Tuesday, June 18, 2019 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 01.03 AM

തെറ്റു തിരുത്തുന്നവര്‍ക്ക്‌ തിരികെവരാം: ജോസഫ്‌

uploads/news/2019/06/315588/7.jpg

തിരുവനന്തപുരം/തൊടുപുഴ: കേരളാ കോണ്‍ഗ്രസ്‌ (എം) വിട്ടുപോയ ആര്‍ക്കും തെറ്റുതിരുത്തി തിരികെവരാമെന്നു പി.ജെ. ജോസഫ്‌. തിരുവനന്തപുരത്തു സി.എഫ്‌. തോമസ്‌ അടക്കം മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി ചെയര്‍മാനെ നിശ്‌ചയിക്കേണ്ടത്‌ അധികാരമില്ലാത്തയാള്‍ വിളിച്ചുകൂട്ടുന്ന ആള്‍ക്കൂട്ടമല്ല. യോഗം വിളിക്കുന്നതിനു പാര്‍ട്ടിയുടെ ഭരണഘടനയില്‍ വ്യവസ്‌ഥകളുണ്ടെന്നു ജോസ്‌ വിഭാഗം കോട്ടയത്തു യോഗം വിളിച്ചപ്പോള്‍ത്തന്നെ വ്യക്‌തമാക്കിയിരുന്നു. യോഗം അനധികൃതമാണെന്ന്‌ അറിയിക്കുകയും ചെയ്‌തു. അതു മാനിക്കാതെ യോഗം ചേര്‍ന്ന്‌ ഒരാളെ ചെയര്‍മാനായി തെരഞ്ഞെടുത്തതിനെതിരേയാണ്‌ രണ്ടു സംസ്‌ഥാന സമിതിയംഗങ്ങള്‍ കോടതിയെ സമീപിച്ചത്‌. അതേത്തുടര്‍ന്നാണ്‌ ചെയര്‍മാന്‍ പദവിയില്‍ അദ്ദേഹത്തെ വിലക്കുന്ന ഉത്തരവ്‌ ഉണ്ടായിരിക്കുന്നതെന്നും ജോസഫ്‌ പറഞ്ഞു.
പാര്‍ട്ടി ഓഫീസില്‍ കയറിയിരുന്നാല്‍ ചെയര്‍മാനാകില്ല. മധ്യസ്‌ഥശ്രമങ്ങള്‍ തകര്‍ത്തുകൊണ്ടാണ്‌ ജോസ്‌ കെ. മാണിയും കൂട്ടരും യോഗം ചേര്‍ന്നത്‌. കോട്ടയത്തെ യോഗത്തില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും സംസ്‌ഥാന കമ്മിറ്റിയംഗങ്ങളല്ല. ഏതാനും ആളുകള്‍ കേരളാ കോണ്‍ഗ്രസ്‌(എം) വിട്ടുപോയെന്നേയുള്ളൂ- ജോസഫ്‌ പറഞ്ഞു.
കോട്ടയത്തു യോഗം വിളിച്ചതു വ്യവസ്‌ഥകള്‍ക്കു വിരുദ്ധമായായതിനാല്‍ അതിലെ തീരുമാനങ്ങള്‍ അസാധുവാണെന്നാണു ജോസഫ്‌ വിഭാഗത്തിന്റെ നിലപാട്‌. പാര്‍ട്ടിയുടെ സന്തുലിതാവസ്‌ഥ നിലനിര്‍ത്താന്‍ ചെയര്‍മാനും വര്‍ക്കിങ്‌ ചെയര്‍മാനും കൂട്ടായ തീരുമാനമാണ്‌ എടുക്കേണ്ടത്‌. ചെയര്‍മാന്റെ അഭാവത്തില്‍ അധികാരവും ചുമതലകളും വഹിക്കേണ്ടതു വര്‍ക്കിങ്‌ ചെയര്‍മാനാണ്‌. അംഗത്വ വിതരണം നടത്തി ഭാരവാഹികളെ തെരഞ്ഞെടുത്തത്‌ മൂന്നു വര്‍ഷത്തേക്കാണ്‌. അതിനിടയില്‍ ഏതെങ്കിലും കാരണത്താല്‍ ഒഴിവു വന്നാല്‍ നികത്തേണ്ടതു സമവായത്തിലൂടെയായിരിക്കണമെന്നു പാര്‍ട്ടിയുടെ ഭരണഘടനയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. അതിനാല്‍ ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിങ്‌ ചെയര്‍മാന്‍ അടുത്ത സംഘടനാ തെരഞ്ഞെടുപ്പ്‌ വരെ തുടരണമെന്നും ജോസഫ്‌ വിഭാഗം പറയുന്നു.

Ads by Google
Tuesday 18 Jun 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW