Thursday, June 27, 2019 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 05.03 PM

മൈഗ്രേന്‍ നിയന്ത്രിക്കാം

''മൈഗ്രേന് കാരണമായ ഭക്ഷണപദാര്‍ഥങ്ങളെ കണ്ടുപിടിച്ച് അവയെ ഒഴിവാക്കണം. ദിവസവും 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. കാരണം ശരീരത്തിന്റെ നിര്‍ജലീകരണം വലിയൊരു ട്രിഗര്‍ ആണ്''
Migraines Symptoms and treatments

അതികഠിനമായ തലവേദനയാണ് മൈഗ്രേനിന്റെ പ്രത്യേകത. ലക്ഷണങ്ങളും വേദനയുടെ കാഠിന്യവും പരിഗണിച്ച് മൈഗ്രേന്‍ പലതായി തരംതിരിക്കപ്പെട്ടിട്ടുണ്ട്. തലവേദന വരുന്നതിന് മണിക്കൂറുകളോ ദിവസങ്ങളോ മുമ്പ് 60 ശതമാനം പേര്‍ക്കും പെട്ടെന്നുള്ള ഭാവമാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്.

വിഷാദം, വിഭ്രാന്തി, ഉത്കണ്ഠ, ഭക്ഷണത്തോടുള്ള ആര്‍ത്തി, തളര്‍ച്ച തുടങ്ങിയവ ഉദാഹരണങ്ങളാണ്. കടുത്ത പ്രകാശം കാണുമ്പോഴും ശബ്ദം കേള്‍ക്കുമ്പോഴും ശക്തിയായ മണമടിക്കുമ്പോഴും കൊടിഞ്ഞിയുടെ തീവ്രത അധികരിച്ചേക്കാം.

4 മുതല്‍ 72 മണിക്കൂറുകള്‍ വരെ ഇതു നീണ്ടുനില്‍ക്കുന്നു. തലയുടെ ഒരു വശത്തോ ഇരു വശങ്ങളിലോ കൊടിഞ്ഞിയുണ്ടാകാം. ദേഷ്യം, വിഷാദം, നിരാശ, അന്തര്‍മുഖത്വം, പ്രകാശം ഒഴിവാക്കി ഇരുട്ടിലിരിക്കുക ഈ സവിശേഷതകളെല്ലാം കൊടിഞ്ഞിയോടൊപ്പം ഉണ്ടാകുന്നു. കൂടാതെ ഓക്കാനവും ഛര്‍ദ്ദിയും ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുണ്ട്.

1. സ്ത്രീകളില്‍ കൂടുതല്‍


പുരുഷന്‍മാരേക്കാള്‍ അധികമായി സ്ത്രീകള്‍ക്കാണ് മൈഗ്രേന്‍ കാണപ്പെടുന്നത്. മാനസിക വ്യഥകളും സ്ഥിരമായ സംഘര്‍ഷങ്ങളും താങ്ങാനുള്ള കരുത്ത് സ്ത്രീകള്‍ക്ക് കുറവാണ്. ജീവിതചര്യയിലെ എല്ലാ പ്രശ്‌നങ്ങളും സ്ത്രീകളില്‍ 'ടെന്‍ഷന്‍ ഹെഡേയ്ക്' ഉണ്ടാക്കുന്നു.

അതിരാവിലെ ഉണരണം, ഭക്ഷണം കൃത്യസമയത്ത് പാകപ്പെടുത്തണം, കുട്ടികളെ സ്‌കൂളില്‍ വിടണം, ഭര്‍ത്താവിനെ ഓഫീസിലയയ്ക്കണം, ഗാര്‍ഹിക പ്രശ്‌നങ്ങള്‍ തനിയെ കൈകാര്യം ചെയ്യണം ഇവയെല്ലാം ഓരോരോ സംഘര്‍ഷങ്ങള്‍ക്കു വഴിവയ്ക്കുന്നു.

ഭക്ഷണത്തിനു രുചിയില്ലെങ്കിലും വസ്ത്രങ്ങള്‍ അലക്കിയത് വെടിപ്പായില്ലെങ്കിലും കുറ്റം വീട്ടമ്മയ്ക്കു തന്നെ. അവളുടെ മനസിന് ഉല്ലാസം പകരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവസരങ്ങളില്ല. ഇതെല്ലാം കാലാന്തരത്തില്‍ മനോസംഘര്‍ഷങ്ങള്‍ക്കു കാരണമാകാം.

Migraines Symptoms and treatments

2. മൈഗ്രേന്‍ ഒഴിവാക്കാം


മൈഗ്രേന്‍ ചികിത്സയില്‍ ഔഷധങ്ങളെക്കാളുപരി ജീവിതശൈലിയില്‍ വരുത്തേണ്ട ക്രമീകരണങ്ങള്‍ക്കാണു പ്രാധാന്യം. മൈഗ്രേന്‍ ഉണ്ടാക്കുന്ന ഉദ്ദീപനഘടകങ്ങള്‍ പ്രസക്തമാണ്. അവയുടെ സാന്നിധ്യമാണ് മിക്കപ്പോഴും മൈഗ്രേന്‍ ഉണ്ടാകുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവ ഏതെന്ന് കണ്ടുപിടിക്കണം.

ചോക്‌ലേറ്റ്, കാപ്പിയിലെ കഫീന്‍, ചുവന്ന വൈന്‍, ബിയര്‍, ചീസ്, അജിനോമോട്ടോ, കപ്പലണ്ടി ഇവയെല്ലാം മൈഗ്രേന്‍ ഉണ്ടാക്കുന്ന സുപ്രധാന ട്രിഗറുകളാണ്. തൈറമീന്‍, ഫിനൈല്‍ ഈതൈല്‍ അമീന്‍ എന്നിവ സുലഭമായുള്ളതു കൊണ്ടാണ് ചോക്‌ലേറ്റ് കഴിക്കുമ്പോള്‍ മൈഗ്രേന്‍ ഉണ്ടാകുന്നത്.

3. ഭക്ഷണംനിയന്ത്രിക്കാം.


മൈഗ്രേന് കാരണമായ ഭക്ഷണപദാര്‍ഥങ്ങളെ കണ്ടുപിടിച്ച് അവയെ ഒഴിവാക്കണം. ദിവസവും 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. കാരണം ശരീരത്തിന്റെ നിര്‍ജലീകരണം വലിയൊരു ട്രിഗര്‍ ആണ്. ജീവകങ്ങളും ലവണങ്ങളും സമൃദ്ധമായുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും സ്ഥിരമായി ഭക്ഷണശൈലിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മൈഗ്രേനെ നല്ലൊരു പരിധി വരെ പിടിയിലൊതുക്കാം.

അമിതപ്രകാശം, തുടര്‍ച്ചയായി ടി.വി. കാണുന്നത്, ദീര്‍ഘനേരം വെയിലത്തു നില്‍ക്കുന്നത്, കൂടുതലുറങ്ങുകയും ഉറങ്ങാതിരിക്കുകയും ചെയ്യുന്നത്, മാനസിക സമ്മര്‍ദ്ദം, അമിത കായികാധ്വാനം, കടുത്ത നിറങ്ങള്‍, പെര്‍ഫ്യൂമുകള്‍, ദീര്‍ഘദൂര യാത്രകള്‍, ചില മരുന്നുകള്‍ ഇവയെല്ലാം ശക്തമായ ട്രിഗറുകളാണ്. ട്രിഗറുകളെ കണ്ടുപിടിക്കുകയും ഒഴിവാക്കുകയുമാണ് മൈഗ്രേന്‍ തടയാനുള്ള ആദ്യ പടി. ഒപ്പം ഭക്ഷണ-ജീവിതക്രമത്തില്‍ കാതലായ മാറ്റം വരുത്താനും ശ്രദ്ധിക്കണം.

എല്ലാ മൈഗ്രേനുകളും ഭക്ഷണ-ജീവിത ക്രമീകരണത്തിനു കീഴ്‌പ്പെട്ടെന്നു വരില്ല. അപ്പോള്‍ ഔഷധങ്ങളെ ആശ്രയിക്കേണ്ടി വരാം. ഇന്ന് മൈഗ്രേന്‍ ചികിത്സയില്‍ അതിനൂതനങ്ങളായ പല മരുന്നുകളും സുലഭമാണ്.

കടപ്പാട്:
ഡോ. വി.വി. പൗലോസ്
സീനിയര്‍ ഫിസിഷ്യന്‍

Ads by Google
Ads by Google
Loading...
TRENDING NOW