Friday, June 21, 2019 Last Updated 6 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 11.23 PM

ശ്രീലങ്കയ്‌ക്ക് വിജയം , ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്‌ 20 റണ്ണിന്‌

uploads/news/2019/06/316488/s1.jpg

ലീഡ്‌സ്: അഫ്‌ഗാനിസ്‌ഥാനെ തരിപ്പണമാക്കിയ വമ്പുമായെത്തിയ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട്‌ ശ്രീലങ്ക. നാലു വിക്കറ്റെടുത്ത്‌ വെറ്ററന്‍ പേസര്‍ ലസിത്‌ മലിംഗ സംഹാരരൂപിയായ മത്സരത്തില്‍ കുറഞ്ഞ സ്‌കോര്‍ പ്രതിരോധിച്ച ഏഷ്യന്‍ സിംഹങ്ങള്‍ ആതിഥേയരെ കീഴടക്കിയത്‌ 20 റണ്ണിന്‌.
ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ശ്രീലങ്ക 50 ഓവറില്‍ ഒമ്പതു വിക്കറ്റിന്‌ 232 റണ്ണെടുത്തു. മറുപടി പറഞ്ഞ ഇംഗ്ലണ്ടിന്റെ ചെറുത്തുനില്‍പ്പ്‌ 47 ഓവറില്‍ 212 റണ്ണിന്‌ അവസാനിച്ചു. വാലറ്റത്തെ കൂട്ടുപിടിച്ച്‌ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് (80 പന്തില്‍ നാലു സിക്‌സും ഏഴു ഫോറും അടക്കം പുറത്താകാതെ 82 റണ്‍) നടത്തിയ വീരോചിത ഇന്നിങ്‌സ് പാഴായി. അവസാന ബാറ്റ്‌സ്മാന്‍ മാര്‍ക്ക്‌ വുഡി(പൂജ്യം)നെ പെരേരയുടെ കൈകളിലെത്തിച്ച്‌ നുവാന്‍ പ്രദീപാണ്‌ ഇംഗ്ലണ്ട്‌ ഇന്നിങ്‌സിന്‌ അന്ത്യം കുറിച്ചത്‌. 10 ഓവറില്‍ ഒരു മെയ്‌ഡനടക്കം 43 റണ്‍ മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ലസിത്‌ മലിംഗയാണു ലങ്കയുടെ വിജയശില്‍പി. ഈ പ്രകടനത്തിനു കളിയിലെ കേമന്‍ പട്ടവും മലിംഗ സ്വന്തമാക്കി. ധനഞ്‌ജയ ഡിസില്‍വ മൂന്നു വിക്കറ്റെടുത്തപ്പോള്‍ ഉഡാന രണ്ടും പ്രദീപ്‌ ഒരു വിക്കറ്റുമെടുത്ത്‌ ഇംഗ്ലണ്ടിന്റെ പരാജയം ഉറപ്പിച്ചു. ജയത്തോടെ ശ്രീലങ്ക പോയിന്റ്‌ പട്ടികയില്‍ അഞ്ചാമതെത്തി.
അഫ്‌ഗാനെതിരേ 50 ഓവറില്‍ ആറുവിക്കറ്റിന്‌ 397 റണ്ണെന്ന കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയ ഇംഗ്ലണ്ട്‌ ബാറ്റിങ്‌ നിരയെ അച്ചടക്കമുള്ള ബൗളിങ്ങിലൂടെ മലിംഗയും സംഘവും വരിഞ്ഞു മുറുക്കി. സ്‌കോര്‍ ബോര്‍ഡില്‍ ഒരുറണ്‍ മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയെ ലെഗ്‌ ബിഫോറാക്കി മലിംഗ ലങ്കയ്‌ക്ക് ആശിച്ച തുടക്കം നല്‍കി. മറ്റൊരു ഓപ്പണര്‍ ജെയിംസ്‌ വിന്‍സി (14) നെ മെന്‍ഡിസിന്റെ കൈകളിലെത്തിച്ച്‌ മലിംഗ ആതിഥേയരുടെ നില കൂടുതല്‍ പരുങ്ങലിലാക്കി. ഉജ്വല ഫോമിലുള്ള ജോ റൂട്ടും (89 പന്തില്‍ 57) ക്യാപ്‌റ്റന്‍ മോര്‍ഗനും (35 പന്തില്‍ 21) ചേര്‍ന്ന കൂട്ടുകെട്ട്‌ ഇംഗ്ലണ്ടിനെ കരകയറ്റിയെങ്കിലും റൂട്ടിനെ മടക്കി മലിംഗ വീണ്ടും ആഞ്ഞടിച്ചു. ധനഞ്‌ജയ ഡിസില്‍വയും ഉഡാനയും അവസരത്തിനൊത്തുയര്‍ന്നതോടെ ഇംഗ്ലണ്ട്‌ അനിവാര്യമായ പരാജയം രുചിച്ചു.
ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ശ്രീലങ്കയുടെ നില തകര്‍ച്ചയോടെയായിരുന്നു. മൂന്ന്‌ ഓവറിനിടയില്‍ രണ്ട്‌ ഓപ്പണര്‍മാരും പവിലിയനില്‍ മടങ്ങിയെത്തി. ജോഫ്രെ ആര്‍ച്ചറിന്റെ പന്തില്‍ ബാറ്റ്‌ വച്ച ദിമുത്‌ കരുണരത്നയെ ജോസ്‌ ബട്‌ലര്‍ പിടികൂടി. തൊട്ടടുത്ത ഓവറില്‍ കുസാല്‍ പെരേര(രണ്ട്‌) യെ അലി ക്യാച്ചെടുത്തു പുറത്താക്കുമ്പോള്‍ ടീം സ്‌കോര്‍ വെറും മൂന്നു റണ്‍. പരിതാപകരമായ നിലയില്‍നിന്ന്‌ അവിഷ്‌ക ഫെര്‍ണാണ്ടോയും കുസാല്‍ മെന്‍ഡിസും ചേര്‍ന്ന്‌ ഇന്നിങ്‌സ് കരുപ്പിടിപ്പിച്ചു. അര്‍ധസെഞ്ചുറിക്ക്‌ ഒരു റണ്ണകലെ ഫെര്‍ണാണ്ടോയെ വീഴ്‌ത്തി മാര്‍ക്ക്‌ വുഡ്‌ ആതിഥേയര്‍ക്കു ബ്രേക്‌ത്രൂ നല്‍കി. 39 പന്തില്‍ രണ്ടു സിക്‌സും ആറുഫോറും ഉള്‍പ്പെടുന്നതായിരുന്നു ഫെര്‍ണാണ്ടോയുടെ ഇന്നിങ്‌സ്. അഞ്ചാമനായെത്തിയ ഓള്‍റൗണ്ടര്‍ എയ്‌ഞ്ചലോ മാത്യൂസിന്റെ പ്രകടനം ലങ്കയ്‌ക്കു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചു.

Ads by Google
Friday 21 Jun 2019 11.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW