Monday, June 17, 2019 Last Updated 9 Min 45 Sec ago English Edition
Todays E paper
Ads by Google
എ.കെ. ബാലകൃഷ്ണന്‍
Monday 17 Jun 2019 12.51 PM

ഇത് എന്റെ അപ്പന്റെ കസേരയാ.. ഇത് എനിക്കുവേണം, ഞാനിങ്ങ് എടുക്കുവാ.. കേരളാ കോണ്‍ഗ്രസിലെ പിന്‍തുടര്‍ച്ചവകാശ നിയമം അഥവാ മക്കത്തായം

മധ്യതിരുവിതാംകൂറില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഈ പാര്‍ട്ടിയുടെ ശക്തി ശരിക്കും കിണ്ണംകാച്ചിയ കുറെ നേതാക്കന്മാരും അവരെ മാത്രം ജയിപ്പിക്കുന്ന ചില മണ്ഡലങ്ങളും അവരോട് ആത്മബന്ധമുള്ള വോട്ടര്‍മാരുമാണ്. അവിടെ റോഡുകളും പാലങ്ങളും വെയിറ്റിംഗ് ഷെഡും ബസ്റ്റാന്‍ഡുമൊക്കെ തേനും പാലുമായി ഒഴുക്കാന്‍ ഇവര്‍ മിടുക്കന്മാരാണുതാനും. ഈ വിരലിലെണ്ണാവുന്ന സീറ്റുകള്‍വച്ച് അവര്‍ കേരളത്തിലെ കൊടികെട്ടിയ രണ്ടു മുന്നണികളെയും വിരല്‍തുമ്പില്‍ വട്ടംകറക്കുന്നതിന് കേരളം പലതവണ സാക്ഷിയായിട്ടുണ്ട്.
Kerala Congress, K.M. Mani, Jose k.Mani

അപ്പന്റെ സ്വത്തിന് മകനാണ് അവകാശിയെന്ന തിരുവിതാകൂറിലെ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചവകാശ നിയമത്തെ പിന്‍പറ്റിയാണ് കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വളര്‍ച്ചയും പിളര്‍പ്പുകളും. പിന്നെ ആരാണ് മൂത്തത്, നീയോ ഞാനോ എന്ന ചോദ്യവും. ഇതിനപ്പുറത്തേയ്ക്കുള്ള ഒരു അധ്വാനവര്‍ഗ സൈദ്ധാന്തിക പ്രശ്‌നങ്ങളും ഈ പാര്‍ട്ടിയെ അലട്ടാറില്ല. ഏറ്റവും ഒടുവില്‍ ഇന്നലെ കെ. എം. മാണിയിരുന്ന കസേരയില്‍ ഇരുന്ന് ജോസ് കെ. മാണിയുടെ വക ഒരു പിളര്‍പ്പുകൂടി കേരളം കണ്ടു.

പി.ടി. ചാക്കോയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് 1964-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി കെ.എം. ജോര്‍ജും ബാലകൃഷ്ണപിള്ളയും കെ. നാരായണക്കുറുപ്പും അടക്കമുളള എം.എല്‍.എമാര്‍ കോട്ടയം തിരുനക്കര മൈതാനത്തു യോഗം ചേര്‍ന്നു മന്നത്തു പദ്മനാഭന്റെ ആശിര്‍വാദത്തോടെ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചത്. അഞ്ചു പതിറ്റാണ്ടു പിന്നിടുമ്പോള്‍ പത്തിലേറെ പിളര്‍പ്പുകള്‍ക്കാണു ഈ പാര്‍ട്ടി സാക്ഷ്യം വഹിച്ചത്. കെ.എം. മാണിയും പി.ജെ. ജോസഫും, ആര്‍. ബാലകൃഷ്ണപിള്ളയും, ടി.എം. ജേക്കബും, പി.സി. ജോര്‍ജുമൊക്കെയായിരുന്നു ഈ പിളര്‍പ്പു നാടകങ്ങളിലെ പ്രധാന വേഷക്കാര്‍.

മധ്യതിരുവിതാംകൂറില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഈ പാര്‍ട്ടിയുടെ ശക്തി ശരിക്കും കിണ്ണംകാച്ചിയ കുറെ നേതാക്കന്മാരും അവരെ മാത്രം ജയിപ്പിക്കുന്ന ചില മണ്ഡലങ്ങളും അവരോട് ആത്മബന്ധമുള്ള വോട്ടര്‍മാരുമാണ്. അവിടെ റോഡുകളും പാലങ്ങളും വെയിറ്റിംഗ് ഷെഡും ബസ്റ്റാന്‍ഡുമൊക്കെ തേനും പാലുമായി ഒഴുക്കാന്‍ ഇവര്‍ മിടുക്കന്മാരാണുതാനും. ഈ വിരലിലെണ്ണാവുന്ന സീറ്റുകള്‍വച്ച് അവര്‍ കേരളത്തിലെ കൊടികെട്ടിയ രണ്ടു മുന്നണികളെയും വിരല്‍തുമ്പില്‍ വട്ടംകറക്കുന്നതിന് കേരളം പലതവണ സാക്ഷിയായിട്ടുണ്ട്. മാണിക്ക് പാലായും, ജോസഫിന് തൊടുപുഴയും, ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയും, ടി.എം. ജേക്കബിന് പിറവവുമൊക്കെ മരണാവസാനംവരെ പതിച്ചുകൊടുക്കാന്‍ നമുക്ക് സന്തോഷമേയുള്ളു.

റബര്‍പാലില്‍ പള്ളികൊള്ളുന്ന മധ്യതിരുവിതാംകൂര്‍ പാര്‍ട്ടിയുടെ മക്കള്‍ രാഷ്ട്രീയത്തിന് തുടക്കമിട്ടത് കെ.എം. മാണി തന്നെ.പക്ഷേ സ്വന്തം മകനെയല്ല മാണി പരീക്ഷണത്തിനിറക്കിയത്. കേരളാ കോണ്‍ഗ്രസിന്റെ പിതാവ് എന്ന് എല്ലാ കേരളാ കോണ്‍ഗ്രസുകാരും അവകാശപ്പെടുന്ന പി.ടി. ചാക്കോയുടെ മകന്‍ പി.സി. തോമസിനെ കളത്തിലിറക്കിയാണ് മാണി മക്കള്‍ രാഷട്രീയത്തിന്റെ സാമ്പിള്‍ ടെസ്റ്റ് നടത്തിയത്. മൂവാറ്റുപുഴയില്‍നിന്ന് ലോകസഭയിലുമെത്തിച്ചു ഈ രാഷ്ട്രീയ ശിശുവിനെ. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവും അവസാന കാലങ്ങളില്‍ മാണിയുടെ എതിര്‍ പക്ഷത്തുമായിരുന്ന കെ.എം. ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിനെ ഇടുക്കിയില്‍നിന്ന് ലോക്‌സഭയില്‍ എത്തിച്ചാണ് അന്നത്തെ മാണിയുടെ രാഷ്ട്രീയശത്രു പി.െജ. ജോസഫ് ഇതിനു പകരം വീട്ടിയത്.

2004ല്‍ ജോസ് കെ. മാണി എന്ന തന്റെ പുത്രനെ രാഷ്ട്രീയ കളത്തിലിറക്കേണ്ട സമയമായപ്പോള്‍ പി.സി. തോമസിനെ തഴഞ്ഞ് മകനെ മൂവാറ്റുപുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കി. മാണിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് ജോസ് മോനെ തോല്‍പ്പിച്ച് പി.സി. തോമസ് ഡല്‍ഹിക്കുപോയി. മാണിയോടു തെറ്റിപ്പിണങ്ങിയ പി.സി. എത്തിയത് ജോസഫിന്റെ കൂടാരത്തിലായിരുന്നു. പിന്നെ സ്വന്തം കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുമുണ്ടാക്കി എന്‍.ഡി.എ.യിേലയ്ക്ക് പോയി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തു നിന്ന് മത്സരിച്ച് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടനോട് പരാജയപ്പെടുകയും ചെയ്തു. അതേസമയംജോസ്.കെ. മാണി രണ്ടു തവണ കോട്ടയത്തുനിന്ന് എംപിയാകുകയും പിന്നീട് രാജ്യസഭാംഗവുമായി. ഇപ്പോള്‍ പാര്‍ട്ടി ചെയര്‍മാനും.

അടുത്ത ഊഴം പൂഞ്ഞാര്‍ ആശാന്‍ പി.സി. ജോര്‍ജിന്റേതായിരുന്നു. ജോസഫിനോട് പിണങ്ങി ഒറ്റക്കും പിന്നെ മാണിയോടൊപ്പവും നിന്ന ജോര്‍ജ് പിന്നീട് പി.ജെ. ജോസഫ്് ഉള്‍െപ്പടെയുള്ള ഐക്യ കേരളാ കോണ്‍ഗ്രസിന്റെ നേതൃനിരയിലേയ്ക്ക് ഉയര്‍ന്നു വന്നു. അപകടം മണത്ത മാണി ജോര്‍ജിനെ പുറത്തേയ്ക്കുള്ള വാതില്‍ കാണിച്ചുകൊടുത്ത്് ജോസ് കെ. മാണിയെ അനന്തരാവകാശിയായി വാഴിക്കാനുള്ള ആദ്യത്തെ ചടങ്ങ് നടത്തി.

പി.സി.യും വിട്ടുകൊടുത്തില്ല. പൂഞ്ഞാറില്‍ രണ്ടു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചു. നിയമസഭയ്ക്കകത്തും പുറത്തും മദംപൊട്ടി നാവുകൊണ്ട് ചിന്നം വിളിച്ചു. മകന്‍ ഷോണ്‍ ജോര്‍ജിനെ മാണിയുടെ സ്വന്തം പാലയില്‍ മത്സരിപ്പിക്കാന്‍ ബി.ജെ.പി. മുന്നണിയില്‍വരെ ചേര്‍ന്നു പൂഞ്ഞാര്‍ ആശാന്‍. കേരള കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പി.സി. ജോര്‍ജ് സ്ഥാപിച്ച ജനപക്ഷം സെക്യുലര്‍ പാര്‍ട്ടിയുടെ അധ്യക്ഷന്‍വരെയാക്കി മകന്‍ ഷാണ്‍ ജോര്‍ജിനെ.

കേരള നിയമസഭ കണ്ട ഏറ്റവും മികച്ച സാമാജികനായ ടി.എം. ജേക്കബ് 1993ലാണ് കേരളാ കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോയി സ്വന്തം പാര്‍ട്ടിയുണ്ടാക്കുന്നത്.
ടി.എം. ജേക്കബിന്റെ അകാല മരണത്തോടെയാണ് മകന്‍ അനൂപ് ജേക്കബ് മല്‍സരിക്കുന്നതും മന്ത്രിയായതും പാര്‍ട്ടി സ്വന്തമാക്കിയതും. മുന്‍ എം.എല്‍.എ.യും കേരളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന പെണ്ണമ്മ ജേക്കബിന്റെ പുത്രിയാണ് അനൂപിന്റെ മാതാവ് ആനി ജേക്കബ്.

കേരളാ കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന നേതാവായ ആര്‍. ബാലകൃഷ്ണപിള്ളയും ആദ്യം തന്നെ മകന്‍ ഗണേഷ് കുമാറിനെ കളത്തിലിറക്കി. എം.എല്‍.എ.യും മന്ത്രിയുമാക്കി. ചില്ലറ ചീത്തപേരുകളാല്‍ മന്ത്രി സ്ഥാനം പോയെങ്കിലും പത്താപുരം ഗണേശനെ ഇത്തവണയും കൈവിട്ടില്ല. പിള്ള അഴിമതിക്കേസില്‍ ജയിലില്‍ പോയ തക്കം നോക്കി പാര്‍ട്ടി അടിച്ചു മാറ്റാന്‍ ഗണേശനും ഒരു കളി കളിച്ചുനോക്കി. പക്ഷേ പിള്ളയുടെ മാടമ്പിത്തരത്തിനു മുന്നില്‍ നല്ല കുട്ടിയായി ഗണേശന്‍ പിന്നീട്.

പാര്‍ട്ടി സ്ഥാപക നേതാവും മുന്‍മന്ത്രിയുമായ പ്രൊഫ. കെ. നാരായണ കുറുപ്പിന്റെ മകനായ എന്‍.ജയരാജാണ് മക്കള്‍ രാഷ്ട്രീയത്തിലുടെ കടന്നുവന്ന മറ്റൊരാള്‍. ആദ്യം മാണിക്കൊപ്പവും ഇപ്പോള്‍ ജോസ്.കെ. മാണിക്കൊപ്പവും എന്‍ ജയരാജ് ഉറച്ചു നില്‍ക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന് മതിയായ സീറ്റ് ലഭിച്ചില്ല എന്നാരോപിച്ച് 2016 ല്‍ പാര്‍ട്ടി വിട്ട ഫ്രാന്‍സിസ് ജോര്‍ജ്, സ്ഥാപകനേതാവായ കെ.എം. ജോര്‍ജിന്റെ മകനാണ്. തുടര്‍ന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ച് എല്‍ഡിഎഫിന്റെ ഘടകകക്ഷിയായി. മുന്‍ ഇടുക്കി എംപി കൂടിയാണ് ഫ്രാന്‍സിസ് ജോര്‍ജ്.

ഇനിയാണ് സാക്ഷാല്‍ പി.ജെ. ജോസഫിന്റെ മകന്റെ ഊഴം. അപ്പു ജോസഫെന്ന ഈ രാഷ്ട്രീയ അനന്തരാവകാശി ഇടയ്ക്കിടെ തിരശീല മാറ്റി രംഗനിരീക്ഷണം നടത്തുന്നുണ്ട്. കോട്ടയം പാര്‍ലമെന്റ് സീറ്റ് പി.ജെ. ജോസഫിന് മാണി നല്‍കിയിരുന്നെങ്കില്‍ തൊടുപുഴ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ അവതാരംകൂടി കാണാനുള്ള ഭാഗ്യം രാഷ്ട്രീയ കേരളത്തിന് ലഭിക്കുമായിരുന്നു. ഇപ്പോള്‍ എട്ടായി പൊട്ടി പിളര്‍ന്ന പാര്‍ട്ടിയുടെ അണികള്‍ കാത്തിരിക്കുന്നു, അടുത്ത പിളര്‍പ്പിന് നേരമായോ?

-എ.കെ. ബാലകൃഷ്ണന്‍

Ads by Google
എ.കെ. ബാലകൃഷ്ണന്‍
Monday 17 Jun 2019 12.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW