Thursday, June 20, 2019 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 01.35 AM

'ചുവപ്പുനാട'യില്‍ ആത്മഹത്യ: അന്വേഷിക്കുമെന്നു മുഖ്യമന്ത്രി

uploads/news/2019/06/316120/k6.jpg

തിരുവനന്തപുരം : നിര്‍മാണം പൂര്‍ത്തിയായ കണ്‍വെന്‍ഷന്‍ സെന്ററിനു പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനേത്തുടര്‍ന്നു പ്രവാസി വ്യവസായി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സമഗ്രാന്വേഷണമുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയിലെ ബക്കളത്ത്‌ 15 കോടിയിലേറെ രൂപ ചെലവിട്ടു നിര്‍മിച്ച ഓഡിറ്റോറിയത്തിനു പ്രവര്‍ത്തനാനുമതി നല്‍കാതെ ഇടതുഭരണത്തിലുള്ള ആന്തൂര്‍ നഗരസഭ മാനസികമായി പീഡിപ്പിച്ചെന്നാണ്‌ ആരോപണം. പാര്‍ത്ഥാ ബില്‍ഡേഴ്‌സ്‌ ഉടമ, കൊറ്റാളി സ്വദേശി സാജന്‍ പാറയിലാ(48)ണു ജീവനൊടുക്കിയത്‌.
സംഭവത്തില്‍ ഉദ്യോഗസ്‌ഥര്‍ക്കു വീഴ്‌ചയുണ്ടായെങ്കില്‍ കര്‍ശനനടപടിയെടുക്കുമെന്നു മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്‌തമാക്കി. സണ്ണി ജോസഫിന്റെ അടിയന്തരപ്രമേയ നോട്ടീസില്‍ ഇടപെട്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണനിര്‍ദേശം നല്‍കിയതായി നോട്ടീസിനു മറുപടി നല്‍കിയ തദ്ദേശവകുപ്പുമന്ത്രി എ.സി. മൊയ്‌തീനും വ്യക്‌തമാക്കി. എന്നാല്‍, സംഭവത്തിനു പിന്നില്‍ ആന്തൂര്‍ നഗരസഭ ഭരിക്കുന്ന സി.പി.എമ്മാണെന്നു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി. നടന്നത്‌ ആത്മഹത്യയല്ല, കൊലപാതകമാണെന്നു സണ്ണി ജോസഫും ആരോപിച്ചു. തുടര്‍ന്ന്‌, അടിയന്തരപ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍നിന്ന്‌ ഇറങ്ങിപ്പോയി.
സംഭവത്തില്‍ സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്നു മുഖ്യമന്ത്രി വ്യക്‌തമാക്കി. കെട്ടിടത്തിനു പ്രവര്‍ത്തനാനുമതി നല്‍കുന്ന കാര്യത്തില്‍ ചട്ടലംഘനമോ കാലതാമസമോ ഉണ്ടായോയെന്ന്‌ അന്വേഷിക്കാന്‍ ചീഫ്‌ ടൗണ്‍ പ്ലാനറെയും നഗരകാര്യ റീജണല്‍ ഡയറക്‌ടറേയും ചുമതലപ്പെടുത്തിയെന്നു മന്ത്രി മൊയ്‌തീന്‍ അറിയിച്ചു. സംഭവത്തിനു പിന്നില്‍ രാഷ്‌ട്രീയവിവേചനമോ വൈരാഗ്യമോ ഇല്ല. കെട്ടിടം പുരുഷോത്തമന്‍ എന്നയാളുടെ ഉടമസ്‌ഥതയിലാണ്‌. അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവാണു മരിച്ച സാജന്‍. കഴിഞ്ഞ ഏപ്രില്‍ 19-നാണ്‌ കെട്ടിട നമ്പറിനും പ്രവര്‍ത്തനാനുമതിക്കും അപേക്ഷ നല്‍കിയത്‌. അപേക്ഷയുടെ അടിസ്‌ഥാനത്തില്‍ ചില ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി. അതു പരിഹരിക്കാമെന്നു സമ്മതിച്ച അദ്ദേഹം മേയ്‌ 28-നു വീണ്ടും അപേക്ഷ നല്‍കി. കഴിഞ്ഞ ആറിന്‌ അസിസ്‌റ്റന്റ്‌ എന്‍ജിനീയറും തുടര്‍ന്ന്‌ ജില്ലാ ടൗണ്‍ പ്ലാനറും മുനിസിപ്പല്‍ ജീവനക്കാരും ഉള്‍പ്പെട്ട സംഘവും പരിശോധന നടത്തി. ഈ പരിശാധനകളിലും ചട്ടലംഘനം കണ്ടെത്തി, തിരുത്താന്‍ ആവശ്യപ്പെട്ടു. ഉടമകളും അതു സമ്മതിച്ചു. ഉദ്യോഗസ്‌ഥരുടെ ഭാഗത്ത്‌ അനാസ്‌ഥ കണ്ടെത്തിയിട്ടില്ല. കണ്ടെത്തിയാല്‍ നടപടിയെടുക്കും. ഇതേ കമ്പനി നിര്‍മിച്ച 15 വില്ലകള്‍ക്ക്‌ ആന്തൂര്‍ നഗരസഭ അനുമതിയും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.
സാജന്‍ വിദേശത്തായതിനാലാണു വസ്‌തുവിന്റെ ഉടമസ്‌ഥാവകാശം ഭാര്യാപിതാവിന്റെ പേരിലാക്കിയതെന്നു സണ്ണി ജോസഫ്‌ പറഞ്ഞു. ചീഫ്‌ ടൗണ്‍ പ്ലാനറുടെ അനുമതിയോടെയാണു നിര്‍മാണം നടത്തിയത്‌. പ്രതിപക്ഷകക്ഷികള്‍ക്കു നാമനിര്‍ദേശപത്രികപോലും സമര്‍പ്പിക്കാന്‍ കഴിയാത്ത ആന്തൂര്‍ നഗരസഭയിലാണു സംഭവം നടന്നത്‌. അനുമതി ലഭിക്കാത്തതിനേത്തുടര്‍ന്ന്‌ സാജന്‍ സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ്‌ ടൗണ്‍പ്ലാനര്‍ക്ക്‌ അപേക്ഷ നല്‍കി, സംയുക്‌തപരിശോധന നടത്തിയത്‌. അതില്‍ എന്തെങ്കിലും പ്രശ്‌നം കണ്ടെത്തിയെങ്കില്‍ രേഖ നിയമസഭയുടെ മേശപ്പുറത്തു വയ്‌ക്കണമെന്നും സണ്ണി ജോസഫ്‌ ആവശ്യപ്പെട്ടു.
ഒരുവര്‍ഷത്തിനിടെ രണ്ടു പ്രവാസി വ്യവസായികളാണു രാഷ്‌ട്രീയസമ്മര്‍ദത്തേത്തുടര്‍ന്നു ജീവനൊടുക്കിയതെന്നു രമേശ്‌ ചെന്നിത്തല ചൂണ്ടിക്കാട്ടി. ആത്മഹത്യാക്കുറിപ്പുപോലും മുക്കിയെന്ന്‌ ആരോപണമുള്ള സാഹചര്യത്തില്‍ പോലീസ്‌ അന്വേഷണമാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

കൊച്ചി: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്‌ഥാനത്തിലാണു നടപടി. അന്വേഷണം നടത്തി ഒരാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ കമ്മിഷന്‍ അംഗം പി. മോഹനദാസ്‌ കണ്ണൂര്‍ ജില്ലാ പോലീസ്‌ മേധാവിക്കു നിര്‍ദേശം നല്‍കി. ഉടമസ്‌ഥാവകാശരേഖ നല്‍കുന്നതില്‍ കാലതാമസമുണ്ടായോയെന്നു തദ്ദേശവകുപ്പ്‌ സെക്രട്ടറി അന്വേഷിക്കണം.

Ads by Google
Thursday 20 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW