Tuesday, June 25, 2019 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.34 AM

ആന്തൂരില്‍ ശ്യാമളയ്‌ക്കു ക്ലീന്‍ചിറ്റ്‌; ബിനോയ്‌ കേസില്‍ കോടിയേരിക്കും... എല്ലാം കോംപ്ലിമെന്റ്‌സാക്കി

uploads/news/2019/06/317201/3.jpg

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി സംരംഭകന്‍ സാജന്‍ പാറയില്‍ ജീവനൊടുക്കിയത്‌ ഉദ്യോഗസ്‌ഥവീഴ്‌ച മൂലം, മകനെതിരായ പീഡനക്കേസില്‍ അച്‌ഛനെ ബലിയാടാക്കേണ്ടതില്ല...സി.പി.എമ്മിനെ പിടിച്ചുലച്ച രണ്ടു കേസുകളില്‍ സംസ്‌ഥാനസമിതി ഒടുവില്‍ തീര്‍പ്പുകല്‍പ്പിച്ചു! എ.കെ.ജി. സെന്ററില്‍ രണ്ടുദിവസമായി നടന്ന സംസ്‌ഥാനസമിതി യോഗത്തിലാണ്‌ ആന്തൂര്‍, ബിനോയ്‌ കോടിയേരി വിഷയങ്ങളില്‍ പാര്‍ട്ടി ഇടപെട്ടേണ്ടതില്ലെന്ന നിലപാട്‌ ആവര്‍ത്തിച്ചത്‌.
യോഗം അവസാനിക്കുന്നതിനു മുമ്പ്‌ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍തന്നെയാണു മകന്‍ ബിനോയിക്കെതിരായ കേസ്‌ സംസ്‌ഥാനസമിതിയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അതാകട്ടെ പത്രസമ്മേളനത്തില്‍ പരസ്യമായി പറഞ്ഞതിനപ്പുറം ഒന്നുമുണ്ടായിരുന്നില്ല. തന്റെ മകനെതിരേ ഇങ്ങനെയൊരു പരാതി വന്നിട്ടുണ്ട്‌. അതില്‍ ഇടപെടുകയോ സഹായിക്കുകയോ ചെയ്‌തിട്ടില്ല. കേസില്‍ താനോ പാര്‍ട്ടിയോ ഇടപെടേണ്ടെന്നാണു കേന്ദ്രസമിതിയുടെയും സംസ്‌ഥാന സെക്രട്ടേറിയേറ്റിന്റെയും തീരുമാനം.
ഭാവിയിലും ഒരിടപെടലും നടത്തില്ല- കോടിയേരിയുടെ വിശദീകരണം ഇതിലൊതുങ്ങി. അതിനപ്പുറം വ്യക്‌തത വരുത്താന്‍ സംസ്‌ഥാനസമിതിയില്‍ ആരും മുന്നോട്ടുവന്നതുമില്ല. സംസ്‌ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നായിരുന്നു മിക്കവരുടെയും നിലപാട്‌.
മകന്‍ ചെയ്‌ത കുറ്റത്തിന്‌ അച്‌ഛനെ ബലിയാടാക്കേണ്ടെന്നു സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ നിലപാടെടുത്തശേഷമാണു കഴിഞ്ഞദിവസം കോടിയേരി മാധ്യമങ്ങളെക്കണ്ടത്‌. സംസ്‌ഥാനസമിതിയില്‍ ബിനോയ്‌, ആന്തൂര്‍ വിഷയങ്ങള്‍ കൂലങ്കഷമായി ചര്‍ച്ചചെയ്യുമെന്ന അഭ്യൂഹങ്ങള്‍ അസ്‌ഥാനത്തായി. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തോല്‍വിയുമായി ബന്ധപ്പെട്ട കേന്ദ്രസമിതി റിപ്പോര്‍ട്ടും മാര്‍ഗനിര്‍ദേശങ്ങളുമാണ്‌ ആദ്യദിനം ചര്‍ച്ചചെയ്‌തത്‌.
പാര്‍ട്ടിയില്‍നിന്ന്‌ അകന്നവരെ എങ്ങനെ തിരിച്ചെത്തിക്കാമെന്ന ചര്‍ച്ചയായിരുന്നു ഇന്നലെ ഉച്ചവരെ. യോഗം അവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേയാണു കോടിയേരിതന്നെ മകനെതിരായ കേസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
ആന്തൂര്‍ കേസിലും സി.പി.എം. കേന്ദ്രസമിതിയംഗം എം.വി. ഗോവിന്ദന്റെ ഭാര്യയും നഗരസഭാധ്യക്ഷയായ പി.കെ. ശ്യാമളയെ സംരക്ഷിക്കുന്ന നിലപാടാണു സംസ്‌ഥാനസമിതി കൈക്കൊണ്ടത്‌. സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിനു പ്രവര്‍ത്തനാനുമതി നല്‍കുന്ന കാര്യത്തില്‍ ശ്യാമളയ്‌ക്കു വീഴ്‌ച പറ്റിയിട്ടില്ലെന്നും കുറ്റം നഗരസഭാ ഉദ്യോഗസ്‌ഥരുടേതാണെന്നുമായിരുന്നു വിലയിരുത്തല്‍. ഇക്കാര്യത്തിലും സംസ്‌ഥാനസമിതിയില്‍ എതിര്‍ശബ്‌ദമുയര്‍ന്നില്ല.
നഗരസഭകളില്‍ ഭരണസമിതിക്കു മേല്‍ ഉദ്യോഗസ്‌ഥര്‍, പ്രത്യേകിച്ചു സെക്രട്ടറി, വാഴുന്ന സ്‌ഥിതിയുണ്ടെന്നും അതിനെതിരേ സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നുമായിരുന്നു സമിതി ശിപാര്‍ശ.
ഫലത്തില്‍, ശ്യാമളയ്‌ക്കെതിരേ പാര്‍ട്ടി നടപടിയുണ്ടാകില്ലെന്ന്‌ ഏറെക്കുറെ ഉറപ്പായി. വിശ്വാസപരമായ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട്‌ വിശദീകരിക്കാന്‍ ഗൃഹസന്ദര്‍ശനം, കുടുംബയോഗങ്ങള്‍ തുടങ്ങിയവ നടത്താനും സംസ്‌ഥാനസമിതി തീരുമാനിച്ചു.

എം.എസ്‌. സന്ദീപ്‌

Ads by Google
Tuesday 25 Jun 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW