Monday, June 24, 2019 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 06.20 PM

'താടിയുള്ള അപ്പന്മാരെ കാണുമ്പോള്‍ മുട്ടിടിക്കുകയും മൂത്രം പോവുകയും ചെയ്യുന്നതിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്നെ മരുന്ന് കണ്ടു പിടിക്കണം': പി.എസ് ശ്രീധരന്‍ പിള്ള

P S Sreedharan,  Facebook post, sfi poster

കൊച്ചി: തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന തരത്തില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ബോര്‍ഡിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. പേടിയുള്ള താടിയുള്ള അപ്പന്മാര്‍ ആരാണെന്ന് ചുടുചോറു വാരുന്ന കുട്ടിസഖാക്കന്മാര്‍ക്ക് നന്നായറിയാമെന്നും അതു കൊണ്ടാണവര്‍ മറ്റുള്ളവരുടേത് ചാഞ്ഞ മരമെന്നു കരുതി ചാടിക്കയറുന്നതും ഇതുപോലെയുള്ള പ്രകോപനങ്ങള്‍ കാണിക്കുന്നതെന്നും ശ്രീധരന്‍ പിള്ള ഫേയ്ബുക്കില്‍ കുറിച്ചു.

'താടിയുള്ള അപ്പന്മാരെ കാണുമ്പോള്‍ മുട്ടിടിക്കുകയും മൂത്രം പോവുകയും ചെയ്യുന്നതും ഹിന്ദു സമൂഹത്തിന്റെ ആരാധനാ മൂര്‍ത്തികളെ അവഹേളിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് അസുഖത്തിനു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്വന്തമായി മരുന്നു കണ്ടുപിടിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ത്രിപുരയിലും ബംഗാളിലും ചെയ്തതു പോലെ ജനങ്ങള്‍ മരുന്നു കണ്ടു പിടിക്കുന്ന കാലം വിദൂരമല്ലെന്നും ശ്രീഘരന്‍ പിള്ള പറയുന്നു.

ബോര്‍ഡിനെതിരെ ഹിന്ദുസംഘടനകളുടെ ഭാഗത്തു നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ശബരിമല സ്ത്രീ പ്രവേശനം, ഐക്യദാര്‍ഡ്യ സമത്വം എന്ന പേരിലുള്ളതാണ് ബോര്‍ഡ്. അത് എടുത്തുമാറ്റണമെന്ന് ഹൈന്ദവ സംഘടനകള്‍ കോളേജ് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

'പിറവി, അതൊരു യാഥാര്‍ത്ഥ്യമാണ്. ഒരു പെണ്ണുടലിനുമാത്രം കഴിയുന്നത്. അയ്യനും അച്ഛനും ഞാനും നീയും പിറന്നു വീണത് ഒരേ വഴിയിലൂടെ, എവിടെ ആര്‍ത്തവം അശുദ്ധിയാകുന്നുവോ, എവിടെ സ്ത്രീകള്‍ ഭ്രഷ്ടരാക്കപ്പെടുന്നുവോ, അവിടെ നീ നിന്റെ പിറവിയെ നിരോധിക്കുന്നു. സമയമായി, ഉന്മൂലനം ചെയ്യേണ്ട കപട വിശ്വാസങ്ങള്‍ക്കുനേരെ മുഖം തിരിക്കാന്‍... ശബരിമല സ്ത്രീ പ്രവേശനത്തിന് ഐക്വദാര്‍ഢ്യം' എന്നാണ് പോസ്റ്ററില്‍ ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത്.

അതേസമയം എസ്എഫ്ഐയുടെ പേരില്‍ സ്ഥാപിക്കപ്പെട്ട ഈ പോസ്റ്റര്‍ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും, ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ അന്തിമവിധി വരാത്ത സാഹചര്യത്തില്‍ സ്ഥാപിക്കപ്പെട്ട പോസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കലാപം സൃഷ്ടിക്കന്‍ സ്ഥാപിക്കപ്പെട്ടതെന്നും ഉന്നയിച്ചുകൊണ്ടാണ് ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ. കെ. അനീഷ് കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ അദ്ധ്യാപകരുടെ മൗനാനുവാദത്തോടെയാണ് ഈ പോസ്റ്റര്‍ സ്ഥാപിച്ചതെന്നാണ് ബിജെപി ജില്ല സെക്രട്ടറി പരാതിയില്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സെക്രട്ടറിയുടെ മക്കളെപ്പോലെത്തന്നെയാണ് അണികളുമെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

പി.എസ് ശ്രീധരന്‍ പിള്ളയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ വിവാദ സമയത്ത് സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെതിരെ ചോദ്യമുയര്‍ന്നിട്ട് തികച്ച് പത്തുദിവസമായിട്ടില്ല. കേരളവര്‍മ്മ കോളേജില്‍ ഹിന്ദു സമൂഹത്തിന്റെ ആരാധന മൂര്‍ത്തിയെ അവഹേളിച്ചു കൊണ്ട് എസ്.എഫ്.ഐ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

നേതാക്കന്മാര്‍ക്ക് പേടിയുള്ള താടിയുള്ള അപ്പന്മാര്‍ ആരാണെന്ന് ചുടുചോറു വാരുന്ന കുട്ടിസഖാക്കന്മാര്‍ക്ക് നന്നായറിയാം. അതു കൊണ്ടാണവര്‍ മറ്റുള്ളവരുടേത് ചാഞ്ഞ മരമെന്നു കരുതി ചാടിക്കയറുന്നതും ഇതുപോലെയുള്ള പ്രകോപനങ്ങള്‍ കാണിക്കുന്നതും.

തൃപ്പൂണിത്തുറയിലെ പൂര്‍ണത്രയീശ ക്ഷേത്രവും തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രവും ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങള്‍ ഭരിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കോളേജിലാണ് ഈ തോന്നിവാസം കാണിച്ചിരിക്കുന്നത്. ഇവിടെയൊക്കെ പോയി ഭഗവാനെ തൊഴുന്ന വിശ്വാസികള്‍ക്ക് കോളേജിന്റെ ചുമതലയുള്ള ദേവസ്വം ബോര്‍ഡ് എന്തു വിലയാണ് നല്‍കുന്നതെന്ന് വിശ്വാസികള്‍ക്ക് അറിയേണ്ടതുണ്ട്. ഇതില്‍ വേണ്ട നടപടികളെടുക്കുകയും ഉത്തരവാദികളെ കോളേജില്‍ നിന്ന് പുറത്താക്കുകയും വേണം.

ലോകത്ത് തന്നെ ഇല്ലാതാവുകയും ഇന്ത്യയില്‍ ചക്രശ്വാസം വലിക്കുകയും ചെയ്യുന്ന ഒരു പാഴ് പ്രത്യയശാസ്ത്രത്തിന്റെ വികല സന്താനങ്ങള്‍ക്ക് എന്തും ചെയ്യാനുള്ളതല്ല പാവപ്പെട്ടവന്റെ ആരാധനാ മൂര്‍ത്തികളും വിശ്വാസങ്ങളും.

താടിയുള്ള അപ്പന്മാരെ കാണുമ്പോള്‍ മുട്ടിടിക്കുകയും മൂത്രം പോവുകയും ചെയ്യുന്നതും ഹിന്ദു സമൂഹത്തിന്റെ ആരാധനാ മൂര്‍ത്തികളെ അവഹേളിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് അസുഖത്തിനു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്വന്തമായി മരുന്നു കണ്ടുപിടിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ത്രിപുരയിലും ബംഗാളിലും ചെയ്തതു പോലെ ജനങ്ങള്‍ മരുന്നു കണ്ടു പിടിക്കുന്ന കാലം വിദൂരമല്ല.

Ads by Google
Ads by Google
Loading...
TRENDING NOW