Thursday, June 20, 2019 Last Updated 5 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 01.29 PM

'എനിക്ക് പലപ്പോഴും വിരോധം തോന്നിയിട്ടുള്ളയാണ് എന്റെ ഭാര്യയുടെ അച്ഛന്‍..എന്റെ ഭാര്യ തന്നെയാണ് കാരണം.. ഒടുവില്‍ അച്ഛനെന്റെയും ഹീറോ ആയി..'; വൈറലായൊരു കുറിപ്പ്

face book post

വിവാഹ ശേഷം സ്വന്തം അച്ഛനെയാണോ ഭര്‍ത്താവിനെയാണോ ഭാര്യയ്ക്ക് ഇഷ്ടം എന്നുള്ളത് തര്‍ക്ക വിഷയമാകാറുണ്ട്. അച്ഛനോട് എപ്പോഴും പെണ്‍കുട്ടികള്‍ക്ക് ഒരു ഇഷ്ടം കൂടുതലാണെന്ന് പറയാറുണ്ട്. ഇത് വിവാഹ ശേഷം ഭര്‍ത്താക്കന്മാരില്‍ അസൂയ ജനിപ്പിക്കാറുമുണ്ട്. ഇപ്പോഴിതാ അച്ഛനോട് മല്‍സരിച്ച് ഭാര്യയെ കൂടുതല്‍ സ്‌നേഹിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഒരു ഭര്‍ത്താവിന്റെ കുറിപ്പാണ് വൈറലാകുന്നത്. ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ച് ഏറ്റവും അധികം ഷെയര്‍ ചെയ്യപ്പെട്ട കുറിപ്പും ശബരീസ് ആര്‍.കെ. എന്നയാള്‍ നേരത്തെ എഴുതിയ ഈ കുറിപ്പായിരിക്കണം.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

എനിക്ക് പലപ്പോഴും വിരോധം തോന്നിയിട്ടുള്ളയാണ് എന്റെ ഭാര്യയുടെ അച്ഛന്‍..എന്റെ ഭാര്യ തന്നെയാണ് കാരണം. അവള് വേണ്ടിടത്തും വേണ്ടാത്തിടത്തും എല്ലാം അച്ഛനെ വലിച്ചിടും.ആദ്യം ഇഷ്ടം പറഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ കേള്‍ക്കുന്നതാണ് :

'എന്റെ പിറകെ നടക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ ഞാന്‍ അച്ഛനോട് പറഞ്ഞ് നല്ല തല്ലു മേടിച്ചു തരും 'ഒടുവില്‍ വീട്ടില്‍ വന്നു ചോദിച്ചോളാന്‍ പറഞ്ഞപ്പോഴും അവള്‍ പറഞ്ഞു:

'എന്റെ അച്ഛന്‍ ആണെന്റെയെല്ലാം, അച്ഛന്‍ സമ്മതിച്ചില്ലേല്‍ ഞാന്‍ നിങ്ങളെ കെട്ടത്തുമില്ലാ .
നിങ്ങള്‍ ആദ്യം തന്നെ വന്നു അച്ഛനോട് ചോദിച്ചോളൂ '

ആവശ്യം എന്റെയായതു കൊണ്ട് ഞാന്‍ അതും കേട്ടു അമ്മ വഴി കാര്യം അച്ഛനിലോട്ട് എത്തിച്ചു .ഒടുവില്‍ കൈയും കാലും പിടിച്ചു വീട്ടുകാരെ എല്ലാവരെയും സമ്മതിപ്പിച്ചു നെഞ്ചും വിരിച്ചു അവളുടെ മുന്‍പില്‍ പോയി നിന്നപ്പോള്‍ ആ ദ്രോഹി പറയുവാണ് : 'അതേയ് ചാവണ വരെ എനിക്ക് ഏറ്റോം വേണ്ടപ്പെട്ടതു എന്റെ അച്ഛന്‍ തന്നെ ആയിരിക്കും കേട്ടോ 'നിങ്ങള്‍ക്ക് ഒന്നും തോന്നരുത്.എന്റെച്ഛന്‍ ഉരുളി കമിഴ്ത്തി ഉണ്ടായതാ ഞാന്‍, ആ ഞാന്‍ അച്ഛനെ മറക്കമ്പാടില്ലല്ലോ. .

കല്യാണദിവസം അച്ഛനും മകളും കൂടി കെട്ടിപിടിച്ചു നിലവിളിച്ചു കല്യാണം കൂടാന്‍ വന്നവരെയെല്ലാം കരയിപ്പിച്ചിട്ടാണ് വിട്ടത്.! അന്ന് മുതല്‍ അവളെ കൊണ്ട് അതൊന്നു മാറ്റി പറയിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ഞാന്‍ ,'ഒരു സ്ത്രീക്ക് കല്യാണത്തിന് ശേഷം ഭര്‍ത്താവായിരിക്കും ഏറ്റവും കൂടുതല്‍ സ്‌നേഹവും സംരക്ഷണവും കൊടുക്കുന്നത് എന്നവള്‍ക്കു കഥകളിലൂടെ പറഞ്ഞ് കൊടുക്കാന്‍ ശ്രമിച്ചു .! ഭര്‍ത്താവിനെ ദൈവത്തെ പോലെ കാണുന്നു എന്നെനിക്കു തോന്നിയ അവളുടെ സ്വന്തം അമ്മയുടെ ഉദാഹരണം വെച്ചു വാദിക്കാന്‍ ശ്രമിച്ചു.. രക്ഷയില്ല..

ഒടുവില്‍ അച്ഛനെ ഒന്ന് തോല്‍പിച്ചു കാണിക്കണം എന്ന ഉദ്ദേശത്തോടെ ഞാന്‍ അവളെ അങ്ങ് സ്‌നേഹിച്ചു കൊല്ലാന്‍ തീരുമാനിച്ചു.എന്നാല്‍ മകള്‍ക് വിളര്‍ച്ച ഉണ്ടെന്നു പറഞ്ഞപ്പോള്‍ അയണ്‍ ഗുളികയുമായി അറുന്നൂറു കിലോമീറ്റര്‍ യാത്ര ചെയ്തു വന്നു മകളുടെ കൂടെ നിന്നു തീറ്റി പോറ്റുന്നത് കണ്ടപ്പോള്‍ ഞാന്‍ മനസിലാക്കി എന്റെ എതിരാളി വിചാരിച്ച പോലല്ല...!

ഗര്‍ഭിണി ആയപ്പോള്‍ ബെഡ് റസ്റ്റ് വിധിക്കപ്പെട്ട അവള്‍ക്കു ഇഷ്ടപ്പെട്ട പൊറോട്ടയും മട്ടനും വാങ്ങിയിട്ട് വരുമ്പോഴേക്കും അച്ഛനടുക്കളയില്‍ കയറി അവള്‍ക്കു നല്ല ചൂട് ചോറും, ചമ്മന്തിയും, പയറു തോരനും വെച്ചു കൊടുത്തിട്ടുണ്ടാകും
ഒടുവില്‍ തോല്‍ക്കില്ല എന്ന വാശിയോടെ പൊറോട്ടയും മട്ടനും അച്ഛനെ ഏല്പിച്ചു 'ഞാനും ഒരു പാത്രത്തില്‍ ചോറും കറിയും എടുത്തു കൊണ്ട് പോയി അവള്‍ക്കു വാരി കൊടുത്തു എന്റെ ക്ഷീണം മാറ്റും..മകള്‍ തെന്നി വീഴാതിരിക്കാന്‍ പാണ്ടി പട്ടണം മുഴുവന്‍ അരിച്ചു പെറുക്കി ഗ്രിപ് ഉള്ള കാര്‍പെറ്റുമായി വരുന്ന അച്ഛനെ കണ്ടു ഞാന്‍ അന്തം വിട്ടു..!

രാത്രി രണ്ടരമണിക്കു അവള്‍ പ്രസവിക്കുമ്പോള്‍ പ്രസവ മുറിക്കു പുറത്തു കാത്തു നിന്ന എന്നെ ഉറക്കം ചതിച്ചപ്പോഴും ചതിയില്‍ വീഴാതെ പിടിച്ചു നിന്ന അച്ഛനെന്റെയും ഹീറോ ആയി..
എഴുപതാം വയസിലും മകള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന അദ്ദേഹത്തിന്റെ മുമ്പില്‍ ഞാനൊന്നും അല്ലെന്നും അവളെന്തായാലും മാറ്റി പറയില്ലെന്നും എനിക്കപ്പോള്‍ ഉറപ്പായി..

ഒടുവില്‍ ഞാനും തീരുമാനിച്ചു ഉരുളി കമിഴ്ത്താന്‍..! അവളുടെ വയറ്റില്‍ കിടക്കുന്ന എന്റെ സന്താനം അവളെ പോലെ തന്നെ ഒരു അച്ഛന്റെ മോളായിരിക്കാന്‍

അദ്ദേഹം കൊടുത്ത സ്‌നേഹവും കരുതലുമാണ് അവളെ അവളാക്കിയത്. അദ്ദേഹത്തിന്റെ പിന്തുണയാണ് അവളുടെ ആത്മവിശ്വാസം. അച്ഛന്‍ പകര്‍ന്നു കൊടുത്ത സ്‌നേഹമാണ് അവളെനിക്ക് പകര്‍ന്നു തരുന്നത്..ഇപ്പോള്‍ അവളുടെ അച്ഛനെ പോലെ എന്റെ പാറൂന് 'അച്ഛന്‍ ' ആകാനുള്ള ശ്രമത്തില്‍
ആണ് ഞാനും..

KDPD :Sabaries RK
Photo കടപ്പാട്

Ads by Google
Thursday 20 Jun 2019 01.29 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW