Monday, June 24, 2019 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 11.42 AM

അമ്മയുടെ അനുവാദത്തോടെ ചാന്‍സിനുവേണ്ടി പോയിട്ട് പിന്നീട് മീ റ്റൂ പറഞ്ഞിട്ട് എന്തുകാര്യം? എനിക്ക് താല്‍പര്യമില്ല എന്ന് പറയാന്‍ കഴിയണം- സീനത്ത് തുറന്നു പറയുന്നു

''സിനിമയോടും ജീവിതത്തോടും വ്യത്യസ്ത കാഴ്ചപ്പാടുള്ള, മക്കളുടെ ഉയര്‍ച്ചയ്ക്കുവേണ്ടി കാത്തിരിക്കുന്ന, നാടകത്തെ ഇപ്പോഴും മറന്നിട്ടില്ലാത്ത സീനത്തിന്റെ ജീവിത വഴികളിലൂടെ...''
malayalam actress zeenath interview

നാടകത്തിലൂടെ സിനിമയിലെത്തി അമ്മ വേഷങ്ങളിലൂടെയും സപ്പോര്‍ട്ടിംഗ് റോളുകളിലൂടെയും പ്രേക്ഷകമനസുകളിലിടംനേടിയ നടിയാണ് സീനത്ത്. അവസരങ്ങളെ തേടിപോകാതിരുന്ന, പ്രതിഫലത്തെ സ്നേഹിക്കാതിരുന്ന, തിരസ്‌കരണത്തിന്റെ കയ്പ്പറിഞ്ഞിട്ടും ശുഭാപ്തിവിശ്വാസത്തോടെ കാത്തിരുന്ന, കലയെ നിശബ്ദമായി എന്നും സ്നേഹിക്കുന്ന കലാകാരി.

കഴിവ് ഏറെയുണ്ടായിട്ടും മലയാള സിനിമാലോകം ഇവരെ വേണ്ടവിധത്തില്‍ പരിഗണിച്ചിട്ടുണ്ടോ എന്നത് ചിന്തിക്കേണ്ട വസ്തുത തന്നെയാണ്. എങ്കിലും ഇന്നും മലയാള സിനിമയില്‍ തന്റെ സാന്നിധ്യമറിയിക്കുന്നുണ്ട് സീനത്ത്. തന്റെ കാഴ്ചപ്പാടുകളിലൂടെയും പുതിയ വിശേഷങ്ങളിലൂടെയും സീനത്ത്...

അഭിനയ ജീവിതത്തില്‍ വര്‍ഷങ്ങള്‍ പിന്നിട്ടു. തൃപ്തയാണെന്ന് തോന്നുന്നുണ്ടോ?


ഇല്ല എന്നേ പറയാന്‍ കഴിയൂ. എത്തേണ്ടയിടത്തെത്തിയോ, കിട്ടേണ്ട റോളുകള്‍ കിട്ടിയോ എന്നൊക്കെ ചോദിച്ചാല്‍ വളരെ കുറച്ചേയുള്ളൂ. അതിനൊരിക്കലും ഞാന്‍ മറ്റുളളവരെ കുറ്റപ്പെടുത്തില്ല. എന്റെയും കൂടി തെറ്റുകൊണ്ടാണത്.

എനിക്ക് സ്വയം പ്രമോട്ട് ചെയ്യാനറിയില്ലായിരുന്നു. ഇപ്പോഴും അറിയില്ല. അതുകൊണ്ട് പലരും എന്നെ മറന്നുപോയിട്ടുണ്ട്. ആരുമായും വലിയ ബന്ധങ്ങളൊന്നുമില്ല. കുടുംബ പശ്ചാത്തലത്തില്‍ വരുന്ന കഥകളും റോളുകളും ഇപ്പോള്‍ കുറവാണ് താനും. വേഷങ്ങള്‍ കിട്ടാത്തതില്‍ നിരാശയൊന്നുമില്ല. പക്ഷേ എനിക്ക് കിട്ടേണ്ട റോളുകള്‍ പലതും കിട്ടിയിട്ടില്ല എന്നെന്റെ മനസ് പറയുന്നു.

മക്കള്‍ക്ക് എങ്ങനെയുള്ള അമ്മയാണ്?


എനിക്ക് രണ്ട് മക്കളാണ്. മൂത്ത മകന്‍ ജിതിന്‍, രണ്ടാമത്തെയാള്‍ നിതിന്‍. ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെയാണ്. ജിതിന്‍ ഖത്തറില്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റായി ജോലിചെയ്യുകയാണ്. വിവാഹം കഴിഞ്ഞു, അവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. നിതിന്‍ ഡിഗ്രി കഴിഞ്ഞു. മീഡിയ സ്റ്റഡീസില്‍ ജേര്‍ണലിസമാണ് ചെയ്തത്.

സുഹൃത്തുക്കളെപ്പോലെയാണെങ്കിലും അമ്മയാവേണ്ടിടത്ത് അമ്മയാവാറുമുണ്ട്. പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങളും അതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്കും കാരണം കുടുംബ പശ്ചാത്തലം തന്നെയാണെന്ന്.

ഷൂട്ടിംഗിനൊക്കെ പോകുമ്പോഴും അതുപോലെ പല കുടുംബങ്ങളിലും കണ്ടിട്ടുണ്ട്. ചെറിയ പ്രായത്തിലുള്ള മക്കളെയൊക്കെ അമ്മ വസ്ത്രം മാറുന്നയിടത്തുനിന്നൊക്കെ മാറ്റിനിര്‍ത്തുന്നത്, അത് തെറ്റാണ്. കുട്ടിയുടെ മനസില്‍ എന്താണ് അവിടെ നടക്കുന്നത്, അമ്മയുടെ ശരീരത്തില്‍ എന്താണെനിക്ക് കാണാന്‍ പാടില്ലാത്തത് എന്നൊക്കെയുള്ള ആകാംഷയുണ്ടാവും.

വളര്‍ന്നുവരുംതോറും സ്ത്രീയുടെ ശരീരത്തെ കാണാനുള്ള ആകാംഷ അവന് കൂടും. മറ്റൊരു പെണ്ണിനെ കാണുമ്പോള്‍ തുറിച്ച് നോക്കാനും ഒളിച്ചുനോക്കാനും തോന്നും. ഇപ്പോഴത്തെ അണുകുടുംബങ്ങളില്‍ മറ്റുള്ളവരുമായി ഇടപഴകാനുള്ള ചാന്‍സും കുട്ടികള്‍ക്ക് കിട്ടുന്നില്ല. കുട്ടികളോട് തൊട്ടതിനും പിടിച്ചതിനുമെല്ലാം നിയന്ത്രണങ്ങളുമായി നില്‍ക്കാന്‍ ശ്രമിക്കരുത്. അത് അപകടമാണ്.

malayalam actress zeenath interview

എന്റെ മക്കളോട് നിങ്ങള്‍ പെണ്‍കുട്ടികളോട് സംസാരിക്കരുത് അവരെ മാറ്റി നിര്‍ത്തണം എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. രണ്ട് മക്കള്‍ക്കും ധാരാളം പെണ്‍സുഹൃത്തുക്കളുണ്ട്. പതിനാല് വയസുവരെയെങ്കിലും കുട്ടികളെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിക്കണം. നമ്മളിത് ചെയ്യരുതെന്ന് വിലക്കുമ്പോഴാണ് കുട്ടികള്‍ക്ക് ഇതൊക്കെതേടി മറ്റിടങ്ങളിലേക്ക് പോകാന്‍ തോന്നുന്നത്. സ്വാതന്ത്ര്യം കൊടുക്കുക, സൂക്ഷിക്കുക അത്രമാത്രം.

മക്കള്‍ക്ക് സിനിമയോട് ആഗ്രഹമുണ്ടോ?


ഇളയ മകന്‍ നിതിന് സിനിമ ഇഷ്ടമാണ്. ഇപ്പോഴത്തെ കുട്ടികളല്ലേ, അവര് സിനിമയെക്കാണുന്നത് വേറെ രീതിയിലാണ്. നമ്മുടെ സന്തോഷത്തിന് സിനിമ ചെയ്യണം എന്നാണ് അവന്റെയും കൂട്ടുകാരുടേയും പക്ഷം. സീറോ ബഡ്ജറ്റില്‍ ഒരു മറാത്തി സിനിമ ചെയ്യുന്നുണ്ട്.

അവര് തന്നെ കഥയും ഡയറക്ഷനും. അതിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. എന്റെ മനസില്‍ ആദ്യം അവന്‍ ഒരു ജോലി നേടട്ടേ എന്നാണ്. ഡയറക്ഷന്‍ അത്ര നിസാര കാര്യമല്ല. പ്രൊഡ്യൂസര്‍മാരെ തപ്പിനടക്കുക, അവരുടെ വിശ്വാസം നേടിയെടുക്കുക അതിന് കഴിവ് മാത്രം പോരാ.

സിനിമ സമ്മാനിച്ച അനുഭവങ്ങള്‍?


നല്ലതല്ലാത്ത അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഞാന്‍ പണത്തിനുവേണ്ടി നിര്‍ബന്ധം പിടിക്കാറില്ല. പക്ഷേ എനിക്ക് എന്റേതായ സ്ഥാനം കിട്ടുന്നയിടത്തേ പോകാറുള്ളൂ. അല്ലാത്ത സ്ഥലത്തുനിന്ന് സ്വയം ഒഴിഞ്ഞുമാറും. ചിലപ്പോ വലിയ റോള്‍ ചെയ്തുകഴിഞ്ഞാല്‍ പിന്നെ കൊച്ചുകൊച്ചുറോളുകളാണ് വന്നിട്ടുളളത്.

നമ്മള്‍ വിചാരിക്കും നല്ല ക്യാരക്‌ടേഴ്സ് വരുമെന്ന്. അങ്ങനെയാണ് സിനിമയുടെ പോക്ക്. ഗോഡ്ഫാദറിലെ കടപ്പുറം കാര്‍ത്യായനിയുടെ വേഷം സത്യത്തില്‍ ചെറിയ ഒരു റോളായിരുന്നു. പക്ഷേ അത് ശ്രദ്ധിക്കപ്പെട്ടു അതുപോലെ പാര്‍വ്വതി പരിണയം, ധനം, മക്കള്‍ മാഹാത്മ്യം, അലീഫ് ഈ സിനിമകളൊക്കെ എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള ചിത്രങ്ങളാണ്. അതിലൊക്കെ അമ്മവേഷങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

നമ്മുടെ നാട്ടില്‍ നായിക, നായകന്‍ സങ്കല്‍പ്പം വ്യത്യസ്തമാണ്. മറ്റു പല ഭാഷകളിലും ഏത് കഥാപാത്രത്തിലൂടെയാണോ കഥ പറയുന്നത് അതാണ് മെയിന്‍ ക്യാരക്ടര്‍. അത് ചിലപ്പോള്‍ അച്ഛനാവാം, അമ്മയാകാം. പാര്‍വ്വതി പരിണയം എന്ന സിനിമയില്‍ ശരിക്കും അമ്മയാണ് മെയിന്‍ കഥാപാത്രം. അതുപോലെ അലിഫ് അതിലും ഉമ്മയാണ് മെയിന്‍.

എനിക്ക് ദുഃഖവും കൂടി തോന്നിയ സിനിമയാണ് അലിഫ്. അത്രയും വലിയ ഒരു റോള്‍ ചെയ്തിട്ടും പോസ്റ്ററില്‍ എന്റെ പടം കാണാനില്ല. അയല്‍വാസിയായ ഒന്നോ രണ്ടോ സീനില്‍ വന്ന നടന്റെ ഫോട്ടോയായിരുന്നു പോസ്റ്ററിലൊക്കെ.

അന്യഭാഷയിലും ഈ അകറ്റിനിര്‍ത്തലുണ്ടോ?


ഞാന്‍ മറ്റ് ഭാഷകളില്‍ അഭിനയിച്ചിട്ടില്ല എന്നിരുന്നാലും മദ്രാസിലൊക്കെ പോകുമ്പോള്‍ തോന്നിയിട്ടുള്ളത് അവിടെയൊക്കെ കലാകാരന്‍മാര്‍ക്ക് വലിയ സ്ഥാനമാണ് നല്‍കുന്നതെന്ന്.

പക്ഷേ മലയാളികള്‍ പൊതുവേ അംഗീകരിക്കാന്‍ മടിയുള്ളവരാണ്. നാടകമൊക്കെ ചെയ്യുന്ന സമയത്ത് കെ.ടി പറയുമായിരുന്നു, ഓഡിയന്‍സ് ശരിക്കും നമുക്ക് എതിരായിട്ടാണിരിക്കുന്നത്. നല്ലതാണെങ്കില്‍ മാത്രം അതിലേക്കവര്‍ അറിയാതെ വീണുപോകും.

malayalam actress zeenath interview

അതേപോലെതന്നെയാണ് മലയാളികള്‍. ഒരാളെ കാണുമ്പോള്‍ അവരുടെ കുറ്റങ്ങളാണ് ആദ്യം കണ്ടെത്തുക. ഒരു പുതിയ സ്ഥലത്തു നമ്മള്‍ സിനിമാക്കാര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ താമസിക്കാന്‍ എത്തിയാല്‍ ചിലര്‍ ചെയ്യുന്നത് ഇന്റര്‍നെറ്റില്‍ എല്ലാ സൈറ്റിലും നോക്കുക എന്നാണ്.

എെന്തങ്കിലും കിട്ടിയാല്‍ നാടുമുഴുവന്‍ പറഞ്ഞു നടക്കാമല്ലോ. പിന്നെ നമ്മുടെ പ്രായം അറിയാനുള്ള വെപ്രാളം. എനിക്ക് ഇത്തരക്കാരെ ഇഷ്ടമല്ല. സിനിമാക്കാരെ കുറ്റം പറയാനും കുറ്റങ്ങള്‍ കണ്ടുപിടിക്കാനും ഇവര്‍ കഷ്ടപ്പെടും.

എനിക്ക് സിനിമയ്ക്ക് പുറത്തുള്ള പലരുടേയും കഥകള്‍ അറിയാം. ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ പറ്റിക്കുന്നതും ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ പറ്റിക്കുന്നതും.

എല്ലാം കഴിഞ്ഞു അവര്‍ പരസ്പരം കാണുമ്പോഴുള്ള ചേട്ടാ... മോളെ... എന്നൊക്കെ പറഞ്ഞുള്ള സ്‌നേഹപ്രകടനങ്ങള്‍ കാണുമ്പോള്‍ ഉള്ളില്‍ ചിരിക്കാറുണ്ട്. എന്നിട്ട് ഇവര്‍ സിനിമാക്കാരെ കുറ്റം പറയുമ്പോള്‍ ഇവരോടൊക്കെ എനിക്ക് അറപ്പും വെറുപ്പും തോന്നിയിട്ടുണ്ട്.

ഇന്നത്തെ നടിമാര്‍ പലരും മീ...റ്റൂ പറയുന്നു, സിനിമാ രംഗത്തെ ചതികളെക്കുറിച്ച് പറയുന്നു. സിനിമ ഒരു സേഫ് സോണ്‍ ആണോ?


തെറ്റില്‍ വീണുപോകാന്‍ ആഗ്രഹിക്കാത്തവര്‍ക്കു സിനിമ സേഫ്സോണ്‍ തന്നെ. സഞ്ചരിക്കാന്‍ വാഹനം, താമസിക്കാന്‍ സ്ഥലം, പിന്നെ ലൊക്കേഷനിലാണെങ്കില്‍ അറിയാവുന്ന ആളുകള്‍. പിന്നെ നമ്മള്‍ തെറ്റ് ചെയ്യാന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യാന്‍ കഴിയും.

എല്ലാ മേഖലയിലും എല്ലാകാലത്തും സ്ത്രീയെ ചൂഷണം ചെയ്യുന്നത് നടന്നിട്ടുണ്ട്. നടക്കുന്നുമുണ്ട്, അതില്ലാതെ ആവണമെങ്കില്‍ മാതാപിതാക്കള്‍ക്ക് സ്വയം തിരിച്ചറിവ് ഉണ്ടാകുക. കുട്ടികളെ ബോധവല്‍ക്കരിക്കുക. പിന്നെ സ്ത്രീയും പുരുഷനും തമ്മില്‍ ആകര്‍ഷണമുണ്ട്. സിനിമയില്‍ മാത്രമല്ല, ലോകം ഉള്ളിടത്തോളം കാലം എവിടെയായാലും അതുണ്ട്.

സ്ത്രീയും പുരുഷനും തമ്മിലുള്ള ആകര്‍ഷീണിയതയിലാണല്ലോ ഭൂമി നിലനില്‍ക്കുന്നത് തന്നെ. ഇത് മി...റ്റൂ ആകുന്നത് അവളുടെ ശരീരത്തില്‍ അവളുടെ ഇഷ്ടവും സമ്മതവും കൂടാതെ കൈ വയ്ക്കുമ്പോഴും, തൊഴിലിടത്തില്‍ നീ എനിക്ക് വഴിപ്പെട്ടാല്‍ മാത്രമേ നിനക്ക് തൊഴില്‍ ഉള്ളു എന്ന് പറയുമ്പോഴും ആണ്. നമ്മളെ സൂക്ഷിക്കാന്‍ നമുക്ക് മാത്രമേ പറ്റൂ.

ഒരു പെണ്‍കുട്ടിയേയും ഇതുവരെ ആരും ചാന്‍സ് കൊടുക്കാം എന്ന് പറഞ്ഞു അറ്റാക്ക് ചെയ്തു എന്ന് ഞാന്‍ കേട്ടിട്ടില്ല. കുട്ടികള്‍ അമ്മമാരുടെ കൂടെയാണ് വരുന്നത്. ഒരു റൂമിലേക്ക് ഒരു കുട്ടി പോയെങ്കില്‍ അത് അവളുടെ അമ്മയുടെ അനുവാദത്തോടെയാണ്. അപ്പോള്‍ മിണ്ടാതിരുന്നിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അതേക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല.

malayalam actress zeenath interview

എവിടെയാണെങ്കിലും ചതിക്കുഴിയില്‍ വീഴുന്നത് പലപ്പോഴും പാവപ്പെട്ട പെണ്‍കുട്ടികളായിരിക്കും. അല്ലാത്തവര്‍ക്ക് ഇഷ്ടമല്ലെകില്‍ അവര്‍ പ്രതികരിക്കും. അവര്‍ക്ക് നല്ല വിദ്യാഭ്യാസമുണ്ട്, ബാക്ക് ഗ്രൗണ്ടുണ്ട്. ഏതെങ്കിലും ഒരു പാവപ്പെട്ട കുട്ടി പ്രതികരിക്കുന്നത് കണ്ടിട്ടുണ്ടോ.

പലരും നമ്മളോട് ഇഷ്ടം പ്രകടിപ്പിച്ചിട്ടുണ്ടാവാം. അപ്പോള്‍ എനിക്ക് താല്‍പര്യമില്ല എന്നെ വെറുതേ വിട്ടേക്കൂ എന്ന് പറയാന്‍ കഴിയണം. ഓരോരുത്തരുടെ പേരുകള്‍ പറയുമ്പോള്‍ അവര്‍ക്ക് ചുറ്റും അവരെ ആശ്രയിക്കുന്ന കുടുംബങ്ങള്‍ ഉണ്ടാകും, അവരും കൂടി വിഷമിക്കും.

സീനത്ത് ബോള്‍ഡായിട്ടുളള വനിതയാണെന്ന് പറഞ്ഞാല്‍?


ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ബോള്‍ഡാണ്. നമ്മുടെ കാഴ്ചപ്പാടാണ് നമ്മെ ബോള്‍ഡാക്കുന്നത്. ഒറ്റയ്ക്കുള്ള യാത്രകളിലൊക്കെ സ്വയം ഗൗരവക്കാരിയാണെന്ന് കാണിക്കാറുണ്ട്. ആ ഗൗരവഭാവം കാണുമ്പോള്‍ ആളുകള്‍ പെട്ടെന്ന് നമ്മുടെ അടുത്ത് വരാന്‍ മടിക്കും.

സങ്കടംവന്നാല്‍ ഒറ്റയ്ക്കിരുന്ന് കരയുകയും മറ്റൊരാളുടെ മുന്നില്‍ എന്റെ സങ്കടം കാണിക്കാന്‍ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. പക്ഷേ എനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ആരോടായാലും തുറന്നുപറയുകയും ചെയ്യും

രാഷ്ട്രീയ നിലപാടുള്ള വ്യക്തിയാണ്. വനിതാമതിലിന് പിന്‍തുണ പ്രഖ്യാപിച്ചിരുന്നല്ലോ?


രാഷ്ട്രീയത്തോട് വ്യക്തമായ നിലപാടുകളുണ്ട്. എന്നാല്‍ അതിലേക്ക് മുന്നിട്ടിറങ്ങണമെന്നൊന്നുമില്ല. എല്ലാവരുടേയും ഉള്ളില്‍ രാഷ്ട്രീയമുണ്ടാവണം. വനിതാമതില്‍ ശരിക്കും നല്ലൊരു കാര്യമായിട്ടാണ് ഞാന്‍ കണ്ടത്. കാരണം ഇപ്പോള്‍ നാട്ടിലാകെ വര്‍ഗ്ഗീയതയാണ്.

സ്ത്രീകള്‍ മുന്നോട്ട് വരണം എന്നൊരു ലക്ഷ്യം മാത്രമായിരുന്നില്ല ഞാന്‍ വനിതാമതിലിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ ഉദ്ദേശ്യം. പുരോഗമനം വരുംതോറും മതചിന്തകളും വര്‍ഗ്ഗീയതയും കൂടിവരികയാണ്. അതിനെതിരെ നില്‍ക്കുന്ന ഗവണ്‍മെന്റാണ് ഇടതുപക്ഷം. അവരെ വിശ്വസിക്കണം.

അമ്മയെക്കുറിച്ച് ?


ഉമ്മ മരിച്ചിട്ടിപ്പോള്‍ മൂന്ന് വര്‍ഷമായി. പലപ്പോഴും ഉമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് വിളിക്കുന്ന സമയത്തൊക്കെ കൂടുതല്‍ ദിവസങ്ങള്‍ കൂടെ ഉണ്ടാവാറില്ല. ഒന്നോ രണ്ടോ ദിവസം നിന്നു തിരിച്ചു പോരും. നിലമ്പൂര് വീട്ടില്‍ ആങ്ങളയുടെ അടുത്താണ് ഉമ്മയുണ്ടായിരുന്നത്. ആ പ്രാവശ്യം വീട്ടില്‍നിന്നും എന്നെ വിളിച്ചു. എന്തോ പെട്ടെന്ന് തിരിച്ചു പോരേണ്ടന്ന് ഒരു തോന്നല്‍. ഇനിയൊരിക്കലും ഉമ്മാന്റെ കൂടെ നില്‍ക്കാന്‍ പറ്റിയില്ലെങ്കിലോ.
malayalam actress zeenath interview

ഒരുമാസം വീട്ടില്‍ പോലും പോകാതെ ഞാനും മൂത്ത ചേച്ചിയും അമ്മയുടെ കൂടെ ഹോസ്പിറ്റലില്‍ തന്നെ നിന്നു. അറ്റാക്ക് വന്ന സമയത്ത് ഉമ്മാനെ നിലമ്പൂര് ഹോസ്പിറ്റലില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് ആമ്പുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ ഓക്‌സിജന്‍ വച്ചിട്ടും ശ്വാസം കിട്ടാതെ ഉമ്മ പിടയുന്ന ആ അവസ്ഥ ഇന്നും കണ്‍മുന്നിലുണ്ട്.

ഇന്നും ​ഡ്രൈവ് ചെയ്യുമ്പോള്‍ ഒരു ആമ്പുലന്‍സ് വരികയാണെങ്കില്‍ ഞാന്‍ വണ്ടി അവിടെ ചവിട്ടും. പിന്നീട് എനിക്ക് അനങ്ങാന്‍ പറ്റില്ല. അമ്മ എന്ന് പറയുന്നത് ഒരു അത്ഭുത ശക്തിയാണ്. അതിപ്പോ വയസായി മൂലയില്‍ കിടന്നാലും ശരി അമ്മ അമ്മതന്നെയാണ്. അമ്മ ഇല്ലാതെ ആകുമ്പോഴാണ് ജീവിതത്തില്‍ ആദ്യമായ് ഒറ്റപ്പെടുന്നു എന്ന തോന്നലുണ്ടാവുന്നത്.

പഴയ മലപ്പുറംകാരിക്ക് ഇപ്പോഴത്തെ സ്ത്രീകളുടെ ചിന്തകളും മറ്റും മാറിയെന്ന് തോന്നുന്നുണ്ടോ?


അന്നൊക്കെ അഭിനയിക്കാന്‍ പോകുന്നെന്ന് പറഞ്ഞാല്‍ എന്തോ ചീത്ത കാര്യത്തിന് പോകുന്നതുപോലെയാണ് ആളുകള്‍ കണ്ടിരുന്നത്. ഇന്നതൊക്കെ മാറി. പുറത്തേക്കിറങ്ങുമ്പോള്‍ പര്‍ദയിട്ട സ്ത്രീകളൊക്കെ ഓടിവന്ന് കെട്ടിപ്പിടിക്കും.

കാലഘട്ടം മാറിപ്പോയി. പര്‍ദയിട്ട സ്ത്രീകളാണ് റിയാലിറ്റിഷോയില്‍ കുട്ടികളെക്കൊണ്ട് പാടിക്കുന്നതും ഡാന്‍സ് ചെയ്യിക്കുന്നതുമൊക്കെ, അതൊക്കെ കാണുമ്പോള്‍ സന്തോഷം തോന്നും. സിനിമയെപ്പറ്റി പറയുന്നത് പലതും തെറ്റല്ല, തെറ്റിധാരണയാണ്.

സിനിമയില്ലാത്തപ്പോള്‍?


സിനിമയില്ലാത്തപ്പോള്‍ വിഷമിച്ചിരിക്കുന്ന ആളല്ല ഞാനെന്ന് പറഞ്ഞിരുന്നല്ലോ. നാടകത്തോട് പണ്ടത്തെപ്പോലെ ഇപ്പോഴും ഇഷ്ടമുണ്ട്. അതുകൊണ്ട് നാടകം എഴുതാനും അഭിനയിക്കാനും ഇഷ്ടം തന്നെ. സിനിമയില്ലാതെ വീട്ടില്‍ ഇരിക്കുമ്പോള്‍ മറ്റുള്ളവരുടെ കാര്യം ഓര്‍ത്തു അസൂയപ്പെടാതെയും ആരുടേയും ഭാഗ്യമോര്‍ത്തു നിരാശപ്പെടാതെയും കിട്ടുന്ന സമയം എന്തെങ്കിലും എഴുതും. നാളെ അത് ഗുണം ചെയ്യും.

പുതിയ ചിത്രമായ വൈറസ് പുറത്തിറങ്ങുന്ന സന്തോഷത്തിലാണ് ഞാനിപ്പോള്‍. ചെറിയ വേഷമാണെങ്കിലും ന്യൂജനറേഷനൊപ്പമുള്ള ചിത്രമാണല്ലോ. ആകാംഷയുണ്ട്.

ഷെറിങ്ങ് പവിത്രന്‍
ഫോട്ടോ : കണ്ണന്‍ നായര്‍

Ads by Google
Monday 24 Jun 2019 11.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW