Saturday, June 22, 2019 Last Updated 4 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 01.31 AM

കണ്ണൂരില്‍ സി.പി.എം. പുകയുന്നു

uploads/news/2019/06/316570/bft1.jpg

കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനം ആരംഭിച്ച കണ്ണൂരിലാണു പിളര്‍ന്നപ്പോള്‍ മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടി കരുത്തുകാട്ടിയത്‌. ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തില്‍ പൊട്ടിത്തെറിക്കു മുമ്പുള്ള പുകച്ചില്‍ തുടങ്ങിയതും കണ്ണൂരില്‍ത്തന്നെ.
പി. ജയരാജനെ ഒതുക്കാന്‍ മറു വിഭാഗം ശ്രമിച്ചതാണ്‌ സംഭവങ്ങളുടെ തുടക്കം. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്‌ണന്‍, എം.വി. ഗോവിന്ദന്‍, എം.വി. ജയരാജന്‍ തുടങ്ങിയ ശക്‌തര്‍ എതിര്‍പക്ഷത്ത്‌ അണിനിരന്നപ്പോള്‍ പി. ജയരാജന്‍ ദുര്‍ബലനായി. അപ്രതീക്ഷിതമായി സംസ്‌ഥാന കമ്മിറ്റി യോഗത്തില്‍ ജയരാജന്റെ ഏക ഛത്രാധിപതി വാഴ്‌ചയ്‌ക്കെതിരേ ഗോവിന്ദന്‍ വാളോങ്ങിയതു മാസങ്ങള്‍ക്കുമുമ്പ്‌. ഫാന്‍സ്‌ അസോസിയേഷന്‍ ഉണ്ടാക്കി, ജയരാജ കീര്‍ത്തനങ്ങള്‍ കാസറ്റുകളായി ഇറക്കി, നാടന്‍പാട്ടും തെയ്യവും കൂത്തുമൊക്കെ ജയരാജന്റെ പ്രകീര്‍ത്തനങ്ങളായി പുറത്തുവന്നു... തുടങ്ങിയ ആരോപണങ്ങളുടെ പേരില്‍ ശാസിക്കപ്പെട്ടതും അപ്രതീക്ഷിതമായിരുന്നു. അന്നു സംസ്‌ഥാന കമ്മിറ്റിയിലിരുന്നു വിയര്‍ത്ത ജയരാജന്‍ പ്രതീക്ഷയോടെ നോക്കിയതു പിണറായിയുടെ മുഖത്തേക്കായിരുന്നു. രൂക്ഷഭാവത്തോടെ ഇരുന്നതല്ലാതെ പിണറായി കുലുങ്ങിയില്ല.
അന്നേ പാര്‍ട്ടി ജില്ലാ സെക്രട്ടറി പദം തെറിക്കുമെന്നു പി. ജയരാജനു തോന്നിത്തുടങ്ങിയിരുന്നു. പാര്‍ട്ടി അണികളിലെ സ്വാധീനവും അഴിമതിവിരുദ്ധ പ്രതിച്‌ഛായയുംമാത്രമായിരുന്നു ജയരാജന്‌ അനുകൂല ഘടകങ്ങള്‍. രാഷ്‌ട്രീയ ആക്രമണങ്ങളും ടി.പി. ചന്ദ്രശേഖരന്‍ വധവും ജയരാജന്‍ കണ്ണിലെ കരടായി മാറാന്‍ കാരണമായി. തെരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ ജയരാജനെ സ്‌ഥാനാര്‍ഥിയാക്കി ജില്ലാ സെക്രട്ടറി കസേര പിടിച്ചെടുക്കുകയായിരുന്നു മറുപക്ഷത്തിന്റെ ലക്ഷ്യം. മത്സരിക്കാന്‍ ജയരാജനു താല്‍പ്പര്യമില്ലായിരുന്നു. നിര്‍ബന്ധിച്ചാണ്‌ മത്സരിപ്പിച്ചത്‌.
കണ്ണൂരിലെ അടുപ്പക്കാരെയാകെ ജയരാജന്‍ വടകരയിലിറക്കി. അതിനും പാര്‍ട്ടി തടയിട്ടു. പിണറായിയുടെ വിശ്വസ്‌തനായ കെ.കെ. രാഗേഷ്‌ എം.പി, കോടിയേരിയുടെ മനഃസാക്ഷി എ.എന്‍. ഷംസീര്‍ എം.എല്‍.എ. എന്നിവരെ പാര്‍ട്ടി വടകരയ്‌ക്കയച്ചു. കാലുവാരല്‍ ജയരാജന്‍ അപ്പോഴേ മണത്തു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു മുസ്ലിംകളുമായി എട്ടു സംഘട്ടനങ്ങളാണു സി.പി.എം. നടത്തിയത്‌. അതോടെ ന്യൂനപക്ഷങ്ങള്‍ ജയരാജനെതിരായി. അതിനു ജയരാജന്‍ കണ്ടെത്തിയ കുറുക്കുവഴിയാണു സി.ഒ.ടി. നസീറിന്റെ സ്‌ഥാനാര്‍ഥിത്വം. നസീര്‍ പാര്‍ട്ടിയില്‍ ജയരാജന്റെ വിശ്വസ്‌തനായിരുന്നു. ആ ബലത്തിലാണ്‌ ഷംസീറിനെതിരേ പരസ്യമായി പോരാടിയത്‌. ഇരുവരും തമ്മില്‍ പാര്‍ട്ടി ഓഫീസില്‍വച്ചു ഷര്‍ട്ടിനു പിടിത്തവും പിടിച്ചുതള്ളലുംവരെ ഉണ്ടായത്രേ.
പാര്‍ട്ടിക്കു പരാതി കൊടുത്തിട്ടും പ്രയോജനമുണ്ടാകാതായപ്പോള്‍ നസീര്‍ വിമതനായി. സി.പി.എം. വിരുദ്ധ മുസ്ലിം വോട്ടുകള്‍ യു.ഡി.എഫിനു പോകാതെ നസീറിനു ലഭിക്കട്ടെ എന്നായിരുന്നു ജയരാജന്റെ കണക്കുകൂട്ടല്‍. ഈ പക കാരണമാണ്‌ എതിര്‍പക്ഷം നസീറിനെ വെട്ടിയത്‌. ജയരാജനുള്ള താക്കീതു കൂടിയായിരുന്നു ഇത്‌.
തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും ജയരാജനെ മടക്കിക്കൊണ്ടുവരില്ല. ഉചിതമായ ഒരു സ്‌ഥാനം നല്‍കും, അത്‌ സ്വീകരിച്ചുകൊള്ളണം-ഇതാണ്‌ പാര്‍ട്ടിയുടെ കല്‍പ്പന.
ഇതിനിടെയാണ്‌ ആന്തൂര്‍ നഗരസഭയിലെ പ്രശ്‌നങ്ങള്‍ ആളിക്കത്തിയത്‌. വ്യവസായിയായ പ്രവാസി സാജന്‍ സി.പി.എം. അനുഭാവിയായിരുന്നു. 15 കോടി രൂപ മുടക്കി കണ്‍വെന്‍ഷന്‍ സെന്ററുണ്ടാക്കിയത്‌ അന്നു ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്റെ അനുമതിയോടെയാണ്‌. പണി പൂര്‍ത്തിയായപ്പോഴേക്കും ജയരാജന്‍ പുറത്തായി. ജയരാജ വിരുദ്ധചേരിയുടെ ശക്‌തനായ വക്‌താവ്‌ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള അധ്യക്ഷയായ ആന്തൂര്‍ നഗരസഭയാണ്‌ അനുമതി നിഷേധിച്ചത്‌. സാജന്‍ ജീവനൊടുക്കിയപ്പോള്‍ അതും സി.പി.എം. ചേരിപ്പോരിന്റെ നടുക്കുന്ന ഉദാഹരണമായി മാറി. ഉദ്യോഗസ്‌ഥര്‍ തെറ്റു ചെയ്‌തെന്നു പറഞ്ഞു സര്‍ക്കാര്‍ നാലുപേരെ സസ്‌പെന്‍ഡ്‌ ചെയ്‌തുകഴിഞ്ഞു.
കണ്ണൂരില്‍ പുകയുന്ന തീ എവിടേക്കൊക്കെ പടരുമെന്നാണ്‌ അറിയേണ്ടത്‌. അടുത്ത സംസ്‌ഥാന കമ്മിറ്റിയില്‍ നേതൃഭയം ഉപേക്ഷിച്ചു പലരും യാഥാര്‍ഥ്യങ്ങള്‍ തുറന്നടിക്കുമെന്നാണ്‌ തോന്നുന്നത്‌.

ആര്‍. അജിത്‌കുമാര്‍

Ads by Google
Saturday 22 Jun 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW