Friday, June 21, 2019 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.35 AM

ഓസ്‌ട്രേലിയയ്‌ക്ക് 48 റണ്‍സിന്റെ ജയം

uploads/news/2019/06/316367/s1.jpg

നോട്ടിങ്ങാം: ഓപ്പണര്‍ ഡേവിഡ്‌ വാര്‍ണറുടെ 16-ാം ഏകദിന സെഞ്ചുറി(166)യുടെ പിന്‍ബലത്തില്‍ ബംഗ്ലാദേശിനെതിരായ ലോകകപ്പ്‌ ക്രിക്കറ്റ്‌ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് 48 റണ്‍സിന്റെ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത കങ്കാരുപ്പട കുറിച്ചത്‌ 50 ഓവറില്‍ അഞ്ചു വിക്കറ്റിന്‌ 381 റണ്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ്‌ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 333 റണ്‍സെടുത്തു. മുഷ്‌ഫിക്കര്‍ റഹിമി(102*)ന്റെ സെഞ്ചുറിക്കു ബംഗ്ലാദേശിനെ രക്ഷിക്കാനായില്ല.
തമീം ഇഖ്‌ബാല്‍ (62), സൗമ്യ സര്‍ക്കാര്‍ (10), ഷാക്കിബ്‌ അല്‍ ഹസന്‍ (41), മഹ്‌മദുള്ള(69) എന്നിവരും പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല.
ഓസ്‌ട്രേലിയയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം മികച്ച സ്‌കോര്‍ കണ്ടെത്തിയ മത്സരത്തില്‍ ഡേവിഡ്‌ വാര്‍ണറുടെ സെഞ്ചുറിപ്രകടനമാണ്‌ ശ്രദ്ധേയമായത്‌. അഞ്ചു സിക്‌സും 16 ഫോറും പറത്തി 147 പന്തില്‍ 166 റണ്‍ നേടിയ വാര്‍ണറുടേതു ലോകകപ്പ്‌ വേദിയിലെ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ്‌. 2015-ല്‍ പെര്‍ത്തില്‍ അഫ്‌ഗാനെതിരേ വാര്‍ണര്‍ തന്നെ കുറിച്ച 178 റണ്ണാണ്‌ ഈ പട്ടികയില്‍ ആദ്യം.
ലോകകപ്പില്‍ രണ്ടുവട്ടം 150 റണ്ണിലധികം നേടിയ ഏകതാരമെന്ന ഖ്യാതിയും വാര്‍ണര്‍ക്കു സ്വന്തം. ഇതോടെ ഏകദിനങ്ങളില്‍ വാര്‍ണര്‍ ആറുവട്ടം 150-ല്‍ അധികം റണ്‍ നേടുകയും ചെയ്‌തു. ഏഴുതവണയെന്ന റെക്കോഡുമായി ഇന്ത്യയുടെ രോഹിത്‌ ശര്‍മയാണ്‌ ഈ നേട്ടത്തില്‍ വാര്‍ണര്‍ക്കു മുന്നിലുള്ളത്‌.
ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ഓസീസിനു സ്വപ്‌നതുല്യമായ തുടക്കമാണ്‌ വാര്‍ണറും ക്യാപ്‌റ്റന്‍ ഫിഞ്ചും ചേര്‍ന്നു നല്‍കിയത്‌. ശരാശരി ആറു റണ്ണിലധികം നേടി മുന്നേറിയ ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട്‌ പിരിയുന്നത്‌ 21-ാം ഓവറില്‍. 51 പന്തില്‍ 53 റണ്ണെ( രണ്ടു സിക്‌സ്, അഞ്ചുഫോര്‍) ടുത്ത ഫിഞ്ചിനെ സൗമ്യ സര്‍ക്കാരിന്റെ പന്തില്‍ റൂബല്‍ ഹുസൈന്‍ പിടികൂടി. വണ്‍ഡൗണായ ഉസ്‌മാന്‍ ഖവാജയും അര്‍ധസെഞ്ചുറിയുമായി മുന്നേറിയതോടെ ബംഗ്ലാ ബൗളര്‍മാര്‍ വിയര്‍ത്തു.
16-ാം സെഞ്ചുറി തികയ്‌ക്കുന്നതുവരെ കരുതലോടെ ബാറ്റ്‌ വീശിയ വാര്‍ണര്‍ പിന്നീട്‌ പൊട്ടിത്തെറിച്ചതോടെ ഓസ്‌ട്രേലിയ 400 റണ്‍ തൊടുമെന്ന തോന്നലുളവാക്കി. എന്നാല്‍ 45-ാം ഓവറില്‍ ടീം സ്‌കോര്‍ 313-ല്‍ നില്‍ക്കെ വാര്‍ണര്‍ മടങ്ങി. 10 പന്തില്‍ മൂന്നു സിക്‌സും രണ്ടുഫോറും അടക്കം 32 റണ്‍ വാരിയ വെടിക്കെട്ട്‌ ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്വെലിനെ റൂബെല്‍ ഹുസൈന്‍ റണ്ണൗട്ടാക്കി. ഉസ്‌മാന്‍ ഖവാജയുടേതായിരുന്നു അടുത്ത ഊഴം. 72 പന്തില്‍ 89 റണ്ണുമായി ഖവാജ സൗമ്യ സര്‍ക്കാരിന്റെ പന്തില്‍ മുഷ്‌ഫിക്കര്‍ റഹിം പിടിച്ചു പുറത്തായി.
സ്‌മിത്ത്‌ ഒരു റണ്ണിനു മടങ്ങിയെങ്കിലും പരുക്കില്‍നിന്നു മുക്‌തനായെത്തിയ മാര്‍ക്കസ്‌ സ്‌റ്റോയ്‌നിസ്‌ 11 പന്തില്‍ 17 റണ്ണുമായും അലക്‌സ് കാരി എട്ടുപന്തില്‍ 11 റണ്ണും നേടി ഓസീസ്‌ സ്‌കോര്‍ 381-ല്‍ എത്തിച്ചു. അവസാന 15 ഓവറില്‍ ഓസ്‌ട്രേലിയ 173 റണ്‍ നേടി. ഇതില്‍ത്തന്നെ 36 പന്തില്‍ പിറന്നത്‌ 96 റണ്ണും.
46-ാം ഓവറില്‍ റൂബല്‍ ഹുസൈന്‍ വഴങ്ങിയ 25 റണ്‍ ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ പിറന്ന ഓവറുമായി.
10 ഓവറില്‍ 59 റണ്‍ വഴങ്ങിയ മെഹ്‌ദി ഹസനൊഴികെയുള്ള ബംഗ്ലാ ബൗളര്‍മാര്‍ ഒരോവറില്‍ ഏഴുറണ്ണിലധികം വഴങ്ങി. എട്ടോവറില്‍ 58 റണ്ണിനു മൂന്നു വിക്കറ്റ്‌ വീഴ്‌ത്തിയ സൗമ്യ സര്‍ക്കാര്‍ തിളങ്ങി.

Ads by Google
Friday 21 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW