Monday, June 24, 2019 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 03.36 PM

ഗര്‍ഭധാരണം സുഗമമാക്കാം

''ആദ്യ ആര്‍ത്തവത്തോടു കൂടിതന്നെ മാതൃത്വമെന്ന മഹനീയ കര്‍മത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആരംഭിക്കുന്നു. ബാല്യം മുതല്‍തന്നെ ഗര്‍ഭധാരണം സുഗമമാക്കാനുള്ള മുന്നൊരുക്കങ്ങള്‍ പെണ്‍കുട്ടികള്‍ ആരംഭിക്കേണ്ടതാണ്''
pregnancy tips

മാത്യത്വം കൊതിക്കുന്ന അമ്മമാരുടെ എണ്ണം ഇന്നൂ കൂടിവരികയാണ്. ശാരീരികമായ മറ്റനവധി കാരണങ്ങള്‍ക്കൊപ്പം ജീവിതശൈലിയിലും ഭക്ഷണരീതിയിലും വന്ന മാറ്റങ്ങള്‍ കുഞ്ഞിക്കാല്‍ കാണാനുള്ള ദമ്പതികളുടെ സ്വപ്നങ്ങള്‍ക്ക് തടസം നില്‍ക്കുന്നു. നാം അറിയാതെതന്നെ ഗര്‍ഭധാരണത്തിനു തടസമായി നില്‍ക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

സമ്മര്‍ദങ്ങളെ അകറ്റി നിര്‍ത്തുക


അണ്ഡവും ബീജവുമായി ചേര്‍ന്ന് സ്ത്രീ ശരീരത്തില്‍ ബീജസങ്കലനം നടക്കുന്നതിന് കൂടുതല്‍ സാധ്യതയുള്ളത് അണ്ഡോത്പാദനം നടക്കുന്ന ആദ്യത്തെ 24 മണിക്കൂറിനുള്ളിലാണ്.

ആര്‍ത്തവചക്രം ക്രമമായവരില്‍ അണ്ഡോത്പാദനം നടക്കുന്നത് ഏതാണ്ട് ആര്‍ത്തവാരംഭത്തിനു 14 ദിവസം മുന്‍പാണ്. അതിനാല്‍ ശരിയായ സമയത്തുള്ള ലൈംഗികബന്ധത്തിന്റെ അഭാവം വന്ധ്യതയുടെ തോതു കൂട്ടുന്നു. പുതുതലമുറ ഏറ്റവും ശ്രദ്ധിക്കേണ്ടതും ഇതുതന്നെ. ജോലിയിലെ സമ്മര്‍ദങ്ങളെ ഒഴിവാക്കി നിര്‍ത്തയിട്ടു വേണം ദാമ്പത്യത്തിലേക്കു പ്രവേശിക്കാന്‍.

ഗര്‍ഭധാരണം നേരത്തെ


പെണ്‍കുട്ടികളുടെ വിവാഹ പ്രായം വൈകുന്നത് ഗര്‍ഭധാരണത്തെയും ബാധിക്കുന്നുണ്ട്. 30 വയസിനുശേഷം ഗര്‍ഭധാരണത്തിനുള്ള സാധ്യതയും കുറയുന്നു. ഉത്പാദിപ്പിക്കപ്പെടുന്ന അണ്ഡത്തിന്റെ ഗുണമേന്മ കുറയുന്നതാണ് കാരണം. വിവാഹപ്രായം കഴിവതും ഇരുപത്തഞ്ച് വയസിനു മുകളിലായിരിക്കുന്നതാണ് ഏറ്റവും നല്ലത്.

അമിതവണ്ണം കുറയ്ക്കുക


ആദ്യ ആര്‍ത്തവത്തോടു കൂടിതന്നെ മാതൃത്വമെന്ന മഹനീയ കര്‍മത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആരംഭിക്കുന്നു. ബാല്യം മുതല്‍തന്നെ ഗര്‍ഭധാരണം സുഗമമാക്കാനുള്ള മുന്നൊരുക്കങ്ങള്‍ പെണ്‍കുട്ടികള്‍ ആരംഭിക്കേണ്ടതാണ്.

അമിതവണ്ണം പലപ്പോഴും അണ്ഡോത്പാദനക്രമക്കേടുകള്‍ക്ക് കാരണമാകാം. ഇത് ഭാവിയില്‍ ഗര്‍ഭധാരണത്തെയും ബാധിക്കാം. അമിതവണ്ണമുള്ള ശരീരപ്രകൃതി വന്ധ്യതയ്ക്കുള്ള ആക്കം കൂട്ടാം. അതിനാല്‍ ചെറുപ്പം മുതല്‍തന്നെ വ്യായാമം നിര്‍ബന്ധമാക്കണം.

pregnancy tips

ഗര്‍ഭാശയ തകരാറുകള്‍


ഗര്‍ഭാശയത്തിലെ തകാരാറുകളാണ് വന്ധ്യതയ്ക്കുള്ള കാരണങ്ങളില്‍ മറ്റൊന്ന്. ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന സെര്‍വിക്‌സ്, അണ്ഡാശയം, ഫൈലോപ്പിയന്‍ ട്യൂബ് എന്നിവയ്ക്ക് ഉണ്ടാകുന്ന തകാരാറുകളും ഗര്‍ഭധാരണത്തിന് തടസം നില്‍ക്കാം.

അണുബാധകളെ സൂക്ഷിക്കുക


പലരും നിസാരമായി തള്ളിക്കളയുന്ന ഒന്നാണ് അണുബാധ. അതിനാല്‍ വിവാഹത്തിനുമുമ്പ്തന്നെ യോനിയില്‍ അണുബാധ ഉണ്ടെങ്കില്‍ അത് ചികിത്സിച്ചു മാറ്റണം. അല്ലെങ്കില്‍ അത് ഗര്‍ഭപാത്രത്തിലൂടെ മുകളിലേക്കു കയറി ട്യൂബിനെ അടയ്ക്കുകയും പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസിനു കാരണമാവുകയും ചെയ്യുന്നു. ഇത് വന്ധ്യതയ്ക്കു കാരണമാകാം. അതിനാല്‍ അണുബാധകള്‍ ഗര്‍ഭധാരണത്തിനു മുമ്പുതന്നെ ചികിത്സിച്ചു മാറ്റണം.

പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം


ക്രമം തെറ്റിയ ആര്‍ത്തവത്തോടൊപ്പം അമിതവണ്ണം, അമിതരോമ വളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ അത് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ആണെന്ന് അനുമാനിക്കാം. ഇതും വന്ധ്യതയ്ക്കു കാരണമാകുന്ന അവസ്ഥയാണ്. ഉചിതമായ ചികിത്സയാണ് പ്രധാനം.

മാറുന്ന ഭക്ഷണരീതി


ഭക്ഷണരീതിയില്‍ വന്ന മാറ്റം ഗര്‍ഭധാരണത്തെയും ബാധിച്ചിരിക്കുന്നു. ഹോര്‍മോണ്‍ കുത്തിവച്ച കോഴിയിറച്ചി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലും ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കാം. സുഗമമായ ഗര്‍ഭധാരണത്തിന് നാടന്‍ ഭക്ഷണമാണ് ഏറ്റവും ഉത്തമം.

ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം പാടേ ഒഴിവാക്കണം. ഉയര്‍ന്ന അളവില്‍ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും ശരീരത്തില്‍ അടിഞ്ഞുകൂടി അമിതവണ്ണത്തിനും കാരണമാകാം. കുത്യമായ വ്യായാമത്തിലൂടെ ചെറുപ്പം മുതല്‍തന്നെ അമിതവണ്ണം കുറച്ചുനിറത്തണം. ഗര്‍ഭധാരണത്തിനുള്ള തയാറെടുപ്പില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടതും ഇതുതന്നെ.

ബാല്യത്തിലെ ദുരനുഭവങ്ങള്‍


ബാല്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പെണ്‍കുട്ടിയില്‍ മാനസികമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാം. ഇത് വിവാഹശേഷം അവരുടെ ലൈംഗിക ജീവിതത്തെ ബാധിക്കാം. മനസിലെ ഭീതിമൂലം യോനീസങ്കോചം ഉണ്ടാകാം. ഇതു വന്ധ്യതയ്ക്കു കാരണമാകാം. അതിനാല്‍ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ കുട്ടിയ്ക്ക് ആവശ്യമായ ഉപദേശങ്ങളും അറിവുകളും പകര്‍ന്നു നല്‍കണം.

Ads by Google
Monday 24 Jun 2019 03.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW