Tuesday, June 25, 2019 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.18 AM

ഇംഗ്ലണ്ടിലും ഇന്ത്യയുടെ നമ്പര്‍ 1 തലവേദന നമ്പര്‍ 4

uploads/news/2019/06/317145/4.jpg

ലണ്ടന്‍: ഇത്തിരിക്കുഞ്ഞന്‍മാരായ അഫ്‌ഗാനിസ്‌ഥാനെതിരേ വിറച്ചുനേടിയ വിജയം പുറത്തുകൊണ്ടുവന്നത്‌ ഇന്ത്യന്‍ മധ്യനിരയുടെ ദൗര്‍ബല്യം. മുന്‍നിരയുടെയും ബൗളര്‍മാരുടെയും മികവില്‍ ആദ്യ കളികളില്‍ ടീം ഉജ്വല പ്രകടനവുമായി വിജയതീരം അണഞ്ഞപ്പോഴും മധ്യനിര ഊതിവീര്‍പ്പിച്ച ബലൂണാണെന്ന ആധി പങ്കുവച്ചിരുന്നവര്‍ ഏറെ. ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ, വിരാട്‌ കോഹ്ലി എന്നിവരുടെ ചിറകേറിയുള്ള വിജയത്തുടര്‍ച്ചകളില്‍ മധ്യനിര വേണ്ടത്ര പരീക്ഷിക്കപ്പെട്ടിരുന്നില്ല.
ലോകകപ്പ്‌ പോലുള്ള വമ്പന്‍ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ സാധ്യതകളെത്തന്നെ ഇതു പരുങ്ങലിലാക്കുമെന്ന്‌ ആശങ്കപ്പെട്ടിരുന്നതു വെറുതേയല്ലെന്നു വ്യക്‌തമാക്കുന്നതായിരുന്നു അഫ്‌ഗാനെതിരായ മത്സരം. ജസ്‌പ്രീത്‌ ബുംറയുടെ മാരകസ്‌പെല്ലും 50-ാം ഓവറിലെ മുഹമ്മദ്‌ ഷമിയുടെ ഹാട്രിക്‌ പ്രകടനവുമില്ലായിരുന്നെങ്കില്‍ കഥ മറിച്ചായേനെ.
ലോകകപ്പ്‌ തുടങ്ങുംമുമ്പേ ഇന്ത്യയെ അലോസരപ്പെടുത്തിയിരുന്ന നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇതോടെ വീണ്ടും സജീവമായി. നിലവില്‍ ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്ലിയുടെയും പരിശീലകന്‍ രവി ശാസ്‌ത്രിയുടെയും ഒന്നാം നമ്പര്‍ തലവേദന നാലാം നമ്പറാണെന്നു പറഞ്ഞാലും അതിശയോക്‌തിയില്ല. ശിഖര്‍ ധവാന്‍ പരുക്കേറ്റു പുറത്താകുകയും നാലാം നമ്പറില്‍ കണ്ടുവച്ചിരുന്ന കെ.എല്‍. രാഹുല്‍ ഓപ്പണര്‍ സ്‌ഥാനത്തേക്കു വരികയും ചെയ്‌തതോടെയാണു മധ്യനിരയെപ്പറ്റിയുള്ള ആശങ്കകള്‍ വീണ്ടും തലപൊക്കിയത്‌. ആദ്യ മത്സരങ്ങളില്‍ ഓപ്പണര്‍മാരും വണ്‍ഡൗണായിറങ്ങിയ കോഹ്ലിയും ചേര്‍ന്നു ഭദ്രമായ അടിത്തറ ടീം ഇന്ത്യയ്‌ക്കു സമ്മാനിച്ചിരുന്നു. ഈ മത്സരങ്ങളില്‍ നാലാം നമ്പറില്‍ ഇറങ്ങിയ ഹാര്‍ദിക്‌ പാണ്ഡ്യയ്‌ക്ക് വെടിക്കെട്ടു തീര്‍ക്കാന്‍ പറ്റിയ സാഹചര്യം
ആദ്യ മൂന്നു ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്നു സൃഷ്‌ടിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പുറത്താകാതെ ഏഴുപന്തില്‍ 16, ഓസ്‌ട്രേലിയക്കെതിരേ 27 പന്തില്‍ 48, പാകിസ്‌താനെതിരേ 19 പന്തില്‍ 26 എന്നിങ്ങനെ സ്‌കോര്‍ ചെയ്‌ത് പാണ്ഡ്യ ഏല്‍പ്പിച്ച ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുകയും ചെയ്‌തു.
എന്നാല്‍ അഫ്‌ഗാനെതിരേ ഇതായിരുന്നില്ല സ്‌ഥിതി. മുന്‍നിര കാര്യമായ സംഭാവന നല്‍കാതിരുന്നപ്പോള്‍ മധ്യനിര അവസരത്തിനൊത്ത്‌ ഉയരുമെന്നായിരുന്നു പ്രതീക്ഷ. ക്യാപ്‌റ്റന്‍ കോഹ്ലി അര്‍ധസെഞ്ചുറിയുമായി തിളങ്ങിയെങ്കിലും നാലാമന്റെ റോളില്‍ കളത്തിലിറങ്ങിയ വിജയ്‌ ശങ്കറിന്റെ പ്രകടനം തൃപ്‌തികരമായിരുന്നില്ല. വിക്കറ്റ്‌ കളയാതെ കോഹ്ലിക്കു പിന്തുണ നല്‍കാന്‍ ശങ്കറിനായെന്നത്‌ അംഗീകരിക്കാം.
എന്നാല്‍ 41 പന്തില്‍ 29 റണ്‍ സമ്പാദ്യവുമായി പുറത്തായ രീതി വലിയ ടീമുകള്‍ക്കെതിരേ ബാധ്യതയാകുമെന്നു വിലയിരുത്തുന്നവരെ കുറ്റം പറയാനാകില്ല. ഓള്‍റൗണ്ടറുടെ ഗണത്തില്‍ ടീമിലിടംപിടിച്ച ശങ്കറിന്‌ അഫ്‌ഗാനെതിരേ ഒരോവര്‍പോലും കോഹ്‌്ലി നല്‍കിയതുമില്ല.
മധ്യനിരയിലെ ഇന്ത്യയുടെ ശക്‌തിദുര്‍ഗമാണു മുന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ്‌ ധോണി. പക്ഷേ, അഫ്‌ഗാനെതിരായ ഒച്ചിഴയല്‍ ബാറ്റിങ്‌ ധോണിയുടെ ബാറ്റിങ്‌ പാടവത്തെയും സംശയനിഴലിലാക്കുന്നു. 28 റണ്ണെടുക്കാന്‍ 'മിസ്‌റ്റര്‍ കൂളി'നു വേണ്ടിവന്നത്‌ 52 പന്ത്‌! പിടിച്ചുനിന്ന്‌ അവസാനം തകര്‍ത്തടിക്കുമെന്ന ആരാധകരുടെ പ്രതീക്ഷ അസ്‌ഥാനത്താക്കി 45-ാം ഓവറില്‍ ധോണി കൂടാരം കയറിയപ്പോള്‍ തലയില്‍ കൈവച്ചത്‌ കോഹ്ലിക്കൊപ്പം ആരാധകര്‍ മുഴുവനുമായിരുന്നു. ധോണിയെപ്പോലൊരു ബാറ്റ്‌സ്മാനെ കുഴക്കുംവിധം പിച്ചില്‍ ദുര്‍ഭൂതങ്ങളൊന്നുമില്ലായിരുന്നുവെന്നതിന്‌ ക്യാപ്‌റ്റന്‍ കോഹ്ലിയുടെ ഇന്നിങ്‌സ് തന്നെ ഉദാഹരണം.
അര്‍ധസെഞ്ചുറി നേടിയ കേദാര്‍ ജാദവിനൊപ്പം അമിതജാഗ്രത പുലര്‍ത്തിയ ധോണിയുടെ ബാറ്റിങ്‌ ഇന്ത്യന്‍ ടോട്ടലില്‍ 20-30 റണ്ണിന്റെ കുറവുണ്ടാക്കിയെന്നും വിമര്‍ശകര്‍ പറയുന്നു. സാഹചര്യത്തിന്‌ അനുസൃതമായി കളിക്കാന്‍ കഴിയുന്ന താരമാണ്‌ മധ്യനിരയ്‌ക്ക് ആവശ്യമെന്നാണു കളിയെഴുത്തുകാരുടെ പക്ഷം. ഒരേസമയം അടിച്ചു തകര്‍ക്കാനും അതേസമയം വിക്കറ്റ്‌ കളയാതെയും മികച്ച സ്‌ട്രൈക്ക്‌ റേറ്റില്‍ ഇന്നിങ്‌സ് മെനയുന്ന കളിക്കാരന്റെ സാന്നിധ്യം ടീം ഇന്ത്യയുടെ ശക്‌തി ഇരട്ടിയാക്കും.
ഇവിടെയാണ്‌ ഇനിയും പരീക്ഷിക്കപ്പെടാത്ത കളിക്കാരെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്‌. ശിഖര്‍ ധവാനു പകരം ടീമിലെത്തിയ ഋഷഭ്‌ പന്ത്‌, വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ്‌ കാര്‍ത്തിക്‌ എന്നിവരെ വരുംമത്സരങ്ങളില്‍ കോഹ്ലി പരീക്ഷിച്ചേക്കാം. വിസ്‌ഫോടന ബാറ്റിങ്ങിനു പേരുകേട്ട പന്തിനെ അഫ്‌ഗാനെതിരായ മത്സരത്തില്‍ ഓപ്പണറായിറക്കണമെന്നു വാദം ഉയര്‍ന്നിരുന്നു. ധവാന്റെ അസാന്നിധ്യത്തോടെ നഷ്‌ടമായ ഇടതു-വലതു കോമ്പിനേഷന്‍ മടക്കിക്കൊണ്ടുവരാനും ഇതിലൂടെ സാധിക്കുമായിരുന്നു. പന്ത്‌ ഓപ്പണറാകുന്നതോടെ സാങ്കേതികത്തികവുള്ള കെ.എല്‍. രാഹുലിനെയാണ്‌ ഈ വാദം ഉയര്‍ത്തുന്നവര്‍ നാലാം നമ്പറില്‍ കണ്ടുവച്ചിരുന്നത്‌. ഓപ്പണറായി രാഹുലിനെ നിലനിര്‍ത്തി പന്തിനെ നാലാം നമ്പറില്‍ ഉപയോഗിക്കാമെന്ന ഗുണവുമുണ്ട്‌.
അതേസമയം പന്തിനേക്കാള്‍ നാലാം നമ്പറില്‍ മാനേജ്‌മെന്റിനും കോഹ്ലിക്കും താല്‍പര്യവും വിശ്വാസവും ഒരുപക്ഷേ, ദിനേഷ്‌ കാര്‍ത്തിക്കിക്കിലായിരിക്കും. രാജ്യാന്തര തലത്തില്‍ പന്തിനേക്കാള്‍ കൂടുതല്‍ മത്സരപരിചയമുള്ളതും മികച്ച ഔട്ട്‌ഫീല്‍ഡറാണെന്നതും കാര്‍ത്തിക്കിനു മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്‌. ശേഷിക്കുന്ന നാലു മത്സരങ്ങളില്‍ മധ്യനിരയില്‍ അനുയോജ്യനായ കളിക്കാരനെ കണ്ടെത്തുകയെന്നതാണു കോഹ്ലിയും ശാസ്‌ത്രയും നേരിടുന്ന വെല്ലുവിളി.
നോക്കൗട്ട്‌ ഘട്ടത്തിനുമുമ്പ്‌ അതിനു സാധിക്കാതെവന്നാല്‍ ടീം ഇന്ത്യയുടെ കിരീട സ്വപ്‌നങ്ങളെത്തന്നെ അതു പ്രതികൂലമായി ബാധിച്ചേക്കാം. മധ്യനിരയില്‍ത്തട്ടി ടീം നോക്കൗട്ട്‌ കാണാതെ പുറത്തായാല്‍ അമ്പാട്ടി റായുഡുവിനെപ്പോലൊരു താരത്തെ പുറത്തിരുത്തിയ സെലക്‌ടര്‍മാരും വിമര്‍ശനവര്‍ഷം നേരിടേണ്ടിവരും.

Ads by Google
Tuesday 25 Jun 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW