Saturday, June 22, 2019 Last Updated 5 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 11.17 PM

പെണ്ണായാല്‍ വേദന സഹിക്കണം?

uploads/news/2019/06/316728/sun1.jpg

സ്‌ത്രീകള്‍ വേദനിക്കാനുളളവരെന്ന പൊതുധാരണ അസാധാരണമായ ആര്‍ജവം കൊണ്ട്‌ അതിജീവിച്ച അനുഭവത്തെക്കുറിച്ച്‌ എഴുത്തുകാരിയും അദ്ധ്യാപികയുമായ ഫൗസിയ കളപ്പാട്ട്‌. എത്രയൊക്കെ പരീക്ഷണങ്ങള്‍ നേരിട്ടാലും സന്തോഷം കണ്ടെത്തി ചിരിച്ചുകൊണ്ട്‌ ജീവിക്കുന്നവരാണ്‌ യഥാര്‍ത്ഥ വിജയികളെന്ന്‌ ഫൗസിയ...
വേദനകള്‍ മനുഷ്യസഹജമാണ്‌. ശാരീരികവും മാനസികവുമായ വേദനകളുണ്ട്‌. എന്നാല്‍ ഒരു പെണ്ണിന്‌ തീവ്രവും അസഹനീയവുമായ വേദന വന്നാല്‍ അത്‌ അനുഭവിക്കാനും സഹിക്കാനും വിധിക്കപ്പെട്ടവളാണ്‌ അവള്‍ എന്ന സമൂഹത്തിന്റെ പൊതുധാരണ നമ്മെ വല്ലാത്ത ബുദ്ധിമുട്ടിലാക്കും. കുടുംബാംഗങ്ങള്‍ അടക്കം അതിനെ ആ തരത്തില്‍ കാണുകയും ലഘൂകരിക്കുകയും ചെയ്യും. മാനസികപ്രശ്‌നമെന്നുംവീട്ടുജോലികള്‍ ചെയ്യാതിരിക്കാനുളള ഒഴികഴിവെന്നുമൊക്കെ ഈ വേദന വ്യാഖ്യാനിക്കപ്പെടും. രണ്ട്‌ ദശകങ്ങളായി നിരന്തരവേദന അനുഭവിക്കുകയും ഇനിയും അതിന്‌ ശമനം വരികയും ചെയ്യാത്ത ഒരാള്‍ കാരുണ്യത്തിന്റെ അംശം പോലുമില്ലാതെ വിമര്‍ശിക്കപ്പെടുന്ന അവസ്‌ഥ സൃഷ്‌ടിക്കുന്ന മനോവേദന ശാരീരികവേദനയേക്കാള്‍ തീക്ഷ്‌ണമാണ്‌. സമാനമായ അനുഭവമുളള ഒട്ടേറെ സ്‌ത്രീകള്‍ എല്ലാം സഹിച്ച്‌ കഴിയുമ്പോള്‍ അവര്‍ക്കായി ഞാന്‍ എന്റെ അനുഭവം പങ്ക്‌ വയ്‌ക്കുകയാണ്‌. ഇതെഴൂതുമ്പോഴും ഞാന്‍ ഒരു ആശുപത്രിയിലാണ്‌്. മഹത്തായ ഇരുപതാം വര്‍ഷമായി സഹിക്കുന്ന വേദനയുടെ ബാക്കിപത്രവുമായി.
മകളെ പ്രസവിച്ച്‌ തൊണ്ണൂറ്‌ തികയും മുന്നേ എനിക്ക്‌ കാലിന്റെ കണ്ണക്കും ഇടുപ്പെല്ലിനും വേദന തുടങ്ങി. ആരോഗ്യക്കുറവ്‌ കൊണ്ടാവും എന്ന ധാരണയില്‍ വീണ്ടും പ്രസവരക്ഷയ്‌ക്കുള്ള മരുന്നുകളും ടോണിക്കും വാങ്ങി. കൂടാതെ ആട്ടിന്‍ സൂപ്പും. കാര്യായി തടി കൂടിയിട്ടില്ലായിരുന്നു പ്രസവശേഷവുമെനിക്ക്‌. മോളാണെങ്കില്‍ രാത്രി മുഴുവന്‍ കരച്ചിലും. വേദന കൂടിക്കൂടി വന്നു. അത്‌ കൊണ്ട്‌ കുറച്ചു ദിവസം കൂടി കഴിഞ്ഞാണ്‌ അനിലിന്റെ വീട്ടിലേയ്‌ക്ക് പോയത്‌.
എന്റെ ഭര്‍ത്താവ്‌ അനിലിന്റെ ഉമ്മിച്ചിക്ക്‌ പ്രമേഹം കൊടുത്ത വയ്യായ്‌കകള്‍ ഉണ്ടായിരുന്നു. എങ്കിലും മോള്‍ക്ക്‌ ഒരു വയസ്സായതിന്‌ ശേഷം ഞാന്‍ പഠിക്കാന്‍ പോയി. ഉമ്മിച്ചി മോളെ നോക്കും. അപ്പോഴെല്ലാം വേദനകള്‍ ശരീരത്തിന്റെ ഭാഗമായി കൂടെത്തന്നെയുണ്ട്‌. നീണ്ട്‌ ഇടതൂര്‍ന്ന മുടി കൊഴിഞ്ഞു തുടങ്ങി. ശരീരം വണ്ണം വയ്‌ക്കാന്‍ തുടങ്ങി. അനിലിന്റെ വീട്ടില്‍ എന്തസുഖം വന്നാലും ഹോമിയോ ചികിത്സയാണ്‌ പതിവ്‌. സ്‌ഥിരം ഹോമിയോ ഡോക്‌ടറെ കാണിച്ച്‌ മരുന്ന്‌ വാങ്ങി കഴിച്ചിട്ടും ഒരു വ്യത്യാസവുമില്ല. കുഞ്ഞിനെ എടുക്കുമ്പോഴും നടക്കുമ്പോഴും ഞാന്‍ വേദനകൊണ്ട്‌ പുളയും. അവളൊരു മമ്മ കുട്ടിയായിരുന്നുതാനും. രാത്രികളില്‍ വേദന കൂടി ഞാന്‍ ആരും കാണാതെ കരഞ്ഞു.
പലപല മരുന്നുകള്‍ മാറിമാറി പരീക്ഷിച്ചിട്ടും രോഗം മാറാത്തത്‌ മനസ്സിന്റെ പ്രശ്‌നമാണെന്ന്‌ പറഞ്ഞ്‌ എല്ലാവരും കുറ്റപ്പെടുത്തി. അടുത്ത ബന്ധു, നേരത്തെ തന്നെ സൂക്കേടുകാരിയായ പെണ്ണായിരിക്കും, എന്ന്‌ പറഞ്ഞത്‌ കേട്ട്‌ ഞാന്‍ കുളിമുറിയില്‍ കയറി വാവിട്ട്‌ കരഞ്ഞു. എന്റെ വേദനയുടെ കാഠിന്യം പറഞ്ഞു മനസ്സിലാക്കാന്‍ ആവാതെ, ഞാന്‍ നിസ്സഹായയായി. അസുഖം ഉണ്ടെന്ന്‌ നടിക്കുന്നത്‌ വീട്ടിലെ ജോലിയെടുക്കാനും കുഞ്ഞിനെ നോക്കാനും മടിയായിട്ടാണെന്നും ഓരോരുത്തര്‍ പറഞ്ഞുതുടങ്ങി. അതോടെ വേദനിക്കുന്നു എന്ന പരാതി ഞാന്‍ എന്നോട്‌ മാത്രം പറഞ്ഞു. എന്നെ ഞാന്‍ ആശ്വസിപ്പിക്കാന്‍ നോക്കി പരാജയപ്പെട്ടു. വേദന അത്ര തീവ്രമായിരുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കൈകാലുകള്‍ നിവരാന്‍ പ്രയാസം അനുഭവപ്പെട്ടു തുടങ്ങി. മോളെ ഭക്ഷണം കഴിപ്പിക്കാനും ഉറക്കാനും വേണ്ടി മണിക്കൂറോളം എടുത്തു നടന്നു. കൂട്ടുകുടുംബമായതുകൊണ്ട്‌ വീട്ടുജോലിക്കും കുറവില്ലായിരുന്നു. എന്റെ വേദനകള്‍ക്ക്‌ വിശ്രമം കിട്ടിയില്ല. അവരെന്റെ ശരീരത്തില്‍ നിരന്തരം ഉറക്കമൊഴിച്ചിരുന്ന്‌ അവരുടെ ജോലി കൃത്യമായി ചെയ്‌തു. എനിക്ക്‌ നടക്കാന്‍ ബുദ്ധിമുട്ടായി തുടങ്ങി.
മോള്‍ക്ക്‌ മൂന്നര വയസ്സാകും വരെ വേദനകളും ഞാനും തമ്മില്‍ യുദ്ധം ചെയ്‌ത് അവസാനം ഞാന്‍ തോറ്റു. നടക്കാന്‍ പറ്റാതെ ഞൊണ്ടി തുടങ്ങിയപ്പോഴും മോളെന്റെ മുന്‍പില്‍ കൈയുയര്‍ത്തി എടുക്കാന്‍ പറഞ്ഞു നില്‍ക്കും. അവളെ എടുക്കുമ്പോള്‍ വേദന കൊണ്ട്‌ ഞാന്‍ പുളയും. മമ്മാക്ക്‌ ഉവ്വാവു വേഗം മാറുമെന്ന്‌ പറഞ്ഞ്‌ അവളെന്റെ കവിളില്‍ ഉമ്മതരും. ഈ കൊല്ലത്ത്‌ (ലോകത്ത്‌, എന്ന്‌ പറയുന്നത്‌ അങ്ങനെയായിരുന്നു) എനിക്കേറ്റവും ഇഷ്‌ടം മമ്മാനോടാണ്‌ എന്ന്‌ പറഞ്ഞ്‌ മുറുക്കെ കെട്ടി പിടിക്കും. ദേഹമാസകലം വേദനയെടുത്ത്‌ പുളയുമ്പോള്‍ കാലിലും കൈയിലും ബാം പുരട്ടി ഉവ്വാവു മാറിയോ എന്ന്‌ ചോദിച്ചോണ്ടിരിക്കും. ആ അവധിക്കാലത്ത്‌ ഇടപ്പള്ളിയില്‍ പോയി നിന്നപ്പോള്‍ ഉമ്മിച്ചി അടുത്തുള്ള ഡോക്‌ടറെ കാണിച്ചു. അവര്‍ ബ്ലഡ്‌ടെസ്‌റ്റിന്‌ എഴുതി തന്നു. ഇടപ്പള്ളിയില്‍ വരുമ്പോഴൊക്കെ വാടിയ മുഖവുമായി, കാറ്റടിച്ചാല്‍ പോലും വേദനകൊണ്ട്‌ പുളയുന്ന മകളുടെ വേദന മാറ്റിയെടുക്കാന്‍ അന്ന്‌ എറണാകുളത്തുണ്ടായിരുന്ന എല്ലാ ആശുപത്രികളിലും കയറിയിറങ്ങിയിട്ടുണ്ട്‌. ഈ വേദന ജീവിതത്തിലുടനീളം ഉണ്ടാകുമെന്നുറപ്പിച്ച്‌ ഡിപ്രഷനടിച്ച്‌ നടക്കുന്ന സമയമാണ്‌, പുതിയതായി ഒരു ഡോക്‌ടറെ കാണുന്നതും ബ്ലഡ്‌ ടെസ്‌റ്റിന്‌ എഴുതിത്തരുന്നതും. റിസള്‍റ്റ്‌ നോക്കി ഡോക്‌ടര്‍ എന്റെ അസുഖത്തിന്റെ പേര്‌ പറഞ്ഞു. റുമറ്റോയിഡ്‌ ആര്‍ത്രൈറ്റിസ്‌ അഥവാ ആമവാതം.
ആദ്യമായി കേട്ട ഈ അസുഖത്തിന്റെ പേര്‌ മനസ്സില്‍ ഉരുവിട്ടു. ആമവാതം വന്നാല്‍ ആമയെ പോലെ ഇഴയും എന്നാണ്‌ പറയുന്നത്‌. ശരിയായ ചികിത്സ കിട്ടിയില്ലെങ്കില്‍ മരണവും വിദൂരമല്ല. ചിലര്‍ക്ക്‌ പ്രസവത്തോടെയിത്‌ പ്രത്യക്ഷപ്പെടും. നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും മാറും. നല്ല വിശ്രമം വേണം. ഡോക്‌ടര്‍ അസുഖത്തിന്റെ കാര്യങ്ങള്‍ ഓരോന്നായി പറഞ്ഞു. വേദനകള്‍ തുടങ്ങിയിട്ട്‌ മൂന്നരക്കൊല്ലമായി എന്ന്‌ കേട്ട്‌ അവരെന്നെ അത്ഭുതത്തോടെ നോക്കി. ഈ അസുഖം ഉണ്ടായിട്ടും വൈകല്യങ്ങള്‍ ഇല്ലാത്തത്‌ ദൈവകടാക്ഷം നന്നായി ഉള്ളത്‌ കൊണ്ടാണെന്ന്‌ അവര്‍ പറഞ്ഞു.
എന്റെ വേദനകള്‍ ശരീരത്തിന്‌ ബാധിച്ച രോഗം തരുന്നതാണെന്ന്‌ മനസ്സിലായപ്പോള്‍ തട്ടിപ്പാണ്‌, മാനസികമാണ്‌ എന്നൊക്കെ പറഞ്ഞ ബന്ധുക്കളോട്‌, ജോലി ചെയ്യാതിരിക്കാനോ, രണ്ടാമതൊരു കുഞ്ഞിനെ പ്രസവിക്കാനുള്ള മടിയോ വീട്ടുജോലിയോ ചെയ്യാതിരിക്കാനുള്ള അടവോ അല്ല, എന്റെ ശരീരം എന്നോട്‌ പിണങ്ങിയതാണെന്ന്‌ പറയാന്‍ മനസ്സ്‌ വെമ്പി. പക്ഷേ, പറഞ്ഞത്‌ അനിലിനോടാണ്‌. ഈ അസുഖത്തിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച്‌ ധാരണയൊന്നും ഇല്ലായിരുന്നു അനിലിനും. പലരോടും അന്വേഷിച്ചറിഞ്ഞപ്പോഴാണ്‌ ആള്‍ക്ക്‌ ഞാന്‍ നഷ്‌ടമാകുമോ എന്ന പേടി തുടങ്ങിയത്‌.
രണ്ട്‌ വീടുകളിലും എല്ലാവര്‍ക്കും സങ്കടമായി. കുസൃതികള്‍ പൂര്‍വ്വാധികം ശക്‌തമാക്കി മോളെന്റെ വേദനകള്‍ക്ക്‌ ശക്‌തി പകര്‍ന്നു. അസുഖം ആയതോടെ, ഞങ്ങള്‍ക്കിടയില്‍ കൊച്ചുവര്‍ത്തമാനങ്ങള്‍ കുറഞ്ഞു. വേദന തിന്നുന്ന മുഖവുമായി ലോകത്തെ മുഴുവന്‍ വെറുപ്പോടെ നോക്കി ദിവസങ്ങള്‍ കടന്നു പോയി.
ഉമ്മിച്ചിയും വാപ്പിച്ചിയും കൂടി എന്നെ തൃപ്പൂണിത്തുറയുള്ള ഒരു ആയുര്‍വേദ ഡോക്‌ടറെ കാണിച്ചു.അമ്പത്തിയാറ്‌ ദിവസത്തെ ചികിത്സയാണ്‌ ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചത്‌. അവിടെ അഡ്‌മിറ്റാവണം. ജനിച്ചിട്ടന്നേവരെ എന്നെ പിരിഞ്ഞുനില്‍ക്കാത്ത മോളെ ഉമ്മിച്ചിയെ ഏല്‌പിച്ച്‌ ഞാന്‍ ആശുപത്രിയില്‍ അഡ്‌മിറ്റായി. വൈകുന്നേരമായപ്പോഴേക്കും എനിക്ക്‌ മമ്മയെ കാണണം എന്ന്‌ പറഞ്ഞ്‌ അവള്‍ കരയാന്‍ തുടങ്ങി. കളിപ്പാട്ടങ്ങള്‍ വാങ്ങിതന്നാല്‍ കരയില്ലെന്ന്‌ വാക്ക്‌ പറഞ്ഞ കുട്ടി കളിപ്പാട്ടങ്ങള്‍ കൈയില്‍ കിട്ടിയപ്പോള്‍ ഇതൊക്കെയായി മമ്മയുടെ അടുത്ത്‌ പോണംന്നായി. ഒരുവിധം നേരം വെളുപ്പിച്ചെടുത്ത്‌ രാവിലെ മോളെ എന്റെ അടുത്തെത്തിച്ചു.
സസ്യവിഭവങ്ങള്‍ മാത്രമാണ്‌ രോഗിക്കും, കൂടെ നില്‍ക്കുന്നവര്‍ക്കും കൊടുക്കൂ. അവിടെ സഹായത്തിന്‌ നിന്ന പോളേട്ടനെ സോപ്പിട്ട്‌ മോള്‍ക്കുള്ള പാലും ഊണിനൊപ്പം കഴിക്കാന്‍ ചിക്കനോ, മീനോ വാങ്ങിപ്പിച്ചു. ചെറിയ കട്ടിലില്‍ അവളെയും ചേര്‍ത്തുപിടിച്ച്‌ ഞാന്‍ ഉറങ്ങാന്‍ ശ്രമിക്കും. കിഴിപിടിച്ചു തുടങ്ങിയപ്പോള്‍ ശരീരവേദന ഇരട്ടിച്ചത്‌ മോളെ ഒരു ദിവസം പിരിഞ്ഞ്‌ അടുത്തു കിട്ടിയപ്പോള്‍ ഞാന്‍ മറന്നു. ഇവള്‍ക്ക്‌ വേണ്ടിയെങ്കിലും ജീവിക്കണം, അസുഖം മാറ്റിയെടുക്കണം എന്ന്‌ മനസ്സില്‍ തീരുമാനമെടുക്കുമ്പോള്‍ ഒരു പുതിയ ജീവിതത്തിലേക്ക്‌ തിരിച്ചെത്തുകയാണ്‌ ഞാന്‍ എന്നറിഞ്ഞിരുന്നില്ല.
ചികിത്സ തുടങ്ങി ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഞാന്‍ ഞൊണ്ടാതെ നടക്കാന്‍ തുടങ്ങി. ദേഹത്ത്‌ നീരുകുറഞ്ഞു. മിന്നുവിന്റെ വാ നിറച്ചുള്ള സംസാരവും കുസൃതികളും ഞങ്ങളെ അവിടെ താരങ്ങളാക്കി. എന്നെ ഉഴിച്ചിലിനും പിഴിച്ചിലിനുമായി കയറ്റുമ്പോള്‍ എനിക്ക്‌ മമ്മാനെ മരുന്ന്‌ തേയ്‌ക്കുന്നത്‌ കാണണമെന്ന്‌ പറഞ്ഞ്‌ അവളും ഒരു സ്‌റ്റൂളിട്ട്‌ എണ്ണപ്പാത്തിക്കരികില്‍ ഇരിപ്പായി. പുഷ്‌പ ഡോക്‌ടറും സഹായികളും എന്റെ ദേഹത്ത്‌ കുഴമ്പ്‌ തേച്ച്‌ പിടിപ്പിച്ച്‌ കിഴികള്‍ മാറി മാറി ചെയ്യുമ്പോള്‍ ഞാന്‍ അവള്‍ക്ക്‌ കഥ പറഞ്ഞു കൊടുത്തു. എന്നെ കുളിപ്പിക്കാന്‍ വന്ന ചേച്ചിയെ തൊടാന്‍ സമ്മതിക്കാതെ നുന്നൂനെ മമ്മ തന്നെ കുളിപ്പിച്ചാല്‍ മതിയെന്ന്‌ പറഞ്ഞ്‌ വാശി പിടിച്ചു. സ്‌റ്റൂളിലിരുന്നുകൊണ്ട്‌ ഞാനവളെ കുളിപ്പിച്ച്‌ തോര്‍ത്തിയെടുക്കും. ഈ കുട്ടി ഇങ്ങനെ തുടങ്ങിയാല്‍ കൊച്ചേ, നിന്റെ രോഗം മാറിയതു തന്നെ എന്ന്‌ പറഞ്ഞ്‌ കുളിപ്പിക്കാന്‍ വന്ന ചേച്ചി കെറുവിക്കും. കണ്ണെഴുതി പൊട്ടുതൊടീച്ച്‌ ഉടുപ്പിടീക്കുമ്പോള്‍ എന്റെ നിറയുന്ന കണ്ണുകള്‍ തുടച്ചിട്ട്‌ നുന്നാ ഇല്ലേ മമ്മാനെ നോക്കാന്‍ കരയണ്ടാട്ടോ അതിനല്ലേ നുന്ന ഇവിടെ മമ്മാടെ കൂടെ നില്‍ക്കണെ എന്ന്‌ പറഞ്ഞ്‌ കണ്ണ്‌ തുടച്ചു തരും.
പെരുമ്പാവൂര്‍ ചികിത്സ കഴിഞ്ഞ്‌ തിരിച്ചു വന്നപ്പോഴും ഒരാശ്വാസമായി എന്നല്ലാതെ പൂര്‍ണ്ണമായി വേദന ഒഴിവായില്ലായിരുന്നു. ഇടയ്‌ക്കിടെ രക്‌തപരിശോധന നടത്തി എന്നെ വേദനയില്‍ മുക്കി കൊല്ലാതെ കൊല്ലുന്ന അവസ്‌ഥ.ആമയെ പോലെ എന്നെ ഇഴയിക്കാന്‍ തയ്യാറെടുക്കുന്ന ബാക്‌ടീരിയകള്‍ എവിടെയെങ്കിലും ഒളിഞ്ഞിരുപ്പുണ്ടോയെന്ന്‌ പരതി നോക്കും. ഓരോ തവണയും അവ എന്നോട്‌ യുദ്ധം ചെയ്‌ത് തോല്‍ക്കുന്നത്‌ ഞാന്‍ ഒരു ജേതാവിനെ പോലെ നോക്കിനിന്നു. എങ്കിലും പൂര്‍ണ്ണമായി വേദന മാറാത്തത്‌ കൊണ്ട്‌ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുവരാന്‍ കഴിഞ്ഞില്ല. എങ്കിലും പഠനം തുടരുകയും അതിന്‌ ശേഷം ജോലിക്ക്‌ പോവുകയും ചെയ്‌തു. എന്റെ അവസ്‌ഥ അറിഞ്ഞതിന്‌ ശേഷം അനിലും ഉമ്മിച്ചിയും നല്ല സപ്പോര്‍ട്ടായിരുന്നു.
അനിലിന്റെ കുഞ്ഞുമ്മ പറഞ്ഞിട്ടാണ്‌ കോതമംഗലത്തുള്ള ഒരു ആയുര്‍വേദ ഡോക്‌ടറെ കാണാന്‍ പോയത്‌. വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ്‌ പോയത്‌. വേദനകള്‍ തിന്ന്‌ തിന്ന്‌ അതൊരു ശീലമായി മാറിയിരുന്നു. മോള്‍ക്ക്‌ വേണ്ടി ജീവിച്ചിരിക്കണമെന്ന ചിന്തയുള്ളതുകൊണ്ട്‌ മാത്രം അത്രമേല്‍ വേദനകള്‍ തിന്നിട്ടും ആത്മഹത്യയ്‌ക്ക് മുതിരാതെ പിടിച്ചു നിന്നു. മോളില്ലായിരുന്നെങ്കില്‍ രോഗിയായ ഭാര്യയെ സഹിക്കുന്ന അനിലില്‍ നിന്ന്‌ ഞാന്‍ അകന്നു മാറിയേനെ. ആരോഗ്യമില്ലാത്ത പെണ്ണിനെ കഷ്‌ടപ്പെട്ട്‌ സ്‌നേഹിക്കേണ്ടി വരും എത്ര മഹാമനസ്‌കത പറഞ്ഞാലും എന്നൊക്കെയുള്ള ചിന്തകള്‍ എന്റെ മനസ്സില്‍ കടന്നുകൂടിയിരുന്നു. അതെന്നെ വല്ലാതെ തളര്‍ത്തിയിരുന്നു.
ഡോ. ജോര്‍ജ്‌ജ് മാത്യുവിനെ ഞാന്‍ അങ്ങനെ ആദ്യമായി കാണുന്നത്‌ പതിന്നാല്‌ വര്‍ഷം മുന്‍പാണ്‌. ഡോക്‌ടറോട്‌ ഇതുവരെ ചെയ്‌ത എല്ലാ ചികിത്സകളും വിശദമായി പറഞ്ഞു. ഡോക്‌ടര്‍ എന്നെ പരിശോധിച്ചു.ഡോക്‌ടര്‍ക്ക്‌ അലോപ്പതിയിലും നല്ല ഗ്രാഹ്യമുണ്ടായതുകൊണ്ട്‌ എന്റെ അസുഖത്തിനുള്ള ചികിത്സ ഫലം കണ്ടു തുടങ്ങി. പലവിധ എണ്ണകള്‍ തലയില്‍ തേച്ച്‌ നോക്കി പരീക്ഷിച്ച്‌ നീരിറക്കം നിയന്ത്രണത്തിലാക്കാന്‍ ശ്രമം നടത്തി. അവസാനം ഡോക്‌ടര്‍ തന്നെ രണ്ട്‌ തരം എണ്ണകള്‍ മിശ്രിതമാക്കി തന്നു. അത്‌ തേച്ചതിന്‌ ശേഷം തലനീരിറക്കം നിന്നു. അസുഖം എന്തെന്ന്‌ അറിഞ്ഞത്‌ മുതല്‍ വേണ്ടതും വേണ്ടാത്തതും ചിന്തിച്ചുണ്ടായ തലവേദന മൈഗ്രേന്‍ ആയി മാറി. വെളിച്ചം, ശബ്‌ദം എല്ലാം പ്രശ്‌നമായി. അതും രണ്ടു മൂന്ന്‌ മാസത്തെ ചികിത്സകൊണ്ട്‌ നിയന്ത്രണത്തിലായി.
ഇതിനെല്ലാമിടയ്‌ക്ക് തൊണ്ടയില്‍ പോളിപ്പുണ്ടായി ശബ്‌ദം അടഞ്ഞ്‌ സര്‍ജറി ചെയ്‌തു. അരിവാള്‌ പോലെ മൂക്കിലെ എല്ല്‌ വളഞ്ഞ്‌ ഹെയര്‍പിന്‍ വളവുകള്‍ ഉണ്ടാക്കിയപ്പോള്‍ ഓക്‌സിജന്‍ ആവശ്യത്തിന്‌ കിട്ടാതെ ശ്വാസം മുട്ടാനും തലകറങ്ങി വീഴാനും തുടങ്ങി. ആ പ്രശ്‌നവും ഒരു സര്‍ജറിയില്‍ പരിഹരിച്ചു.
ഏത്‌ സര്‍ജറി കഴിഞ്ഞാലും പിന്നീടുള്ള ചികിത്സ ജോര്‍ജ്‌ ഡോക്‌ടര്‍ ആണ്‌. നിനക്ക്‌ വേദന സഹിക്കാനുള്ള കഴിവിനെ സമ്മതിച്ചു എന്ന്‌ ഡോക്‌ടര്‍ പറയുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയും. ശത്രുക്കള്‍ക്ക്‌ പോലും ഇങ്ങനെ വരല്ലേയെന്ന്‌ പ്രാര്‍ത്ഥിക്കും. മാനസികമായി എന്നെ ശക്‌തിപ്പെടുത്തി ശരീരത്തെയും സ്‌നേഹിക്കണം എന്ന്‌ പഠിപ്പിച്ചതും ഉപദേശിച്ചതും ഡോക്‌ടറാണ്‌.
നല്ലൊരമ്മ എന്നതിന്റെ തെളിവാണ്‌ ഒരു വൈകല്യവും വരാതെ തളര്‍ന്ന്‌ പോകാതെ ഇവിടം വരെ നീ എത്തിയത്‌. അത്രയ്‌ക്ക് മോള്‍ക്ക്‌ നിന്നെ വേണമെന്ന ചിന്തയാണ്‌ എന്നൊക്കെ ഓരോ തവണയും ഡോക്‌ടര്‍ പറയും. പതുക്കെ മരുന്നിന്റെ അളവ്‌ കുറഞ്ഞു. ഹിമോഗ്ലോബിന്റെ ലെവല്‍ ശരിയായപ്പോള്‍ മുഖത്ത്‌ രക്‌തപ്രസാദം കണ്ടുതുടങ്ങി. ശരീരത്തിലെ നീര്‌ നിശ്ശേഷം ഇല്ലാതായി. രക്‌ത പരിശോധനയിലും എന്നെ ആക്രമിക്കാനൊരുങ്ങി ആരുമില്ലെന്നറിഞ്ഞ ദിവസം ഞാന്‍ സന്തോഷം കൊണ്ട്‌ പൊട്ടിക്കരഞ്ഞു. മരുന്നുകള്‍ മുഴുവനായി നിര്‍ത്താന്‍ ഒരു പരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല. കാലാവസ്‌ഥകള്‍ മാറുമ്പോള്‍ പഴയ വേദനകള്‍ എന്നെ തേടി വരും. അതുകൊണ്ട്‌ ചെറിയ ഡോസില്‍ ഇപ്പോഴും മരുന്നുണ്ട്‌.
ദൈവം കഴിഞ്ഞാല്‍ ആ സ്‌ഥാനത്ത്‌ കാണുന്നത്‌ ഡോക്‌ടറെയാണെന്ന്‌ ഞാനെപ്പോഴും അനിലിനോട്‌ പറയും. എന്റെ ആദ്യ പുസ്‌തകമായ - മിന്നാമിന്നികള്‍ എന്നോട്‌ പറഞ്ഞത്‌- പ്രകാശനം ചെയ്‌തപ്പോള്‍ കലൂര്‍ ഗോകുലം പാര്‍ക്കില്‍ വച്ച്‌ നടന്ന ചടങ്ങില്‍ ഡോക്‌ടറും ഉണ്ടായിരുന്നു. സദസ്സില്‍ ഇരുന്നുകൊണ്ട്‌ വേദിയിലേക്ക്‌ നോക്കി തിളക്കമോടെ രണ്ട്‌ കണ്ണുകള്‍. എന്തെങ്കിലും അസുഖം വന്നാല്‍ പണ്ടത്തെ പോലെ ഞാന്‍ മാനസികമായി തകരാറില്ല. തളര്‍ന്നുപോയത്‌ മിന്നു പഠിക്കാനായി വിദേശത്ത്‌ പോയപ്പോഴാണ്‌.
എന്റെ തന്നെ ശരീരത്തില്‍ നിന്ന്‌ വേര്‍പെട്ട്‌ ഉണ്ടും ഉറങ്ങിയും നുന്നു ഉണ്ടല്ലോ മമ്മാക്ക്‌ എന്ന്‌ പറഞ്ഞോണ്ടിരുന്ന കുട്ടി പെട്ടെന്ന്‌ അകന്നപ്പോള്‍ മനസ്സിന്‌ താങ്ങാന്‍ പറ്റാതായി. പോയതിന്‌ ശേഷം ആദ്യദിവസങ്ങളില്‍ സങ്കടപ്പെട്ട്‌ സംസാരിച്ചിരുന്ന കുട്ടി, പതുക്കെ പതുക്കെ അവളുടേതായ ലോകത്തെക്കുറിച്ച്‌ പറയാന്‍ തുടങ്ങി.
ഒരുവര്‍ഷം കഴിഞ്ഞ്‌ അവള്‍ തിരിച്ചുവന്നപ്പോള്‍ എന്നോടവള്‍ പറഞ്ഞ സ്വപ്‌നങ്ങളില്‍, സ്വയം ജീവിക്കാന്‍ പഠിച്ചു തുടങ്ങിയ ഒരു പെണ്‍കുട്ടിയുടെ ആര്‍ജ്‌ജവം ഉണ്ടായിരുന്നു.
നമ്മുടെയൊക്കെ ജീവിതം മാറ്റിമറിച്ച കുഞ്ഞുങ്ങളെ നമുക്കല്ലാതെ മറ്റാര്‍ക്കാണ്‌ മനസ്സിലാക്കാന്‍ പറ്റുക എന്ന്‌ എന്നെപ്പോലെ അനുഭവങ്ങള്‍ പങ്കുവച്ചവരോട്‌ സംസാരിച്ചു. അവര്‍ക്ക്‌ വേണ്ടി ജീവിച്ചത്‌ കൊണ്ടല്ലേ നമ്മളിപ്പോള്‍ സ്വയം സ്‌നേഹിക്കാന്‍ തുടങ്ങിയതെന്ന്‌ പറഞ്ഞ്‌ ചിരിച്ചു. ആമവാതം എന്ന അസുഖത്തെ കുറിച്ച്‌ വിശദമായി പഠിച്ചു. അതിന്റെ ചികിത്സകളെക്കുറിച്ച്‌ ഇപ്പോഴും ഡോക്‌ടറുമായി സംശയങ്ങള്‍ ചോദിച്ചറിയും. ഓരോ കഷായത്തിന്റെയും ഗുളികകളുടെയും പേരുകള്‍ ഞാന്‍ പറയുമ്പോള്‍ നീ എന്റെ അസിസ്‌റ്റന്റായി കൂടിക്കോയെന്ന്‌ ഡോക്‌ടര്‍ കളിയാക്കിപ്പറയും.
ഓരോ സ്‌ത്രീയും പോരാളികളാണ്‌. ഭര്‍ത്താവിന്‌ വേണ്ടി, കുടുംബത്തിന്‌ വേണ്ടി, മക്കള്‍ക്ക്‌ വേണ്ടി തന്റെ ആരോഗ്യം, ആഗ്രഹങ്ങള്‍. ആവലാതികള്‍, സങ്കടങ്ങള്‍ എല്ലാം അടക്കിവച്ച്‌ ചിരിക്കാന്‍ പഠിച്ച പോരാളികള്‍. പുരുഷന്മാരില്‍ അങ്ങനെയില്ലെന്നല്ല. വേര്‍തിരിവ്‌ സമൂഹത്തിലുള്ള കാഴ്‌ചപ്പാടിലാണ്‌. അവളുടെ ശാരീരിക വേദനകളോട്‌, മാനസിക പ്രയാസങ്ങള്‍ക്ക്‌ സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌ഥിരമായി പറയുന്ന കാര്യമാണ്‌ പെണ്ണുങ്ങളായാല്‍ കുറച്ച്‌, വേദനകള്‍ സഹിക്കണം എന്ന്‌. പ്രസവവേദന സഹിക്കാന്‍ കഴിവ്‌ കൊടുത്തവളെന്ന പേരില്‍ അവളുടെ എല്ലാ ശാരീരിക വേദനകളെയും നിസ്സാരവല്‍ക്കരിക്കുന്നത്‌ ക്രൂരതയാണ്‌. ആ അവസ്‌ഥയെ നേരിടാന്‍ എനിക്ക്‌ ശക്‌തിയായത്‌ അനിലും ഉമ്മിച്ചിയും വാപ്പിച്ചിയും (രണ്ട്‌ വീട്ടിലെയും) തന്ന സാന്ത്വനമാണ്‌. എന്നെ നഷ്‌ടമാകാന്‍ അവരാരും ആഗ്രഹിച്ചില്ല.
ഓരോരുത്തര്‍ക്കും ജീവിതം ഏത്‌ പ്രതിസന്ധി ഘട്ടത്തിലും മുന്നോട്ട്‌ കൊണ്ടുപോകാന്‍ ഓരോ കാരണങ്ങള്‍ ഉണ്ടാകും. ഈ ലോകത്ത്‌ നുന്നാക്ക്‌ ഏറ്റവും ഇഷ്‌ടം മമ്മാനെയാ എന്ന്‌ പറഞ്ഞ മമ്മക്കുട്ടി തന്നെയാണ്‌ എന്റെ ജീവന്‍ നിലനിര്‍ത്തിയത്‌. ഞാനെന്റെ സ്വപ്‌നങ്ങള്‍ക്ക്‌ ചിറകുകള്‍ നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഒന്നുറപ്പിച്ചു. അവള്‍ക്കുവേണ്ടി കഷ്‌ടപ്പെട്ടതും വേദനകള്‍ തിന്നതും, ഞാന്‍ ജീവിച്ചത്‌ നിനക്ക്‌ വേണ്ടിയായിരുന്നു എന്ന്‌ നാഴികയ്‌ക്ക് നാല്‌പത്‌ വട്ടം മൂക്കുചീറ്റി കരഞ്ഞ്‌ സൈ്വര്യം കെടുത്താനും പത്തുമാസം ചുമന്നതിന്റെയും പിന്നീട്‌ വളര്‍ത്തിയതിന്റെയും കണക്ക്‌ പറയാനും വേണ്ടി ഒരിക്കലും അവളുടെ മുന്‍പില്‍ നില്‍ക്കില്ലെന്ന്‌. ഈ ഭൂമിയിലേക്ക്‌ എന്റെ കുഞ്ഞ്‌ കടന്നുവന്നത്‌ അവളുടെ ഇഷ്‌ടത്തിനല്ലല്ലോ.
മാതൃത്വം എന്ന അവസ്‌ഥ ആഘോഷിക്കുന്നത്‌, ആസ്വദിക്കുന്നത്‌ മക്കളല്ല, അമ്മമാരാണ്‌. അത്‌ മനസ്സിലാക്കിയാല്‍ കണക്കുകള്‍ നിരത്തില്ല ഒരമ്മയും.ഞാനിന്ന്‌ എനിക്കു വേണ്ടി കൂടി ജീവിക്കുന്നുണ്ട്‌. സന്തോഷം കണ്ടെത്തുന്നുണ്ട്‌. എത്രയൊക്കെ പരീക്ഷണങ്ങള്‍ നേരിട്ടാലും സന്തോഷം കണ്ടെത്തി ചിരിച്ചുകൊണ്ട്‌ ജീവിക്കുന്നവരാണ്‌ യഥാര്‍ത്ഥ വിജയികള്‍... ആ അര്‍ത്ഥത്തില്‍ ഞാനും ഒരു വിജയി തന്നെ... സംശയമില്ല....!

ഫൗസിയ കളപ്പാട്ട്‌

Ads by Google
Saturday 22 Jun 2019 11.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW