Wednesday, June 19, 2019 Last Updated 3 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 02.41 PM

കുട്ടികളെ ആദ്യമായി സ്‌കൂളില്‍ അയക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

uploads/news/2019/06/315944/parenting190619a.jpg

കുഞ്ഞുടുപ്പിട്ട് വര്‍ണ്ണക്കുടയും ബാഗുമായി സ്‌കൂളിലേക്ക് പോകാനൊരുങ്ങുകയാണ് കുട്ടികള്‍. ആദ്യ സ്‌കൂള്‍ ദിനം കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം ആശങ്കകളുടേത് കൂടിയാണ്.

കാരണം വീട്ടിലെ ചിരപരിചിതമായ ചുറ്റുപാടുകളില്‍ നിന്നും കുട്ടികള്‍ തികച്ചും അപരിചിതമായ ചുറ്റുപാടുകൡലേക്ക് എത്തിച്ചേരുകയാണ്. ആദ്യമായി സ്‌കൂളില്‍ പോകുവാന്‍ കുട്ടികളില്‍ പലരും മടി കാണിച്ചേക്കാം.

ചെരുപ്പ് മുതല്‍ കുട വരെ


സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് തന്നെ കുഞ്ഞിന് സ്‌കൂളിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങളൊക്കെ ഒരുക്കി വയ്ക്കുന്നത് കാര്യങ്ങള്‍ സുഗമമാക്കും. യൂണിഫോം നേരത്തെ തന്നെ വാങ്ങി വയ്ക്കുക, മഴക്കാലത്തു ഇടാനുള്ള ചെരുപ്പ്, ഷൂസ്, സോക്‌സ് തുടങ്ങിയവയെല്ലാം നേരത്തെ തന്നെ കരുതാം.

പല സ്‌കൂളുകളിലും ഉച്ചഭക്ഷണത്തിന് മുന്‍പ് ഇടനേരങ്ങളില്‍ ലഘുഭക്ഷണം കഴിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് അനുമതിയുണ്ട്. അതുകൊണ്ടു തന്നെ രണ്ടു പാത്രങ്ങള്‍ കരുതേണ്ടതാണ്. വാട്ടര്‍ ബോട്ടിലും നേരത്തെ തന്നെ കരുതാം.

ഇപ്പോള്‍ പല സ്‌കൂളുകളും പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. സ്റ്റീല്‍ ബോട്ടിലുകള്‍ വാങ്ങുന്നതാണ് കുഞ്ഞിന്റെ ആരോഗ്യത്തിനും ഉചിതം. സ്‌കൂള്‍ ബാഗ്, പെന്‍സില്‍ ബോക്‌സ്, കുട, മഴക്കോട്ട് തുടങ്ങിയവയും നേരത്തെ വാങ്ങി വയ്ക്കാം.

uploads/news/2019/06/315944/parenting190619c.jpg

സ്‌നാക്‌സ്


ഇടനേര ലഘുഭക്ഷണങ്ങളില്‍ ബേക്കറി പലഹാരങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. പ്രഭാത ഭക്ഷണത്തിനായി ദോശ, അപ്പം, ചപ്പാത്തി, പൂരി, ഇഡ്ഡലി തുടങ്ങിയവ കൊടുത്തുവിടുന്നത് പ്രഭാതഭക്ഷണം കഴിക്കാതെയാണ് കുഞ്ഞ് സ്‌കൂളിലേക്ക് പോയതെന്ന ആകുലത മാതാപിതാക്കളില്‍ നിന്നും അകറ്റാന്‍ സഹായിക്കും.

ഉറക്കം


സ്‌കൂള്‍ തുറക്കുന്നതിനൊപ്പം മഴയും തുടങ്ങും. അതുകൊണ്ടുതന്നെ മഴയത്തു മടിപിടിച്ചു കിടന്നുറങ്ങാന്‍ എല്ലാവര്‍ക്കും വളരെ ഇഷ്ടവുമായിരിക്കും. കരഞ്ഞുകൊണ്ടുള്ള കുഞ്ഞിന്റെ എഴുന്നേറ്റു വരവ്, മാതാപിതാക്കളുടെയും ഒരു ദിവസത്തിന്റെ താളം തെറ്റിക്കും. അതുകൊണ്ടു കുഞ്ഞുങ്ങളെ രാത്രി ഒന്‍പതുമണിക്ക് മുന്‍പ് തന്നെ കിടത്തി ഉറക്കി ശീലിപ്പിക്കേണ്ടതാണ്. കുട്ടികള്‍ നേരത്തെ ഉറങ്ങിയാല്‍ നേരത്തെ എഴുന്നേല്‍ക്കാന്‍ വലിയ മടി കാണിക്കില്ല.

സ്‌കൂളില്‍ പോകാന്‍ മടിയാണോ?

സ്‌കൂള്‍ തുറക്കുന്ന സമയത്ത്് അമ്മമാരെ ഏറ്റവും കൂടുതല്‍ വട്ടം കറക്കുന്നത് സ്‌കൂളില്‍ പോകാനുള്ള കുട്ടികളുടെ മടിയാണ്. ഏകാഗ്രത കുറവ്, കൃത്യമായ ടൈംടേബിള്‍ ഇല്ലാത്തത്, ഉറക്കക്കുറവ്, തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു. അതായത് വീട്ടിലെ ചിട്ടയില്ലായ്മ തന്നെയാണ് ഒരുവിധത്തില്‍ കുഞ്ഞിന്റെ മടിക്ക് പിന്നിലെ പ്രധാന കാരണം.

മടി മാറ്റാന്‍ ആദ്യം ചെയ്യേണ്ടത് വീട്ടുകാര്യങ്ങളിലൊരു ചിട്ട കൊണ്ടുവരിക എന്നതാണ്. ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ നിന്നും ആവശ്യമുള്ളവ മാത്രം തിരഞ്ഞെടുക്കാന്‍ കുട്ടിയെ ശീലിപ്പിക്കുക. ഇതോടൊപ്പം കുട്ടിക്ക് ഒരു പഠനരീതി നിശ്ചയിക്കുക. ഒപ്പം അവര്‍ക്ക് കളിക്കാനുള്ള സമയവും നല്‍കുക. പഠനത്തിനും ഭക്ഷണത്തിനും കളിക്കും ഇടയില്‍ കൃത്യമായ ഇടവേള പാലിക്കുക.

അതുപോലെ തന്നെ ഏറെ നിര്‍ണായകമായ ഒന്നാണ് കുട്ടിക്ക് ആവശ്യമായ ഉറക്കം. ഉറക്കം എന്നത് ഉണര്‍ന്നിരിക്കുമ്പോള്‍ നമുക്കുള്ള ഊര്‍ജ്ജം ആണ്. ഉറക്കം ശരിയായാല്‍ മനസ്സും ശരീരവും ഒരേ ദിശയില്‍ സഞ്ചരിക്കും.

എപ്പോഴും പഠനം എന്ന് പറഞ്ഞു കുട്ടിക്ക് പിരിമുറുക്കം ഉണ്ടാകാതിരിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക. പഠനത്തോടൊപ്പം തന്നെ വിനോദങ്ങളിലും കുട്ടികള്‍ പങ്കെടുക്കണം.

uploads/news/2019/06/315944/parenting190619b.jpg

വീട്ടിലെ ചെറിയ ഉത്തരവാദിത്തങ്ങള്‍ കുട്ടികളെ ഏല്‍പ്പിക്കുന്നത് ഗുണകരമായിരിക്കും. ഉദാഹരണത്തിന് വീട്ടിലേക്ക് ആവശ്യമായ ചെറിയ സാധനങ്ങള്‍ വാങ്ങിക്കാനും മറ്റും അവരെ ഏല്‍പ്പിക്കാം. കുട്ടികളെ സ്വയംപര്യാപ്തര്‍ ആക്കുന്നതിന് ഇത് സഹായിക്കും.

ചില കുട്ടികള്‍ക്ക് പഠനത്തില്‍ പ്രയാസം നേരിട്ടേക്കാം. ഇക്കാര്യം പറഞ്ഞു അവരെ കളിയാക്കുകയോ താരതമ്യം ചെയ്യുകയോ ചെയ്യാതിരിക്കുക.

അവധിക്കാലം തീരും മുന്‍പ് കുട്ടികളുമൊത്ത് ചെറിയ യാത്രകള്‍ ആവാം. കുട്ടികളുടെയും മാതാപിതാക്കളുടെയും മനസിന് ഉന്മേഷം നല്‍കാന്‍ ഇത്തരം യാത്രകള്‍ സഹായിക്കും. ഇതിന് പുറമേ, ചെയ്യുന്ന എല്ലാ കാര്യത്തിലും കുട്ടികളെ നിരന്തരം പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുക. മടി പമ്പ കടക്കുന്ന വഴി കാണില്ല.

പഠിപ്പിക്കാം ആദ്യ പാഠങ്ങള്‍


സ്‌കൂളിലെ ഓരോ ദിവസത്തേയും കാര്യങ്ങള്‍ കുഞ്ഞില്‍നിന്നും ചോദിച്ചറിയുക. അധ്യാപകര്‍ നല്‍കിയ ഗൃഹപാഠങ്ങള്‍ കുഞ്ഞിനെ കൂടെയിരുത്തി ചെയ്യാന്‍ സഹായിക്കുക. അതല്ലാതെ മുഴുവന്‍ കാര്യങ്ങളും മാതാപിതാക്കള്‍ ചെയ്തു കൊടുക്കുന്നത് വിപരീതഫലങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഒരു പുത്തന്‍ ലോകത്തേക്കാണ് കുഞ്ഞുങ്ങള്‍ യാത്ര തുടങ്ങുന്നത്. അറിവിന്റെ ഈ യാത്രയില്‍ പല മാനസിക സംഘര്‍ഷങ്ങളും കുഞ്ഞുങ്ങള്‍ക്കുണ്ടാകും. പൂര്‍ണപിന്തുണ നല്‍കി അവര്‍ക്കൊപ്പം നില്‍ക്കുക.

എന്തിനും തങ്ങള്‍ കൂടെയുണ്ടാകുമെന്ന വിശ്വാസം കുഞ്ഞുങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക. അക്ഷരങ്ങളുടെ ലോകത്തെ അവര്‍ ആഹ്ളാദത്തോടെ വരവേല്‍ക്കട്ടെ...

uploads/news/2019/06/315944/parenting190619d.jpg

മഴക്കാലമാണ്... മറക്കല്ലേ...


മഴയത്ത് യൂണിഫോമും സോക്‌സുകളും ഉണങ്ങാന്‍ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടു തന്നെ അക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. നനഞ്ഞ യൂണിഫോം ഇട്ടുകൊടുത്തു കുഞ്ഞുങ്ങളെ സ്‌കൂളില്‍ വിടാതിരിക്കുക, അത് ശാരീരിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം കുഞ്ഞുങ്ങളില്‍ വലിയ അസ്വസ്ഥതകളും സൃഷ്ടിക്കും.

ആദ്യമായി സ്‌കൂളില്‍ പോകുന്ന കുഞ്ഞാണെങ്കില്‍ യൂണിഫോമിനൊപ്പം ഒരു ജോഡി സാധാരണ ഉടുപ്പും ബാഗില്‍ കൊടുത്തുവിടുന്നത് നന്നായിരിക്കും.

മഴക്കാലമായതു കൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ ടോയ്ലെറ്റില്‍ പോകുന്നതിനു മുന്‍പ് യൂണിഫോമിലോ അടിവസ്ത്രങ്ങളിലോ പ്രാഥമിക കൃത്യങ്ങള്‍ നടത്തിയാല്‍ യൂണിഫോം മാറി പകരം ധരിക്കാന്‍ ഈ ഉടുപ്പ് ഉപകാരപ്പെടും.

Ads by Google
Wednesday 19 Jun 2019 02.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW