Sunday, June 23, 2019 Last Updated 5 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 07.17 AM

'എല്ലാവര്‍ക്കും ഈസിയായ കാര്യങ്ങള്‍ രാജുവിനിത്തിരി ടഫാണ്, അന്ന് അച്ഛന്‍ പറഞ്ഞു'; രാജു നാരായണസ്വാമിയെ കുറിച്ച് സുഹൃത്ത്

face book post

തുറന്ന് പറച്ചിലുകളിലൂടെ വലിയ ചര്‍ച്ചകളില്‍ രാജു നാരായാണസ്വാമി എന്ന പേരും ഇടംപിടിക്കുകയാണ്. അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. അഴിമതിക്കെതിെര ശബ്ദിച്ചതിന് മൂന്നുമാസമായി ശമ്പളം പോലും കിട്ടാനില്ലെന്നും പെന്‍ഷന്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാജു നാരായണസ്വാമി പറഞ്ഞിരുന്നു. നാൡകര വികസന ബോര്‍ഡില്‍ നടന്ന മൂന്നു അഴിമതികള്‍ക്കെതിരെ നടപടി എടുത്തതിനാണ് ഇങ്ങനെ വേട്ടയാടാനുള്ള കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനും രാജു നാരായണസ്വാമിയുടെ സുഹൃത്തുമായ ഒരാളുടെ തുറന്ന് പറച്ചിലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചൂടുള്ള ചര്‍ച്ചയായിരിക്കുകയാണ്.

'എല്ലാത്തിനും റാങ്ക് വണ്‍ നേടിയ സ്വാമിക്ക് ഐഐടി പ്രവേശനപരീക്ഷയില്‍ മൂന്നാം റാങ്കായിപ്പോയതിനെക്കുറിച്ച് സ്വാമിയുടെ പിതാവ് എസ് ബി കോളജിലെ ഗണിതശാസ്ത്രാധ്യാപകന്‍ വെങ്കടാചല അയ്യര്‍ സാര്‍ നല്‍കിയ ഉത്തരം രസകരമായിരുന്നു. 'പ്രവേശനപരീക്ഷ ടഫ് അല്ലായിരുന്നു. എല്ലാവര്‍ക്കും ഈസിയായ കാര്യങ്ങള്‍ രാജുവിനിത്തിരി ടഫാണ്.' അദ്ദേഹം കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം;

1983 ലാണ് സംഭവം.

ചങ്ങനാശ്ശേരി സേക്രട്ട് ഹാർട്ട് സ്കൂളിന്റെ ഓഫീസ് മുറിയുടെ വാതിൽക്കൽ നിന്ന് രാജു നാരായണസ്വാമി എന്ന പത്താം ക്ലാസുകാരൻ പൊട്ടിക്കരയുന്നു.

എന്താണ് സംഭവമെന്ന് തിരക്കിയപ്പോൾ ഹിസ്റ്ററി പരീക്ഷയ്ക്ക് 44/50 മാർക്ക് മാത്രമാണ് തനിക്ക് കിട്ടിയത്. ഫുൾ മാർക്കിന് തനിക്കർഹതയുണ്ട് എന്ന് പറഞ്ഞാണ് സ്വാമിയുടെ കരച്ചിൽ.റാങ്ക് പ്രതീക്ഷിക്കുന്ന പ്രിയ വിദ്യാർത്ഥിയുടെ വിഷമം പരിഹരിക്കുവാൻ ഹെഡ്മാസ്റ്റർ റവ.ഫാദർ ഒ.ജെ വർഗീസ് സ്വാമിയുടെ ഹിസ്റ്ററി പേപ്പർ വാല്യു ചെയ്ത അധ്യാപകൻ ശ്രീ.ജോസഫ് കണ്ടത്തിലിനെ ഓഫീസിൽ വിളിച്ചു വരുത്തുന്നു, കാരണമാരായുന്നു.
" രാജുവിന്റെ ഉത്തരങ്ങളെല്ലാം bookish ആണ് ഫാദർ. ടെക്സ്റ്റ് വള്ളിപുള്ളി വിടാതെ പകർത്തി വച്ചിരിക്കുന്നു. ഫുൾ മാർക്ക് കൊടുക്കേണ്ട പേപ്പറാണ്. പക്ഷേ ടെക്സ്റ്റ് അതേ പോലെ പകർത്തി വച്ചാൽ? എനിക്ക് രാജുവിന്റെ കഴിവിൽ വിശ്വാസമുണ്ട്. പക്ഷേ SSLC centralised valuation ക്യാമ്പിൽ രാജുവിന്റെ ആൻസർ ഷീറ്റ് മൂല്യനിർണയം ചെയ്യുന്ന ഒരധ്യാപകൻ ഇത് ടെക്സ്റ്റ് കോപ്പിയടിച്ച് വച്ചെന്നല്ലേ കരുതൂ."
ഇതായിരുന്നു കണ്ടത്തിൽ സാറിന്റെ ന്യായീകരണം.
അത്ര ഫോട്ടോഗ്രഫിക്ക് മെമറിയുള്ള വിദ്യാർത്ഥിയായിരുന്നു എന്റെ രണ്ടു വർഷം സീനിയറായിരുന്ന സ്വാമി.

അക്കൊല്ലത്തെ SSLC പരീക്ഷയിൽ സ്റ്റേറ്റിൽ ഒന്നാം റാങ്ക് സ്വാമിക്കായിരുന്നു. 600ൽ 583 ഓ 584 ഓ മാർക്ക്. പിന്നീട് ചങ്ങനാശ്ശേരി SB കോളജിൽ നിന്നും പ്രീഡിഗ്രി ഒന്നാം റാങ്ക്. IIT ഒന്നാം റാങ്ക്. പിന്നെ IAS ഒന്നാം റാങ്ക്.

എല്ലാത്തിനും റാങ്ക് വൺ നേടിയ സ്വാമിക്ക് IIT പ്രവേശനപരീക്ഷയിൽ മൂന്നാം റാങ്കായിപ്പോയതിനെക്കുറിച്ച് സ്വാമിയുടെ പിതാവ് എസ് ബി കോളജിലെ ഗണിതശാസ്ത്രാധ്യാപകൻ വെങ്കടാചല അയ്യർ സാർ നൽകിയ ഉത്തരം രസകരമായിരുന്നു.
" പ്രവേശനപരീക്ഷ ടഫ് അല്ലായിരുന്നു.എല്ലാവർക്കും ഈസിയായ കാര്യങ്ങൾ രാജുവിനിത്തിരി ടഫാണ്."

എസ്സെച്ചിലുണ്ടായിരുന്ന റ്റെർഡി ജോർജ് ( ജീവിച്ചിരിപ്പില്ല) പങ്കു വച്ച രസകരമായ മറ്റൊരു സ്വാമി സംഭവം പങ്കു വയ്ക്കുന്നു.
സ്കൂളിൽ സഹപാഠികൾ എന്തിനോ സ്വാമിയെ കളിയാക്കിയപ്പോൾ റ്റെർഡി സ്വാമിയോട്
"ഇവര് സ്വാമിയെ വധിച്ചു അല്ലേ?"ന്ന് ചോദിച്ചപ്പോൾ വളരെ നിഷ്കളങ്കമായി
"ഹേയ്.. ഇവരെന്നെ വധിക്കാൻ വന്നൊന്നുമില്ല..വല്ലാതെ കളിയാക്കുന്നു" എന്ന് പറഞ്ഞുവത്രേ.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഒരു ബന്ധു സ്വാമിയെ സംബന്ധിച്ച മറ്റൊരു രസകരമായ വസ്തുത പങ്കു വച്ചതും ഇവിടെ നിങ്ങൾക്കായി..
ഒഫീഷ്യൽ ചടങ്ങുകൾക്ക് വരുമ്പോൾ കാപ്പിക്ക് കൂട്ടായി കൊടുക്കുന്ന ബിസ്കറ്റുകളെ പൊതുവെ ഭൂരിപക്ഷവും അവഗണിക്കുകയാണ് പതിവ്.
എന്നാൽ സ്വാമി അവിടെ വ്യത്യസ്തനാണ്.ഒരു ബിസ്കറ്റ് പോലും മിച്ചം വയ്ക്കാതെ സ്വാമി പ്ലേറ്റ് കാലിയാക്കിയിരിക്കും.

ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ കുറച്ചു ഭാഗം encroachment ആണെന്ന് കണ്ടെത്തിയ സ്വാമി മതിൽ പൊളിച്ച് സർക്കാരിലേക്ക് അത്രയും ഭൂമി കണ്ടു കെട്ടിയതും കൗതുകകരമായ വാർത്തയായിരുന്നു.

ഇത്രയുമൊക്കെ വായിക്കുമ്പോൾ രാജു നാരായണസ്വാമിയെക്കുറിച്ചൊരേകദേശ ചിത്രം രൂപപ്പെട്ടു കാണുമല്ലോ!

മൂന്നാർ ഭൂമി കയ്യേറ്റം മുതൽ നാളികേരവികസനബോർഡിലെ കോടിക്കണക്കിനുള്ള അഴിമതി കണ്ടെത്തലുകൾ വരെ പുറത്തു കൊണ്ടു വന്ന സ്വാമിയെ സർവീസിൽ നിന്നും പിരിച്ചു വിടാൻ കേരളം കേന്ദ്രത്തിന് ശുപാർശ നൽകിയിരിക്കുന്നു. അഴിമതിക്ക് കൂട്ടു നിൽക്കില്ല, സ്വാമി ഇനിയും നാളികേരവികസനബോർഡ് ചെയർമാനായി തുടർന്നാൽ പ്രത്യാഘാതം ഗുരുതരമാവും എന്ന തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനത്തിൽ അവരെ കൊണ്ടെത്തിച്ചത്. കേരളത്തിലും കേന്ദ്രത്തിലും തനിക്ക് വിശ്വാസമില്ലെന്നും നിയമപരമായി നീങ്ങുവാനുമാണ് സ്വാമിയുടെ തീരുമാനം.

നാലു മാസം ശമ്പളമില്ലാതെ ജോലി ചെയ്യുന്ന വ്യക്തി മാധ്യമങ്ങളിൽ നിന്നുമാ വാർത്തയറിയുന്നത് ഹൃദയഭേദകം തന്നെയാണ്.

മരിച്ചു പോയ ഒരു രാഷ്ട്രീയനേതാവ് സ്വാമിയെക്കുറിച്ച് പണ്ട് പറഞ്ഞ ക്രൂരമായ തമാശ ഓർമ വരുന്നു.
" സ്വാമിക്ക് അതിബുദ്ധിയാണ്."

Superconductivity യിൽ റിസർച്ച് നടത്തണം എന്ന ആഗ്രഹമുണ്ടായിരുന്ന വ്യക്തി ഇപ്പോൾ തട്ടിക്കളിക്കപ്പെടുന്നു. ആ മേഖലയിലേക്ക് തിരിഞ്ഞ് ഭൂഗോളത്തിന്റെ പടിഞ്ഞാറേതെങ്കിലും ഭാഗത്തെ ബഹുരാഷ്ട്രകമ്പനിയുടെ തലപ്പത്തിരുന്ന് കോടികൾ സമ്പാദിക്കേണ്ട വ്യക്തി ഇന്ന് ഞാനും നിങ്ങളുമുൾപ്പെട്ട സമൂഹത്തിന്റെ മോറൽ സപ്പോർട്ട് ആഗ്രഹിക്കുന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാർ പോലും ചെയ്ത കാര്യമാണ്, തങ്ങൾ നിസ്സഹായരാവുമ്പോൾ മാധ്യമങ്ങളിലൂടെ സമൂഹത്തെ കാര്യം ബോധ്യപ്പെടുത്തുക എന്നത്.

രാജുനാരായണസ്വാമിക്കൊപ്പം നില കൊള്ളുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW