Thursday, June 27, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 01.43 AM

പാക്‌ ആക്രമണത്തില്‍ കിവികള്‍ വീണു

uploads/news/2019/06/317743/s1.jpg

ബിര്‍മിങ്‌ഹാം: ലോകകപ്പ്‌ ക്രിക്കറ്റില്‍ തോല്‍വിയറിയാതെ മുന്നേറിയ ന്യൂസിലന്‍ഡിനെ കീഴടക്കി പാകിസ്‌താന്‍. ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത കിവികളുയര്‍ത്തിയ 238 റണ്‍ വിജയലക്ഷ്യം പാകിസ്‌താന്‍ അഞ്ചു പന്ത്‌ ബാക്കിനില്‍ക്കെ ആറുവിക്കറ്റ്‌ നഷ്‌ടത്തില്‍ മറികടന്നു. ബാബര്‍ അസമിന്റെ 10-ാം സെഞ്ചുറി(പുറത്താകാതെ 101) യും ഹാരിസ്‌ സൊഹൈലി(68)ന്റെ അര്‍ധസെഞ്ചുറിയുമാണ്‌ പാക്‌ ഇന്നിങ്‌സിനു കരുത്തേകിയത്‌. ജയത്തോടെ ഏഴുകളിയില്‍നിന്ന്‌ ഏഴുപോയിന്റുമായി ആറാം സ്‌ഥാനത്തെത്തി സെമിസാധ്യത നിലനിര്‍ത്താനും പാകിസ്‌താനായി. 127 പന്തില്‍ 11 ഫോര്‍ അടക്കം പുറത്താകാതെ 101 റണ്ണെടുത്ത ബാബര്‍ അസം കളിയിലെ കേമനായി.
ലക്ഷ്യത്തിലേക്കുള്ള പാകിസ്‌താന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്നാം ഓവറില്‍ ഫഖര്‍ സമാനെ (ഒമ്പത്‌) മാര്‍ട്ടിന്‍ ഗുപ്‌ടിലിന്റെ കൈകളിലെത്തിച്ച്‌ ട്രെന്റ്‌ ബോള്‍ട്ട്‌ ന്യൂസിലന്‍ഡിനു ബ്രേക്‌ ത്രൂ നല്‍കി. 11-ാം ഓവറില്‍ ടീം സ്‌കോര്‍ 44-ല്‍ നില്‍ക്കെ ഇമാം ഉള്‍ ഹഖി(19) രൂപത്തില്‍ രണ്ടാം വിക്കറ്റും നിലംപൊത്തി. ബാബര്‍ അസമിനൊപ്പം മുഹമ്മദ്‌ ഹഫീസ്‌ ഇന്നിങ്‌സ് കരുപ്പിടിപ്പിച്ചു. പിന്നീട്‌ 32 റണ്ണെടുത്ത ഹഫീസിനെ വീഴ്‌ത്തി പാര്‍ട്ട്‌ടൈം ബൗളര്‍ ക്യാപ്‌റ്റന്‍ കെയിന്‍ വില്യംസണ്‍ ന്യൂസിലന്‍ഡിനു പ്രതീക്ഷയേകി. പിന്നീടു പാക്‌ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടു പിറന്നതോടെ കിവികളുടെ പിടി അയഞ്ഞു. 110-ല്‍ നില്‍ക്കെ ഒത്തുചേര്‍ന്ന അസം-ഹാരിസ്‌ സൊഹൈല്‍ കൂട്ടുകെട്ടു പിരിഞ്ഞത്‌ ടീം സ്‌കോര്‍ 236-ല്‍ എത്തിയപ്പോഴായിരുന്നു. 76 പന്തില്‍ രണ്ടു സിക്‌സും അഞ്ചുഫോറും ഉള്‍പ്പെടെ 68 റണ്ണെടുത്ത സൊഹൈലിനെ ഗുപ്‌ടില്‍ റണ്ണൗട്ടാക്കി.
നേരത്തെ ന്യൂസിലന്‍ഡ്‌ തുടക്കത്തിലെ തകര്‍ച്ചയ്‌ക്കു ശേഷം ജയിംസ്‌ നീഷാം (പുറത്താവാതെ 97), കോളിന്‍ ഡി ഗ്രാന്‍ഹോം (64) എന്നിവരുടെ അര്‍ധ സെഞ്ചുറി കരുത്തില്‍ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 237 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ 12.3 ഓവറില്‍ നാലിന്‌ 46 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു അവര്‍. മാര്‍ട്ടിന്‍ ഗുപ്‌ടില്‍ (5), കോളിന്‍ മണ്‍റോ (12), ടോം ലാഥം (1), റോസ്‌ ടെയ്‌ലര്‍ (3) എന്നിവര്‍ ക്ഷണനേരത്തിനുള്ളില്‍ പവലിയനില്‍ മടങ്ങിയെത്തി. നായകന്‍ കെയ്‌ന്‍ വില്യംസണും(41) ജയിംസ്‌ നീഷാമും ചേര്‍ന്നു കിവീസിനെ രക്ഷപ്പെടുത്തുമെന്ന്‌ തോന്നിച്ചെങ്കിലും ഷദാബ്‌ ഖാന്റെ പന്തില്‍ വില്യംസണ്‍ മടങ്ങിയതോടെ ആ പ്രതീക്ഷയും അസ്‌തമിച്ചു. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നീഷാം-കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം സഖ്യം 132 റണ്‍സ്‌ കൂട്ടിച്ചേര്‍ത്ത്‌ കിവീസിനു തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചു. പാകിസ്‌ഥാനു വേണ്ടി ഷഹീന്‍ അഫ്രീദി മൂന്നു വിക്കറ്റ്‌ വീഴ്‌ത്തി.

Ads by Google
Thursday 27 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW