Tuesday, June 18, 2019 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 10.49 AM

കാനന്‍ നിയമ വിദഗ്ധന്‍ റവ.ഡോ.ജോസ് ചിറമേല്‍ അന്തരിച്ചു

സഭയിലെ കാനന്‍ വിഷയങ്ങളില്‍ അന്തിമ വാക്കുമായിരുന്നു. കാനന്‍ നിയമസംബന്ധമായ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മികച്ച വാഗ്മിയും പ്രഭാഷകനും സംഘാടകനും പണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്നു.
Rev.Dr. Jose Chiramel

കൊച്ചി: സിറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും എറണാകുളം -അങ്കമാലി അതിരുപതാ വൈദികനുമായ റവ.ഡോ. ജോസ് ചിറമേല്‍ (67) അന്തരിച്ചു. കാനന്‍ നിയമത്തില്‍ സിറോ മലബാര്‍ സഭയിലെ ആധികാരിക ശബ്ദമായിരുന്നു ഫാ.ചിറമേല്‍. സഭയിലെ കാനന്‍ വിഷയങ്ങളില്‍ അന്തിമ വാക്കുമായിരുന്നു. കാനന്‍ നിയമസംബന്ധമായ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മികച്ച വാഗ്മിയും പ്രഭാഷകനും സംഘാടകനും പണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്നു.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് നാലര മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വൈദികന്റെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മഞ്ഞപ്രയിലുള്ള വസതിയില്‍ നിന്ന് സംസ്‌കാര ശുശ്രൂഷ ആരംഭിക്കും മൂന്നു മണിക്ക് മഞ്ഞപ്ര ഹോളിക്രോസ് ഫൊറോന പള്ളിയില്‍ സംസ്‌കാരം നടക്കും.

മഞ്ഞപ്ര ചിറമേല്‍ ഫ്രാന്‍സിസ്-അന്ന ദമ്പതികളുടെ മകനായി 1952 ഏപ്രില്‍ 24ന് ജനിച്ചു. 1973 -75 കാലയളവില്‍ മംഗലപ്പുഴ സെമിനാരിയില്‍ നിന്നും ഫിലോസഫിയും 1977 -80 കാലയളവില്‍ വടവാതൂര്‍ സെമിനാരിയില്‍ നിന്നും തിയോളജിയും പൂര്‍ത്തിയാക്കിയ ജോസ് ചിറമേലച്ചന്‍ 1980 ഡിസംബര്‍ 19 ന് മാര്‍ ജോസഫ് പാറേക്കാട്ടിലില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു.

റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടി. വിവിധ സര്‍വകലാശാലകളില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ഡിപ്ലോമകളും നേടിയിട്ടുണ്ട്. പൂനെ പേപ്പല്‍ സെമിനാരിയിലെ കാനന്‍ നിയമ പ്രൊഫെസ്സറായും എറണാകുളം സെന്റ് മേരീസ് ബസലിക്ക റെക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .

ദീര്‍ഘകാലമായി മൗണ്ട് സെന്റ് തോമസ് ,കാക്കനാടുള്ള സിറോമലബാര്‍ ക്യൂരിയ ആയിരുന്നു ജോസ് ചിറമേല്‍ അച്ചന്റെ പ്രവര്‍ത്തനകേന്ദ്രം .സിറോമലബാര്‍ സഭയിലെ വിശുദ്ധരുടെയും ധന്യരുടെയും ,ദൈവദാസരുടെയും നാമകരണസംബന്ധമായ ചുമതകള്‍ക്കായി വത്തിക്കാനിലും സിറോമലബാര്‍ ക്യൂരിയയിലുമായി വൈദികന്‍ പ്രവര്‍ത്തിച്ചുവന്നിരുന്നു.

Ads by Google
Tuesday 18 Jun 2019 10.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW