Thursday, June 20, 2019 Last Updated 57 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 01.45 AM

പ്രവാസിയുടെ മരണം: വേണ്ടത്‌ കര്‍ശന നടപടി

uploads/news/2019/06/316141/editorial.jpg

ജീവിതകാലത്തെ സമ്പാദ്യമത്രയും ജന്മനാട്ടില്‍ ചെലവഴിച്ച്‌ സംരംഭം തുടങ്ങാനെത്തിയ യുവാവ്‌ ജീവനൊടുക്കിയത്‌ "ഞാനാണ്‌ ഭരണകൂടം" എന്ന ഔദ്ധത്യ മനോഭാവം പുലര്‍ത്തുന്ന ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും ഇപ്പോഴും കേരളത്തിലുണ്ട്‌ എന്നു തെളിയിക്കുന്ന സംഭവമാണ്‌. കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയില്‍ ബക്കളത്ത്‌ 15 കോടിരൂപ മുടക്കി നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്ററിന്‌ അനുമതി തേടി നഗരസഭയുടെ ഓഫീസില്‍ കയറിയിറങ്ങി മടുത്ത സാജന്‍ പാറയില്‍ എന്ന നാല്‍പത്തൊന്‍പതുകാരനാണ്‌ ജീവനൊടുക്കിയത്‌. 15 വര്‍ഷമായി നൈജീരിയയില്‍ ബിസിനസ്‌ നടത്തിവരികയായിരുന്ന സാജന്റെ സ്വ്‌പനപദ്ധതിയായിരുന്നു നാട്ടിലെ കണ്‍വന്‍ഷന്‍ സെന്റര്‍. നിര്‍മാണത്തില്‍ അപാകമുണ്ടെന്നു പറഞ്ഞ്‌ നഗരസഭ നോട്ടീസ്‌ നല്‍കിയെങ്കിലും പിന്നീട്‌ ടൗണ്‍ പ്ലാനിങ്‌ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കുഴപ്പമില്ലെന്നു കണ്ടെത്തിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞ ശേഷവും അനുമതി കിട്ടില്ലെന്ന്‌ ഉറപ്പായതോടെയായിരുന്നു അദ്ദേഹം ജീവനൊടുക്കിയത്‌.

സി.പി.എമ്മിന്റെ ശക്‌തികേന്ദ്രമായ ആന്തൂറില്‍ പ്രതിപക്ഷം പോലുമില്ലാതെയാണ്‌ സി.പി.എം. ഭരിക്കുന്നത്‌. മരിച്ച സാജന്‍ സി.പി.എമ്മിന്റെ അനുഭാവിയുമായിരുന്നു. എന്നിട്ടും നഗരസഭാ ചെയര്‍പേഴ്‌സണായ പി.കെ. ശ്യാമള പ്രതികാരബുദ്ധിയോടെ അനുമതി നിഷേധിക്കുകയായിരുന്നു എന്ന്‌ സാജന്റെ ഭാര്യ ബീന ആരോപിച്ചത്‌ ആ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതാണ്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുമുന്നണി അവതരിപ്പിച്ച പ്രകടനപത്രികയില്‍ പ്രവാസികളുടെ കേരളത്തിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നതാണ്‌. പ്രവാസികളുടെ സംരംഭങ്ങള്‍ക്ക്‌ വായ്‌പ നല്‍കുമെന്നും ഇതിനായി പ്രത്യേക ഏജന്‍സി രൂപീകരിക്കുമെന്നും ഏകജാലക സംവിധാനം ഏര്‍പെടുത്തുമെന്നുമായിരുന്നു പ്രകടനപത്രികയിലെ വാഗ്‌ദാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശയാത്രകള്‍ നടത്തിയപ്പോഴൊക്കെ പ്രവാസികള്‍ കേരളത്തില്‍ നിക്ഷേപം നടത്തണമെന്ന്‌ ആവശ്യപ്പെട്ടിരുന്നതുമാണ്‌. ഇത്തരം വാഗ്‌ദാനങ്ങള്‍ വിശ്വസിച്ച്‌ കേരളത്തിലേക്ക്‌ വന്ന സംരംഭകനാണ്‌ അധികൃതരുടെ മര്‍ക്കടമുഷ്‌ടിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ജീവനൊടുക്കിയതെന്നത്‌ കേരളത്തിലെ നിക്ഷേപ രംഗത്തിനു തന്നെ ഭീഷണിയും നാണക്കേടുമാണ്‌.

നാട്ടില്‍ വര്‍ക്ക്‌ ഷോപ്പ്‌ തുടങ്ങാന്‍ ആഗ്രഹിച്ച പുനലൂരിലെ പ്രവാസി രാഷ്‌ട്രീയ പാര്‍ട്ടിയുടെ പീഡനത്തെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്‌തത്‌ ഒന്നരവര്‍ഷം മുന്‍പാണ്‌. വര്‍ക്ക്‌ഷോപ്‌ തുടങ്ങാനിരുന്ന സ്‌ഥലത്ത്‌ സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ്‌. കൊടി സ്‌ഥാപിച്ച്‌ ജോലിതടസപ്പെടുത്തിയതോടെയായിരുന്നു സുഗതന്‍ എന്ന വ്യവസായിയുടെ ആത്മഹത്യ. ഈ മരണത്തിനു ശേഷവും പ്രവാസികള്‍ക്ക്‌ എല്ലാ സഹായവും നല്‍കുമെന്ന്‌ സര്‍ക്കാരും അധികൃതരും പ്രഖ്യാപിച്ചിരുന്നതുമാണ്‌. അതിനുപിന്നാലെയാണ്‌ കണ്ണൂരിലെ സംഭവം. ഇതേക്കുറിച്ച്‌ നിഷ്‌പക്ഷമായ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. ജനപ്രതിനിധികളോ അതോ ഉദ്യോഗസ്‌ഥരോ ആരാണ്‌ സാജന്റെ മരണത്തിന്‌ ഉത്തരവാദിയെങ്കില്‍ അവരെ മാതൃകാപരമായി ശിക്ഷിക്കുകതന്നെ വേണം. ഇനി ഇത്തരം സംഭവങ്ങള്‍ കേരളത്തിലുണ്ടാകരുത്‌ എന്ന ലക്ഷ്യത്തോടെയാകണം നടപടികള്‍.

Ads by Google
Thursday 20 Jun 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW