Tuesday, June 25, 2019 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 04.24 PM

തിരികെ വിളിക്കാം നല്ല ശീലങ്ങളെ

''പാശ്ചാത്യര്‍ ഉപേക്ഷിച്ച ഭക്ഷണശൈലി സ്വന്തമാക്കിയ മലയാളി രോഗങ്ങളാല്‍ വലയം ചെയ്യപ്പെട്ടു കഴിഞ്ഞു. എന്നിട്ടും ഫാസ്റ്റ്ഫുഡിനോട് 'നോ' പറയാന്‍ നാം തയാറാകുന്നില്ല.''
food habits

പാശ്ചാത്യ ജീവിതശൈലിക്ക് പിന്നാലെ പോയപ്പോള്‍ നാം നമ്മുടെ ഭക്ഷണരീതിയാണ് കൈവിട്ടത്. എന്നാല്‍ ജീവിതശൈലി രോഗങ്ങള്‍ വിഴുങ്ങാന്‍ തുടങ്ങിയപ്പോള്‍ പാശ്ചാത്യര്‍ അവരുടെ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തുകയാണുണ്ടായത്. ഫാസ്റ്റ്ഫുഡ്, ഇന്‍സ്റ്റന്റ് ഫുഡ് എന്നിവ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷശീലങ്ങള്‍ക്ക് അവര്‍ മൂന്‍തൂക്കം കൊടുത്തതോടെ ജീവിതശൈലി രോഗങ്ങളും പതുക്കെ പിന്‍വലിഞ്ഞു തുടങ്ങി.

എന്നാല്‍ പാശ്ചാത്യര്‍ ഉപേക്ഷിച്ച ഭക്ഷണശൈലി സ്വന്തമാക്കിയ മലയാളി രോഗങ്ങളാല്‍ വലയം ചെയ്യപ്പെട്ടു. എന്നിട്ടും ഫാസ്റ്റ് ഫുഡിനോട് 'നോ' പറയാന്‍ നാം തയാറായില്ല. പാശ്ചാത്യ വേഷത്തിലും ഭക്ഷണത്തിലും മലയാളി പരിഷ്‌കാരിയായപ്പോള്‍ നഷ്ടപ്പെട്ടത് ഒരു ആരോഗ്യ സംസ്‌കാരമാണ്. ആരോഗ്യവും പോഷകങ്ങളും നിറഞ്ഞുനിന്ന നമ്മുടെ ആ ഭക്ഷണരീതി പുതുതലമുറ മറന്നു.

അപകടകരമായ ആഹാരരീതികള്‍


പോഷകങ്ങള്‍ വളരെ കുറഞ്ഞ, കൂടുതല്‍ ഊര്‍ജവും ഉപ്പും നിറഞ്ഞ ഭക്ഷണമാണ് ജങ്ക് ഫുഡ്. ഉദാഹരണമായി ചിപ്‌സ്, കേക്ക്, സോഫ്റ്റ് ഡ്രിങ്ക്‌സ് മുതലായവ. പരമ്പരാഗതമായ നമ്മുടെ ഭഷണരീതി എന്നു പറയുന്നത് ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം എന്നിങ്ങനെ പോഷകസമൃദ്ധമായിരുന്നു.

ഇവയില്‍ കൊഴുപ്പു കുറവും ഫൈബറിന്റെ അംശം കൂടുതലുമായിരുന്നു. പഞ്ചസാരയ്ക്കു പകരം ശര്‍ക്കര, കരുപ്പട്ടി തുടങ്ങിയ അയണ്‍ അടങ്ങിയ ആരോഗ്യകരമായ വിഭവങ്ങളാണ് കൂടുതലായി ഉള്‍പ്പെടുത്തിയിരുന്നത്.

ഫാസ്റ്റ്ഫുഡ് രുചി നാവിലെത്തിയതോടെ മറ്റൊരു ശീലവും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ഒരു നേരത്തെ ഭക്ഷണം ഹോട്ടലില്‍ അല്ലെങ്കില്‍ ഫാസ്റ്റ്ഫുഡ് കടയില്‍ എന്ന നിലയിലേക്ക് ശീലങ്ങള്‍ മാറി.

ഭക്ഷണം പാഴ്‌സലായി വീട്ടില്‍ എത്താനും തുടങ്ങി. ഫ്രൈഡ് ചിക്കന്‍, ചിക്കന്‍ നഗറ്റ്‌സ്, ഡ്രൈ ചില്ലി, ബീഫ് ഫ്രൈ, ഷവര്‍മ, ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈ ഇങ്ങനെ പേരുകളും അവയുടെ രുചിയും പ്രായഭേദമന്യേ വീട്ടില്‍ സുപരിചിതമായി.

food habits

പുതിയ രൂപത്തിലും ഭാവത്തിലും


പായ്ക്കറ്റുകളിലും ടിന്നുകളിലും എത്തുന്ന ഭക്ഷണങ്ങളും പൊരിച്ചതും വറുത്തതും മധുരമുള്ളതുമായ ഭക്ഷണസാധനങ്ങളും ഇന്‍സ്റ്റന്റ് ഫുഡിന്റെ രൂപത്തില്‍ മലയാളിയുടെ തീന്‍ മേശയില്‍ നിറഞ്ഞു. ടി. വി കാണുമ്പോഴും കംപ്യൂട്ടറില്‍ ചാറ്റ് ചെയ്യുമ്പോഴും യാത്രക്കിടയിലും ഇത്തരം ജങ്ക്ഫുഡുകള്‍ മലയാളിക്കു പ്രിയപ്പെട്ടതായി.

അവയുടെ രുചിയുടെ മോഹവലയത്തില്‍പ്പെട്ട് ആര്‍ത്തിയോടെ അകത്താക്കി കൊണ്ടിരുന്നു. കൊഴുപ്പും ഉപ്പും മധുരവും മാത്രമല്ല ഇവയിലടങ്ങിയിരിക്കുന്ന ശൂന്യ കലോറിയും ശരീരത്തിലേക്കെത്തുന്നുണ്ട് നാം അറിയാതെ.

എണ്ണയുടെ ഉപയോഗം


കടയില്‍നിന്നു വാങ്ങുന്ന വറുത്തെടുത്ത ചിപ്‌സ് പോലുള്ള ഭക്ഷണങ്ങള്‍ അപകടകാരിയാകുന്നത് അത് തയാറാക്കുന്ന എണ്ണയാണ്. ഉയര്‍ന്ന താപനിലയില്‍ എണ്ണ ആവര്‍ത്തിച്ച് ചൂടാക്കി ഉപയോഗിക്കുമ്പോള്‍ എണ്ണയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് വിഷമയമുള്ളതായി മാറുന്നു. ഇത് ചീത്ത കൊളസ്‌ട്രോളായ എല്‍. ഡി. എല്‍ ന്റെ അളവ് കൂട്ടുന്നു.

എണ്ണ കേടുകൂടാതിരിക്കാന്‍ സസ്യ എണ്ണകളില്‍ ഹൈഡ്രജന്‍ ചേര്‍ത്ത് തയാറാക്കുന്ന ട്രാന്‍സ്ഫാറ്റ് വളരെ അപകടകാരിയാണ്. ഫാസ്റ്റ് ഫുഡുകള്‍, മധുര പദാര്‍ഥങ്ങള്‍, പേസ്ട്രികള്‍ എന്നിവയിലെല്ലാം ട്രാന്‍സ്ഫാറ്റ് വനസ്പതി, ഡാല്‍ഡ തുടങ്ങിയവയുടെ രൂപത്തിലടങ്ങിയിട്ടുണ്ട്.

തിരക്കിനിടയില്‍


വലിയ വെല്ലുവിളി തിരക്കുകള്‍ക്കിടയില്‍ അല്പം സമയം നീക്കി വയ്ക്കാനാണ്. ചിട്ടയില്ലാത്ത ഭക്ഷണക്രമം, സമയംതെറ്റിയുള്ള ആഹാരരീതി ഇവയെല്ലാം പല വീടുകളിലും കാണാവുന്നതാണ്. ഇന്നത്തെ ആളുകള്‍ക്ക് അധ്വാനം കുറവാണ്. സൗകര്യങ്ങള്‍കൂടി. പണ്ട് സൈക്കിള്‍ ചവിട്ടിയോ നടന്നോ പോയിരുന്ന കുട്ടി ഇന്ന് സ്‌കൂള്‍ ബസില്‍ പോകുന്നു. വൈകിട്ട് പുറത്തിറങ്ങി കളിക്കുന്ന ശീലവുമില്ല. ഭക്ഷണം കഴിക്കുന്നതല്ലാതെ അത് ശരീരത്തുനിറയ്ക്കുന്ന ഇന്ധനം എരിച്ചു തീര്‍ക്കാനുള്ള സമയവും ചെറുപ്പക്കാര്‍ക്കില്ല.

വ്യായാമത്തിനോ ശരീരം അനങ്ങി ജോലി ചെയ്യാനോ കഴിയാതെ വരുന്നതോടെ എല്ലാ ദുരിതങ്ങളും ഏറ്റെടുക്കേണ്ട ബാധ്യത ശരീരത്തിനു വന്നുചേര്‍ന്നു. അതോടെ രോഗങ്ങളുടെ സങ്കീര്‍ണതകളിലേക്ക് വലിച്ചെറിയപ്പെടുന്നു.

ആരോഗ്യകരമായ പാചകരീതി


ഭക്ഷണകാര്യത്തില്‍ മാത്രമല്ല പാചകരീതിയിലുമുണ്ട് ആരോഗ്യകരമായ ജീവിതത്തിനുള്ള ചില പൊടിക്കൈകള്‍. ഭക്ഷണ സാധനങ്ങള്‍ നിരന്തരം വറുത്തും പൊരിച്ചും കഴിക്കാതെ ആവിയില്‍ പുഴുങ്ങിയോ കറിയായോ ബേക്ക് ചെയ്‌തെടുത്തോ കഴിക്കുന്നതാണ് ഉത്തമം. പാചകത്തിന് തയാറെടുക്കുമ്പോള്‍ തന്നെ ഇത്തരം ചില പ്രതിജ്ഞകള്‍ എടുക്കുകയാണെങ്കില്‍ ആരോഗ്യകരമായ ജീവിതശൈലിക്കുള്ള തുടക്കമായി.
food habits

ശാരീരികാധ്വാനം കുറഞ്ഞവരാണ് മറ്റൊരു കൂട്ടര്‍. ജീവിതശൈലീ രോഗങ്ങള്‍ പിടികൂടാന്‍ ഭക്ഷണത്തിലെ തെറ്റായ ശീലങ്ങള്‍ മാത്രമല്ല, ഉയര്‍ന്ന ഊര്‍ജം കിട്ടുന്ന ആഹാരസാധനങ്ങള്‍ കഴിച്ചിട്ട് ശരീരം അനങ്ങാതെ കിടക്കുക എന്നതാണ് പ്രശ്‌നം. വ്യായാമം ചെയ്യാത്തവര്‍ക്ക് ഹൃദ്രോഗം, ഹൃദയ ധമനീ രോഗങ്ങള്‍, അമിത രക്തസമ്മര്‍ദം, പൊണ്ണത്തടി എന്നീ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യത കൂടുതലാണ്.

ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പ് ഊര്‍ജ വിനിയോഗത്തിലൂടെ കുറയ്ക്കാന്‍ ശരിയായ ഭക്ഷണരീതിയും ഒപ്പം വ്യായാമവും കൂടിയേതീരു.

ശുചിത്വബോധം


പകര്‍ച്ചവ്യാധികള്‍ മാറി എന്ന് കരുതിയിരുന്നപ്പോള്‍ പുതിയ പല രോഗങ്ങളും ഒരോന്നായി കടന്നുവരുന്നു. പല പനികളെയും നേരിടാന്‍ ആവശ്യത്തിന് ശുചിത്വം കൂടിയേ തീരു. നമ്മുടെ പരിസരം മാത്രമല്ല, വ്യക്തി ശുചിത്വവും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

ഏതെല്ലാം സാഹചര്യത്തില്‍ നിന്നുമാണ് നാം വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതെന്ന് അറിയാന്‍ കഴിഞ്ഞെന്നുവരില്ല. അതിനാല്‍ പച്ചക്കറികള്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കണം. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കയ്യും മുഖവും കഴുകണം. പ്രത്യേകിച്ച് ജോലി ചെയ്യുന്ന വരാണെങ്കില്‍ കുളിച്ചതിനു ശേഷം ഭക്ഷണം കഴിക്കുന്നതാണ് ഉചിതം.

തെറ്റായ ആഹാരശീലങ്ങളും ജീവിതശൈലിയും മാറ്റണമെന്ന് ഒരു കുടുംബത്തിലുള്ള എല്ലാവരും ഒരുപോലെ ചിന്തിക്കണം. അതുവഴി മനസിനും ശരീരത്തിനും ഉത്സാഹവും കരുത്തും പകരാനും ആരോഗ്യകരമായ ജീവിതം നയിക്കാനും സാധിക്കും. ഭക്ഷണം കഴിക്കുന്നതിനു വേണ്ടി ജീവിക്കരുത്. ജീവിക്കുന്നതിനായി ഭക്ഷണം കഴിക്കാം.

കടപ്പാട്:
അന്ന ജിതിന്‍
ക്ലിനിക്കല്‍ ഡയറ്റീഷന്‍ , പത്തനംതിട്ട

Ads by Google
Tuesday 25 Jun 2019 04.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW