Tuesday, June 25, 2019 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.34 AM

ഹരിത തട്ടിപ്പുകേസ്‌ പ്രതിയുടെ മരണം മൂന്നുനാള്‍ അനധികൃത കസ്‌റ്റഡി; വീട്ടിലെത്തിച്ചും പോലീസ്‌ മര്‍ദിച്ചു

uploads/news/2019/06/317203/5.jpg

നെടുങ്കണ്ടം/കൊച്ചി: സാമ്പത്തികത്തട്ടിപ്പു കേസിലെ പ്രതി രാജ്‌കുമാറിന്റെ മരണം കസ്‌റ്റഡി മര്‍ദനത്തേത്തുടര്‍ന്നല്ലെന്ന പോലീസിന്റെ വാദം പൊളിയുന്നു. നെടുങ്കണ്ടം പോലീസ്‌ മൂന്നുദിവസം അനധികൃത കസ്‌റ്റഡിയില്‍ സൂക്ഷിച്ച രാജ്‌കുമാറിനെ തെളിവെടുപ്പിന്റെ പേരില്‍ വീട്ടിലെത്തിച്ചും ക്രൂരമായി മര്‍ദിച്ചെന്നു ബന്ധുക്കളും നാട്ടുകാരും വെളിപ്പെടുത്തി.
ഇടുക്കി, തൂക്കുപാലത്ത്‌ ഹരിത എന്ന പേരില്‍ സ്വാശ്രയസംഘം രൂപീകരിച്ച്‌, നിക്ഷേപകരില്‍നിന്ന്‌ ഒരുകോടി രൂപയിലേറെ തട്ടിയെടുത്ത കേസിലാണു കഴിഞ്ഞ 12-നു വാഗമണ്‍ കോലാഹലമേട്‌ കസ്‌തൂരിഭവനില്‍ രാജ്‌കുമാറി(49)നെയും കൂട്ടാളികളായ രണ്ടു സ്‌ത്രീകളെയും നെടുങ്കണ്ടം പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. സ്‌ത്രീകളെ പിറ്റേന്നുതന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തെങ്കിലും രാജ്‌കുമാറിനെ അനധികൃതമായി മൂന്നുദിവസം കസ്‌റ്റഡിയില്‍ വച്ചു. 15-ന്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തി, പിറ്റേന്നു കോടതിയില്‍ ഹാജരാക്കിയെന്നാണു പോലീസ്‌ റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍, കഴിഞ്ഞ 13-നു രാത്രി പ്രതിയെ വാഗമണില്‍ തെളിവെടുപ്പിന്‌ എത്തിച്ചെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തല്‍ പോലീസിനെ വെട്ടിലാക്കി. പുലര്‍ച്ചെ ഒരുമണിക്ക്‌ കോലഹലമേട്ടിലെ വീട്ടിലെത്തിച്ച രാജ്‌കുമാറിനെ പോലീസ്‌ ക്രൂരമായി മര്‍ദിക്കുന്നതു കണ്ടെന്നാണ്‌ ബന്ധുക്കളുടെയും അയല്‍ക്കാരുടെയും വെളിപ്പെടുത്തല്‍.
പീരുമേട്‌ സബ്‌ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ, താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാജ്‌കുമാര്‍ കഴിഞ്ഞ 21-നാണ്‌ മരിച്ചത്‌. അതിനു മുമ്പ്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്നു രാജ്‌കുമാര്‍ ഡോക്‌ടറോടു വെളിപ്പെടുത്തിയതായും സൂചനയുണ്ട്‌. ജയിലില്‍ എത്തിക്കുമ്പോള്‍ രാജ്‌കുമാര്‍ സ്‌ട്രെച്ചറില്‍ അവശനിലയിലായിരുന്നു. വൈദ്യപരിശോധനയ്‌ക്കായി കഴിഞ്ഞ 15-നു രാത്രി ഹാജരാക്കുമ്പോള്‍ പ്രതി മര്‍ദനമേറ്റ്‌ അവശനായിരുന്നെന്നും 12 മണിക്കൂര്‍ നിരീക്ഷണത്തില്‍വച്ചശേഷമാണു വിട്ടയച്ചതെന്നും നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രി അധികൃതരും വ്യക്‌തമാക്കി.
കൂട്ടുപ്രതികളായ തോണക്കാട്‌ മഞ്ഞപ്പള്ളില്‍ ശാലിനി ഹരിദാസ്‌ (43), തൂക്കുപാലം വെണ്ണിപ്പറമ്പില്‍ മഞ്‌ജു (33) എന്നിവര്‍ക്കൊപ്പമാണു കഴിഞ്ഞ 12-നു രാജ്‌കുമാറിനെ നെടുങ്കണ്ടം പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചത്‌. ഹൃദയസംബന്ധമായ അസുഖവും ഒരു കാലില്‍ കമ്പിയിട്ടിട്ടുമുള്ള പ്രതിയെ തൂക്കുപാലത്തെ വാടകവീട്ടില്‍നിന്നു പോലീസ്‌ ഓടിച്ചിട്ടു പിടികൂടിയെന്ന അവകാശവാദവും ദുരൂഹമാണ്‌. ആരോഗ്യനില മോശമായതോടെ 15-നു നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ്‌ ഓടി രക്ഷപ്പെടുന്നതിനിടെ വീണു പരുക്കേറ്റെന്നു പോലീസ്‌ വിശദീകരിച്ചത്‌. പ്രതിയുടെ അവസ്‌ഥ മോശമാണെന്നും എക്‌സ്‌റേ എടുക്കണമെന്നും ഡ്യൂട്ടി ഡോക്‌ടര്‍ പറഞ്ഞെങ്കിലും പോലീസ്‌ അവഗണിച്ചു. പ്രാഥമികചികിത്സയ്‌ക്കുശേഷം, നടക്കാന്‍ കഴിയാത്ത പ്രതിയെ വീണ്ടും സ്‌റ്റേഷനിലെത്തിക്കാനായിരുന്നു നീക്കം. പിന്നീട്‌, ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ഒരു പോലീസുകാരന്റെ കാവലില്‍ 12 മണിക്കൂര്‍ ചികിത്സ നല്‍കി. ആശുപത്രിയില്‍നിന്നു സ്‌ട്രെച്ചറിലാണു കോടതിയിലും പീരുമേട്‌ സബ്‌ ജയിലിലും എത്തിച്ചത്‌. പിന്നീട്‌, ജയിലില്‍ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന്‌ പീരുമേട്‌ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ രാജ്‌കുമാറിന്റെ കാല്‍മുട്ടുകള്‍ക്കു താഴെ തൊലി അടര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച്‌ അന്വേഷിച്ചുവരുകയാണെന്നു കട്ടപ്പന ഡിവൈ.എസ്‌.പി: എന്‍.സി. രാജ്‌മോഹന്‍ പറഞ്ഞു. വിശദമായ അന്വേഷണമാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പരാതി നല്‍കുമെന്ന്‌ രാജ്‌കുമാറിന്റെ ബന്ധുക്കള്‍ "മംഗള"ത്തോടു പറഞ്ഞു.

Ads by Google
Tuesday 25 Jun 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW