Tuesday, June 25, 2019 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.18 AM

സെമിപ്രതീക്ഷ നിലനിര്‍ത്തി ബംഗ്ലാദേശ്‌

uploads/news/2019/06/317142/1.jpg

സതാംപ്‌ടണ്‍: ഓള്‍റൗണ്ട്‌ പ്രകടവുമായി ഷാക്കിബ്‌ അല്‍ ഹസന്‍ ഒരിക്കല്‍ക്കൂടി അരങ്ങുവാണ മത്സരത്തില്‍ അഫ്‌ഗാനിസ്‌ഥാനെതിരേ ബംഗ്ലാദേശിന്‌ 62 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ്‌ നിശ്‌ചിത 50 ഓവറില്‍ ഏഴുവിക്കറ്റിന്‌ 262 റണ്ണെടുത്തു. മറുപടി പറഞ്ഞ അഫ്‌ഗാന്‍ 47 ഓവറില്‍ 200 റണ്ണിന്‌ എല്ലാവരും പുറത്തായി. വിജയത്തോടെ ഏഴു കളിയില്‍നിന്ന്‌ ഏഴു പോയിന്റുമായി അഞ്ചാം സ്‌ഥാനത്തെത്തി സെമി പ്രതീക്ഷ നിലനിര്‍ത്താനും ബംഗ്ലാദേശിനായി.
ഇംഗ്ലണ്ട്‌ ലോകകപ്പില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്‌്മയം സൃഷ്‌ടിക്കുന്ന ഷാക്കിബ്‌ അല്‍ ഹസന്റെ മിന്നുന്ന പ്രകടനം ബംഗ്ലാദേശിനു വിജയമൊരുക്കുന്നതില്‍ നിര്‍ണായകമായി. മൂന്നാമനായിറങ്ങി അര്‍ധസെഞ്ചുറി(51) കുറിച്ച്‌ ബാറ്റിങ്ങില്‍ തിളങ്ങിയ ഹസന്‍ 10 ഓവറില്‍ ഒരു മെയ്‌ഡന്‍ അടക്കം 29 റണ്‍ വഴങ്ങി അഞ്ചുവിക്കറ്റും വീഴ്‌ത്തി ബൗളിങ്ങിലും തിളങ്ങി. ഇതിനിടെ ലോകകപ്പില്‍ ആയിരം റണ്‍ തികയ്‌ക്കുന്ന ആദ്യ ബംഗ്ലാദേശ്‌ ബാറ്റ്‌സ്മാനുമായ ഹസന്‍ തന്നെയാണു കളിയിലെ കേമനൂം. നാലാം ലോകകപ്പ്‌ കളിക്കുന്ന താരം 27 മത്സരങ്ങളില്‍നിന്നാണ്‌ 1000 റണ്‍ നേട്ടം സ്വന്തമാക്കിയത്‌. 18 താരങ്ങളാണ്‌ ഈ അപൂര്‍വ പട്ടികയിലുള്ളത്‌. ആറു കളിയില്‍നിന്ന്‌ 476 റണ്ണുമായി ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതാണു ഹസന്‍. അഞ്ചാം ഓവറില്‍ ഓപ്പണര്‍ ലിറ്റണ്‍ ദാസ്‌ (17 പന്തില്‍ 16) മടങ്ങിയപ്പോഴാണ്‌ ഹസന്‍ ക്രീസിലെത്തിയത്‌. തമിം ഇഖ്‌ബാലും(53 പന്തില്‍ 36) മുഷ്‌ഫിക്കര്‍ റഹിമുമായി ചേര്‍ന്ന്‌ ബംഗ്ലാ ഇന്നിങ്‌സ് കരുപ്പിടിപ്പിച്ച ഹസന്‍ 30-ാം ഓവറില്‍ ടീം സ്‌കോര്‍ 143-ല്‍ എത്തിച്ചശേഷമാണു പുറത്തായത്‌.
69 പന്തില്‍ 51 റണ്ണാണു ഹസന്റെ സംഭാവന. ഒറ്റ ഫോര്‍ മാത്രമാണ്‌ ഇന്നിങ്‌സിലുണ്ടായിരുന്നതെന്ന സവിശേഷതയുമുണ്ട്‌. അതേസമയം 87 പന്തില്‍ നാലുഫോറും ഒരു സിക്‌സും പറത്തി 83 റണ്ണെടുത്ത വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ തമീം ഇഖ്‌ബാല്‍ ബംഗ്ലാദേശിന്റെ ടോപ്‌സ്കോററായി. ദൗലത്ത്‌ സാദ്രാനെ സിക്‌സറിനു പറത്തിയാണ്‌ തമീം അര്‍ധസെഞ്ചുറി കണ്ടെത്തിയത്‌. മധ്യനിരയില്‍ സൗമ്യ സര്‍ക്കാര്‍ (മൂന്ന്‌) ഒഴികെയുള്ളവര്‍ ഇരട്ടയക്കം കണ്ടെത്തിയതോടെ ബംഗ്ലാദേശ്‌ മികച്ച സ്‌കോറിലെത്തി.
38 പന്തില്‍ 27 റണ്ണെടുത്ത മഹ്‌മദുള്ള 43-ാം ഓവറില്‍ പുറത്തായതിനു പിന്നാലെയെത്തിയ മൊസദേക്‌ ഹുസൈനെ കൂട്ടുപിടിച്ച്‌ റഹിം നടത്തിയ കടന്നാക്രമണം ബംഗ്ലാ കടുവകളെ 250 കടത്തി. 49-ാം ഓവറില്‍ ദൗലത്‌ സാദ്രാന്‍തന്നെ റഡീമിനെ മടക്കി. ഹുസൈന്‍ 24 പന്തില്‍ നാലു ഫോര്‍ അടക്കം 35 റണ്ണെടുത്ത്‌ അവസാന പന്തില്‍ പുറത്തായി. അഫ്‌ഗാനിസ്‌ഥാനുവേണ്ടി മുജീബുര്‍ റഹ്‌മാന്‍ മൂന്നും ഗുല്‍ബദിന്‍ നയിബ്‌ രണ്ടും വിക്കറ്റെടുത്തു. ദൗലത്ത്‌ ഹസനും മുഹമ്മദ്‌ നബിയും ഓരോ വിക്കറ്റ്‌ പങ്കിട്ടു.
മറുപടി പറഞ്ഞ അഫ്‌ഗാന്‌ ഗുല്‍ബദിന്‍ നയിബും റഷ്‌മത്ത്‌ ഹായും ചേര്‍ന്ന്‌ തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചെങ്കിലും ഷാക്കിബ്‌ അല്‍ ഹസനെത്തിയതോടെ പിടി അയഞ്ഞു. റഹ്‌മത്ത്‌ ഷാ(24)യെ തമിം ഇഖ്‌ബാലിന്റെ കൈകളിലെത്തിച്ച ഹസന്‍, നയിബി(47)നെയും മടക്കി ബംഗ്ലാദേശിനു മേല്‍ക്കൈ നല്‍കി. ഇതിനിടെ ഹഷ്‌മത്തുള്ള ഷാഷിദിയെ മൊസദേക്‌ ഹുസൈനും വീഴ്‌ത്തിയതോടെ അഫ്‌ഗാന്‍ കൂടുതല്‍ പ്രതിരോധത്തിലായി. അസ്‌ഗര്‍ അഫ്‌ഗാന്‍ (20), മുഹമ്മദ്‌ നബി (പൂജ്യം) എന്നിവരുടെ പ്രതിരോധം ഭേദിച്ച ഷാക്കിബ്‌ പിന്നീടു മടങ്ങിവരുന്നത്‌ സമിയുള്ള ഷിന്‍വാരിയുമായി ചേര്‍ന്ന്‌ ഭീഷണി ഉയര്‍ത്തിയ സാദ്രാനെ മടക്കിയാണ്‌. ഇതോടെ ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റും ഷാക്കിബിനു സ്വന്തം.
ഇക്രം അലിഖിലി(11)നെ ലിട്ടന്‍ ദാസ്‌ റണ്ണൗട്ടാക്കിയപ്പോള്‍ റാഷിദ്‌ ഖാന്‍ (രണ്ട്‌), ദൗലത്‌ സാദ്രാന്‍ (പൂജ്യം) എന്നിവരെ പുറത്താക്കി മുസ്‌തഫിസുര്‍ റഹ്‌മാന്‍ അഫ്‌ഗാന്റെ തകര്‍ച്ച ഉറപ്പാക്കി. അവസാന ബാറ്റ്‌സ്മാന്‍ മുജീബുര്‍ റഹ്‌മാന്റെ കുറ്റി പിഴുത്‌ മുഹമ്മദ്‌ സെയ്‌ഫുദീന്‍ ഇന്നിങ്‌സിനു തിരശീലയിട്ടു. 51 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും അടക്കം 49 റണ്ണെടുത്തു സമിയുള്ള ഷിന്‍വാരി പുറത്താകാതെനിന്നു.

Ads by Google
Tuesday 25 Jun 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW