Friday, June 28, 2019 Last Updated 7 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 03.19 PM

ലിവര്‍ സിറോസിസ് സൂക്ഷിക്കണം

''ദീര്‍ഘകാലം ക്ഷതമേറ്റതുമൂലം സ്ഥിരമായി കേടായ കരളിന്റെ അവസ്ഥയ്ക്കാണു സിറോസിസ് എന്നു പറയുന്നത്''
uploads/news/2019/06/318058/levrscrio280619a.jpg

കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും അപകടകാരിയാണ് 'ലിവര്‍ സിറോസിസ്'. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെയുണ്ടാകാന്‍ കാരണമായ രോഗമാണിത്. പൊതുവേ മദ്യപരുടെ രോഗമെന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും സിറോസിസിനു പല കാരണങ്ങളുണ്ട്.

ദീര്‍ഘകാലം ക്ഷതമേറ്റതുമൂലം സ്ഥിരമായി കേടായ കരളിന്റെ അവസ്ഥയ്ക്കാണ് സിറോസിസ് എന്നു പറയുന്നത്. കരളിലെ കോശങ്ങള്‍ക്കു ക്രമേണ നാശം സംഭവിച്ച് ഒടുവില്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാത്ത അവസ്ഥയിലേക്ക് എത്തപ്പെടുകയാണു ചെയ്യുന്നത്.

നിരന്തരമായ മദ്യപാനം മൂലമാണു നമ്മുടെ നാട്ടില്‍ സാധാരണയായി ഈ അസുഖം കണ്ടുവരുന്നത്. സാധാരണയുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ കരളിനു കഴിയും.

എന്നാല്‍, മദ്യപാനം നിരന്തരമാകുമ്പോള്‍ ഒന്നിനൊന്ന് ഈ കേടുപാടുകള്‍ വര്‍ധിക്കുകയും കരള്‍ മുഴുവനായും നശിച്ചുപോകാനും ഇടയാകുകയും ചെയ്യും. സിറോസിസ് മുതിര്‍ന്നവരിലാണ് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. എന്നാല്‍, ചില കാരണങ്ങള്‍ കൊണ്ട് കുട്ടികളിലും രോഗം ഉണ്ടാകാം.

ലിവര്‍ സിറോസിസിന്റെ ഏറ്റവും പ്രധാന കാരണങ്ങളില്‍ ഒന്നാണ് ദീര്‍ഘകാല മദ്യപാനവും ഹെപ്പറ്റെറ്റിസ് ബി, സി വൈറസുകളുടെ അണുബാധയും.

ഇതോടൊപ്പംതന്നെ മറ്റു കാരണങ്ങളായി കാണപ്പെടുന്നത് രക്തത്തിലെ ഇരുമ്പിന്റെയും ചെമ്പിന്റേയും കൂടുതല്‍, കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടല്‍, പിത്തക്കുഴലിനുണ്ടാകുന്ന തടസം, ശരീരത്തിന്റെ പ്രതിരോധശക്തി കരളിനെതിരായി പ്രവര്‍ത്തിക്കുന്ന അവസ്ഥ എന്നിവയാണ്.

ക്ഷീണവും തൂക്കക്കുറവും


സിറോസിസിന്റെ രോഗലക്ഷണങ്ങള്‍ പലതരത്തില്‍ പ്രത്യക്ഷപ്പെടാം. തുടക്കത്തില്‍ ലക്ഷണങ്ങളൊന്നും കാണപ്പെടുകയില്ലെങ്കിലും ക്ഷീണം, തൂക്കക്കുറവ്, വിശപ്പില്ലായ്മ, വയറിലെ അസ്വസ്ഥത, അരുചി, ശ്വാസത്തിനു ദുര്‍ഗന്ധം, ദേഹത്തിനു നിറവ്യത്യാസം എന്നിവ തുടക്കത്തില്‍ കാണുമെങ്കിലും രോഗം മൂര്‍ച്ഛിക്കുന്നതോടെ അസ്വസ്ഥതകള്‍ കൂടിവരികയും രോഗലക്ഷണങ്ങള്‍ വര്‍ധിക്കുകയും ചെയ്യും.

രക്തം ഛര്‍ദിക്കുക


നിരന്തരമായി കരളിനേല്‍ക്കുന്ന ക്ഷതം മൂലം കരളിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നു. ഇതുമൂലം ആമാശയത്തിലേയും അന്നനാളത്തിലേയും രക്തക്കുഴലുകള്‍ വികസിച്ചു പൊട്ടുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു.

നീര്‍വീക്കം


സിറോസിസ് രോഗികളുടെ കാലുകള്‍, വയറ്, ശ്വാസകോശം എന്നിവിടങ്ങളില്‍ നീര്‍വീക്കം ഉണ്ടാകുന്നത് സാധാരണമാണ്. വയറില്‍ ഉണ്ടാകുന്ന നീര്‍വീക്കത്തില്‍ അണുബാധയുണ്ടാകാനും സാധ്യത കൂടുതലാണ്.
uploads/news/2019/06/318058/levrscrio280619b.jpg

രക്തസ്രാവം


സിറോസിസ് രോഗികളില്‍ രക്തസ്രാവത്തിനു സാധ്യത കൂടുതലാണ്. രോഗം ബാധിച്ചവരില്‍ മോണ, മൂക്ക്, നിസാരമായുണ്ടാകുന്ന മുറിവുകള്‍ എന്നിവിടങ്ങളില്‍ നിന്ന് അമിത രക്തസ്രാവം ഉണ്ടാകാം.

ഓര്‍മക്കുറവും ബോധക്ഷയവും


രോഗം വര്‍ധിച്ചാല്‍ രോഗിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു തകരാറുകള്‍ സംഭവിക്കാം. ഇത് ഉറക്കമില്ലായ്മ, ആശയക്കുഴപ്പം, മാനസിക വിഭ്രാന്തി മുതലായവയിലേക്കു നയിക്കാം. രോഗം ബാധിച്ചവര്‍ക്കു ശരീരത്തിന്റെ വിഷാംശങ്ങളെ ഇല്ലാതാക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതുകൊണ്ടാണു തലച്ചോറിനെ ബാധിക്കുന്നത്.

സിറോസിസ് രോഗികളുടെ ശരീരത്തിനും മറ്റും ഗുരുതരമായ അസുഖങ്ങളും ബാധിക്കുവാന്‍ സാധ്യതയുണ്ട്. ഇത്തരക്കാരുടെ വൃക്കയെ രോഗം തകരാറിലാക്കുകയും കരളില്‍ അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. കൂടാതെ പോഷകാഹാരക്കുറവും അണുബാധയും മറ്റു ഗുരുതര പ്രശ്‌നങ്ങളാണ്.

രോഗം കണ്ടെത്താം


രക്തപരിശോധന, സി.ടി. സ് കാന്‍, എം.ആര്‍.ഐ. സ്‌കാനിംഗ്, ബയോപ്‌സി ചികിത്സ എന്നിവയിലൂടെ ലിവര്‍ സിറോസിസ് കണ്ടെത്താം. സിറോസിന്റെ രോഗാവസ്ഥ ഗുരുതരമായാല്‍ പിന്നീട് പഴയ അവസ്ഥയിലേക്കു കൊണ്ടുവന്നു ചികിത്സിക്കാന്‍ ഒരിക്കലും സാധിക്കില്ല.

രോഗം ഗുരുതരമാകുന്നതിനു മുമ്പ് കണ്ടെത്തി കൃത്യമായ ചികിത്സ നല്‍കിയാല്‍ കരളിനു കൂടുതല്‍ നാശം സംഭവിക്കാതെ കാത്തുസൂക്ഷിക്കാന്‍ കഴിയും. പല കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന സിറോസിസിനും വ്യത്യസ്ത ചികിത്സയാണുള്ളത്.

അമിത മദ്യപാനമാണ് കാരണമെങ്കില്‍ ഒട്ടും താമസം വരാതെ ആ ശീലം ഉപേക്ഷിക്കേണ്ടതാണ് അല്ലാത്തപക്ഷം കരളിലെ കോശങ്ങള്‍ പുനര്‍നിര്‍മിക്കപ്പെടാനാവാതെ പൂര്‍ണമായും നശിച്ചിരിക്കും.

രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. മദ്യപാനം കര്‍ശനമായും ഒഴിവാക്കുക.
2. പോഷകസമൃദ്ധമായ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക.
3. ഡോക്ടറുടെ നിര്‍ദേശപ്രകാരം ലഘുവായ വ്യായാമം ചെയ്യുക.

4. വേദന സംഹാരികള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. കാരണം വേദന സംഹാരികള്‍ രക്തസ്രാവത്തിനു കാരണമാകയും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.
5. സിറോസിസ് രോഗികള്‍ മലത്തിന്റെ നിറം ശ്രദ്ധിക്കേണ്ടതാണ്. ടാര്‍ പോലെ കറുത്ത നിറത്തിലുള്ള മലം രക്തസ്രാവത്തിന്റെ ലക്ഷണമാണ്. അങ്ങനെ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്.

uploads/news/2019/06/318058/levrscrio280619c.jpg

6. ഉറക്കഗുളികകള്‍ കഴിവതും ഒഴിവാക്കേണ്ടതാണ്. അതു ചിലപ്പോള്‍ ഓര്‍മക്കുറവും അബോധാവസ്ഥയും ഉണ്ടാക്കിയേക്കാം.
7. സിറോസിസ് രോഗികള്‍ സാധാരണയായി ഹെപ്പറ്റെറ്റിസ് എ, ഹെപ്പറ്റെറ്റിസ് ബി എന്നിവയ്‌ക്കെതിരേ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതു ഗുണം ചെയ്യും. സ്വതവേ തകരാറിലായ കരളില്‍ ഈ അണുബാധകള്‍ ഉണ്ടായാല്‍ കരളിന്റെ പ്രവര്‍ത്തനം മോശമാകാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഇത്തരം പ്രതിരോധ കുത്തിവയ്പുകള്‍.

ഭക്ഷണ ക്രമീകരണം


സിറോസിസ് രോഗികള്‍ ഭക്ഷണക്രമത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. ഇത്തരക്കാര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതും അല്ലാത്തതുമായ നിരവധി കാര്യങ്ങളുണ്ട്. സിറോസിസ് രോഗികളില്‍ പോഷകാഹാരക്കുറവ് കണ്ടുവരുന്നു. രോഗികളുടെ ശരീരം അമിതമായി ക്ഷീണിക്കുന്നത് കാണാറുണ്ട്.

അതിനു കാരണം ഭക്ഷണത്തില്‍ ആവശ്യത്തിനുള്ള പ്രോട്ടീന്‍ അടങ്ങിയിട്ടില്ലെങ്കില്‍ ശരീരം മാംസപേശികളില്‍ നിന്നു പ്രോട്ടീന്‍ ആഗിരണം ചെയ്യുകയും അതു ശരീരം ക്ഷീണിക്കുന്നതിനിടയാക്കുന്നു. ദിവസവും ഒരേ രീതിയിലുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതുമൂലം ശരീരത്തിന്റെ ക്ഷീണം ഒഴിവാക്കാന്‍ സാധിക്കും.

കഞ്ഞി, മൃദുവായ ഇഡ്ഡലി, ചപ്പാത്തി, ഓട്‌സ്, റാഗി, റൊട്ടി, പച്ചക്കറികള്‍, ഓറഞ്ച്, ആപ്പിള്‍, മാമ്പഴം, പേരയ്ക്ക തുടങ്ങിയ പഴവര്‍ഗങ്ങള്‍, ഇലക്കറികള്‍, മത്സ്യം, മുട്ട തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഉപ്പു കുറഞ്ഞ ഭക്ഷണപദാര്‍ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

റിസര്‍ച്ച് ഡെസ്‌ക്
ആരോഗ്യമംഗളം

Ads by Google
Friday 28 Jun 2019 03.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW