Thursday, June 27, 2019 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
എം.എസ്. സന്ദീപ്
Thursday 27 Jun 2019 08.46 AM

സിപിഎം സംസ്ഥാനസമിതിയില്‍ എല്ലാം ചോരുന്നു; ആരോപണം ഉയര്‍ന്നിട്ടും എംവി ഗോവിന്ദനെതിരേ നേതൃത്വം അക്ഷരം മിണ്ടിയില്ല; ശ്യാമളയെ വിമര്‍ശിച്ചതിന് പി ജയരാജനെതിരേ ആഞ്ഞടിച്ചു

uploads/news/2019/06/317774/p-jayarajan.jpg

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി സംരംഭകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി.പി.എം. സംസ്ഥാനസമിതിയില്‍ നടന്ന ചര്‍ച്ചകള്‍ ചോര്‍ത്തി, വിഷയം സജീവമാക്കിനിര്‍ത്താന്‍ പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിന്റെ നീക്കം. സംഭവത്തെക്കുറിച്ച് ഇനി ചര്‍ച്ചയില്ലെന്നും തുടര്‍ന്നുള്ള പരാതികള്‍ കണ്ണൂര്‍ ഘടകംതന്നെ പരിഹരിക്കണമെന്നുമായിരുന്നു സംസ്ഥാനസമിതിയില്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ തീര്‍പ്പ്. എന്നാല്‍, പാര്‍ട്ടിയിലെതന്നെ ചിലരുടെ ഇടപെടലുകള്‍ പുറത്തുകൊണ്ടുവരാനും കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനുമാണു കണ്ണൂര്‍ ഘടകത്തിലെ ഒരുവിഭാഗത്തിന്റെ ശ്രമം.

സംഭവത്തില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയ്ക്കു പങ്കില്ലെന്നും അവര്‍ രാജിവയ്‌ക്കേണ്ടന്നുമായിരുന്നു കോടിയേരിയുടെ നിലപാട്. എന്നാല്‍, ആന്തൂര്‍ ഉള്‍പ്പെടുന്ന തളിപ്പറമ്പ് മണ്ഡലത്തിലെ എം.എല്‍.എ. ജയിംസ് മാത്യു, ശ്യാമളയുടെ ഭര്‍ത്താവും കേന്ദ്രസമിതിയംഗവുമായ എം.വി. ഗോവിന്ദനെതിരേ സംസ്ഥാനസമിതിയില്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. ഇക്കാര്യത്തില്‍ പ്രതികരിക്കാതിരുന്ന സംസ്ഥാനനേതൃത്വമാകട്ടെ, പൊതുസമ്മേളനത്തില്‍ ശ്യാമളയെ വിമര്‍ശിച്ച പി. ജയരാജനെതിരേ ആഞ്ഞടിക്കുകയും ചെയ്തു.

പ്രവാസി സംരംഭകന്‍ സാജന്‍ പാറയിലിന്റെ െലെസന്‍സ് െവെകിപ്പിക്കുന്നതിനെതിരേ താന്‍ മന്ത്രി കെ.ടി. ജലീലിനു പരാതി നല്‍കിയിരുന്നെന്നും തൊട്ടുപിന്നാലെ എം.വി. ഗോവിന്ദന്റെ വിളി മന്ത്രിയുടെ ഓഫീസിലെത്തിയെന്നുമായിരുന്നു സംസ്ഥാനസമിതിയില്‍ ജെയിംസ് മാത്യുവിന്റെ ആരോപണം.

ഗോവിന്ദന്‍ വിളിച്ചത് എന്തിനായിരുന്നെന്നു വ്യക്തമാക്കണമെന്നും ജെയിംസ് ആവശ്യപ്പെട്ടു. എന്നാല്‍, ജെയിംസിന്റെ ആരോപണത്തോടു സംസ്ഥാനനേതൃത്വം മൗനം പാലിച്ചു. ശ്യാമളയ്ക്കു വീഴ്ചപറ്റിയെന്നും നടപടിയുണ്ടാകുമെന്നും രാഷ്്രടീയവിശദീകരണയോഗത്തില്‍ പറയാന്‍ പാടില്ലായിരുന്നെന്നു പി. ജയരാജന്റെ പേരു പറയാതെ കോടിയേരി ചൂണ്ടിക്കാട്ടുകയും ചെയ്തു. പറയാനുള്ളതു പാര്‍ട്ടിയില്‍ പറയണം. അല്ലാതെ പൊതുനിരത്തിലല്ലെന്നും ചര്‍ച്ചയ്ക്കു മറുപടിയായി കോടിയേരി പറഞ്ഞു.

മുമ്പ്, കണ്ണൂരില്‍ വയല്‍ക്കിളി വിവാദം കത്തിനിന്നപ്പോള്‍ ജെയിംസ് മാത്യുവിനെ ശക്തമായി പിന്തുണച്ചതു പി. ജയരാജനായിരുന്നു. കണ്ണൂരിലെ വ്യക്തിപൂജാവിവാദത്തില്‍ ജയരാജനെ സംസ്ഥാനനേതൃത്വം ഒറ്റപ്പെടുത്തിയതിന്റെബാക്കിപത്രമാണ് ആന്തൂരില്‍ പുകഞ്ഞുകത്തുന്നത്. നിയമസഭയില്‍ കഴിഞ്ഞദിവസം പിണറായി നടത്തിയ ''ബിംബ''പരാമര്‍ശവും ജയരാജനെതിരായ ഒളിയമ്പായിരുന്നു.

ആന്തൂര്‍ വിഷയത്തില്‍ ആരോപണവിധേയയായ പി.കെ. ശ്യാമളയുടെ ഭര്‍ത്താവ് എം.വി. ഗോവിന്ദന്‍ പിണറായിയുടെ വിശ്വസ്തനുമാണ്. സംസ്ഥാനസമിതിയിലെ ചര്‍ച്ചകള്‍ പുറത്തുവന്നതിനു പിന്നില്‍ പാര്‍ട്ടി കണ്ണൂര്‍ ഘടകത്തിലെ വിഭാഗീയതയാണെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.

Ads by Google
എം.എസ്. സന്ദീപ്
Thursday 27 Jun 2019 08.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW