കേരളത്തിലെ വിമാനത്താവളങ്ങള്‍ തട്ടിയെടുത്തു. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണമെത്തുന്നതു കരിപ്പൂര്‍ വിമാനത്താവളം വഴിയാണ്‌.
വിദേശത്തെ മലയാളിസംഘടനകളുടെയും ക്ലബ്ബുകളുടെയുമൊക്കെ പരിപാടികള്‍ മറയാക്കിയാണു പലപ്പോഴും നേതാക്കള്‍ അടിക്കടി കടല്‍ കടക്കുന്നത്‌. നിയമസഭ നടക്കുമ്പോള്‍ വെള്ളിയാഴ്‌ചകളില്‍ ദുബായിലേക്കു പറന്ന്‌, തിങ്കളാഴ്‌ച രാവിലെ തിരിച്ചെത്തുന്ന നേതാക്കള്‍ എല്ലാ രാഷ്‌ട്രീയകക്ഷികളിലുമുണ്ട്‌. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക്‌ കാക്കനാട്ടുനിന്നുള്ള സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡില്‍ വെള്ളിയാഴ്‌ച തോറും എം.എല്‍.എമാരും മന്ത്രിമാരുമുള്‍പ്പെടെയുള്ള നേതാക്കളുടെ കാറുകള്‍ ചീറിപ്പായുന്നതു കാണാം. പ്രവൃത്തിദിവസങ്ങളില്‍ നാട്ടിലെ രാഷ്‌ട്രീയവും ശനി, ഞായര്‍ ദിവസങ്ങളില്‍ ബിസിനസും സുഗമമായി മുന്നോട്ടുകൊണ്ടുപോയിരുന്ന നേതാവാണ്‌ അന്തരിച്ച ഒരു പ്രമുഖമന്ത്രി.
ഭരണ-പ്രതിപക്ഷങ്ങളെ വെല്ലുന്ന രീതിയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ പോര്‌ കത്തിജ്വലിച്ചു നിന്ന കാലം. പരസ്‌പരം കണ്ടാല്‍ കടിച്ചുകീറുന്ന കൊച്ചിയിലെ ഒരു നേതാവും നിലമ്പൂരിലെ മറ്റൊരു നേതാവും ദുബായില്‍ സന്ധിച്ചാണു ചര്‍ച്ചകള്‍ നടത്തിയിരുന്നത്‌. ഐ ഗ്രൂപ്പുകാരനായ ഒരാളുടെ ഫ്‌ളാറ്റായിരുന്നു സംഗമസ്‌ഥാനം. ഇരുവരും ഇപ്പോള്‍ സജീവരാഷ്‌ട്രീയത്തിലില്ല. എ.കെ. ആന്റണിക്കു പകരം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നതുവരെ ദുബായ്‌ കേന്ദ്രീകരിച്ചായിരുന്നെന്നു പറയപ്പെടുന്നു. എന്നാല്‍, നാട്ടിലെ അതേ ജനപ്രീതി പ്രവാസികള്‍ക്കിടയിലും കാത്തുസൂക്ഷിക്കുന്ന നേതാക്കളാണ്‌ പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും. അന്തരിച്ച ഒരു മുന്‍മുഖ്യമന്ത്രിയും മകന്റെ ദുബായ്‌ പഠനത്തിന്റെ പേരില്‍ വിവാദത്തിലകപ്പെട്ടിരുന്നു. കമ്പ്യൂട്ടര്‍ വത്‌കരണത്തിനെതിരേ സി.പി.എം. വന്‍പ്രക്ഷോഭത്തിലേര്‍പ്പെടുമ്പോള്‍ ഇദ്ദേഹത്തിന്റെ മകന്‍ ദുബായില്‍ കമ്പ്യൂട്ടര്‍ പഠനത്തിലായിരുന്നെന്നാണ്‌ അന്ന്‌ ആക്ഷേപമുയര്‍ന്നത്‌. ദുബായില്‍ പിടിപാടുള്ള ലീഗ്‌ നേതാവിന്റെ സഹായത്തോടെ ഇയാള്‍ യു.എ.ഇയില്‍ പരസ്യക്കമ്പനിക്കു ലൈസന്‍സ്‌ നേടിയെന്നും അന്നു വിമര്‍ശനമുയര്‍ന്നു.

തയാറാക്കിയത്‌: എസ്‌. നാരായണ്‍, ഷാലു മാത്യു, കെ. സുജിത്ത്‌, എം.എസ്‌. സന്ദീപ്‌

Ads by Google
Saturday 29 Jun 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW