Saturday, June 22, 2019 Last Updated 22 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 11.17 PM

രാത്രിപൂരം

uploads/news/2019/06/316726/sun4.jpg

നഗരത്തിരക്കുകകളുടെ വിരസതയില്ലാത്ത ശാന്തസുന്ദരമായ ഗ്രാമമായിരുന്നു അകത്തറ. സരോജിനിയുടെ ചായക്കടയും, സുന്ദരന്റെ തയ്യല്‍ക്കടയും, നാട്ടിന്‍പുറത്തിന്റെ പരദൂഷണകേന്ദ്രങ്ങളായി പേരുകേട്ട ഒരു ചെറിയ മനോഹര ഗ്രാമം.
ഗ്രാമത്തിന്റെ വിശുദ്ധിയുള്ള ജനങ്ങള്‍ക്കിടയില്‍ അതേ വിശുദ്ധിയോടെ ജീവിക്കുന്ന ദമ്പതികള്‍. ബാലനും, സുജാതയും. റെയില്‍വേയില്‍ കീമാനായി ജോലി നോക്കുകയാണ്‌ ബാലന്‍. കുറച്ചധികം പ്രായവും, പ്രായത്തെ കടത്തിവെട്ടുന്ന രോഗങ്ങളുമാണ്‌ ബാലന്റെ സമ്പാദ്യം. ബാലനെക്കാള്‍ തീരെ പ്രായം കുറഞ്ഞവളാണ്‌ സുജാത.
അതിസുന്ദരിയായ സുജാത നാട്ടിലെ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്‌. ഒരു ഭാര്യ ആഗ്രഹിക്കുന്ന സുഖങ്ങള്‍ നല്‍കുവാന്‍ ബാലന്‌ കഴിയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ സുജാത അയാളെ ജീവനു തുല്യം സ്‌നേഹിച്ചു. ദൈവംപോലും കൊതിക്കുന്ന ആ പരസ്‌പര സ്‌നേഹത്തിനിടയില്‍ അവര്‍ക്ക്‌ ഒരേയൊരു ദുഃഖമേ ഉണ്ടായിരുന്നുള്ളൂ. ഒരു കുഞ്ഞിക്കാല്‌.
ഭര്‍ത്താവിന്റെ പ്രായവും, അവശതയും, രോഗങ്ങളും ആ ആഗ്രഹത്തിനൊരു തടസ്സമാണെന്ന തിരിച്ചറിവില്‍ സുജാത മനസ്സിന്‌ കടിഞ്ഞാണിട്ടു. ബാലനുവേണ്ടി സുജാതയെയും, അവള്‍ക്കുവേണ്ടി ബാലനെയും സൃഷ്‌ടിച്ചതുപോലെ അസൂയാവഹമായിരുന്നു അവരുടെ ജീവിതം.
ചായക്കടയിലെ ചായയ്‌ക്കൊപ്പം തന്റെ മാദകമേനിയും കൊതിച്ചെത്തുന്നവരെ ഒരിക്കലും നിരാശപ്പെടുത്താത്ത സരോജിനി ലോറിത്താവളത്തിലെ ഗുണ്ടയായ ചീങ്കണ്ണി വാസുവിന്റെ വെപ്പാട്ടിയായിരുന്നു. വാസൂന്റെ ഭാഷയില്‍ പറഞ്ഞാല്‍ സ്‌റ്റെപ്പിനി.
സരോജിനിയുടെ പറ്റുപടിക്കാരനാണെങ്കിലും വാസുവിന്റെ ഉള്ളിലെ അടങ്ങാത്ത മോഹമായിരുന്നു സുജാത. ആബാല വൃദ്ധവും പിന്നാലെ നടന്നിട്ടും തിരിഞ്ഞൊന്നു നോക്കാത്ത സുജാതയ്‌ക്കെന്ത്‌ വാസു. എങ്കിലും അവസരം കാത്ത്‌ അതിനുവേണ്ടി കാത്തിരിക്കുന്ന വേഴാമ്പലാണ്‌ അയാള്‍.
ബാലന്റെ ചികിത്സയ്‌ക്കായെടുത്ത ലോണ്‍ അടവുകഴിഞ്ഞാല്‍ കിട്ടുന്നത്‌ തുച്‌ഛമായ ശമ്പളമാണ്‌. വീട്ടുചെലവ്‌ കഴിക്കാന്‍തന്നെ സൂജാത നന്നേ പാടുപെട്ടു. അതിനിടയിലൊരത്യാവശ്യം വന്നപ്പോഴാണ്‌ നാട്ടിലെ അറിയപ്പെടുന്ന ബ്ലേഡുകാരനായ കേശവന്റെ കയ്യില്‍നിന്നും സുജാത കുറച്ച്‌ പണം പലിശയ്‌ക്കെടുക്കുന്നത്‌. ഇപ്പോള്‍ പലിശ കൊടുക്കാന്‍പോലും കഴിയാതെ വന്നപ്പോഴാണ്‌ കേശവന്റെ തനിനിറം പുറത്തുചാടിയത്‌. കേശവന്‌ സുജാതയോട്‌ ഒരു മോഹം. കേശവന്റെ ശല്യം അതിരുകടന്നപ്പോഴാണ്‌ മറ്റൊരു വരുമാനത്തെക്കുറിച്ച്‌ സുജാത ചിന്തിച്ചുതുടങ്ങിയത്‌...
അങ്ങനെയാണ്‌ കുലത്തൊഴിലായ പപ്പടനിര്‍മ്മാണത്തിലേക്ക്‌ സുജാത തിരിഞ്ഞത്‌. സഹായത്തിനൊരു പെണ്‍കുട്ടിയേയും കൂട്ടി. സൗമ്യ... സുന്ദരി.
ചെറിയ രീതിയിലുള്ള കച്ചവടത്തിലൂടെ കേശവന്റെ പലിശയെങ്കിലും കൊടുക്കാമെന്നായപ്പോള്‍ കച്ചവടം വിപുലീകരിച്ചാലോ എന്നൊരു ചിന്ത സുജാതയിലുണ്ടായി... സ്വാഭാവികം.
ഓണവും, ഉത്സവവും അടുത്തു... കച്ചവടം തകൃതിയായി... സൗമ്യയും, സുജാതയും മാത്രമായി തിരക്ക്‌ നിയന്ത്രിക്കാന്‍ പറ്റാതെയായി... അങ്ങനെയാണ്‌ കേശവന്റെ പരിചയത്തില്‍ വിനു എന്ന ചെറുപ്പക്കാരന്‍, പണിക്കാരനായെത്തുന്നത്‌. അനാഥന്‍.
വളരെ വേഗം പണി പഠിച്ച വിനു, സുജാതയുടെയും ബാലന്റെയും പ്രിയപ്പെട്ടവനായി. കച്ചവടം പൊടിപൊടിച്ചു. വിനുവിന്‌ താമസിക്കുവാന്‍ വീടിനോട്‌ ചേര്‍ന്ന ചായ്‌പ്പില്‍ ഇടമൊരുങ്ങി.
സുജാതയെ മോഹിച്ചവരുടെ കണ്ണിലെ കരടായി വിനുമാറി. ചായക്കടയിലും, തയ്യല്‍ക്കടയിലും, നാലാള്‍ കൂടുന്നിടത്തൊക്കെ പൊടിപ്പും തൊങ്ങലും വച്ച്‌ വിനുവിന്റെയും സുജാതയുടെയും കഥകള്‍ മാത്രം. ചിലതൊക്കെ വിനുവിന്റെ ചെവിയിലുമെത്തി. ചിലര്‍ അവനോട്‌ നേരിട്ട്‌ തന്നെ ചോദിച്ചു...
സൗമ്യയും വിനുവുമായി അടുക്കുവാന്‍ അധികം സമയം വേണ്ടിവന്നില്ല. യൗവനയുക്‌തരായ ഒരുവനും ഒരു പെണ്ണും... മനസ്സും കടന്ന്‌ ശരീരവും ബന്ധങ്ങളിലാഴ്‌ന്നു.
ഒരിക്കല്‍ എവിടെയോ പോയി വന്ന സുജാത ശബ്‌ദം കേട്ടാണ്‌ ചായ്‌പ്പിലേക്ക്‌ നോക്കിയത്‌.
അവളുടെ ജീവിതത്തില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത സുഖനിര്‍വൃതിയില്‍ വിനുവും, സൗമ്യയും രണ്ട്‌ നാഗങ്ങളെപ്പോലെ! ആ രംഗത്തില്‍നിന്നും കണ്ണുകള്‍ പിന്‍വലിക്കാന്‍ അവള്‍ക്ക്‌ സാധിച്ചില്ല. ഉടലിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു.
വിരസതയുടെ ഓരോ നിമിഷങ്ങളിലും ആട്ടിപ്പായിച്ചിട്ടും ശരീരത്തിലേക്ക്‌ പറന്നടുക്കുന്ന ഈയാംപാറ്റകളെപ്പോലെ ആ രംഗങ്ങള്‍ അവളുടെ മനസ്സില്‍ വീണ്ടും വീണ്ടുമെത്തി വികാരത്തിന്റെ വേലിയേറ്റങ്ങള്‍ തീര്‍ത്തുകൊണ്ടിരുന്നു.
കാവിലെ പൂരമാണ്‌... പകലുറക്കത്തിന്റെ ആലസ്യം വിട്ടുണര്‍ന്ന ബാലന്‍ അവധിയുടെ വിരസതയില്‍ സുജാതയെ വിനുവിന്‌ കൂട്ടേല്‍പ്പിച്ച്‌ കാവിലേക്ക്‌ പോയി.
രാത്രിയുടെ മടുപ്പിക്കുന്ന നിശബ്‌ദതയ്‌ക്ക് മീതേ മുഴങ്ങുന്ന ദ്രുതതാളങ്ങള്‍ സുജാതയുടെ മനസ്സിനെ അമ്മാനമാടിക്കൊണ്ടിരുന്നു... വിനുവിന്റെ സാമീപ്യം അവളെ അസ്വസ്‌ഥയാക്കി... തരിശുകിടന്ന പാടത്തില്‍ പുതുമഴയേറ്റ വള്ളിച്ചെടിപോലെ അവള്‍ വിനുവിലേക്ക്‌ പടര്‍ന്നു കയറുകയായിരുന്നു. ശരിയും തെറ്റുമായിരുന്നില്ല, അടക്കിപ്പിടിച്ച മോഹങ്ങളുടെ കുത്തൊഴുക്കായിരുന്നു അവളില്‍...
നേരം പുലരുമ്പോള്‍ കുറ്റബോധത്തിന്റെ തരിപോലും അവളിലുണ്ടായിരുന്നില്ല. ഉണ്ടായിരുന്നത്‌ വിനുവിനോടുള്ള അഭിനിവേശം മാത്രം... അത്‌ മനസ്സിലൊതുക്കി അവള്‍ സമര്‍ത്ഥയായ ഒരഭിനേത്രിയെപ്പോലെ ബാലനെ യാത്രയാക്കി.
ദിനരാത്രങ്ങള്‍ കൊഴിയുന്നതനുസരിച്ച്‌ സമാഗമങ്ങള്‍ കൂടിക്കൊണ്ടിരുന്നു... ഒടുവില്‍... ഒരു രാത്രി...
ജോലിക്കിറങ്ങിയ ബാലന്‌ പെട്ടെന്ന്‌ വീട്ടില്‍ തിരിച്ചെത്തേണ്ടതായിവന്നു. നടന്നുകിതച്ച്‌ ഉമ്മറത്തെത്തി സുജാതയെ വിളിക്കാനൊരുങ്ങിയ ബാലന്റെ കാതില്‍ കാതരയായ ഒരു ശബ്‌ദം... ഒരു നിമിഷം അയാള്‍ സ്‌തബ്‌ധനായി... വീടിനുപിന്നാമ്പുറത്തെത്തി ജനലഴികളിലൂടെ നോക്കിയ ബാലന്റെ ഹൃദയം തകര്‍ന്നു... തന്റെ കിടക്കയില്‍ പ്രിയതമ, വിനുവിനോടൊപ്പം. ഏതൊരു ഭര്‍ത്താവും സ്വയം ഇല്ലാതാകുന്ന ആ നിമിഷത്തിലും അരണ്ട വെളിച്ചത്തില്‍ അയാള്‍ കണ്ടു. അവളുടെ മുഖം... വിയര്‍പ്പില്‍ ഉരുകിയൊലിക്കുന്ന നെറ്റിയിലെ സിന്ദൂരത്തിനുതാഴെ അവളുടെ ചുണ്ടില്‍ സംതൃപ്‌തിയുടെ പുഞ്ചിരി.
വിവാഹദിനം മുതല്‍ക്കിങ്ങോട്ട്‌ ഒരിക്കലും അവളുടെ ചുണ്ടില്‍ വിരിഞ്ഞിട്ടില്ലാത്ത ആ പുഞ്ചിരി അയാളുടെ കണ്ണുനിറച്ചു. നിറഞ്ഞ കണ്ണുമായി ബാലന്‍ പടിയിറങ്ങി...അനന്തമായി നീളുന്ന റെയില്‍പ്പാളത്തിലൂടെ അകലേക്ക്‌ നടന്ന്‌ അയാള്‍ ഒരു പൊട്ടുപോലെ... അതിന്‌ മീതെ ആര്‍ത്തലച്ച്‌ ഒരു തീവണ്ടി കൂകിപ്പാഞ്ഞുപോയി. ആകാശത്ത്‌ പപ്പടവട്ടത്തില്‍ നിറഞ്ഞുനിന്ന പൂര്‍ണചന്ദ്രനെ കാര്‍മേഘങ്ങള്‍ മറച്ചു... ഇരുട്ട്‌... എങ്ങും ഇരുട്ട്‌ പടര്‍ന്നു..

ഷാജി പട്ടിക്കര

Ads by Google
Saturday 22 Jun 2019 11.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW