Friday, June 28, 2019 Last Updated 2 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 03.06 PM

കര്‍ദിനാളിനോട് നിസ്സഹകരണം പ്രഖ്യാപിച്ച് വൈദികര്‍; രാത്രിയുടെ മറവില്‍ അരമനയിലെത്തിയത് അപഹാസ്യം; സഹായമെത്രാന്മാര്‍ക്കെതിരായ നടപടി അംഗീകരിക്കില്ല

പുതിയ സംഭവങ്ങളെ സാധൂകരിക്കുന്ന വത്തിക്കാന്‍ രേഖകളൊന്നും സീറോ മലബാര്‍ സഭാ സിനഡ് ഇതുവരെ പുറത്തുവിടാത്തതും സംശയങ്ങള്‍ക്ക് ഇട നല്‍കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.
church land issue

കൊച്ചി: എറണാകുളം -അങ്കമാലി അതിരുപതയിയെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സിറോ മലബാര്‍ സഭയിലെ വിവാദം വീണ്ടും മൂര്‍ച്ഛിക്കുന്നു. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ മാറ്റി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും അതിരൂപതയുടെ ഭരണച്ചുമതല ഏല്പിച്ച വത്തിക്കാന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ഇന്നു ചേര്‍ന്ന വൈദികരുടെ യോഗത്തില്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. രാത്രിയുടെ മറവില്‍ അരമനയില്‍ എത്തി അധികാരം ഏറ്റെടുത്ത കര്‍ദിനാളിന്റെ നടപടി അപഹാസ്യമാണെന്നും ഇതിന് പോലീസ് സഹായം തേടിയത് വത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടാണോ എന്നും പ്രമേയത്തില്‍ ചോദിക്കുന്നു. ആലുവ ചുണങ്ങുംവേലിയിലുള്ള സഭാ സ്ഥാപനമായ നിവേദിതയില്‍ ചേര്‍ന്ന വൈദികരുടെ യോഗത്തിലാണ് പ്രമേയം പാസാക്കിയത്.

കര്‍ദിനാളിനെതിരെ നിസ്സഹകരണ സമരവുമായി മുന്നോട്ടുപോകാനാണ് ഭൂരിഭാഗം വരുത്ത വിമത വൈദികരുടെ തീരുമാനം. ഭൂമി ഇടപാടിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന വൈദികരുടെ അഭിപ്രായത്തോട് യോജിച്ചതിന്റെ പേരില്‍ സഹായ മെത്രാന്മാര്‍ക്കെതിരെ സ്ഥാനത്തുനിന്നുമാറ്റിയ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ നടപടി അംഗീകരിക്കാനാവില്ല. അഗ്നിശുദ്ധി വരുത്തി വിശ്വാസ സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടു വേണമായിരുന്നു കര്‍ദിനാള്‍ സ്ഥാനത്തേക്ക് തിരിച്ചുവരാന്‍. സഹായ മെത്രാന്മാര്‍ക്കെതിരായ നടപടിക്ക് അടുത്ത സിനഡ്‌വരെ കാത്തിരിക്കാമായിരുന്നു.

ഇത് കേവലം പ്രതികാര നടപടിയായിട്ടേ കാണാന്‍ കഴിയു. മെത്രാന്മാരെ എന്തുകൊണ്ട് മാറ്റിനിര്‍ത്തി എന്ന് വൈദികരേയും വിശ്വാസികളെയും ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനും പെര്‍മനന്റ് സിനഡിനുമുണ്ട്. പുതിയ സംഭവങ്ങളെ സാധൂകരിക്കുന്ന വത്തിക്കാന്‍ രേഖകളൊന്നും സീറോ മലബാര്‍ സഭാ സിനഡ് ഇതുവരെ പുറത്തുവിടാത്തതും സംശയങ്ങള്‍ക്ക് ഇട നല്‍കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.

ഭൂമി ഇടപാടില്‍ വന്ന ഗൗരവമായ പിഴവുകളെയും അതിലെ അഴിമതിയെയും കുറിച്ച് ഡോ.ജോസഫ് ഇഞ്ചോടി കമ്മീഷന്‍ റിപ്പോര്‍ട്ടും കെ.പി.എം.ജി റിപ്പോര്‍ട്ടും വിശ്വാസികളെ അറിയിക്കാനുള്ള ബാധ്യത ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനും സിറോ മലബാര്‍ സിനഡിനുമുണ്ട്. അത് വ്യക്തമായി അറിഞ്ഞാലെ കര്‍ദിനാളിന്റെ നേതൃത്വത്തെ അംഗീകരിക്കാന്‍ വിശ്വാസസമൂഹത്തിനും വൈദികര്‍ക്കും കഴിയൂ.

അപ്പസ്‌തോലിക് അഡിമിനിസ്‌ട്രേറ്ററെ ഏല്പിച്ച ദൗത്യനിര്‍വഹണത്തിനിടയ്ക്ക് ഒരിക്കല്‍ പോലും ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ അവസരം നല്‍കിയില്ല എന്നത് ഓറിയന്റല്‍ കോണ്‍ഗ്രസിഗേഷന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കാന്‍ ഇടവരുത്തുന്നു.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിപ്പട്ടികയിലുള്ള ആര്‍ച്ച്ബിഷപിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ വൈദികര്‍ക്കും വിശ്വാസികള്‍ക്കും കഴിയില്ല. വത്തിക്കാന്റെ പുതിയ തീരുമാനം ബാധിച്ചിരിക്കുന്നത് സാധാരണക്കാരായ വിശ്വാസികളെയാണ്. സഭയിലും സിനഡിലുമുള്ള അവരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ നടപടി.

ഇക്കാര്യങ്ങളിലെല്ലാം ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനും സിറോ മലബാര്‍ സിനഡും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാത്ത പക്ഷം എറണാകുളം അതിരൂപതാംഗങ്ങളായ വൈദികര്‍ ആര്‍ച്ച്ബിഷപ്പിനോടും അദ്ദേഹത്തിന്റെ കൂരിയയോടും നിസ്സഹകരണ മനോഭാവത്തോടെയായിരിക്കും പ്രവര്‍ത്തിക്കുക. അധാര്‍മ്മികമായി അതിരൂപതയെ ഭരിക്കുന്നവരോട് സഹകരിക്കാന്‍ ഞങ്ങള്‍ക്കാവില്ല.

വരുന്ന സിനഡ് വരെയാണ് സഹായ മെത്രാന്മാരെ മാറ്റിനിര്‍ത്തിയിരിക്കുന്നത്. ആ സമയം വരെ അതിരൂപതയില്‍ യാതൊരു ട്രാന്‍സ്ഫറോ മാറ്റമോ വരുത്തുന്നത് വിവേക ശൂന്യമായിരിക്കും. അത്തരം നീക്കത്തോട് അതിരുപതയിലെ വൈദികര്‍ സഹകരിക്കുകയുമില്ല.

യോഗത്തില്‍ 160 ഓളം വൈദികര്‍ പങ്കെടുത്തുവെന്ന് വൈദികര്‍ വ്യക്തമാക്കി. വത്തിക്കാനില്‍ നിന്നും വന്ന അറിയിപ്പില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി അവസാനിച്ചതായി മാത്രമാണ് അറിയിച്ചിരിക്കുന്നതെന്നും മറ്റു കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും വൈദികര്‍ പറയുന്നു.

church land issue

church land issue

church land issue
വത്തിക്കാന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലെറ്റര്‍

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW