Saturday, June 22, 2019 Last Updated 22 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 11.17 PM

വെയിലും മഴയും...

uploads/news/2019/06/316725/sun3.jpg

ഞായറാഴ്‌ചകളിലെ സുബേദാര്‍ മേജറേ അല്ല; ബാംബൂഷെഡ്‌ഢിലെ മുറിയില്‍ കസേരയിലിരിക്കുന്നത്‌. ടാക്‌സ്ഫോഴ്‌സ് ഹെഡ്‌ക്വാര്‍ട്ടറിലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ചുമതലയുള്ള സുബേദാര്‍ മേജറാണ്‌. സുബേദാര്‍ മേജര്‍ ഹോഷിയാര്‍ സിംഗ്‌. ഇന്‍ ഫ്രണ്ടറിയിലെ കേണല്‍ ഡില്ലന്റെ പിതാവ്‌.
പദവിയുടെ ഗൗരവത്തോടെയാണ്‌ ഇരിപ്പ്‌.
പൈതലിനെ ശ്രദ്ധിക്കുന്നേയില്ല.
ഓഫീസിലെ ഫയല്‍ നീക്കങ്ങളൊഴികെ, എച്ച്‌ക്യൂവിന്റെ ദൈനംദിന ഭരണനിര്‍വ്വഹണം തന്റെ മാത്രം ഉത്തരവാദിത്വമാണെന്നാണ്‌ സുബേദാര്‍ മേജറുടെ തീരുമാനം. ക്യാമ്പ്‌ ഓഫീസറുടെയും സിഒയുടെയും ആജ്‌ഞകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ തന്റെ ജോലിയാണ്‌.
സുബേദാര്‍ മേജറുടെ ഗൗരവമത്‌ സൂചിപ്പിക്കുന്നു.
കഴുകിത്തുടച്ചുവൃത്തിയാക്കി ഗ്ലാസില്‍ കുടിക്കാനുള്ള വെള്ളം നിറച്ചു വെച്ച്‌ അവിടെയുമിവിടെയും തട്ടിക്കുടഞ്ഞും തുടച്ചും ഓഫീസ്‌ സൂപ്രണ്ടിനെ സുഖിപ്പിച്ചതിനുശേഷം ഓഫീസ്‌ ഓര്‍ഡലി പയനിയര്‍ ബാലന്‍, പൈതലിനരികിലൂടെ, പൈതലിന്‌ ആത്മവിശ്വാസം പകരാനെന്നപോലെ സുബേദാര്‍ മേജറുടെ മുറിയുടെ വാതില്‌ക്കല്‍ നിന്ന്‌ സല്യൂട്ട്‌ ചെയ്‌തതിനു ശേഷം ഉള്ളിലേക്കു കയറി.
കൈയിലുണ്ടായിരുന്ന മുഷിഞ്ഞ തുണികൊണ്ട്‌, കുറച്ചുമുമ്പേ തുടച്ചു വൃത്തിയാക്കിയ മേശപ്പുറത്തെ ഗ്ലാസ്‌ വീണ്ടും തുടച്ചു. മേശപ്പുറത്തുണ്ടായിരുന്ന രണ്ടു ഫയലുകളെടുത്ത്‌ ഇല്ലാത്ത പൊടി തട്ടി യഥാസ്‌ഥാനത്ത്‌ വച്ചു.
സാബ്‌, കുച്ച്‌ ചാഹിയേ...
ഞാനെന്തെങ്കിലും പ്രത്യേകിച്ച്‌ ചെയ്യാനുണ്ടോ?
നഹിം...
ഇല്ല; വേണ്ടാ.
തന്റെ സ്വാധീനം ഉപയോഗിച്ച്‌ പൈതലിന്റെ സാന്നിദ്ധ്യം സുബേദാര്‍ മേജറെ ബാലന്‍ ഓര്‍മ്മിപ്പിച്ചു.
സിഗ്നല്‍മാന്‍ പൈതല്‍ ബാഹര്‍ ഘടാഹേ, സാബ്‌ജി...
പൈതല്‍ വെളിയില്‍ കാത്തുനില്‍ക്കുന്നു.
ടീക്കേ... മാലൂം...
ശരി, അറിയാം.
ഗൗരവത്തില്‍ തന്നെയാണ്‌. ഗൗരവസ്വഭാവമുള്ളതായിരിക്കും പൈതലിന്റെ കുറ്റം.
എന്താ പൈതലേട്ടാ, ഇതുവരെയില്ലാത്ത കുറ്റം ചെയ്‌തത്‌?
ബാലന്റെ ചോദ്യത്തിനും ഉത്തരം പൈതലിനില്ല.
പതിവിനപ്പുറമായി എന്തെങ്കിലും സംഭവിച്ചതായും പൈതലിനോര്‍മ്മയില്ല. സ്വഭാവം ശരിയല്ലെന്നു മാത്രം സുബേദാര്‍ മേജര്‍ പറഞ്ഞിട്ടുണ്ട്‌. നാളുകളായി തുടരുന്ന മദ്യപാനശീലം സ്വഭാവദൂഷ്യമായി ഇപ്പോള്‍ കരുതാനുള്ള കാരണവും വ്യക്‌തമല്ല.
പൈതലിന്റെ അസ്വസ്‌ഥത കൂടിക്കൊണ്ടിരുന്നു.
കേണല്‍ സാബുമായുള്ള കൂടിക്കാഴ്‌ചയെപ്പറ്റി സുബേദാര്‍ മേജര്‍ അറിയിച്ചതിനുശേഷം തുള്ളിപോലും തൊട്ടിട്ടില്ല.
കുപ്പികളെല്ലാം ഉണ്ണിയേട്ടന്‍ ഒളിച്ചുവച്ചു.
ഒരാളെപ്പോലും സെന്ററിലേക്ക്‌ കടക്കാന്‍ അനുവദിച്ചുമില്ല.
കേണല്‍ സാബ്‌ നേരിട്ടു വിളിപ്പിച്ചിരിക്കുകയാണ്‌.
തന്റെ മദ്യപാനത്തെപ്പറ്റി കേണല്‍ സാബും അറിഞ്ഞിട്ടുണ്ടാകുമോ? ഡ്യൂട്ടി സമയത്ത്‌ മദ്യപിക്കുന്നതും മദ്യപിച്ചുകൊണ്ട്‌ ഡ്യൂട്ടി ചെയ്യുന്നതും അക്ഷന്തവ്യമായ തെറ്റു തന്നെയെന്ന്‌ പൈതലിനും അറിയാം. ഭാര്യയെയും കുടുംബത്തെയും മറന്ന്‌ അമിതമദ്യപാനവുമായി കഴിയുകയാണെന്നും ചാര്‍ജ്‌ജ്ഷീറ്റില്‍ ചേര്‍ത്തിട്ടുണ്ടാകുമോ?
ഇടിമിന്നലിന്റെ വേഗതയോടെ, ഞെട്ടലോടെ പൈതല്‍ ചിന്തിച്ചു.
അവള്‍ പണി പറ്റിച്ചിരിക്കുമോ? വിമുക്‌തന്റെ ഒത്താശ്ശയോടെ സിഒ-യ്‌ക്ക് റപ്രസെന്റേഷന്‍ കൊടുക്കാനുള്ള സാദ്ധ്യതയെപ്പറ്റി പൈതല്‍ ഓര്‍ത്തു.
ശിക്ഷ ഉറപ്പ്‌.
തടവാണോ?
തലമുണ്ഡനം ചെയ്‌ത് ബല്‍റ്റും ഊരിച്ച്‌, തോക്കേന്തിയ സൈനികന്‍ ഗാര്‍ഡ്‌ നില്‌കുന്ന ക്വാര്‍ട്ടര്‍ ഗാര്‍ഡെന്ന ജയിലില്‍ അടയ്‌ക്കുക.
ലേബര്‍ ക്യാമ്പില്‍, ലങ്കറിലേക്കുള്ള വഴിയരുകിലാണ്‌ ക്വാര്‍ട്ടര്‍ ഗാര്‍ഡ്‌ കെട്ടിടം. ഇരുപത്തിനാലുമണിക്കൂറും തോക്കേന്തിയ സൈനികര്‍ കാവല്‍ നില്‌ക്കുമവിടെ. ഒരു മുറി ആയുധപ്പുരയാണ്‌. തടവുശിക്ഷ ലഭിച്ചവരെ പാര്‍പ്പിക്കാന്‍ അഴികളിട്ട മറ്റൊരു മുറി. കനമുള്ള തടിപ്പലകകള്‍ കൊണ്ടുള്ള ഭിത്തിയും ആസ്‌ബസേ്‌റ്റാസ്‌ ഷീറ്റിന്റെ മേല്‍ക്കൂരയുമുള്ള ഉറപ്പുള്ള കെട്ടിടമാണ്‌ ക്വാര്‍ട്ടര്‍ ഗാര്‍ഡ്‌ കെട്ടിടം.
തൂമ്പയും പിക്കാസുമാണ്‌ ഗ്രഫിലെ ആയുധങ്ങളെങ്കിലും ക്വാര്‍ട്ടര്‍ ഗാര്‍ഡും ആയുധപ്പുരയും സൈനികരീതിയാണ്‌.
അഴികളിട്ട ആ മുറിയില്‍, മുണ്ഡനം ചെയ്‌ത തലയുമായി തടവുകാരനാകുക. ഗാര്‍ഡിന്റെ അകമ്പടിയോടെ പ്രാഥമികാവശ്യങ്ങള്‍ക്കും മറ്റും പോകുക. സഹതാപത്തിന്റെയും പരിഹാസത്തിന്റെയും നോട്ടങ്ങളെ നേരിടേണ്ടി വരിക.
പതിവുകള്‍ തെറ്റിയ പൈതലിന്‌ ബാലന്‍സ്‌ തെറ്റുന്നതുപോലെ.
പൈതലിന്‌ മൂത്രശങ്ക തോന്നി.
തടവ്‌ ശിക്ഷയേക്കാള്‍ പൈതലിനെ അലട്ടിയത്‌ മദ്യപിക്കാനാവാത്ത തടവുദിനങ്ങളെപ്പറ്റിയുള്ള ഉത്‌കണ്‌ഠകളും ആശങ്കകളുമായിരുന്നു.
ശമ്പളം വെട്ടിക്കുറയ്‌ക്കുകയും, ലങ്കറിലോ റേഷന്‍ സ്‌റ്റോറിലോ കഠിനജോലിക്ക്‌ നിയോഗിക്കുന്നതും ശിക്ഷയുടെ ഭാഗമാകാം.
ശമ്പളം കിട്ടിയില്ലെങ്കിലും, പൈതലിന്‌ പരാതിയില്ല. പൈതലിന്‌ എന്തിനാണ്‌ ശമ്പളം?
എരിപൊരി അസ്വസ്‌ഥത.
രണ്ടോ മൂന്നോ പ്രാവശ്യം മൂത്രപ്പുരയിലേക്കു പോയെങ്കിലും, തുള്ളിപോലും പോയില്ല. പരവേശമാണ്‌ പൈതലിന്‌, കക്കൂസില്‍ പോകണമെന്നും തോന്നുന്നു.
മൂത്രത്തോടൊപ്പം ഡിഡിറ്റിയുടെയും പാറ്റാഗുളികകളുടെയും മടുപ്പിക്കുന്ന ഗന്ധമായിരുന്നു മൂത്രപ്പുരയിലും പരിസരത്തും.
ഇടമുറ്റത്തുകൂടി പൈതല്‍ വെപ്രാളപ്പെട്ട്‌ നടന്നു.

** ** **
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌ ഫിലിപ്പ്‌, ഒരു കെട്ട്‌ ഫയലും താങ്ങിപ്പിടിച്ച്‌ ഡസ്‌പാച്ച്‌ സെക്ഷന്റെ പുറകിലെ കുത്തുകല്ലുകള്‍ കയറിവന്നു. ഡെസ്‌പാച്ച്‌ സെക്ഷന്റെ പുറകില്‍ കുറച്ചു താഴ്‌ചയിലാണ്‌ ക്യാമ്പ്‌ ക്ലാര്‍ക്കിന്റെ ഓഫീസ്‌. എച്ച്‌ക്യൂ സ്‌റ്റാഫിന്റെ റിക്കോര്‍ഡ്‌സും ശമ്പളബില്ലുമൊക്കെ കൈകാര്യം ചെയ്യുന്നത്‌ ക്യാമ്പ്‌ ഓഫീസ്‌ ഇന്‍ചാര്‍ജ്‌ എല്‍ഡിസി കെ.ഒ ഫിലിപ്പായിരുന്നു.
അതാതു ദിവസങ്ങളിലെ പ്രധാന സംഭവങ്ങളുടെ അറിയിപ്പായ ഡയിലി ഓര്‍ഡറുകള്‍ ഇറക്കുന്നതും ക്യാമ്പ്‌ ഓഫീസില്‍ നിന്നാണ്‌. ശിക്ഷയും അനുമോദനവും ഡയറി ഓര്‍ഡറായിട്ടാണ്‌ ഇറങ്ങുക.
എന്താ, പൈതലേട്ടാ പതിവില്ലാതിവിടെ?
ഫിലിപ്പിനും അത്ഭുതം. പൈതലിനെ ഓഫീസ്‌ പരിസരത്ത്‌ കാണുന്നത്‌ ആദ്യമായിട്ടായിരുന്നു.
സിഒ സാബ്‌ വിളിപ്പിപ്പിച്ചെന്ന്‌.
ഒരു ജവാനെ കമാണ്ടിംഗ്‌ ഓഫീസര്‍ നേരിട്ട്‌ വിളിപ്പിക്കണമെങ്കില്‍ വിഷയം ഗൗരവമേറിയതായിരിക്കും. എച്ച്‌ക്യൂ സ്‌റ്റാഫുമായി ബന്ധപ്പെട്ട ഏതു വിഷയവും ക്യാമ്പ്‌ ഓഫീസിലൂടെയേ കൈകാര്യം ചെയ്യാറുള്ളൂ. പൈതലിനെപ്പറ്റി പരാതി കിട്ടുകയോ പൈതലിനെ കമാണ്ടിംഗ്‌ ഓഫീസര്‍ വിളിപ്പിച്ചതായോ ക്യാമ്പോഫീസില്‍ വിവരമില്ല.
ഫിലിപ്പിന്‌ സംശയമായി.
പേപ്പറുകള്‍ ഓഫീസിലെത്തിയിട്ടും തന്റെ ശ്രദ്ധയില്‍പ്പെടാതിരുന്നതാണോ? അങ്ങനെയാണെങ്കില്‍ത്തന്നെയും കുറ്റാരോപിതനെ വിളിപ്പിക്കുന്നതിന്‌ മുമ്പ്‌ ചാര്‍ജ്‌ജ് ഷീറ്റ്‌ ആവശ്യപ്പെടേണ്ടതാണല്ലോ?
സുബേദാര്‍ മേജറുടെ മുറിയിലേക്ക്‌ എത്തിനോക്കി, സത്‌ശ്രീക്കാല്‍ സാബ്‌ എന്ന്‌ അഭിവാദനം ചെയ്‌തപ്പോള്‍ സാധാരണപോലെ പ്രത്യഭിവാദനം ചെയ്‌തതല്ലാതെ സുബേദാര്‍ മേജര്‍ അനങ്ങിയില്ല. ഫിലിപ്പിന്‌ സമാധാനമായി. തന്റെ ഓഫീസുമായി ബന്ധപ്പെട്ട വിഷയമല്ല.
ഇത്‌ ഗൗരവതരവും പരമരഹസ്യവുമായ വിഷയം തന്നെ. മറ്റൊരാള്‍ അറിയാന്‍ പാടില്ലാത്തത്ര രഹസ്യവും ഗൗരവമേറിയതും.
പൈതലിന്റെ ലീവിന്റെയും ഫാമിലി അലോട്ട്‌മെന്റിന്റെയും വിവരങ്ങള്‍ സുബേദാര്‍ മേജര്‍ ചോദിച്ചിരുന്നത്‌ ഫിലിപ്പ്‌ ഓര്‍ത്തു. പൈതല്‍ അവധിയില്‍ പോകാറില്ല. ഫാമിലി അലോട്ട്‌മെന്റിനായി മണിയോര്‍ഡര്‍ ഫോറം പൂരിപ്പിച്ചിട്ടുമില്ല.
ശമ്പളത്തില്‍ നിന്ന്‌ പണം കുറവു ചെയ്‌ത് ഓഫീസില്‍ നിന്ന്‌ നേരിട്ട്‌ ഉദ്യോഗസ്‌ഥര്‍ ആവശ്യപ്പെടുന്നവര്‍ക്ക്‌ അയച്ചുകൊടുക്കുന്ന രീതിയാണ്‌ ഫാമിലി അലോട്ട്‌മെന്റ്‌. സ്വീകര്‍ത്താവിന്‌ കൃത്യമായി പണം കിട്ടും. ഉറപ്പ്‌. സ്വീകര്‍ത്താവിന്റെ വിവരങ്ങളോടെ മണിയോര്‍ഡര്‍ ഫോം പൂരിപ്പിച്ചു കൊടുക്കേണ്ടത്‌ അയയ്‌ക്കുന്ന ഉദ്യോഗസ്‌ഥനാണ്‌. മണിയോര്‍ഡര്‍ കമ്മീഷനില്ല. പോസ്‌റ്റാഫീസിലേക്ക്‌ പോകേണ്ടതുമില്ല. ഡാക്‌റണ്ണറെക്കൊണ്ട്‌ ക്യാമ്പ്‌ ക്ലാര്‍ക്ക്‌ ചെയ്യിച്ചോളും.
യൂണിറ്റുകളിലേക്കുള്ള പോസ്‌റ്റല്‍ ഉരുപ്പടികള്‍ കൈകാര്യം ചെയ്യുന്നത്‌ ഡാക്‌റണ്ണറാണ്‌. ഓരോ യൂണിറ്റിലും അങ്ങനെയൊരാള്‍ ഉണ്ടാകും. ആര്‍മി പോസ്‌റ്റാഫീസിലൂടെയാണ്‌ ഉരുപ്പടികള്‍ വരുന്നതും പോകുന്നതും. കായംകുളത്തുകാരന്‍ പയനിയര്‍ പിള്ളയാണ്‌ ഡാക്‌റണ്ണന്‍.
പൈതല്‍ മണിയോര്‍ഡര്‍ അയയ്‌ക്കാറുണ്ടോയെന്ന്‌ സുബേദാര്‍ മേജര്‍ പിള്ളയോടും അന്വേഷിച്ച്‌ നിജസ്‌ഥിതി ഉറപ്പാക്കിയിരുന്നു.
പൈതല്‍ പണം അയയ്‌ക്കാറേയില്ല.
വീട്ടില്‍ നിന്ന്‌ പരാതിവല്ലതും വന്നിട്ടുണ്ടാകുമോ? അതും തന്റെ ഓഫീസിലേക്കാണല്ലോ വരേണ്ടത്‌. വിശദവിവരങ്ങളോടെ ഫയല്‍ പുട്ട്‌അപ്പ്‌ ചെയ്യേണ്ടതും താനാണ്‌. ആദ്യം ക്യാമ്പോഫീസര്‍ക്ക്‌. ക്യാമ്പോഫീസറുടെ കുറിപ്പോടെ സിഒ-യ്‌ക്ക്. അതാണ്‌ മുറ. ത്രൂ പ്രോപ്പര്‍ ചാനല്‍...
അന്നേരം ആ സന്ദിഗ്‌ദ്ധാവസ്‌ഥയിലും ഫിലിപ്പിന്റെ ഓര്‍മ്മയിലേക്ക്‌ ഒരു മിന്നല്‍പോലെ ഗോവിന്ദന്‍വൈദ്യരെത്തി. വൈദ്യരുടെ പ്രത്യേകതയും, മദ്യപാനത്തിലെ വ്യത്യസ്‌ഥതയായിരുന്നു.

(തുടരും)

കൈപ്പട്ടൂര്‍ തങ്കച്ചന്‍

Ads by Google
Saturday 22 Jun 2019 11.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW