Friday, June 21, 2019 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 09.07 AM

ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിക്ക് നിര്‍ബന്ധിത പിരിച്ചുവിടല്‍ നല്‍കാന്‍ നീക്കം ; സര്‍വീസില്‍ പത്തുവര്‍ഷം ബാക്കി നി​ല്‍ക്കേ ​

uploads/news/2019/06/316401/raju-narayana-swami.jpg

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിക്ക് നിര്‍ബന്ധിത പിരിച്ചുവിടല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു ശിപാര്‍ശ നല്‍കി. ഇതു സംബന്ധിച്ച അടിയന്തര സന്ദേശം കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് അയച്ചുകൊടുത്തു. ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിലയിരുത്തിയാണു കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടെ തീരുമാനം.

കേരളത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് ആദ്യമായാണ്. സര്‍വീസില്‍ പത്തു വര്‍ഷം കൂടി ശേഷിക്കെയാണു പുറത്താകുന്നത്. സംസ്ഥാന, കേന്ദ്ര സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചെന്നു സമിതി കണ്ടെത്തി. സുപ്രധാന തസ്തികകള്‍ വഹിക്കുമ്പോഴും പലപ്പോഴും ഓഫീസില്‍ എത്തിയിരുന്നില്ല. അടുത്തിടെ കേന്ദ്ര സര്‍വീസില്‍നിന്ന് സംസ്ഥാന സര്‍വീസിലേക്കു തിരിച്ചുവന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചില്ല.

ഡല്‍ഹിയില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍നിന്ന് മൂന്നു മാസംമുമ്പ് വിരമിച്ച അദ്ദേഹം എവിടെയാണെന്നു സര്‍ക്കാര്‍ രേഖകളിലില്ല. ഒളിവുജീവിതത്തെപ്പറ്റി ഇതുവരെ വിവരമൊന്നുമില്ലെന്നു സമിതി നിരീക്ഷിച്ചു. സ്‌കൂള്‍ പഠനകാലം മുതല്‍ ഒന്നാം റാങ്കുകളുടെ കൂട്ടുകാരനായിരുന്നു രാജു നാരായണസ്വാമി. എസ്.എസ്.എല്‍.സി, പ്രീഡിഗ്രി, ഗേറ്റ്, ഐ.ഐ.ടി. െഫെനല്‍ പരീക്ഷകളിലെ ഒന്നാം റാങ്ക് സിവില്‍ സര്‍വീസ് പരീക്ഷയിലും ആവര്‍ത്തിച്ചു. സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ കലക്ടറായിരുന്നു. 1989ല്‍ ഐഎഎസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ രാജു നാരായണസ്വാമി അധികാരം കയ്യിലിരുന്നപ്പോഴെല്ലാം അഴിമതിക്കെതിരേ കര്‍ക്കശനിലപാട് കൈക്കൊണ്ടു.

മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പല്‍, പാറ്റൂര്‍ ഫഌറ്റ് അഴിമതി, രാജകുമാരി ഭൂമിയിടപാട്, സിവില്‍ സപ്ലൈസ് അഴിമതിയിലും മറ്റും നിര്‍ണ്ണായക ഇടപെടല്‍ നടത്തി. രാജു നാരായണ സ്വാമിയുടെ അഴിമതി വിരുദ്ധ ഇടപെടലിലൂടെ ഇവയില്‍ പലതും വലിയ വാര്‍ത്താപ്രാധാന്യം നേടി. രാജു നാരായണ സ്വാമിയുടെ ഇടപെടലിലൂടെ പല അഴിമതികളും പുറത്തു വന്നിരുന്നു. കേരളത്തിലെ പല ഐഎഎസുകാരും വെട്ടിലാവുകയും ചെയ്തു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ വിവിധ വകുപ്പുകളിലായി 20ലേറെ സ്ഥലംമാറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കുണ്ടായിട്ടുള്ളത്. മുന്‍മന്ത്രി ടി.യു. കുരുവിളയുടെ ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രാജു നാരായണസ്വാമിയായിരുന്നു.

ഇടുക്കി ജില്ലയിലെ രാജകുമാരി വില്ലേജിലെ 50 ഏക്കര്‍ ഭൂമി കുരുവിളയുടെ മക്കള്‍ ഏഴു കോടി രൂപയ്ക്ക് വ്യവസായി കെജി എബ്രഹാമിന് കൈമാറാന്‍ ശ്രമിച്ചതായിരുന്നു കേസിനാധാരം. ഈ ഭൂമി പുറമ്പോക്കാണെന്നും കുരുവിളയുടെ ബിനാമി ഭൂമിയാണെന്നും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് എബ്രഹാം ഇടപാടില്‍ നിന്നും പിന്മാറി. എന്നാല്‍ ഏഴു കോടി തനിക്ക് തിരികെ ലഭിച്ചില്ലെന്ന് എബ്രഹാം ആരോപണമുയര്‍ത്തിയതോടെയാണ് രാജകുമാരി ഇടപാട് പുറത്തുവന്നു.

കേസില്‍ ശക്തമായ നിലപാട് രാജു നാരായണസ്വാമി സ്വീകരിച്ചതോടെ കുരുവിളയ്ക്ക് രാജിവയ്‌ക്കേണ്ടിവന്നു. വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന മൂന്നാര്‍ ദൗത്യത്തിന്റെ ചുക്കാന്‍ അന്നത്തെ ഇടുക്കി ജില്ലാ കളക്ടറായിരുന്ന രാജുനാരായണസ്വാമിക്കായിരുന്നു. 2007 മെയ് മുതല്‍ ഒകേ്ടാബര്‍ വരെയുള്ള കാലത്തു അനേകം കയ്യേറ്റഭൂമിയാണ് തിരിച്ചു പിടിച്ചത്. തൃശൂര്‍ കളക്ടറായിരിക്കെ റവന്യൂ നിയമങ്ങള്‍ കര്‍ക്കശമായി പാലിച്ചു നഗരത്തിലെ അഞ്ചുറോഡുകള്‍ വീതികൂട്ടി പുനര്‍നിര്‍മ്മിച്ചു.

കേരളത്തിലെ അഴിമതിക്കാരുടെ കുതന്ത്രങ്ങളില്‍ മനംമടുത്താണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് സ്വാമി മാറിയത്. എന്നാല്‍ അവിടേയും കാത്തിരുന്നത് അഴിമതിക്കാര്‍ തന്നെയായിരുന്നു. അവരെ തിരിച്ചെടുക്കാന്‍ തയ്യാറാകാതിരുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ സ്വാമിയെ പുറത്താക്കുകയായിരുന്നു. ഒരു വര്‍ഷത്തേക്ക് കേരളാ സര്‍ക്കാരിന്റെ എന്‍ഒസിയുമായി കേന്ദ്ര സര്‍ക്കാരില്‍ രാജു നാരായണ സ്വാമി പോയത് കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ്. കേന്ദ്ര ഡെപ്യൂട്ടേഷനിലൂടെ നാളികേര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായി. എന്നാല്‍ അവിടേയും അഴിമതിക്കാര്‍ക്കെതിരെ നടപടി എടുത്തു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റയുടന്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. സിബിഐയുടെ റിപ്പോര്‍ട്ടില്‍ രാജു നാരായണ സ്വാമി ചിലരെ പുറത്താക്കി.

കര്‍ണാടകയിലെ എസ് സി/ എസ് ടി വിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതത്തില്‍ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ബോര്‍ഡിന്റെ ബെംഗളൂരുവിലെ ഡയറക്ടര്‍ ഹേമചന്ദ്രയേയും ടെക്‌നിക്കല്‍ ഡയറക്ടര്‍ സിനി തോമസിനേയും രാജു നാരായണസ്വാമി സസ്‌പെന്‍ഡ് ചെയ്തിരുന്നു. 15 കോടി രൂപയുടെ ക്രമക്കേടായതിനാല്‍ സിബിഐ. അന്വേഷണത്തിനും രാജു നാരായണസ്വാമി ശുപാര്‍ശ ചെയ്തിരുന്നു. പിരിച്ചു വിട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണം എന്നാവശ്യം ഉയര്‍ന്നെങ്കിലും കൂട്ടു നിന്നില്ല. പിന്നീട് നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി.

യുഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് രാജു നാരായണ സ്വാമിയെ അടിക്കടി വകുപ്പുമാറ്റിയിരുന്നു. തുടക്കത്തില്‍ സിവില്‍സപ്‌ളൈസ് കമ്മീഷണറുടെ ചുമതല നല്‍കിയെങ്കിലും ഒമ്പതു മാസത്തിനകം അവിടെനിന്ന് മാറ്റി. പിന്നീട് സൈനികക്ഷേമം, യുവജനക്ഷേമം, ഡ്ബഌയു ടി ഓ സെല്‍ എന്നിങ്ങനെ അടിക്കടി സ്ഥാനംമാറ്റി. വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പാക്കുന്നതായിരുന്നു എല്ലായിടത്തും പ്രശ്‌നം. അഴിമതിക്കെതിരെ പോരാടുന്നവരെ സംസ്ഥാന സര്‍ക്കാരിന് വേണ്ടെന്ന് തെളിയിക്കുന്നതാണ് പുതിയ നീക്കങ്ങള്‍.

രാജു നാരായണ സ്വാമിക്ക് ഇനിയും ഒന്‍പതുകൊല്ലം സര്‍വ്വീസുണ്ട്. ഒരു വര്‍ഷത്തേക്ക് മാത്രമേ എന്‍ ഒ സി നല്‍കിയിട്ടുള്ളൂ. ഒരു വിശദീകരണം പോലും ചോദിക്കാതെയുള്ള പിരിച്ചുവിടല്‍ നീക്കം അസ്വാഭാവികവുമാണ്. പാറ്റൂര്‍ കേസിലും സിവില്‍ സപ്ലൈസ് അഴിമതിയിലും മറ്റും നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ സ്വാമിയെ സജീവമാക്കാന്‍ പിണറായി സര്‍ക്കാരിനും താല്‍പ്പര്യമില്ല. കേരളത്തിലെ ഐഎസ് ലോബിയുമായി രാജു നാരായണ സ്വാമി നല്ല ബന്ധത്തില്‍ അല്ല. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ തന്നെ പുറത്താക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് സ്വാമി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കിയിരുന്നു.

Ads by Google
Friday 21 Jun 2019 09.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW