Saturday, June 22, 2019 Last Updated 22 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 11.17 PM

നിശബ്‌ദ പോരാളി

uploads/news/2019/06/316727/sun5.jpg

ചേര്‍ത്തല പാരഡൈസ്‌ തിയേറ്ററില്‍ ഇഷ്‌ക്ക് സിനിമയുടെ മാറ്റിനി ഷോ. ഇടവേളയ്‌ക്കു മുമ്പ്‌ വില്ലന്‍ തന്റെ കാമുകിയെ അപമാനിച്ചു എന്നു കരുതി അവളില്‍ നിന്നകലുന്ന സച്ചി എന്ന ചെറുപ്പക്കാരന്‍. ക്‌ളൈമാക്‌സില്‍ തന്റെ കാമുകിക്ക്‌ ചാരിത്രശുദ്ധിയുണ്ടെന്ന്‌ മനസിലാക്കിയ കാമുകന്‍ സച്ചി പഴയ പിണക്കങ്ങളും തെറ്റിദ്ധാരണയുമെല്ലാം മറന്ന്‌ അവളുടെ വിരലില്‍ ഒരു മോതിരമണിയിക്കാന്‍ ഒരുങ്ങുന്നു. കാമുകി വസുധ ആദ്യം തന്റെ കൈ നീട്ടുന്നുണ്ടെങ്കിലും പിന്നീട്‌ നടുവിരല്‍ ഒഴികെ ബാക്കി വിരലുകളും മടക്കുന്നു. അമ്പരന്നു നില്‍ക്കുന്ന കാമുകന്റെ മുഖത്തു നോക്കി ആ നടുവിരല്‍ ഉയര്‍ത്തി നിശബ്‌ദം പോയി പണി നോക്കാന്‍ പറയുന്ന വസുധ. അഭിശപ്‌തമായ ഒരു രാത്രിയില്‍ ആഭാസന്‍മാരുടെ സദാചാര ഗുണ്ടായിസത്തിനു മുന്നില്‍ അകപ്പെടേണ്ടി വന്നപ്പോള്‍ ഒരു ചെറുവിരല്‍ കൊണ്ടു പോലും അവരെ എതിര്‍ക്കാതിരിക്കുകയും പിന്നീട്‌ അവളുടെ ചാരിത്രശുദ്ധിയെ സംശയിക്കുകയും ദിവസങ്ങള്‍ക്കു ശേഷം അവള്‍ക്ക്‌ ഒരു വിധ പോറലുമേറ്റിട്ടില്ല എന്നു മനസിലാക്കിയപ്പോള്‍ വിവാഹമോതിരവുമായി വന്ന കാമുകനെ തെല്ലും കുറ്റബോധമില്ലാതെയും തികഞ്ഞ തന്റേടത്തോടെയും നിരാകരിക്കുന്ന പുതിയ കാലത്തെ പെണ്ണിനെ നിറഞ്ഞ കരഘോഷത്തോടെ പ്രേക്ഷകര്‍ സ്വീകരിക്കുന്നതു കണ്ടപ്പോള്‍ രാധാമണിയെന്ന അമ്പത്തൊമ്പതുകാരിയായ അമ്മ തിയേറ്ററിലെ ഇരുട്ടിലിരുന്ന്‌ സന്തോഷം കൊണ്ട്‌. കരഞ്ഞു.
ഇരുപത്തിമൂന്ന്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ താന്‍ നേരിടേണ്ടി വന്ന തുറിച്ചുനോട്ടങ്ങളെയും മുള്‍മുനയുള്ള വാക്കുകള്‍ കൊണ്ടേറ്റ മുറിവുകളും ദ്വയാര്‍ത്ഥ ചുവയുള്ള പരിഹാസവും നല്‍കിയ വേദനകളുമെല്ലാം ഒരു നിമിഷം രാധാമണി ഓര്‍ത്തു പോയി. എത്ര തവണ ചവിട്ടി തൂത്തെറിഞ്ഞാലും ചാരിത്രശുദ്ധിയെ സംശയിച്ചാലും അഗ്നിശുദ്ധി കൈവരിച്ചു വരാന്‍ ആവശ്യപ്പെട്ടാലും ഒടുവില്‍ ഒരു താലിയോ വിവാഹമോതിരമോ വച്ചു നീട്ടുമ്പോള്‍ അതുവരെ ഏല്‍ക്കേണ്ടി വന്ന എല്ലാ മാനസിക വ്യഥകളും മറന്ന്‌ പുരുഷന്റെ മുന്നില്‍ ശിരസു താഴ്‌ത്തുന്ന ആ പഴയ കുലസ്‌ത്രീ മോഡല്‍ പെണ്ണിനെയാണ്‌ മലയാള സിനിമയ്‌ക്ക് ഏറെ പരിചയം. ആ സ്‌ഥാനത്ത്‌ തന്റെ അഭിമാനം ഇരുട്ടിന്റെ മറവില്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പോലും നിശബ്‌ദത പാലിച്ച കാമുകനെ നടുവിലുയര്‍ത്തി എനിക്കു നിന്നെ വേണ്ട എന്നു പറയാന്‍ കെല്‍പുള്ള വസുധയെ പോലെ കരുത്തുറ്റ ഒരു പെണ്‍കഥാപാത്രത്തെ മലയാള സിനിമയ്‌ക്കായി സൃഷ്‌ടിച്ച രതീഷ്‌ രവി എന്ന തിരക്കഥാകൃത്തിന്റെ അമ്മയാണ്‌ രാധാരവി. അതുകൊണ്ടു തന്നെ വസുധയെ നെഞ്ചോടടുക്കി തിയേറ്റര്‍ വിടുമ്പോള്‍ രാധാമണിക്ക്‌ അഭിമാനമായിരുന്നു.
അതേ. കേരളത്തിലെമ്പാടും ഇപ്പോള്‍ ഇഷ്‌ക്ക് എന്ന സിനിമയും അതിലെ പെണ്‍കഥാപാത്രത്തിന്റെ യഥാര്‍ത്ഥ നവോത്ഥാനവും ചര്‍ച്ച ചെയ്യപ്പെടുകയാണല്ലോ. രതീഷ്‌ രവി എന്ന തിരക്കഥാകൃത്തിന്റെ രണ്ടാമത്തെ സിനിമയാണ്‌ ഇഷ്‌ക്ക്. സ്‌ത്രീശാക്‌തീകരണത്തിന്റെ കാലത്ത്‌ വസുധയെ പോലെ തന്റേടിയായ ഒരു പെണ്ണിനെ സൃഷിടിക്കുന്നതില്‍ രതീഷിന്‌ അനുഭവങ്ങള്‍ നല്‍കിയത്‌ രാധാമണിയെന്ന അമ്മയുടെ ജീവിതവഴികളിലെ സഹനമായിരുന്നു. അവരുടെ അതിജീവനത്തിന്റെ പാതയിലെ കനലുകള്‍ പൊള്ളിക്കുന്ന അക്ഷരങ്ങളായി അവര്‍ മകന്റെ മനസില്‍ കോരിയിടുകയായിരുന്നു.
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ രാധാമണി രവിക്ക്‌ അകാലത്തില്‍ നേരിടേണ്ടി വന്ന വൈധവ്യത്തിന്റെ ആഘാതം മറികടക്കാന്‍ കഴിഞ്ഞത്‌ മനക്കരുത്തു കൊണ്ട്‌ മാത്രമാണ്‌. ആത്മവിശ്വാസത്തിന്‌ കൂച്ചുവിലങ്ങിടാനെത്തിയ തുറിച്ചു നോട്ടങ്ങളെ തെല്ലും വകവയ്‌ക്കാതെ എനിക്ക്‌ ജീവിച്ചേ പറ്റൂ എന്ന്‌ പറയാതെ പറഞ്ഞും വൈകി ബസില്‍ വന്നിറങ്ങുമ്പോള്‍ സംശയം നിഴലിക്കുന്ന കണ്ണുകളോടെ നേരിടുന്ന സദാചാരവാദികളോട്‌ പോയി നിങ്ങളുടെ കാര്യം നോക്കൂ എന്ന്‌ ശരീര ഭാഷയിലൂടെ പറയാതെ പറഞ്ഞ്‌ മുന്നോട്ട്‌ നടന്ന സ്‌ത്രീ. അമ്മയുടെ കരുത്ത്‌ മകന്‍ രതീഷ്‌ രവി ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ തിരക്കഥയിലെ നായികാ കഥാപാത്രത്തിനു നല്‍കിയത്‌ കാലത്തിന്റെ കാവ്യനീതിയാകാം. അതില്‍ ഉളളാലെ സന്തോഷിക്കുമ്പോഴും ജീവിതയാത്രയുടെ പാതിവഴിയെത്തും മുമ്പു തന്നെ പാതിജീവന്‍ വേര്‍പെട്ടതിന്റെ വേദന അവരുടെ മനസില്‍ ഇന്നുമുണ്ട്‌. ജീവിതത്തിന്റെ സന്തോഷകരമായ എല്ലാ സ്‌പന്ദനങ്ങളും ഒരു നിമിഷം കൊണ്ട്‌ നിശ്‌ചലമായതിന്റെ വേദന അറിഞ്ഞ സ്‌ത്രീയാണ്‌ രാധാമണി. അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ദോശ മറിച്ചിടാന്‍ എടുക്കുന്ന സമയത്തിനുള്ളില്‍ ജീവിതമാകെ തകിടം മറിയുന്ന അവസ്‌ഥ. കൃത്യമായി പറഞ്ഞാല്‍ 1996 ഡിസംബര്‍ എട്ടാം തീയതി രാവിലെ ആറേകാലിന്‌. ഇനി അല്‍പം ഫ്‌ളാഷ്‌ ബാക്ക്‌
ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തില്‍ വേലായുധന്റെയും ജാനമ്മയുടെയും മകളായിട്ടാണ്‌ രാധാമണിയുടെ ജനനം. രണ്ട്‌ സഹോദരന്‍മാരും ഒരു സഹോദരിയും അടങ്ങുന്ന കുടുംബം. അച്‌ഛന്‌ കൃഷിപ്പണിയായിരുന്നു. കണിച്ചുകുളങ്ങര ഹൈസ്‌കൂളിലാണ്‌ പത്താംക്‌ളാസ്‌ വരെ പഠിച്ചത്‌. ഇരുനൂറ്റിപ്പത്ത്‌ മാര്‍ക്കു വാങ്ങി പത്താംക്‌ളാസ്‌ ജയിച്ചു. കൂടുതല്‍ പഠിക്കാന്‍ നിവൃത്തിയുണ്ടായിരുന്നില്ല. അച്‌ഛന്‍ കൃഷി ചെയ്‌ത് ഉണ്ടാക്കുന്ന കപ്പയോ അരിയോ മാത്രം ആശ്രയിച്ചുള്ള ജീവിതം. വീട്ടുജോലികള്‍ എല്ലാം ചെയ്യണം. കൂടാതെ സ്‌കൂളില്‍ പോകുന്നതിനു മുമ്പും അതിനു ശേഷവും വന്ന്‌ കയര്‍ പിരിക്കണം. അത്‌ അടുത്തുള്ള ചന്തയില്‍ കൊടുത്താല്‍ അതിന്‌ അരിയോ ഉണക്കക്കപ്പയോ ഗോതമ്പുപൊടിയോ കിട്ടും. അതുകൊണ്ട്‌ വിശപ്പടക്കാനുള്ള ഭക്ഷണം ഉണ്ടാക്കും. ചോറും കറിയും എപ്പോഴുമൊന്നുമുണ്ടാവുകയില്ല. മിക്കവാറും ഗോതമ്പുപൊടികൊണ്ട്‌ അപ്പമുണ്ടാക്കി കഴിക്കും. സ്‌കൂളില്‍ ചെല്ലുമ്പോള്‍ കൂട്ടുകാരുടെ കറികള്‍ കൂട്ടിയാണ്‌ ഊണുകഴിക്കാന്‍ സാധിക്കുന്നത്‌. നല്ല ആഹാരത്തിനും വസ്‌ത്രത്തിനുമെല്ലാം ഏറെ ആഗ്രഹിച്ചിരുന്നു. ഒരു ഗ്‌ളാസ്‌ തേയില വെള്ളം പോലും കുടിക്കാനില്ലാതെ വലഞ്ഞ നാളുകള്‍.
വീട്ടില്‍ കഷ്‌ടപ്പാടുകള്‍ തളര്‍ത്തിയപ്പോഴും തന്റെ ആത്മധൈര്യം കൈവിടാന്‍ രാധാമണി ഒരുക്കായിരുന്നില്ല. ഊര്‍ജ്വസ്വലയായ പെണ്‍കുട്ടിയായിരുന്നു അവര്‍. സ്‌പോര്‍ട്‌സില്‍ വളരെ മിടുക്കി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടപ്പാച്ചിലിന്റെ ആധി അവളുടെ കാലിലും പടര്‍ന്നിരിക്കണം. പങ്കെടുക്കുന്ന മത്സര ങ്ങളിലെല്ലാം രാധാമണിയായിരുന്നു എപ്പോഴും മുന്നില്‍. ജില്ലാതല മത്സരങ്ങളിലൊക്കെ വിജയിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ രാധാമണിയില്‍ നല്ലൊരു കായികതാരത്തെ സ്വപ്‌നം കണ്ടു.
സ്‌പോര്‍ട്ട്‌സ് രംഗത്തു മികവു തെളിയിച്ചാല്‍ എന്തെങ്കിലും ജോലി തരപ്പെടുത്താമല്ലോ എന്ന പ്രതീക്ഷയിലായിരുന്നു രാധാമണിയും. പക്ഷേ, സംസ്‌ഥാനതല മത്സരങ്ങള്‍ക്ക്‌ വിടാന്‍ വീട്ടുകാര്‍ തയ്യാറായില്ല. പെണ്‍കുട്ടികളായാല്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയണം എന്നതായിരുന്നു അച്‌ഛന്റെ നിലപാട്‌. സ്‌കൂളിലെ അധ്യാപകര്‍ എത്ര തന്നെ നിര്‍ബന്ധിച്ചിട്ടും അച്‌ഛന്‍ വഴങ്ങിയില്ല. രാധാമണിക്ക്‌ വളരെ വിഷമം തോന്നിയെങ്കിലും അച്‌ഛനോട്‌ നേരിട്ടു പറയാന്‍ കഴിഞ്ഞില്ല.
അന്നൊക്കെ പത്താം ക്‌ളാസ്‌ കഴിഞ്ഞാല്‍ കോളജില്‍ പോകാന്‍ നിവൃത്തിയില്ലാത്ത പെണ്‍കുട്ടികള്‍ ടൈപ്പും തയ്യലുമാണ്‌ പഠിക്കാന്‍ പോവുക. രാധാമണിയും ആ വഴിക്കു തന്നെ പോയി. അങ്ങനെ കുറേ നാള്‍ കഴിഞ്ഞപ്പോള്‍ രാധാമണിക്ക്‌ പലയിടത്തു നിന്നും വിവാഹാലോചനകള്‍ വന്നു തുടങ്ങി. അധികം താമസിയാതെ ഫോട്ടോഗ്രാഫറായിരുന്ന രവീന്ദ്രനുമായുള്ള വിവാഹം നടന്നു. മക്കളായ രാജേഷ്‌, രതീഷ്‌ എന്നിവര്‍ ജനിച്ചതോടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷമായി.
''ചേട്ടന്റെ മാതാപിതാക്കളുടെ നിര്‍ബന്ധം മൂലമാണ്‌ ഞാന്‍ സ്‌റ്റുഡിയോയിലെ ജോലികള്‍ ഏറ്റെടുക്കുന്നത്‌. ഫോട്ടോയെടുക്കാനും അതിന്റെ പ്രിന്റെടുത്ത്‌ ഡാര്‍ക്ക്‌ റൂമില്‍ കഴുകി ഉണക്കി കട്ട്‌ ചെയ്‌ത് കൊടുക്കാനുമെല്ലാം ഞാന്‍ പഠിച്ചു. ഭര്‍ത്താവ്‌ കല്യാണത്തിന്റെ ഫോട്ടോ എടുക്കും. ഞാന്‍ അതിന്റെ ആല്‍ബം സെറ്റ്‌ ചെയ്‌ത് കൊടുക്കും. ക്രമേണ എനിക്ക്‌ ഫോട്ടോഗ്രാഫിയോട്‌ താല്‍പര്യം വന്നു. പിന്നീട്‌ ഞങ്ങള്‍ വേറെ മാറി. സ്‌റ്റുഡിയോയില്‍ പോയാലും കൃഷിപ്പണിക്ക്‌ കുറവൊന്നുമില്ലായിരുന്നു.
എന്നാലും ജീവിതം സന്തോഷപ്രദമായിരുന്നു.'
രണ്ടു മക്കളും ഭര്‍ത്താവ്‌ രവീന്ദ്രനും മാതാപിതാക്കളുമൊത്തായിരുന്നു രാധാമണിയുടെ താമസം. സ്‌റ്റുഡിയോയില്‍ ധാരാളം വര്‍ക്കുള്ള സമയം. അന്ന്‌ കല്യാണ ഫോട്ടോയെടുക്കാന്‍ രാവിലെ തന്നെ രവീന്ദ്രന്‍ റെഡിയായി. രാധാമണി ചുട്ടുകൊടുത്ത ദോശയും കാപ്പിയും കഴിച്ച്‌ അയാള്‍ സ്‌കൂട്ടറില്‍ കയറി യാത്ര പറഞ്ഞു പോയി. പത്തുവയസുകാരനായ ഇളയ മകന്‍ രതീഷ്‌ പാട്ട്‌ പ്രാക്‌ടീസ്‌ ചെയ്യുകയായിരുന്നു അപ്പോള്‍. ഭര്‍ത്താവ്‌ പോയി അല്‍പ സമയം കഴിഞ്ഞ്‌ തിണ്ണയിലേക്ക്‌ ചെല്ലുമ്പോള്‍ മുറ്റത്തിനു വെളിയിലെ വഴിയിലെല്ലാം അങ്ങിങ്ങായി ആളുകള്‍ നില്‍ക്കുന്നു.
രാധാമണി അന്നത്തെ ദിവസം ഓര്‍ത്തെടുത്തു.
''ആളുകള്‍ നില്‍ക്കുന്നതു കണ്ട്‌ ഞാന്‍ ചെന്ന്‌ ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നു പറഞ്ഞ്‌ അവരെല്ലാം ഒഴിഞ്ഞു മാറി. എനിക്കൊന്നും മനസിലായില്ല. ഞാന്‍ വീണ്ടും വീടിനകത്തേക്ക്‌ പോയി. കുറേ കഴിഞ്ഞ്‌ നോക്കുമ്പോള്‍ അടുത്ത വീടുകളിലും വഴിയിലുമെല്ലാം ആളുകള്‍. എനിക്കെന്തോ വല്ലായ്‌ക തോന്നി. ചോദിച്ചിട്ട്‌ ആരും ഒന്നും പറയുന്നില്ല. അപ്പോള്‍ വീടിനടുത്തുള്ള ഒരാള്‍ വന്ന്‌ രവീന്ദ്രന്‍ സ്‌കൂട്ടറില്‍ നിന്ന്‌ താഴെ വീണെന്നും ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണെന്നും വേഗം വരണമെന്നും പറഞ്ഞു. എന്റെ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നും പോലെ തോന്നി.
ഞാന്‍ പെട്ടെന്നു തന്നെ അച്‌ഛനെയും കൂട്ടി ആശുപത്രിയിലേക്ക്‌ പോയി. അവിടെ എത്തിയപ്പോഴാണ്‌ എനിക്കാ സത്യം മനസിലായത്‌. എന്റെ ഭര്‍ത്താവ്‌ ഞങ്ങളെ വിട്ടു പോയിരിക്കുന്നു. ഒരു നിമിഷം കൊണ്ട്‌ ജീവിതമാകെ ഇരുളടഞ്ഞതു പോലെ തോന്നി. ആരൊക്കെയോ ചേര്‍ന്ന്‌ ഞങ്ങളെ വീട്ടിലെത്തിച്ചു. ഉച്ചയ്‌ക്കാണ്‌ മൃതദേഹം കൊണ്ടു വന്നത്‌. ഇത്തിരി സമയം കൊണ്ട്‌ ജീവിതം തകര്‍ന്നടിയുന്നതിന്റെ ദു:ഖം ഞാനറിഞ്ഞു. അദ്ദേഹത്തിന്റെ മരണശേഷം മൂന്നു മാസത്തോളം ഞാന്‍ സ്‌റ്റുഡിയോ തുറന്നതേയില്ല. അതിനുള്ള മന:സാന്നിധ്യമില്ലായിരുന്നു എന്നതാണ്‌ സത്യം.
അപ്പോള്‍ സുഹൃത്തുക്കള്‍ വന്ന്‌ 'എന്നും നീ ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നാല്‍ പോര, സ്‌റ്റുഡിയോ തുറക്കണം, അത്‌ പഴയതിനേക്കാള്‍ ഭംഗിയായി നടത്തിക്കൊണ്ടു പോകണം.' എന്നു പറഞ്ഞു. എന്തു സപ്പോര്‍ട്ടു വേണമെങ്കിലും തരാമെന്നും പറഞ്ഞു. അങ്ങനെ ഞാന്‍ വീണ്ടും സ്‌റ്റുഡിയോ തുറന്നു. ആദ്യമൊക്കെ എനിക്കു വലിയ വിഷമമായിരുന്നു. സ്‌റ്റുഡിയോയില്‍ മുഴുവന്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ മാത്രമായിരുന്നു. പലപ്പോഴും സങ്കടം സഹിക്കാന്‍ കഴിയാതെ ഞാന്‍ കരഞ്ഞു തളര്‍ന്നു പോയിട്ടുണ്ട്‌. എന്നാലും എനിക്ക്‌ ഉയിര്‍ത്തെണീക്കാതെ വയ്യായിരുന്നു. കാരണം എന്നെ ആശ്രയിച്ച്‌ ഒരു കുടുംബമുണ്ട്‌. പ്രായമായ മാതാപിതാക്കള്‍, മക്കളുടെ പഠനം അങ്ങനെ പലതും. എന്തു പ്രതിസന്ധികള്‍ വന്നാലും അതെല്ലാം നേരിടാന്‍ തന്നെ ഞാനുറച്ചു' രാധാമണി പറയുന്നു.
ഇരുപത്തി മൂന്ന്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ സംശയത്തിന്റെ ഒരായിരം മുള്‍മുനകള്‍ കൂര്‍പ്പിച്ച നിശബ്‌ദ നോട്ടങ്ങള്‍കൊണ്ട്‌ മുറിവേറ്റ സ്‌ത്രീയാണ്‌ രാധാമണിയും. രാധാമണിക്ക്‌ മുപ്പത്തിയാറു വയസുള്ളപ്പോഴാണ്‌ ഭര്‍ത്താവ്‌ മരിക്കുന്നത്‌. വിവാഹിതയായ ഒരു സ്‌ത്രീയുടെ ചെറുപ്രായം. ഭര്‍ത്താവ്‌ മരിച്ച ശേഷം ആദ്യമെല്ലാം രാധാമണിക്ക്‌ നേരെ സഹതാപ വര്‍ഷമായിരുന്നു. എന്നാല്‍ പതുക്കെ പതുക്കെ അതു മാറാന്‍ തുടങ്ങി. ആളുകളുടെ കാഴ്‌ചപ്പാടിലും നോട്ടത്തിലും സംസാരത്തിലുമെല്ലാം വ്യത്യാസം വരുന്നത്‌ രാധാമണിയറിഞ്ഞു. ആളുകള്‍ക്ക്‌ ഒരകല്‍ച്ച പോലെ.
'മംഗള കാര്യങ്ങളിലൊന്നും എന്നെ പങ്കെടുപ്പിക്കില്ല. ഞാന്‍ രാവിലെ സ്‌റ്റുഡിയോയിലേക്ക്‌ പോകും. ജോലിയെല്ലാം തീരുമ്പോള്‍ സന്ധ്യ കഴിയും. രാത്രി എട്ടുമണിയോടെയാണ്‌ വീട്ടിലെത്തുക. ബസിറങ്ങുമ്പോള്‍ റോഡില്‍ നില്‍ക്കുന്നവരുടെ തുറിച്ചു നോട്ടങ്ങള്‍. ഇത്രയും സമയം എവിടെയായിരുന്നു എന്ന സംശയം നിഴലിക്കുന്ന നോട്ടങ്ങള്‍. ഞാന്‍ നിറമുള്ള വസ്‌ത്രങ്ങള്‍ ധരിക്കുന്നു. പൊട്ടു തൊടുന്നു. രാവിലെ ജോലിക്കു പോകുന്നു. കരുത്തോടെ കാര്യങ്ങള്‍ നടത്തുന്നു. ഒരു സ്‌ത്രീ തന്റേടത്തോടെ നിന്ന്‌ ജീവിതം കരുപ്പിടിപ്പിക്കുന്നതു കാണാന്‍ അസഹ്യതയുള്ള മനുഷ്യരായിരുന്നു ചുറ്റും. അവര്‍ക്കെല്ലാം ഞാന്‍ എന്നും കരഞ്ഞു വീട്ടിലിരുന്നിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. ആത്മവിശ്വാസത്തോടെ പ്രതിസന്ധിയെ നേരിടാന്‍ ഉറച്ചപ്പോള്‍ സഹതാപവുമായി നിന്നവരുടെ പുരികം ചുളിഞ്ഞു. അത്തരക്കാരെ ഞാന്‍ അവഗണിക്കാന്‍ തുടങ്ങി. നമ്മുടെ ജിവിതമാണ്‌ വലുത്‌. മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നോര്‍ത്തു വേവലാതിപ്പെട്ടിരുന്നാല്‍ സ്വസ്‌ഥത ലഭിക്കില്ല. സദാചാര പോലീസ്‌ ചമയുന്നവര്‍ക്ക്‌ വേണ്ടതും അതാണ്‌. വിരട്ടലില്‍ പേടിക്കില്ല എന്നു കാണുമ്പോള്‍ താനേ പൊയ്‌ക്കൊള്ളും' രാധാമണി പറയുന്നു.
2001ല്‍ കുടുംബശ്രീയില്‍ അംഗമായ രാധാമണി, അതിക്രമങ്ങളും പീഡനങ്ങളും നേരിടേണ്ടി വരുന്ന സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ അഭയകേന്ദ്രം-സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്‌ ഡെസ്‌കിന്റെ ഭാഗമായി. ഗാര്‍ഹിക പീഡനം സഹിക്കാനാകാതെ ആത്മഹത്യയുടെ വക്കിലെത്തിയ നിരവധി സ്‌ത്രീകളെയാണ്‌ രാധാമണി മുന്‍കൈയെടുത്ത്‌ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടു വന്നത്‌. തിരിഞ്ഞു നോക്കുമ്പോള്‍ ഏറെ സന്തോഷവും സംതൃപ്‌തിയുമുണ്ടെന്ന്‌ രാധാമണി പറയുന്നു. നല്ല വീടു പണിതു. സ്‌റ്റുഡിയോയില്‍ നിന്നുള്ള വരുമാനവും കൃഷി ചെയ്‌തു കിട്ടുന്നതും കൂട്ടി വച്ച്‌ മക്കളെ പഠിപ്പിച്ചു. മഞ്ഞള്‍ കൃഷിയിലെ മികവിന്‌ മികച്ച കര്‍ഷകയ്‌ക്കുള്ള പഞ്ചായത്തിന്റെ അംഗീകാരം ലഭിച്ചു. വാടകയ്‌ക്കു നടത്തിയിരുന്ന ശ്രീകല സ്‌റ്റുഡിയോ പതിമൂന്ന്‌ ലക്ഷം രൂപ കൊടുത്ത്‌ സ്വന്തമാക്കി. മൂത്ത മകന്‍ രതീഷ്‌ ഡിഗ്രികഴിഞ്ഞ്‌ ഫിലിം എഡിറ്റിങ്ങ്‌ പഠനം പൂര്‍ത്തിയാക്കിയ ശേഷം പൂര്‍ണമായും വായനയിലേക്കും സ്‌ക്രിപ്‌റ്റ് റൈറ്റിംഗിലേക്കും തിരിയുകയായിരുന്നു. ഇളയ മകന്റെ വിവാഹം അടുത്തു തന്നെയുണ്ടാകും. എല്ലാം കൊണ്ടും മനസിന്‌ സന്തോഷം മാത്രം.

ആശ. എസ്‌. പണിക്കര്‍

Ads by Google
Saturday 22 Jun 2019 11.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW