Sunday, June 23, 2019 Last Updated 9 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.35 AM

മനോരോഗി പറയുന്നത്‌

uploads/news/2019/06/316845/re4.jpg

അതിപ്രഗത്ഭനായ ഒരു ഡോക്‌ടര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. തന്റെ വേദപുസ്‌തകവും അദ്ദേഹം കൈയില്‍ കരുതിയിരുന്നു. അദ്ദേഹം കയറിയ കമ്പാര്‍ട്ടുമെന്റില്‍ തന്നെ കുറെ വിദ്യാര്‍ത്ഥികളും യാത്ര ചെയ്യുന്നുണ്ടായിരുന്നു. അവര്‍ വളരെ സന്തോഷ പൂര്‍വം പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരുന്നു. അല്‌പ സമയത്തിനു ശേഷം അവരുടെ സംഭാഷണം ദൈവത്തെക്കുറിച്ചായി. ഒരാള്‍ പറഞ്ഞു: ഈ ആധുനിക കാലത്ത്‌ കേവലം മണ്ടന്മാര്‍ മാത്രമേ ദൈവത്തില്‍ വിശ്വസിക്കുന്നുള്ളൂ. യേശു എന്നു പേരുള്ള ഒരു യഹൂദന്‍ ദൈവമായിരുന്നുവെന്ന്‌ പറയുന്നത്‌ വെറും മണ്ടത്തരമാണ്‌.
മറ്റൊരാള്‍ വളരെ ഉത്സാഹപൂര്‍വ്വം പ്രതിവചിച്ചു. വേറൊരാള്‍ പറഞ്ഞത്‌ ശാസ്‌ത്രത്തിന്‌ വലിയ പുരോഗതിയുണ്ടായിരിക്കുന്നതു കൊണ്ട്‌ വേദപുസ്‌തകത്തില്‍ വിശ്വസിക്കുന്നതു തന്നെ ഒരു മഠയത്തരമാണ്‌ എന്നാണ്‌. ഇപ്രകാരം നീണ്ടു പോയ സംഭാഷണങ്ങള്‍ക്കൊന്നും വലിയ ശ്രദ്ധ കൊടുക്കാതെ പഠിപ്പുള്ള ആ ഡോക്‌ടര്‍ തന്റെ വേദപുസ്‌തകം വായിച്ചു കൊണ്ടിരുന്നു. ഈവിധ സംഗതികളോടൊന്നും വലിയ യോജിപ്പില്ലാതിരുന്ന ഒരു യുവാവ്‌ വേദ പുസ്‌തക പാരായണത്തിലേര്‍പ്പെട്ടിരുന്ന ആ മനുഷ്യന്റെ നേരെ തിരിഞ്ഞിട്ട്‌ ചോദിച്ചു: സാര്‍, താങ്കള്‍ എന്തുകൊണ്ടാണ്‌ യേശുവിനും വേദപുസ്‌തകത്തിനും വേണ്ടി വാദഗതികള്‍ നിരത്താത്തത്‌?
ഇത്തരം സംഭാഷണങ്ങളൊക്കെ എനിക്ക്‌ സുപരിചിതമാണ്‌- അദ്ദേഹം മറുപടി പറഞ്ഞു. അത്ഭുതപ്പെട്ടു പോയ ആ യുവാവ്‌ വീണ്ടും ചോദിച്ചു, താങ്കള്‍ എന്താണ്‌ അര്‍ത്ഥമാക്കുന്നത്‌?
ഞാന്‍ ഒരു ഡോക്‌ടറാണ്‌. അദ്ദേഹം പറഞ്ഞു, ഞാന്‍ മാനസിക രോഗികള്‍ക്കായുള്ള ആശുപത്രിയിലാണ്‌ ജോലി ചെയ്യുന്നത്‌. ഇവിടെ ഇതേ പോലെ സംസാരിക്കുന്ന അനേകരെ ഞാന്‍ പതിവായി കാണാറുണ്ട്‌. ഒരു മൂഢന്റെ ദൈവം അവന്‍ തന്നെയാണ്‌. വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിയുന്നതല്ല. ദൈവത്തിന്റെ അടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ട്‌ എന്നും തന്നെ അനേ്വഷിക്കുന്നവര്‍ക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ എന്ന്‌ ബൈബിളിലെ എബ്രായര്‍ക്കെഴുതിയ ലേഖനത്തില്‍ കാണുന്നു. ഈ വേദഭാഗം നിങ്ങള്‍ മനസിലാക്കണം. അതായത്‌ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ജീവിതത്തില്‍ അത്ഭുതങ്ങള്‍ കൈവരിക്കുന്നതിന്റെ രഹസ്യം യേശുവിലുള്ള വിശ്വാസമാണ്‌.
അദൃശ്യമായ ലോകത്തുനിന്നും ദൃശ്യമായ ലോകത്തിലേക്കു നമ്മുടെ ആശകള്‍ കൊണ്ടുവരുന്നതാണു വിശ്വാസം. നാം ജീവിക്കുന്ന ഈ ലോകത്തില്‍ ഓരോന്നിനും അതിന്റേതായ നിയമങ്ങളുണ്ട്‌. ഒരു രാജ്യത്തിന്‌ അതിന്റെ ഭരണഘടനയുണ്ട്‌. കോടതിക്ക്‌ അതിന്റെ നിയമങ്ങളുണ്ട്‌. സ്‌കൂളിനും കോളജിനും ഓഫീസിനും അതിന്റേതായ നിയമങ്ങളുണ്ട്‌. പ്രകൃതിക്കുമുണ്ട്‌ നിയമം. രാവിലെ സൂര്യന്‍ ഉദിക്കുകയും വൈകിട്ട്‌ അസ്‌തമിക്കുകയും ചെയ്യുന്നു. അതിനു നാം ബദ്ധപ്പെടേണ്ട കാര്യമില്ല. എന്നാല്‍ സൂര്യന്റെ പ്രയോജനം വ്യക്‌തികള്‍ക്കു ലഭിക്കണമെങ്കില്‍ അവരവര്‍ ചെയ്യേണ്ട കാര്യം ചെയ്യണം. സൂര്യന്‍ നമുക്കു ചൂടും വെളിച്ചവും തരുന്നുണ്ട്‌. വെയിലത്തു നമുക്കു നനച്ച വസ്‌ത്രം ഉണക്കാം, നെല്ലുണങ്ങാം, കപ്പ ഉണങ്ങാം, റബ്ബര്‍ ഷീറ്റുണക്കാം... ഇങ്ങനെ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ആവശ്യമായിരിക്കുന്ന ധാരാളം കാര്യങ്ങള്‍ നമുക്കു ചെയ്യാം. താങ്കളുടെ വീട്ടില്‍ ഇലക്‌ട്രിസിറ്റിയുണ്ട്‌. യഥാസമയം ലൈറ്റു കത്തുവാനും ഫാന്‍ കറങ്ങുവാനും ടി.വി കാണുവാനും മിക്‌സി പ്രവര്‍ത്തിപ്പിക്കുവാനും വൈദ്യുതിയുടെ പ്രവാഹം അനുവദിക്കുന്നില്ലെങ്കില്‍ പ്രയോജനം എന്താണ്‌? അതു പ്രവൃത്തിക്കണമെങ്കില്‍ സ്വിച്ച്‌ ഓണ്‍ ചെയ്യണം അല്ലെങ്കില്‍ അതിനുള്ള പ്ലഗ്‌ കുത്തണം. ഇല്ലെങ്കില്‍ അതു കൊണ്ടു നിനക്കൊരു പ്രയോജനവും ഇല്ല. ഈ നിയമങ്ങള്‍ അറിയാമെങ്കിലും അതു നിങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു വല്ല ഗുണവും സൂര്യനില്‍ നിന്നുണ്ടാകുമോ?
ഇതുപോലെയാണു ദൈവത്തിന്റെ വചനം. ദൈവവചനം വായിക്കുകയും അതനുസരിക്കുകയും ചെയ്‌താല്‍ നിങ്ങളുടെ ജീവിതത്തില്‍ അതു പ്രയോജനം ചെയ്യും. നമ്മുടെ കണ്ണുകള്‍ കൊണ്ട്‌ നമുക്കു കാണാന്‍ കഴിയാത്ത സംഗതികള്‍ ഉണ്ട്‌ എന്നു വിശ്വസിക്കുന്നതാണ്‌ വിശ്വാസത്തിന്റെ ആരംഭം. നിങ്ങള്‍ ഒന്നാമതു ദൈവം ഉണ്ടെന്നു വിശ്വസിക്കുക. പിന്നെ ദൈവത്തിന്റെ വചനം വിശ്വസിക്കുക. നിങ്ങളുടെ പാപങ്ങളുടെ പരിഹാരം, ഭൗതികമായ നന്മകള്‍, രോഗസൗഖ്യം, കുഞ്ഞുങ്ങളുടെ ധന്യമായ ഭാവി... ഇതെല്ലാം ദൈവം തന്നു കഴിഞ്ഞിരിക്കയാണ്‌. ഇതുവരെയും നിങ്ങള്‍ക്കിതു കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല എങ്കില്‍ ദൈവം ഇതു പറഞ്ഞിരിക്കുന്നു എന്ന കാരണത്താല്‍ നിങ്ങള്‍ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുക.

Ads by Google
Sunday 23 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW