Saturday, June 22, 2019 Last Updated 15 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 11.17 PM

കമലിന്‌ പറ്റിയ അമളി

uploads/news/2019/06/316729/sun2.jpg

ഓരോരുത്തര്‍ക്കും ഓരോ പണി പറഞ്ഞിട്ടുണ്ട്‌ ദൈവം. അതിന്റെ അതിരുകള്‍ കടന്ന്‌ വിജയിക്കണമെങ്കില്‍ അതിനുളള ശേഷിയും ക്ഷമാപൂര്‍വമായ കാത്തിരിപ്പും പരിശ്രമവും വേണം. ഇതൊന്നുമില്ലാതെ എടുത്ത്‌ ചാടാന്‍ ശ്രമിച്ചാല്‍ കക്ഷത്തിലിരുന്നതും പോയി ഉത്തരത്തിരുന്നതുമില്ല എന്നാവും അവസ്‌ഥ. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ നടന്‍ കമലഹാസന്റെ രാഷ്‌ട്രീയ പ്രവേശം.
കമലഹാസന്‍ തമിഴില്‍ മറ്റേതൊരു താരത്തേക്കാള്‍ പ്രതിഭയും അറിവും വായനയും ചിന്താശേഷിയുമുള്ള വ്യക്‌തിയാണ്‌. ഗബ്രിയല്‍ ഗാര്‍സിയ മാര്‍കേസ്‌ അടക്കമുളളവരുടെ കൃതികള്‍ മനപാഠമാക്കി കൊണ്ടുനടക്കുന്നത്ര ഭയങ്കരനാണ്‌. എന്നാല്‍ പ്രായോഗിക ബുദ്ധിയില്‍ രജനീകാന്തിനും മോഹന്‍ലാലിനും തല അജിത്തിനും ഏറെ പിന്നിലാണ്‌ അദ്ദേഹത്തിന്റെ സ്‌ഥാനം. പലരും ഏറെ നിര്‍ബന്ധിച്ചിട്ടും സമ്മര്‍ദ്ദം ചെലുത്തിയിട്ടും പൊതുപ്രവര്‍ത്തനത്തിലേക്ക്‌ ഇറങ്ങാന്‍ വിമുഖത കാണിച്ച ഈ മൂന്ന്‌ പ്രമുഖരും നിലവിലുളള തങ്ങളുടെ സ്‌ഥാനം വിട്ട്‌ ഒരു എടുത്തുചാട്ടത്തിന്‌ ഇതുവരെ തയ്യാറായില്ല. എന്നാല്‍ കമല്‍ കരുതിയത്‌ ജയലളിതയും കരുണാനിധിയും എം.ജി.ആറും ഉള്‍പ്പെടെ സിനിമ നല്‍കിയ ജനപ്രീതിയില്‍ രാഷ്‌ട്രീയത്തില്‍ വെന്നിക്കൊടി പാറിച്ചവരുടെ അഭാവത്തില്‍ തനിക്ക്‌ വന്‍നേട്ടങ്ങള്‍ കൊയ്യാമെന്നാണ്‌. ഇവിടെ അദ്ദേഹം മനസിലാക്കാതെ പോയ ഒരു കാര്യമുണ്ട്‌. മേല്‍പറഞ്ഞ മൂന്നുപേരും കേവലം സിനിമാക്കാര്‍ മാത്രമായിരുന്നില്ല. നിരവധി ദശകങ്ങളോളം ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ അടിത്തട്ട്‌ മുതല്‍ പ്രവര്‍ത്തിച്ച്‌ പൊതുപ്രവര്‍ത്തനത്തിന്റെ അലകും പിടിയും ഉള്‍ക്കൊണ്ട ശേഷമാണ്‌ അവര്‍ മുഖ്യധാരയിലേക്ക്‌ വന്നതും സംസ്‌ഥാനത്തിന്റെ ഭരണയന്ത്രം കയ്യാളിയതും. അല്ലാതെ ഒരു സുപ്രഭാതത്തില്‍ ഉണ്ടായ ഒരു വെളിപാടല്ല അവരെ വളര്‍ത്തിയത്‌.
പണ്ട്‌ ഒരു അഭിമുഖത്തില്‍ എന്ത്‌ സംഭവിച്ചാലും താന്‍ രാഷ്‌ട്രീയത്തിലേക്കില്ലെന്നും സിനിമയാണ്‌ തനിക്ക്‌ എല്ലാമെല്ലാം എന്നും വീമ്പിളക്കിയ ആളാണ്‌ കമലഹാസന്‍. അഭിപ്രായം ഇരുമ്പുലക്കയല്ലല്ലോ? സിനിമയില്‍ ഒരു കലാകാരന്‌ ലഭിക്കാവുന്ന എല്ലാ നേട്ടങ്ങളും അംഗീകാരങ്ങളും സ്വന്തമായപ്പോള്‍ എന്നാല്‍ ഇനി രാഷ്‌ട്രീയത്തിലിറങ്ങി കഴിയുമെങ്കില്‍ ഒരു മുഖ്യമന്ത്രിസ്‌ഥാനത്തിരുന്ന്‌ കളയാം എന്ന്‌ അദ്ദേഹം സ്വപ്‌നം കണ്ടെങ്കില്‍ പാവത്തിനെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. അതിനുളള എല്ലാ യോഗ്യതകളും അദ്ദേഹത്തിനുണ്ട്‌ താനും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി സീറ്റുകള്‍ തൂത്തു വാരുന്ന പക്ഷം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറി ഭരണം പിടിച്ചെടുക്കാമെന്നായിരുന്നു കക്ഷിയുടെ കണക്ക്‌ കൂട്ടലെന്ന്‌ അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ മനസിലായി. എന്നാല്‍ തമിഴ്‌ജനത പഴയതു പോലല്ല. അവര്‍ക്ക്‌ കുറെയൊക്കെ രാഷ്‌ട്രീയ പ്രബുദ്ധത കൈവന്നിരിക്കുന്നു.
പാര്‍ലമെന്റിലേക്ക്‌ സിനിമയുടെ കരസ്‌പര്‍ശമില്ലാത്ത സ്‌റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡി.എം.കെ. മുന്നണി വന്‍വിജയം കൊയ്‌തപ്പോള്‍ ഒപ്പം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ജയലളിതയോ വിജയകാന്തോ ഇല്ലാത്ത എ.ഐ.എ.ഡി.എം.കെ. സഖ്യം മുഴുവന്‍ സീറ്റുകളും സ്വന്തമാക്കി. കമലഹാസന്റെ പാര്‍ട്ടി കച്ചിതൊട്ടില്ലെന്ന്‌ സാരം. മൂപ്പര്‍ക്ക്‌ സംഭവിച്ച സമാനമായ അക്കിടി മറ്റൊരു ബുദ്ധിജീവിതാരമായ പ്രകാശ്രാജിനും പറ്റി. ആശാന്‍ കര്‍ണ്ണാടകയില്‍ നിന്ന്‌ ലോക്‌സഭയിലേക്ക്‌ മത്സരിച്ചെങ്കിലും കെട്ടിവച്ചകാശ്‌ സര്‍ക്കാര്‍ ഖജനാവിലേക്ക്‌ മുതല്‍ക്കൂട്ടി. കേരളത്തിലെ ഇന്നച്ചന്‌ ആഴത്തില്‍ വേരുകളുളള ഒരു പാര്‍ട്ടിയുടെ പിന്‍ബലമുണ്ടായിട്ടും ക്ലച്ച്‌ പിടിക്കാനായില്ല.
ഇവരൊക്കെ പൊതുവായി മനസിലാക്കേണ്ട ചിലതുണ്ട്‌. ഏസി കാറില്‍ നിന്നിറങ്ങി ഏസി ഹോട്ടല്‍മുറികളില്‍ താമസിച്ചും തിരിച്ച്‌ വീട്ടിലെ ഏസി ബെഡ്‌റൂമില്‍ ഉറങ്ങിയും ക്ലാസ്‌ വണ്‍ ഭക്ഷണം കഴിച്ചും മുന്തിയ വസ്‌ത്രങ്ങള്‍ ധരിച്ചും സുഖജീവിതം നയിക്കുന്നവര്‍ക്കുളളതല്ല ഇതൊന്നും. രാഷ്‌ട്രീയക്കാരും ഇതൊക്കെ ചെയ്യുന്നുണ്ടെങ്കിലും ദുരിതപൂര്‍ണ്ണമായ ഒരു ഭൂതകാലം പിന്നിട്ടാണ്‌ അവര്‍ ഈ സുഖങ്ങളിലേക്ക്‌ എത്തിച്ചേര്‍ന്നത്‌.
കുറഞ്ഞപക്ഷം ഒരു രണ്ടാഴ്‌ചയെങ്കിലും ജയിലില്‍ കിടക്കാത്ത നേതാക്കള്‍ വിരളമാണ്‌. ഈ സ്‌ഥാനത്ത്‌ പണവും പ്രശസ്‌തിയും ജനപ്രീതിയും പുരസ്‌കാരങ്ങളും ഉയര്‍ന്ന ജീവിതസൗകര്യങ്ങളും എല്ലാമായി, എന്നാല്‍ പിന്നെ രാഷ്‌ട്രീയത്തില്‍ ഒരു കൈ പയറ്റി നോക്കാം എന്ന മൗഡ്യവുമായി ചിലര്‍ രംഗത്തിറങ്ങുന്നത്‌. ഇങ്ങനെ ഇറങ്ങിയ പലര്‍ക്കും ഒറ്റാലില്‍ കിടന്നതുമില്ല... എന്ന അവസ്‌ഥയായി. അതുകൊണ്ട്‌ ഇനിയുളള രാഷ്‌ട്രീയ ഭിക്ഷാംദേഹികള്‍ കുറെക്കൂടി കരുതലോടെ നീങ്ങിയാല്‍ അവര്‍ക്ക്‌ കൊളളാം. ജനത്തിനും...
ഇക്കൂട്ടത്തില്‍ ഏറ്റവും അഭിനന്ദനം അര്‍ഹിക്കുന്നത്‌ മലയാള സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമാണ്‌. കോട്ടയത്തും ചാലക്കുടിയിലുമൊക്കെ മമ്മൂട്ടിയെ സ്‌ഥാനാര്‍ത്ഥിയാക്കാന്‍ അദ്ദേഹം അനുഭാവം പുലര്‍ത്തുന്ന പാര്‍ട്ടി കിണഞ്ഞ്‌ ശ്രമിച്ചെങ്കിലും മമ്മൂട്ടി ആ കുരുക്കില്‍ വീണില്ല. എല്ലാ പാര്‍ട്ടിയിലും പെട്ട ജനലക്ഷങ്ങള്‍ ആരാധിക്കുന്ന നടന്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ വക്‌താവായാലുളള ഭവിഷ്യത്തുക്കളെ കുറിച്ച്‌ അദ്ദേഹം നന്നേ ബോധവാനായിരുന്നു. അങ്ങനെ അദ്ദേഹം തനിക്ക്‌ പകരം ആ പാപഭാരം സാക്ഷാല്‍ ഇന്നച്ചന്റെ തലയില്‍ വച്ചു കൊടുത്തു.
മോഹന്‍ലാലിന്റെ സ്‌ഥിതി അതിലും പ്രതീക്ഷാവഹമായിരുന്നു. തിരുവനന്തപുരം സീറ്റാണ്‌ ബി.ജെ.പി. അദ്ദേഹത്തിന്‌ ഓഫര്‍ ചെയ്‌തത്‌. അവിടെ ലാല്‍ ജയിക്കുമെന്ന കാര്യം ശത്രുക്കള്‍ക്ക്‌ പോലും ഉറപ്പാണ്‌. ജയിച്ചാല്‍ കേന്ദ്രകാബിനറ്റ്‌ മന്ത്രിപദം ഉള്‍പ്പെടെ പലതും പിന്നാലെ ലഭിക്കുകയും ചെയ്യും. പ്രധാനമന്ത്രി നേരിട്ട്‌ കൂടിക്കാഴ്‌ച നടത്തിയെങ്കിലും ലാല്‍ അതില്‍ കൊത്തിയില്ല.
ഒരു കേന്ദ്രമന്ത്രി സ്‌ഥാനത്തിനപ്പുറമാണ്‌ ലോകമെങ്ങുമുളള ചലച്ചിത്രപ്രേമികളുടെ മനസില്‍ മോഹന്‍ലാലിന്റെ സ്‌ഥാനമെന്ന്‌ മനസിലാക്കാനുളള സാമാന്യബുദ്ധി അദ്ദേഹത്തിനുണ്ട്‌. ഏറ്റവും പുതിയ ചിത്രം ലൂസിഫര്‍ 75 ദിവസം കൊണ്ട്‌ 200 കോടിയാണ്‌ ആഗോളതലത്തില്‍ നിന്നും വാരിക്കൂട്ടിയതെന്ന്‌ പറയപ്പെടുന്നു.
സിനിമയ്‌ക്കും രാഷ്‌ട്രീയത്തിനും വേണ്ടാത്തവരായി നടുക്കടലില്‍ കിടന്ന്‌ ഉഴലുന്നതിലും ഭേദം സ്വന്തം കര്‍മ്മമണ്ഡലത്തില്‍ തങ്ങള്‍ക്കുളള അജയ്യത നിലനിര്‍ത്തുന്നതല്ലേ നല്ലത്‌ എന്ന്‌ ചിന്തിച്ച മമ്മൂട്ടിയെയും ലാലിനെയും ഓര്‍ത്ത്‌ നമുക്ക്‌ അഭിമാനിക്കാം.

എസ്‌. നന്ദകിഷോര്‍

Ads by Google
Saturday 22 Jun 2019 11.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW