Tuesday, June 25, 2019 Last Updated 6 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.34 AM

നിപ മനുഷ്യരിലേക്കു പടരാന്‍ കാരണം ആവാസവ്യവസ്‌ഥയുടെ നാശം?

uploads/news/2019/06/317198/0.jpg

കൊച്ചി: കാവുപോലെയുള്ള ആവാസവ്യവസ്‌ഥകളുടെ നാശം വവ്വാല്‍ അടക്കമുള്ള ജീവികളുടെ ജനിതകഘടനയിലുണ്ടാക്കിയ മാറ്റം നിപ വൈറസ്‌ മനുഷ്യരിലേക്കു വ്യാപിക്കാനിടയാക്കിയോ എന്നു പഠനവിധേയമാക്കണമെന്നു വിദഗ്‌ധര്‍. പ്രകൃതിയിലെ മാറ്റങ്ങള്‍ വൈറസുകളുടെ ഘടനയിലുണ്ടാക്കുന്ന പരിണാമം സംബന്ധിച്ച്‌ വിശദപഠനങ്ങള്‍ നടത്തിയാലേ ഇത്തരം വൈറസുകള്‍ മനുഷ്യനില്‍ അപകടകാരിയായതിന്റെ കാരണം കണ്ടെത്താനാവു എന്നും പക്ഷിശാസ്‌ത്രജ്‌ഞനായ ഡോ. ആര്‍. സുഗതന്‍ പറഞ്ഞു. ജീവിക്കുന്ന ചുറ്റുപാടിന്റെ താപനിലയനുസരിച്ച്‌ ജീവജാലങ്ങളുടെ ഘടനയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വൈറസിന്റെ ഘടനയിലും വ്യത്യാസം ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിപ വൈറസ്‌ ബാധയുടെ ഉറവിടം കണ്ടെത്താന്‍ പിടിച്ചെടുത്ത വവ്വാലുകളില്‍നിന്ന്‌ ശേഖരിച്ച 36 സാമ്പിളുകളില്‍ 12 എണ്ണത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നിപ സ്‌ഥിരീകരിച്ച രോഗിയുടെ സ്രവങ്ങളില്‍ കണ്ടെത്തിയ വൈറസിന്റെയും വവ്വാലുകളില്‍നിന്നു കണ്ടെത്തിയ വൈറസിന്റെയും ഘടന ഒന്നാണോ എന്ന്‌ പരിശോധിക്കണം. ഈ വവ്വാലുകളുടെ ശരീരത്തില്‍ കണ്ടെത്തിയ വൈറസുകളെല്ലാം രോഗഹേതുവായിരുന്നെങ്കില്‍ ആ പ്രദേശങ്ങളിലുള്ള ഒന്നിലധികം പേര്‍ക്ക്‌ രോഗം ബാധിച്ചേനെ. എന്നാല്‍, അതുണ്ടായില്ല. നിപ വൈറസിന്‌ അനേകം രൂപഭേദങ്ങളുണ്ട്‌. മനുഷ്യരിലേക്കു പകരുന്നതും പകരാത്തതുമായ ഘട്ടങ്ങളുണ്ട്‌. ഏതു ഘട്ടത്തിലാണ്‌ രോഗാണു ഈ വ്യക്‌തിയിലേക്കു പകര്‍ന്നതെന്ന അന്വേഷണമാണു വേണ്ടത്‌.
കാവ്‌ പോലെയുള്ള വിസ്‌തൃതമായ ആവാസവ്യവസ്‌ഥ നശിക്കുമ്പോള്‍ വവ്വാലുകള്‍ കൂട്ടത്തോടെ ഒരിടത്തേക്കു ചേക്കേറും. ഇത്‌ വൈറസിന്റെ വ്യാപനം എളുപ്പമാക്കും. മനുഷ്യനിലടക്കം പല ജീവജാലങ്ങളിലേക്ക്‌ എത്തിപ്പെടും. വൈറസുകള്‍ വവ്വാലില്‍നിന്ന്‌ മറ്റു ജീവികളിലേക്ക്‌ പകരാതിരിക്കാനാനുള്ള പോംവഴികളാണ്‌ കണ്ടെത്തേണ്ടത്‌. നിപ വൈറസ്‌ ഉള്‍പ്പെടെയുള്ള സൂക്ഷ്‌മജീവികളില്‍ ജനിതകമാറ്റങ്ങള്‍ സംഭവിക്കാതിരിക്കാനും മനുഷ്യരിലേക്കു പടരാതിരിക്കാനും ആവാസവ്യവസ്‌ഥയുടെ ആരോഗ്യം നിലനിലര്‍ത്തുക എന്നതാണു പോംവഴിയെന്നും ഡോ. സുഗതന്‍ ചൂണ്ടിക്കാട്ടുന്നു.

നിപ ബാധിച്ച യുവാവിന്റെ
ആരോഗ്യനില തൃപ്‌തികരം

കൊച്ചി: നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്‌തികരമെന്ന്‌ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കമുണ്ടായ 330 പേരുടെ പട്ടികയില്‍നിന്ന്‌ ഇതുവരെ ഒഴിവാക്കിയവരുടെ എണ്ണം 314 ആയി. ഇനി 16 പേരാണ്‌ സമ്പര്‍ക്കപ്പട്ടികയില്‍ ബാക്കിയുള്ളത്‌. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്‌.
ഇന്നലെ പുതുതായി ആരെയും നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. കളമശേരി മെഡിക്കല്‍ കോളജില്‍ നിലവില്‍ നിരീക്ഷണത്തില്‍ ആരുംതന്നെയില്ല. നിപ സംബന്ധിച്ച സംശയ നിവാരണത്തിനായി 0484 2368802 എന്ന നമ്പറിലേക്ക്‌ രാവിലെ 10 മുതല്‍ വൈകിട്ട്‌ 5 വരെ വിളിക്കാവുന്നതാണെന്ന്‌ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അനിത മേരി ഐപ്പ്‌

Ads by Google
Tuesday 25 Jun 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW