Monday, June 17, 2019 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 03.50 PM

ദുല്‍ഖര്‍ മമ്മൂട്ടിയുടെ മകനാണെന്ന് അറിയില്ലായിരുന്നു - അപര്‍ണ ഗോപിനാഥ്‌

മലയാള സിനിമയില്‍ ചുരുങ്ങിയ സമയംകൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത് ഹിറ്റ് സിനിമകളുടെ ഭാഗമായി മാറുകയാണ് ബോള്‍ഡ് നായികയായ അപര്‍ണ ഗോപിനാഥ്.
Aparna Gopinath Interview

എ.ബി.സി.ഡിയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായിക, അപര്‍ണ ഗോപിനാഥ്. അന്നുവരെയുണ്ടായിരുന്ന നായികാ സങ്കല്‍പ്പങ്ങള്‍ തിരുത്തിക്കുറിച്ചുകൊണ്ടായിരുന്നു അപര്‍ണയുടെ മാസ് എന്‍ട്രി. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുഖത്ത് ചായംതേച്ചു തുടങ്ങിയ അപര്‍ണയുടെ അഭിനയ യാത്ര ഇന്ന് സിനിമയില്‍ എത്തി നില്‍ക്കുന്നു.

ചാര്‍ലിയിലും മുന്നറിയിപ്പിലുമൊക്കെ കണ്ട ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ കഥാപാത്രങ്ങളില്‍ നിന്ന് അഭിനയ സാധ്യതയുള്ള പക്വതയാര്‍ന്ന കഥാപാത്രങ്ങളിലൂടെ മുന്നോട്ട് പോകുകയാണ് അപര്‍ണ.

ചെന്നൈയില്‍ സെറ്റില്‍ ചെയ്തെങ്കിലും അപര്‍ണയുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് കേരളം. ചെന്നൈയില്‍ നിന്ന് കേരളംവരെ എത്തിനില്‍ക്കുന്ന ജീവിതയാത്രയെക്കുറിച്ച് അപര്‍ണ.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍?


മഴയത്ത് എന്ന ചിത്രത്തിനുശേഷം ചെറിയൊരു ഗ്യാപ് വന്നു. ഒരു നക്ഷത്രമുള്ള ആകാശമാണ് അടുത്തിടെ റിലീസ് ചെയ്ത സിനിമ. കാസര്‍കോട് കാഞ്ഞങ്ങാടായിരുന്നു ലൊക്കേഷന്‍. പുതിയ സംവിധായകര്‍ക്കൊപ്പമുള്ള വര്‍ക്കായിരുന്നു. ഗണേഷ് കുമാര്‍, ലാല്‍ജോസ്, എറിക് എന്നിവരാണ് ഒപ്പമഭിനയിക്കുന്നത്. ഞാനാദ്യമായാണ് ഒരു സ്‌കൂള്‍ ടീച്ചറുടെ വേഷം ചെയ്യുന്നത്. തനി നാടന്‍ സ്‌കൂള്‍ ടീച്ചര്‍. അതിന്റെയൊരു ത്രില്ലിലാണിപ്പോള്‍.

അമ്മവേഷങ്ങള്‍ ചെയ്യുമ്പോള്‍ ഇമേജിനെ പേടിയില്ലേ?


സ്‌കൂള്‍ ബസില്‍ രണ്ട് മക്കളുടെ അമ്മയായി അഭിനയിച്ചു. സുവീരന്‍ സാറിന്റെ മഴയത്തില്‍ കൗമാരക്കാരിയുടെ അമ്മയായി. ഏറെ അഭിനയ പ്രധാന്യമുള്ള കഥാപാത്രമായിരുന്നു മഴയത്തിലെ അനിത. ഇമേജ് നോക്കി സെലക്ട് ചെയ്യുകയാണെങ്കില്‍ സുവീരന്‍ സാറിനൊപ്പമൊക്കെ വര്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഇമേജ് നോക്കി സിനിമ ചെയ്യുന്ന ആളല്ല ഞാന്‍. ചേരുന്ന ഏത് കഥാപാത്രം ചെയ്യുന്നതിലും എനിക്ക് പ്രശ്നമൊന്നുമില്ല.

മമ്മൂട്ടിക്കൊപ്പവും ദുല്‍ഖറിനൊപ്പവും അഭിനയിച്ചു?


വളരെ ടാലന്റഡായ അഭിനേതാക്കളാണ് രണ്ടുപേരും. എന്നാല്‍ വളരെ വ്യത്യസ്തരുമാണ്. എ.ബി.സി.ഡിയില്‍ ദുല്‍ഖറിനൊപ്പം ആദ്യമഭിനയിക്കുമ്പോള്‍ അദ്ദേഹം മമ്മൂക്കയുടെ മകനാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. പ്രൊഫഷണല്‍ ബന്ധത്തേക്കാള്‍ വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഞങ്ങള്‍.

മമ്മൂക്കയെപ്പോലെയൊരു ലജന്‍ഡിനൊപ്പം അഭിനയിക്കുന്നത് ചെറിയ കാര്യമൊന്നുമല്ലല്ലോ? അദ്ദേഹത്തിന്റെ വേറിട്ട അഭിനയശൈലി നേരിട്ട് കണ്ട് മനസിലാക്കാന്‍ കഴിയുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്. അദ്ദേഹത്തില്‍ നിന്ന് കുറേ കാര്യങ്ങള്‍ പഠിക്കാനായി.

ഡ്രാമ ആര്‍ട്ടിസ്‌ററ് എന്ന നിലയിലുള്ള അനുഭവങ്ങള്‍?


രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി മുഖത്ത് ചായമിടുന്നത്. സ്‌കൂള്‍ നാടകത്തില്‍ രാജകുമാരിയുടെ വേഷമായിരുന്നു. അതിലെ മേക്കപ്പും വേഷവുമൊക്കെ എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ട്. അന്ന് തൊട്ട് ഇന്നുവരെയുള്ള എല്ലാ സ്‌റ്റേജുകളും എനിക്ക് നല്ല ഓര്‍മ്മയാണ്.

പഠിക്കുന്ന സമയത്ത് കള്‍ച്ചറല്‍ ആക്റ്റിവിറ്റീസിലും അത്‌ലറ്റിക്‌സിലും സജീവമായിരുന്നു. പ്രൊഫഷണലായി നാടകത്തെ വേദിയിലെത്തിച്ചത് ഒന്‍പതാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ്.

കിംഗ് സോളമന്റെ കഥ വൈസസ് കിംഗ് എന്ന പേരില്‍ ഞങ്ങള്‍ അവതരിപ്പിച്ചു. അതിലെനിക്ക് വിസ്ഡം എന്ന ക്യാരക്ടറായിരുന്നു. ആ നാടകം കണ്ടിഷ്ടപ്പെട്ട് എന്നെ പല സംവിധായകരും വിളിച്ചു. അങ്ങനെ പാര്‍ട്ട് ടൈംമായി നാടകത്തിലേക്ക് തിരിഞ്ഞു.

ഡിഗ്രി കഴിഞ്ഞപ്പോള്‍ കുറെ വിദേശ സംവിധായകരെ പരിചയപ്പെട്ട് അവര്‍ക്കൊപ്പം നാടകം ചെയ്തു തുടങ്ങി. മൈം, തമിഴ് ഫോക്ക്, ക്‌ളൗണിംഗ്, മാര്‍ഷല്‍ ആര്‍ട്‌സ് എല്ലാം പഠിച്ചു. കൂത്ത് പട്ടറൈ എന്ന നാടകവേദിയിലെത്തി.

അവിടെ വച്ചാണ് തമിഴ് നാടകരംഗത്തെ കുലപതിയായ മുത്തുസ്വാമിയുടെ ശിഷ്യയാകുന്നത്. സ്‌ക്രിപ്റ്റ്, ബോഡി, വോയ്‌സ് എന്നിങ്ങനെ തിയേറ്റര്‍ നാടകത്തിനു വേണ്ടതെല്ലാം പഠിച്ചു. രചനയും അഭിനയവും സംവിധാനവുമൊക്കെ ചെയ്യുന്നത് അവിടെ എത്തിയ ശേഷമാണ്.

Aparna Gopinath Interview

ചെയ്ത എല്ലാ കഥാപാത്രങ്ങളും എനിക്ക് വലുതാണ്. എങ്കിലും പേടിയോടെയും ആത്മവിശ്വാസത്തോടെയും ചെയ്ത ഒരു നാടകമായിരുന്നു സിക്‌സ് ക്യാരക്‌ടേര്‍സ് ഇന്‍ സേര്‍ച്ച് ഓഫ് ആന്‍ ഓഥര്‍. ജെര്‍മന്‍ നാടകത്തിന്റെ ഇംഗീഷും തമിഴും ചെയ്തു. എന്റെ ആദ്യ തമിഴ് നാടകമായിരുന്നു അത്. ഞാന്‍ തമിഴ് പഠിച്ചിട്ടില്ല.

50 പേജുള്ള സംഭാഷണങ്ങള്‍ വരെയുണ്ടായിരുന്നു. പഠിക്കാന്‍ വളരെ പ്രയാസമായിരുന്നു. എങ്കിലും എന്റെ കഥാപാത്രത്തെ പറ്റി നല്ല അഭിപ്രായമായിരുന്നു. എനിക്കതില്‍ മുറൈമകളുടെ കഥാപാത്രമായിരുന്നു. വളരെ സീരിയസ്സായ കഥാപാത്രം.

പിന്നെ വൈക്കം മുഹമ്മദ് ബഷീറിന്റെ ആകാശമിഠായി ഇംഗ്ലീഷില്‍ ചെയ്തു. കഥാപാത്രത്തിന്റെ പേര് സാറാമ്മ എന്നായിരുന്നു. ചെയ്ത എല്ലാ കഥാപാത്രങ്ങളും ഇഷ്ടമായിരുന്നെങ്കിലും കൂടുതല്‍ പ്രശംസ കിട്ടിയത് ഇതിനു രണ്ടിനുമാണ്.

ഞാനിപ്പോഴും നാടകം ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ രണ്ട് ട്രൂപ്പിനൊപ്പം വര്‍ക്ക് ചെയ്യുന്നുണ്ട്. നാടകങ്ങള്‍ക്കൊപ്പമാണ് ഞാന്‍ വളര്‍ന്നതെന്ന് പറയാം. നാടകം തന്ന അനുഭവം സിനിമയില്‍ ഒരുപാടെന്നെ സഹായിച്ചിട്ടുണ്ട്. ആ സ്വാധീനം എപ്പോഴുമെന്റെ കൂടെയുണ്ടാകും. ഓരോ സ്റ്റേജും ഓരോ സിനിമയും എനിക്ക് പുതിയ അനുഭവമാണ്. ഓരോ ഷോയും വ്യത്യസ്തമാണ്.

വളരെ സെലക്ടീവായാണല്ലോ സിനിമ ചെയ്യുന്നത്?


സിനിമയിലായാലും നാടകത്തിലായാലും എനിക്ക് ചേരുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്‍പര്യം. അത്തരം കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യം എനിക്കുണ്ട്. നാടകം ചെയ്യുന്ന സമയത്ത് സിനിമ ചെയ്യാറില്ല. ഒരു സമയം ഒരു വര്‍ക്കില്‍ ശ്രദ്ധിക്കാനാണ് താല്‍പര്യം. നാടകവും സിനിമയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നൊക്കെ ആഗ്രഹമുണ്ട്.

പക്ഷേ സിനിമയ്ക്ക് ഡേറ്റ് കൊടുത്തിട്ട് നാടകത്തിന് പോകണമെന്ന് പറഞ്ഞ് ഒപ്പം വര്‍ക്ക് ചെയ്യുന്നവരെയൊക്കെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ. സിനിമയിലായാലും നാടകത്തിലായാലും ഞാന്‍ ചെയ്യുന്ന ഓരോ കഥാപാത്രത്തിനും എന്റേതായൊരു കൈയൊപ്പ് നല്‍കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.

സിനിമയും നാടകവുമില്ലാത്ത സമയത്ത് കുട്ടികള്‍ക്കുവേണ്ടിയുള്ള ക്ലൗണ്‍സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കാറുണ്ട്.

പഠനകാലത്ത് തീപ്പൊരി നേതാവായിരുന്നെന്ന് കേട്ടല്ലോ?


മദ്രാസ് ക്രിസ്ത്യന്‍ കോളജിലാണ് പഠിച്ചത്. ജീവിതത്തിലെ മനോഹരമായ അഞ്ച് വര്‍ഷങ്ങള്‍ സമ്മാനിച്ച കലാലയം. അധ്യാപകര്‍, പ്രിന്‍സിപ്പല്‍ അവരെല്ലാം ഒരുപാടെന്നെ സ്വാധീനിച്ചിട്ടുണ്ട്. പഠനത്തോടൊപ്പം നല്ലൊരു മനുഷ്യനാവണമെന്ന് എന്നെ പഠിപ്പിച്ചത് അവിടുത്തെ പ്രിന്‍സിപ്പലാണ്.

കോളജില്‍ ഡിബേറ്റിലൊക്കെ പങ്കെടുക്കുമായിരുന്നു. അത്ര തീപ്പൊരിയൊന്നുമല്ലായിരുന്നെങ്കിലും അത്ര മോശവുമല്ലായിരുന്നു. അതുകൊണ്ടാണല്ലോ കോളജ് യൂണിയന്‍ പ്രസിഡന്റായത്.

നാടകവും സിനിമയും കരിയറാക്കിയപ്പോള്‍ മാതാപിതാക്കളുടെ പ്രതികരണം?

ഡിഗ്രി, പി.ജി, പാസ്പോര്‍ട്ട് ഇത്രയും നേടിയിട്ട് താന്‍ എന്തുവേണമെങ്കിലും ചെയ്തോളൂൂ എന്നാണ് മമ്മി എന്നോട് പറഞ്ഞത്. മമ്മി ആഗ്രഹിച്ചപോലെ ഞാന്‍ ഡിഗ്രിയും പി.ജിയും ചെയ്തു. അതോടൊപ്പം നാടകവും മുന്നോട്ട് കൊണ്ടുപോയി.

എന്നും എന്റെ ശക്തി മമ്മി തന്നെയാണ്. മുന്നോട്ടുള്ള വഴി ഏതു വേണമെന്ന് തീരുമാനിക്കാം. സിനിമയെങ്കില്‍ സിനിമ, നാടകമെങ്കില്‍ നാടകം. പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നരുത്. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയണം. അതു കൊണ്ട് വിദ്യാഭ്യാസം വേണംം എന്ന് മമ്മിക്ക് നിര്‍ബന്ധമായിരുന്നു.

അപര്‍ണ എന്ന പെണ്‍കുട്ടിയെ ബോള്‍ഡാക്കിയത്?


സിനിമയില്‍ കാണുന്ന ബോള്‍ഡായ കഥാപാത്രങ്ങള്‍ പോലെയല്ല ജീവിതത്തില്‍. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. മമ്മിയും ചേച്ചിയുമാണ് എന്നെ ഞാനാക്കിയത്. അവരാണ് എന്റെ കലാവാസനയ്ക്ക് ഏറ്റവും പിന്തുണ തന്നത്. സിനിമയില്‍ കാണുന്നതുപോല അത്ര ബോള്‍ഡൊന്നുമല്ല, ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍.
Aparna Gopinath Interview

മലയാള സിനിമയിലെ സ്ത്രീ സംഘടനയെക്കുറിച്ച്?


ഞാന്‍ ചെന്നൈയില്‍ സെറ്റില്‍ഡാണ്. കേരളത്തില്‍ വരുന്നു, സിനിമയില്‍ അഭിനയിക്കുന്നു, തിരിച്ച് പോകുന്നു. ഡബ്ലിയു.സി.സി കേരളത്തിലെ വനിത സിനിമ പ്രവര്‍ത്തകരുടെ സംഘടനയാണ്. അതുകൊണ്ടുതന്നെ ഇവിടെയുള്ള സിനിമ സംഘടനയെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ.

ആ വിഷയത്തെക്കുറിച്ച് എനിക്കൊരു അഭിപ്രായവുമില്ലെന്നല്ല, അതെന്താണെന്ന് പറയേണ്ട കാര്യമില്ല എന്നാണെനിക്ക് തോന്നുന്നത്. ഞാനവരെ എതിര്‍ക്കുന്നില്ല. അങ്ങനെയൊരു സംഘടനയുടെ ആവശ്യമുണ്ടെങ്കില്‍ തീര്‍ച്ചയായും അതിനെ പിന്തുണയ്ക്കണം.

തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷ എങ്ങനെ ഉറപ്പ് വരുത്താം?


മനുഷ്യനെന്ന നിലയില്‍ നമ്മള്‍ പരസ്പരം ബഹുമാനിക്കണം. ഓരോ വ്യക്തിക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ടെന്ന് മനസിലാക്കുകയും അതംഗീകരിക്കുകയും വേണം. അങ്ങനെ വരുമ്പോള്‍ പല പ്രശ്നങ്ങളും ഒഴിവാക്കാവുന്നതേയുള്ളൂ.

കേരളത്തോട് പ്രത്യേക ഇഷ്ടമാണല്ലോ?


എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്ന ഒന്നാണ് കേരളം. അപ്പൂപ്പനും അമ്മൂമ്മയും തിരുവനന്തപുരത്തായിരുന്നതു കൊണ്ട് നാടുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്.

അവധിക്ക് നാട്ടിലെത്തുമ്പോള്‍ കോവളത്തു പോകുന്നതും മൃഗശാല കാണാന്‍ പോകുന്നതുമൊക്കെ വലിയ ഇഷ്ടമായിരുന്നു. അവരുടെ കൂടെ സമയം ചെലവഴിക്കാന്‍ മാത്രമാണ് ഇങ്ങോട്ട് വരുന്നത്. ഇന്നും കേരളത്തിലേക്കുള്ള യാത്രകള്‍ എനിക്കിഷ്ടമാണ്.

കേരളത്തിന്റെ മണവും നിറവുമൊക്കെ ഒരുപാടിഷ്ടമാണ്. ചെന്നൈയില്‍ നിന്ന് ട്രെയിനില്‍ കേരളത്തിലേക്ക് വരുമ്പോള്‍ പ്രകൃതിയിലുണ്ടാകുന്ന മാറ്റം ഞാനൊരുപാട് ആസ്വദിക്കാറുണ്ട്. സിനിമയ്ക്ക് വേണ്ടി മാത്രമല്ല സുഹൃത്തുക്കളെ കാണാനും ഞാന്‍ കേരളത്തില്‍ വരാറുണ്ട്.

നാടകമല്ലാതെ മറ്റൊരു വലിയ ലോകമുണ്ടെന്ന് എനിക്ക് കാണിച്ചു തന്ന നാടാണിത്. കേരളത്തില്‍ വച്ചാണ് ഞാനാദ്യമായി സിനിമയുടെ ഭാഗമായത്. കേരളത്തിന്റെ വലിയൊരു ആരാധികയാണ് ഞാന്‍. ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ് കേരളം.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW