Saturday, June 22, 2019 Last Updated 12 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 01.57 AM

ടോറസ്‌ ബൂട്ടഴിച്ചു

uploads/news/2019/06/316629/3.jpg

മാഡ്രിഡ്‌: 18 വര്‍ഷം നീണ്ട ഫുട്‌ബോള്‍ കരിയറിനോടു വിടപറയുകയാണെന്നു സ്‌പാനിഷ്‌ ഫുട്‌ബോള്‍ താരം ഫെര്‍ണാണ്ടോ ടോറസ്‌. ഔദ്യോഗിക വിടപറയല്‍ ഞായറാഴ്‌ച നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന്‌ ട്വിറ്റര്‍ വീഡിയോയില്‍ മുപ്പത്തഞ്ചുകാരനായ ടോറസ്‌ അറിയിച്ചു. സ്‌പാനിഷ്‌ ജഴ്‌സിയില്‍ 110 മത്സരങ്ങള്‍ കളിച്ച ടോറസ്‌ ടീമിന്റെ ലോകകപ്പ്‌, യൂറോകപ്പ്‌ നേട്ടങ്ങളില്‍ പങ്കാളിയായി. സ്‌പാനിഷ്‌ മുന്‍നിര ടീമായ അത്‌ലറ്റികോ മാഡ്രിഡില്‍ ക്ലബ്‌ ഫുട്‌ബോളിനു തുടക്കമിട്ട താരം ഇംഗ്ലീഷ്‌ കബ്ബുകളായ ചെല്‍സി, ലിവര്‍പൂള്‍ എന്നിവയ്‌ക്കുവേണ്ടിയും ബൂട്ടണിഞ്ഞു. ജപ്പാനിലെ ജെ വണ്‍ ലീഗില്‍ സാഗന്‍ ടോസു ടീമംഗമാണു നിലവില്‍ താരം.
18 വര്‍ഷത്തെ ഫുട്‌ബോള്‍ ജീവിതത്തില്‍ സ്‌പെയിനിനായി 38 ഗോളുകളാണ്‌ അക്കൗണ്ടിലുള്ളത്‌. വിവിധ ക്ലബ്ബുകള്‍ക്കായി 706 മത്സരങ്ങളില്‍നിന്ന്‌ 252 ഗോളാണ്‌ ടോറസിന്റെ പേരിലുള്ളത്‌. 2003-ല്‍ അരങ്ങേറിയ ടോറസ്‌ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരില്‍ മൂന്നാമനാണ്‌. ഡേവിഡ്‌ വിയയും റൗളുമാണു ഗോള്‍വേട്ടയിലെ ആദ്യ രണ്ടു സ്‌ഥാനക്കാര്‍. 2008-ലെ യൂറോകപ്പ്‌ കലാശപ്പോരില്‍ ജര്‍മനിക്കെതിരേ സ്‌പെയിന്‍ കിരീടമുയര്‍ത്തിയത്‌ ടോറസിന്റെ ഗോളിലായിരുന്നു. 2010-ല്‍ ടീമിന്റെ ലോകകപ്പ്‌ നേട്ടത്തിലും പങ്കാളിയായി. 2012-ല്‍ സ്‌പെയിന്‍ യൂറോകപ്പ്‌ നിലനിര്‍ത്തിയപ്പോള്‍ ഗോള്‍ഡന്‍ ബൂട്ട്‌ പുരസ്‌കാരം സ്വന്തമാക്കി. ഇറ്റലിക്കെതിരായ ഫൈനലില്‍ സ്‌പാനിഷ്‌ ടീം നേടിയ നാലു ഗോളുകളില്‍ ഒന്ന്‌ ടോറസിന്റെ വകയായിരുന്നു.
അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്‌റ്റന്മാരിലൊരാളാണു ടോറസ്‌. അത്‌ലറ്റികോയ്‌ക്കായി 350 മത്സരങ്ങളില്‍നിന്ന്‌ 121 ഗോളാണ്‌ നേടിയത്‌. 2007-ല്‍ ലിവര്‍പൂളിലേക്കു കൂടുമാറി. പിന്നീടു നാലുവര്‍ഷം ചെമ്പടയ്‌ക്കൊപ്പം. 142 മത്സരങ്ങളില്‍ 81 വട്ടം എതിരാളികളുടെ വലകുലുക്കി ടോറസ്‌ തിളങ്ങിയെങ്കിലും ഒരു പ്രധാന കിരീടംപോലും ടീമിനു സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ഗോളടിമികവില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ 2011-ല്‍ ചെല്‍സി താരത്തെ സ്വന്തമാക്കി. 172 മത്സരങ്ങളില്‍ നീലപ്പടയ്‌ക്കായി നേടിയത്‌ 45 ഗോള്‍ മാത്രം. എന്നാല്‍ ചാമ്പ്യന്‍സ്‌ ലീഗ്‌, യൂറോപ്പ ലീഗ്‌, എഫ്‌.എ. കപ്പ്‌ കിരീടങ്ങള്‍ സ്വന്തമാക്കാനായതു നേട്ടമായി.

Ads by Google
Saturday 22 Jun 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW