Friday, June 21, 2019 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.35 AM

കോപ്പയില്‍ മുടന്തി അര്‍ജന്റീന

uploads/news/2019/06/316364/s3.jpg

ബെലോ ഹൊറിസോണ്ടെ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീന മുടന്തുന്നു. ആദ്യമത്സരം കൊളംബിയയോടു തോറ്റ മെസിപ്പട പരാഗ്വേയുമായുള്ള നിര്‍ണായക മത്സരത്തില്‍ സമനില(1-1)യുമായി തടിതപ്പി. വീഡിയോ അസിസ്‌റ്റന്റ്‌ റഫറി (വാര്‍)യും പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച ലയണല്‍ മെസിയും പരാഗ്വേന്‍ പെനാല്‍റ്റി തടുത്തിട്ട ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാണിയുമാണ്‌ തോല്‍വി മുന്നില്‍ക്കണ്ട അര്‍ജന്റീനയെ രക്ഷിച്ചത്‌.
ഇതോടെ രണ്ടു മത്സരങ്ങളില്‍ ഒരു പോയിന്റുമായി ഗ്രൂപ്പ്‌ ബിയില്‍ ഖത്തറിനും പിന്നില്‍ നാലാമതാണ്‌ മെസിയും സംഘവും. മൂന്നു ഗ്രൂപ്പില്‍നിന്നും മൂന്നാം സ്‌ഥാനത്തെത്തുന്ന രണ്ടു ടീമുകള്‍ക്ക്‌ ക്വാര്‍ട്ടറിലേക്കു യോഗ്യത നേടാമെന്നത്‌ അര്‍ജന്റീനയ്‌ക്കു പ്രതീക്ഷ പകരുന്നു. ഞായറാഴ്‌ച ഖത്തറിനെതിരായ അവസാന ഗ്രൂപ്പ്‌ മത്സരം മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ നോക്കൗട്ട്‌ സാധ്യതയുണ്ട്‌.
കൊളംബിയയോടു കീഴടങ്ങിയ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ്‌ പരിശീലകന്‍ ലയണല്‍ സ്‌കളോനി അര്‍ജന്റീനയെ ഇന്നലെ കളത്തിലിറക്കിയത്‌. സെര്‍ജിയോ അഗ്യൂറോയ്‌ക്കും പ്ലേമേക്കര്‍ എയ്‌ഞ്ചല്‍ ഡി മരിയയ്‌ക്കും ആദ്യ ഇലവനില്‍ അവസരമുണ്ടായിരുന്നില്ല. ഗോള്‍ ലക്ഷ്യമിട്ടുള്ള ഷോട്ടുകള്‍ക്ക്‌ അര്‍ജന്റീനയും പരാഗ്വേയും വിമുഖത കാട്ടിയപ്പോള്‍ ആദ്യ പകുതി വിരസമായി. 29-ാം മിനിട്ടില്‍ പരാഗ്വേ സ്‌ട്രൈക്കര്‍ ഡെര്‍ലിസ്‌ ഗോണ്‍സാലസിന്റെ ഉദ്യമം മാത്രമായിരുന്നു ഇതിന്‌ അപവാദം.
മറുതലയ്‌ക്കല്‍ മാര്‍ട്ടിനെസിനെ പരാഗ്വേ ക്യാപ്‌റ്റന്‍ ഗുസ്‌താവോ ഗോമെസ്‌ ഫൗള്‍ ചെയ്‌തതിന്‌ ലഭിച്ച ഫ്രീകിക്ക്‌ മുതലാക്കാന്‍ മെസിക്കു കഴിഞ്ഞില്ല. 37-ാം മിനിട്ടില്‍ പരാഗ്വേ കെട്ടുപൊട്ടിച്ചു. മധ്യവരയ്‌ക്കപ്പുറത്തുനിന്ന്‌ ആരംഭിച്ച ചടുല പ്രത്യാക്രമണത്തിനൊടുവിലായിരുന്നു ഗോള്‍. ന്യൂകാസില്‍ യുണൈറ്റഡ്‌ താരം മിഗെ്വയ്‌ല്‍ അല്‍മിറോണായിരുന്നു സൂത്രധാരന്‍. അല്‍മിറോണിന്റെ പാസ്‌ പെനാല്‍റ്റി ബോക്‌സില്‍ സ്വീകരിച്ച്‌ പന്ത്‌ വലയിലേക്കു തിരിച്ചുവിട്ട റിച്ചാര്‍ഡ്‌ സാന്റസ്‌ പരാഗ്വേയെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയില്‍ അഗ്യൂറോയെ കളത്തിലിറക്കി അര്‍ജന്റീന ആക്രമണത്തിനു മൂര്‍ച്ചകൂട്ടി. 57-ാം മിനിട്ടില്‍ അവരുടെ സമനിലഗോള്‍വന്നു. പരാഗ്വേ താരം ഇവാന്‍ പിരിസിന്റെ കൈകളില്‍ പന്തു തട്ടിയതിനു വാറിന്റെ സഹായത്തോടെ റഫറി പെനാല്‍റ്റിയിലേക്കു വിരല്‍ചൂണ്ടി. ഇടതുവശത്തേക്കു തൊടുത്ത മെസിയുടെ ഇടംകാല്‍ ഷോട്ട്‌ തടയാന്‍ ഗോളി മുഴുനീളച്ചാട്ടം നടത്തിയെങ്കിലും വിഫലമായി. 62-ാം മിനിട്ടില്‍ ഗോള്‍സാലസിനെ നിക്കോളാസ്‌ ഒട്ടാമെന്‍ഡി ദയാരഹിതമായി വീഴ്‌ത്തിയതിന്‌ ലഭിച്ച പെനാല്‍റ്റിയിലൂടെ പരാഗ്വേയ്‌ക്കു മുന്നിലെത്താന്‍ ലഭിച്ച സുവര്‍ണാവസരമായി. എന്നാല്‍ കിക്കെടുത്ത ഡെര്‍ലിസ്‌ ഗോണ്‍സാലസിന്റെ ഉദ്യമം അര്‍ജന്റീന ഗോള്‍കീപ്പര്‍ അര്‍മാനി വിഫലമാക്കി. ജയം ലക്ഷ്യമിട്ട്‌ 69-ാം മിനിട്ടില്‍ മാര്‍ട്ടിനെസിനെ പിന്‍വലിച്ച്‌ എയ്‌ഞ്ചല്‍ ഡി മരിയ വന്നിട്ടും ഗോള്‍വരള്‍ച്ച തുടര്‍ന്നു. ഏഴുമിനിട്ട്‌ ഇന്‍ജുറി സമയം ലഭിച്ചിട്ടും സമനിലക്കെട്ടു പൊട്ടിക്കാന്‍ കഴിയാതെ ഇരുടീമുകളും പോയിന്റ്‌ പങ്കുവച്ച്‌ മൈതാനത്തുനിന്നു കയറി.

Ads by Google
Friday 21 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW