Monday, June 24, 2019 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 01.05 AM

രാഹുല്‍, ചുവരുണ്ടാക്കൂ; ചിത്രം പിന്നെ വരയ്‌ക്കാം

uploads/news/2019/06/316991/3.jpg

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിനാണ്‌ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ എത്തപ്പെട്ടത്‌. സോണിയാ ഗാന്ധിയാണ്‌ അന്ന്‌ പാര്‍ട്ടിയെ നയിച്ചിരുന്നത്‌. ഈ അവസ്‌ഥയില്‍നിന്നു കോണ്‍ഗ്രസ്‌ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നാണ്‌ പാര്‍ട്ടി വിശ്വാസികളോടൊപ്പം രാഷ്‌ട്രീയ നിരീക്ഷകരും കരുതിപ്പോന്നത്‌. ക്രമേണ പാര്‍ട്ടിയുടെ ബാറ്റണ്‍ രാഹുല്‍ ഗാന്ധിയില്‍ എത്തിച്ചേര്‍ന്നു. കോണ്‍ഗ്രസുകാര്‍ വലിയ പ്രതീക്ഷയാണ്‌ രാഹുലില്‍ അര്‍പ്പിച്ചത്‌. എന്നാല്‍, വഞ്ചി ഇപ്പോഴും തിരുനക്കരതന്നെ. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 2019 ല്‍ കേവലം എട്ടു സീറ്റിന്റെ വര്‍ധനമാത്രമേ സാധ്യമായുള്ളു. അതായത്‌ 44 ല്‍നിന്ന്‌ 52 ലേക്കുള്ള നാമമാത്ര വര്‍ധന. ആകെ ലോക്‌സഭാ സീറ്റില്‍ 10% സീറ്റ്‌ നേടി പ്രതിപക്ഷനേതൃപദവി കരസ്‌ഥമാക്കാനുള്ള അര്‍ഹതപോലുമില്ലാതെ കോണ്‍ഗ്രസ്‌ നാണംകെട്ട അവസ്‌ഥയിലായി.

പച്ചയായ മനുഷ്യനും യഥാര്‍ഥ നേതാവും

പച്ചയായ മനുഷ്യനായതുകൊണ്ടാകാം ഈ അവസ്‌ഥയോടുള്ള നിരാശയും രോഷവും രാഹുല്‍ ഗാന്ധി പരസ്യമായിത്തന്നെ പ്രകടമാക്കിയത്‌. സഹകരിക്കാത്തവരും നിരുത്തരവാദപരമായി നിലകൊണ്ടവരുമായ നേതാക്കന്മാരോടുള്ള അരിശം വേദനയോടുകൂടിയുള്ള തുറന്നു പറച്ചിലിലൂടെ രാഹുല്‍ രേഖപ്പെടുത്തി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ പദവിയില്‍നിന്നുള്ള രാജിപ്രഖ്യാപനം അദ്ദേഹം നടത്തി. സ്വയം ഉള്‍വലിഞ്ഞു രാഷ്‌ട്രീയ ഒളിച്ചോട്ടത്തിനുതന്നെ അദ്ദേഹം മുതിര്‍ന്നു.
നിരാശയിലായ പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്യേണ്ട അമരക്കാരനില്‍നിന്നുണ്ടായ ഈ പ്രവൃത്തി അണികളെ കൂടുതല്‍ ആശങ്കാകുലരാക്കിയിരിക്കുകയാണ്‌. പ്രതീക്ഷയുടെ അവസാന പിടിവള്ളിയും അറ്റുപോയതായി അവര്‍ക്കനുഭവപ്പെട്ടു. പാര്‍ട്ടിയില്‍ പണിയുമെടുക്കാതെ ദുര്‍മേദസായി നിലകൊണ്ട ഒരുപറ്റം നേതാക്കന്മാരെയും ഈ നീക്കം അന്ധാളിപ്പിച്ചു. അധികാരത്തിന്റെ ആനപ്പുറത്തിരുന്ന്‌ തഴമ്പിച്ച ഇക്കൂട്ടര്‍ നെഹ്‌റുകുടുംബത്തിലെ ഇളം തലമുറക്കരന്‍ എല്ലാം ചെയ്‌തുകൊള്ളുമെന്നു വിചാരിച്ചു.
അധികാരം പോയ ഇടവേള വിശ്രമിക്കാനുള്ള അവസരമായി കണക്കാക്കി സ്വന്തം മാളങ്ങളില്‍ സമയം ചെലവഴിച്ചവരായിരുന്നു ഇക്കൂട്ടര്‍. അധികാരത്തില്‍ വന്നവര്‍ കാലാവധി കഴിയുമ്പോള്‍ ഭരണപരാജയത്താലും ഭരണവിരുദ്ധതയാലും പുറത്തുപോകുമെന്ന്‌ അവര്‍ കരുതി. അവരെയാണ്‌ രാഹുലിന്റെ തീരുമാനം ശരിക്കും ഞെട്ടിച്ചതും വിറളി പിടിപ്പിച്ചതും. മറ്റു പോംവഴി കാണാതെ, രാഹുല്‍ ഗാന്ധിയുടെ കൊട്ടിയടയ്‌ക്കപ്പെട്ട വാതിലുകള്‍ മുട്ടിത്തുറക്കാന്‍തന്നെ അവര്‍ ഒരുമ്പെട്ടു. എന്നാല്‍, രാഹുല്‍ വാതില്‍ തുറക്കാന്‍ തയാറായിട്ടില്ല.
ശോചനീയമായ സംഘടനാ സംവിധാനമാണ്‌ 2014 ലെപ്പോലെ 2019 ലും കോണ്‍ഗ്രസ്‌ പതനത്തിന്റെ ആണിക്കല്ലായത്‌. ബി.ജെ.പിയുടെ തേരോട്ടത്തിലും ശക്‌തമായ സംഘടനാ അടിത്തറയുണ്ടായിരുന്ന ഡി.എം.കെ. തമിഴ്‌നാട്ടില്‍ തിളക്കമാര്‍ന്ന വിജയം നേടി. വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ്‌ ആന്ധ്രാപ്രദേശിലും സമാന നേട്ടം കരസ്‌ഥമാക്കി. ഒഡീഷയില്‍ നവീന്‍ പട്‌നായിക്കും പശ്‌ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയും ഒട്ടൊക്കെ ബി.ജെ.പി.യെ പ്രതിരോധിച്ചു.
കഴിവതും യത്‌നിച്ചിട്ടും ഇതാണവസ്‌ഥയെങ്കില്‍ ഇനിയെന്ത്‌ എന്ന ചോദ്യം സ്വന്തം മനഃസാക്ഷിയോടുയര്‍ത്തിയാണ്‌ രാഹുല്‍ നേതൃപദവി വിടാന്‍ തീര്‍ച്ചപ്പെടുത്തിയത്‌. കൂടാതെ പരാജയം ജനിപ്പിച്ച അഭിമാനക്ഷതവും ഇച്‌ഛാഭംഗവും അദ്ദേഹത്തെ വേട്ടയാടുകയുമുണ്ടായി.
ഏതു പ്രതികൂല സാഹചര്യങ്ങളിലും ആത്മവിശ്വാസവും ഉള്‍ക്കരുത്തും പ്രകടമാക്കി മുന്നോട്ടുനീങ്ങുകയും അത്‌ അണികളിലേക്കു പകരുകയും ചെയ്യുന്നവനാകണം യഥാര്‍ത്ഥ നേതാവും യോദ്ധാവും. പക്വതയില്ലാത്ത പ്രവര്‍ത്തനരീതികളാല്‍ മുമ്പ്‌ രാഹുല്‍ വിമര്‍ശനവിധേയനായിട്ടുണ്ട്‌. അതില്‍നിന്നെല്ലാം വളരെയേറെ ഉയര്‍ന്ന്‌, ശക്‌തനായ നേതാവും പോരാളിയുമെന്ന പ്രതിച്‌ഛായ ആര്‍ജിച്ചെടുത്ത രാഹുലിനെയാണ്‌ പിന്നീടു രാജ്യം കണ്ടത്‌. രാഹുല്‍ പാര്‍ലമെന്റിനകത്തും പുറത്തും വിഷയങ്ങള്‍ വേണ്ടവിധം അവതരിപ്പിക്കാന്‍ കഴിയുന്ന പ്രസംഗകനായി മാറി. പ്രധാനമന്ത്രി പദത്തിനു യോഗ്യതയും ശേഷിയുമുള്ള ദേശീയനേതാവായി അദ്ദേഹം പരിണമിച്ചു. പ്രതിപക്ഷനിരയിലെ നിരവധി നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ മുഖവിലയ്‌ക്കെടുക്കുകയും ചെയ്‌തു. വീണ്ടും പക്വതയില്ലാത്ത നിലപാട്‌ രാഹുലില്‍നിന്നുണ്ടായത്‌ നേതൃമികവിനെ ചോദ്യംചെയ്യുന്നതും വിശ്വാസ്യത തകര്‍ക്കുന്നതുമാണ്‌.
1977 ല്‍ ഇന്ദിരാഗാന്ധിയുടെ കാലത്തും കോണ്‍ഗ്രസ്‌ പരാജയമടഞ്ഞിട്ടുണ്ട്‌. അന്ന്‌ ഉള്‍ക്കരുത്തോടുകൂടിയ പ്രവര്‍ത്തനമികവിലൂടെ അതിനെ അവര്‍ നേരിടുകയും അതിജീവിക്കുകയും ചെയ്‌തു. രാജീവ്‌ ഗാന്ധി 1989 ല്‍ സമാനസ്‌ഥിതി ധീരതയോടുകൂടി നേരിട്ട്‌ പരാജയത്തെ അഭിമുഖീകരിക്കാന്‍ തയാറായി.
ഇന്ന്‌ അധികാരസോപാനത്തില്‍ വിരാജിക്കുന്ന ബി.ജെ.പിയും മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ രാഷ്‌ട്രീയ ഭൂമികയില്‍ ഇടംകണ്ടെത്താന്‍ കഴിയാതെ പിന്നാമ്പുറത്തു കഴിയേണ്ടിവന്നവരായിരുന്നു. അവര്‍ നിരാശരായില്ല. ആത്മവിശ്വാസം കൈമുതലാക്കി രാഷ്‌ട്രീയപോരാട്ടത്തില്‍ അനുസ്യൂതപ്രയാണം നടത്തി. അതിന്റെ ഫലമാണ്‌ ഇപ്പോഴത്തെ നേട്ടങ്ങള്‍.
പഴയ കാല രാഷ്‌ട്രീയ സാഹചര്യങ്ങളല്ല ഇന്നു രാഹുലിനു നേരിടേണ്ടിവരുന്നത്‌. കേഡര്‍ സംഘടനാ സംവിധാനമുള്ള രാഷ്‌ട്രീയ എതിരാളിയെ അതിജീവിച്ച്‌ വിജയം നേടണമെങ്കില്‍ കരുത്തുറ്റ സംഘടനാ പിന്‍ബലമുള്ള ഒരു രാഷ്‌ട്രീയ പ്രസ്‌ഥാനത്തിനേ കഴിയൂ. അതാണ്‌ കോണ്‍ഗ്രസ്‌ നേരിടുന്ന വലിയ വെല്ലുവിളി.

പഠിക്കാത്ത പാഠങ്ങള്‍

2014 ലെ പരാജയത്തില്‍നിന്നു കോണ്‍ഗ്രസ്‌ ഒരു പാഠവും ഉള്‍ക്കൊണ്ടില്ല. അന്നത്തെ തെരഞ്ഞെടുപ്പിനുശേഷം അടിത്തറയില്ലാത്ത, കേവലമൊരു മേല്‍ക്കൂരയായി വടക്കേയിന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ കോണ്‍ഗ്രസ്‌ നിലകൊള്ളുകയായിരുന്നു. ഈ മേല്‍ക്കൂര ചെറിയ ഒരു കാറ്റുവീശിയാല്‍ത്തന്നെ പറന്നുപോകുന്ന സ്‌ഥിതിയിലുമായിരുന്നു. അതു മനസിലാക്കി സംഘടനാ സംവിധാനം താഴേത്തട്ടില്‍ വ്യാപിപ്പിച്ചു പാര്‍ട്ടിയെ കെട്ടിപ്പെടുക്കാന്‍ കോണ്‍ഗ്രസ്‌ ശ്രമിച്ചിരുന്നെങ്കില്‍ അവര്‍ക്ക്‌ ഇന്നത്തെ ഗതികേടു വരില്ലായിരുന്നു. ഇതൊക്കെ രാഹുല്‍ഗാന്ധിയെ ബോധ്യപ്പെടുത്താന്‍, കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി എന്ന കേഡര്‍ പ്രസ്‌ഥാനത്തെ എതിരിട്ടു വളര്‍ന്നുവന്ന എ.കെ. ആന്റണിയെപ്പോെലയുള്ള നേതാക്കള്‍ക്കുപോലും സാധിച്ചില്ലെന്നു വേണം കരുതാന്‍. അല്ലെങ്കില്‍ ഇതിനുവേണ്ടി ഒരു ശ്രമവും ആരും നടത്തിയില്ലെന്നുവേണം മനസിലാക്കാന്‍.
2019 ലെ തെരഞ്ഞെടുപ്പ്‌ ലാക്കാക്കി അമിത്‌ ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പി. സംഘടനാ സംവിധാനം ശക്‌തവും വ്യാപകവുമാക്കി കാലേക്കൂട്ടി സജ്‌ജമാക്കിയിരുന്നു. ബാലികേറാമലയായിരുന്ന നിരവധി സംസ്‌ഥാനങ്ങളില്‍ സര്‍വസന്നാഹവുമായി കടന്നുകയറ്റം നടത്താന്‍ ബി.ജെ.പി. ശ്രമിച്ചു. കോണ്‍ഗ്രസാകട്ടെ സംഘടനാ സംവിധാനമൊരുക്കി തെരഞ്ഞെടുപ്പിനു സജ്‌ജമാകുന്നതിനു ശ്രമിച്ചില്ല.

തട്ടിക്കൂട്ടിയാല്‍ തട്ടിത്തകരും

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലി കാണുമ്പോള്‍ തേനീച്ചയുടെ കഥയാണ്‌ ഓര്‍മ്മയില്‍ എത്തുക. നിരവധി നേതാക്കന്മാര്‍ റാണിമാരായി വിരാജിക്കും. പണിയാളുകളായി ഒട്ടേറെപ്പേര്‍ പ്രവര്‍ത്തിയെടുക്കുകയും ചെയ്യും. ഇവരെന്നും പണിയാളുകളായിത്തന്നെ നിലകൊള്ളും. നേട്ടങ്ങളെല്ലാം ആസ്വദിക്കുന്നത്‌ റാണിമാരായി വിലസുന്ന നേതാക്കന്മാരാണെന്നു മാത്രം! ഈ സംഘടനാശൈലിയിലും സംസ്‌കാരകത്തിലും അകപ്പെട്ടുപോയ പാര്‍ട്ടി താഴേത്തലങ്ങളില്‍ മിക്കയിടത്തും അതീവ ദയനീയാവസ്‌ഥയിലാണ്‌. തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോഴാണ്‌ ബൂത്ത്‌ കമ്മിറ്റികളെക്കുറിച്ച്‌ ഓര്‍ക്കുന്നത്‌. പിന്നീട്‌ തട്ടിക്കൂട്ട്‌ ഏര്‍പ്പാടുകളാണ്‌ എവിടെയും. ഈ സംവിധാനത്തിലേക്ക്‌ ആളിനെ കിട്ടാത്തിടത്ത്‌ വീടു കയറി സ്ലിപ്പ്‌ നല്‍കാന്‍പോലും സാധിക്കാറില്ല. ചില സ്‌ഥലങ്ങളില്‍ ഇലക്ഷന്‍ ഏജന്റിനെപ്പോലും കിട്ടാറുമില്ല! കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 ല്‍ പത്തൊമ്പതു സീറ്റും യു.ഡി.എഫ്‌. സ്വന്തമാക്കി. സംഘടനാ സംവിധാനം ദുര്‍ബലമായിട്ടും വളരെ അനുകൂലമായി പ്രവര്‍ത്തിച്ച ഒട്ടേറെ രാഷ്‌ട്രീയ ഘടകങ്ങളാണ്‌ യു.ഡി.എഫിന്റെ ഉജ്‌ജ്വല വിജയത്തിനു പിന്നില്‍.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനോടുള്ള വിശ്വാസികളുടെ എതിര്‍പ്പ്‌, യു.ഡി.എഫിന്‌ അനുകൂലമാക്കപ്പെട്ട ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണം, എന്‍.എസ്‌.എസിന്റെ യു.ഡി.എഫ്‌. അനുകൂല നിലപാട്‌, മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലിയോടുള്ള എതിര്‍പ്പ്‌, കൊലപാതക രാഷ്‌ട്രീയത്തിനോടുള്ള ജനകീയരോഷം... ഇതെല്ലാമാണ്‌ മുഖ്യമായും യു.ഡി.എഫ്‌ വിജയത്തിന്‌ അനുകൂലമായത്‌. പ്രതികൂല സാഹചര്യത്തില്‍ ദുര്‍ബല സംഘടനാ സംവിധാനവുമായി മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നാല്‍ ഫലം അതിദയനീയമായിരിക്കും.
കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ കമ്മിറ്റി വല്ലപ്പോഴുമാണ്‌ കൂടുന്നത്‌. അതുതന്നെ രണ്ടു മണിക്കൂര്‍. അത്രസമയം തന്നെ ഇരുന്നുകൊടുക്കുക എന്നതു മിക്ക കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ക്കും വളരെ മുഷിപ്പുള്ള കാര്യമാണ്‌. വര്‍ഷങ്ങള്‍ കൂടുമ്പോള്‍മാത്രമാണ്‌ എ.ഐ.സി.സി. വിളിച്ചുകൂട്ടുന്നത്‌. കുറേ നേതാക്കള്‍ യോഗത്തില്‍ പ്രസംഗിക്കും. അഭിപ്രായം പറഞ്ഞേതീരൂവെന്നു പറയുന്ന പ്രതിനിധികള്‍ക്ക്‌ ഏതാനും മിനിറ്റുകള്‍ അനുവദിക്കും. അതോടെ സംഗതി ശുഭം! ആരെങ്കിലും ചര്‍ച്ചയ്‌ക്കോ അനേ്വഷണത്തിനോ നിര്‍ബന്ധം പിടിച്ചാല്‍ അവര്‍ക്കായി പഠന കമ്മിറ്റി പ്രഖ്യാപിക്കും. കമ്മിറ്റി കുറേ യോഗങ്ങള്‍ കൂടും. ചിലരില്‍നിന്നു തെളിവെടുക്കും. റിപ്പോര്‍ട്ട്‌ കേന്ദ്രകമ്മിറ്റിക്കു സമര്‍പ്പിക്കും. കുറേക്കാലം ഈ റിപ്പോര്‍ട്ട്‌ പാര്‍ട്ടി ആസ്‌ഥാനത്തെ അലമാരയില്‍ ഭദ്രമായി കെട്ടിവയ്‌ക്കും. തുടര്‍ന്നു സ്വാഭാവിക മരണത്തിനു വിട്ടുകൊടുക്കും. ഈ പ്രവര്‍ത്തനശൈലി കോണ്‍ഗ്രസ്‌ അവസാനിപ്പിക്കാന്‍ തയാറായെങ്കില്‍മാത്രമേ രക്ഷപ്രാപിക്കൂ.

വേണം, മേജര്‍ ശസ്‌ത്രക്രിയ

തൊലിപ്പുറചികിത്സകൊണ്ടു കോണ്‍ഗ്രസിനെ രക്ഷിക്കുക അസാധ്യമാണ്‌. ആന്തരിക തളര്‍ച്ചയും തകര്‍ച്ചയും നേരിടുന്ന പാര്‍ട്ടിയെ മേജര്‍ ശസ്‌ത്രക്രിയയിലൂടെമാത്രമേ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനാവൂ. അതിനുള്ള ആര്‍ജവത്വവും ഇച്‌ഛാശക്‌തിയും ധീരതയുമാണ്‌ രാഹുല്‍ഗാന്ധി പ്രകടമാക്കേണ്ടത്‌. ഇന്നും ആര്‍ക്കും നിഷേധിക്കാനോ എഴുതിത്തള്ളാനോ കഴിയാത്തവിധം വോട്ടര്‍മാരുടെ ആഭിമുഖ്യം കോണ്‍ഗ്രസിനോടുണ്ട്‌. ഇപ്പോഴുള്ള വോട്ട്‌ ബാങ്ക്‌ ചോര്‍ന്നുപോകാന്‍ അനുവദിക്കരുത്‌.

നേതാക്കള്‍ മണ്ണിലിറങ്ങട്ടെ

കോണ്‍ഗ്രസ്‌ ചെയ്യേണ്ട അടിയന്തര പ്രാധാന്യമേറിയ പ്രവര്‍ത്തനം സ്വന്തം അടിത്തറ സൃഷ്‌ടിക്കലാണ്‌. അതിനു രാജ്യവ്യാപകമായി ബൂത്ത്‌ കമ്മിറ്റികള്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ സജ്‌ജീകരിക്കണം. പാര്‍ട്ടി കേന്ദ്രങ്ങളിലും സ്വന്തം മാളങ്ങളിലും നിഷ്‌ക്രിയരായി ഇരിക്കുന്ന ഉന്നതനേതാക്കളെ പാര്‍ട്ടി കെട്ടിപ്പെടുക്കാന്‍ രാജ്യവ്യാപകമായി താഴേത്തലത്തിലേക്ക്‌ ഇറക്കിവിടുകയാണ്‌ രാഹുല്‍ ചെയ്യേണ്ടത്‌. നിശ്‌ചിത ശതമാനം ബൂത്തുകളുടെ ചുമതല നല്‍കി പതിനഞ്ചില്‍ കുറയാത്ത ബൂത്ത്‌ തല പാര്‍ട്ടി കേഡര്‍മാരെ വാര്‍ത്തെടുക്കാനുള്ള സമയബന്ധിത പ്രവര്‍ത്തനത്തിന്‌ ഓരോ നേതാവിനെയും നിയോഗിക്കണം. ഇതില്‍ കാഴ്‌ചവയ്‌ക്കുന്ന പ്രവര്‍ത്തനമികവിന്റെ അടിസ്‌ഥാനത്തില്‍വേണം പാര്‍ട്ടി അധികാരസ്‌ഥാനങ്ങള്‍ക്ക്‌ അവരെ പരിഗണിക്കാന്‍. അതിനു കഴിയാത്തവരെ പാര്‍ട്ടി പദവികളില്‍നിന്ന്‌ ഒഴിവാക്കാനുള്ള നിശ്‌ചയദാര്‍ഢ്യവും ആര്‍ജവത്വവും രാഹുല്‍ കാട്ടണം. ചുവരുണ്ടെങ്കിലേ ചിത്രം വരയ്‌ക്കാന്‍ കഴിയൂ എന്ന പ്രാഥമിക പാഠം രാഹുല്‍ ഉള്‍ക്കൊള്ളണം.

എ. റഹീംകുട്ടി

(ലേഖകന്‍ ഐ.എന്‍.ടി.യു.സിയുടെയും ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്റെയും
മുന്‍ സംസ്‌ഥാന സെക്രട്ടറിയാണ്‌.
ഫോണ്‍: 9995077790)

Ads by Google
Monday 24 Jun 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW