Monday, June 17, 2019 Last Updated 28 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 01.21 AM

പതിനേഴാം ലോക്‌സഭയ്‌ക്ക് ഇന്നു തുടക്കം

uploads/news/2019/06/315372/d5.jpg

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്നുമുതല്‍. ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. സഖ്യം വന്‍ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തിയശേഷമുള്ള പുതിയ ലോക്‌സഭയുടെ തുടക്കമാണിന്ന്‌. ആദ്യരണ്ടുദിനം 542 അംഗങ്ങളുടെ സത്യപ്രതിജ്‌ഞയായിരിക്കും. രണ്ട്‌ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ രാഷ്‌ട്രപതി നാമനിര്‍ദേശം ചെയ്യും.
പ്രോടെം സ്‌പീക്കറായിരിക്കും അംഗങ്ങളുടെ സത്യപ്രതിജ്‌ഞയ്‌ക്കു മേല്‍നോട്ടം വഹിക്കുക. പാര്‍ലമെന്റിലെ ഏറ്റവും മുതിര്‍ന്ന അംഗമായ മഹാരാഷ്‌ട്രയിലെ തിക്കാമാര്‍ജ്‌ ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള എം.പിയും മുന്‍കേന്ദ്രമന്ത്രിയുമായ വീരേന്ദ്രകുമാര്‍ ആയിരിക്കും പ്രോടെം സ്‌പീക്കര്‍. പാര്‍ലമെന്റ്‌് സമ്മേളനം തുടങ്ങുംമുമ്പ്‌ ഇന്നുരാവിലെ രാഷ്‌ട്രപതിഭവനില്‍വച്ച്‌ പ്രോംടെം സ്‌പീക്കറായി വീരേന്ദ്രകുമാര്‍ സത്യപ്രതിജ്‌ഞ ചെയ്യും. കേരളത്തില്‍നിന്നുള്ള കൊടുക്കുന്നില്‍ സുരേഷും ഒഡീഷയില്‍നിന്നുള്ള ഭര്‍തൃഹരി മഹ്‌താബും അടക്കമുള്ള മുതിര്‍ന്ന അംഗങ്ങളുടെ സമിതി സത്യപ്രതിജ്‌ഞാ നടപടികളില്‍ വീരേന്ദ്രകുമാറിന്‌ പിന്തുണയേകും.
സ്‌പീക്കര്‍ തെരഞ്ഞെടുപ്പ്‌ 19ന്‌ ആയിരിക്കും. 20ന്‌ പാര്‍ലമെന്റിന്റെ സംയുക്‌തസമ്മേളനത്തില്‍ പ്രസിഡന്റിന്റെ അഭിസംബോധന. പുതിയ സ്‌പീക്കര്‍ ആരാകും എന്ന കാര്യത്തില്‍ കൃത്യമായ സൂചനകളൊന്നുമില്ല. കഴിഞ്ഞതവണത്തെ സ്‌പീക്കറായിരുന്ന സുമിത്രമഹാജന്‍ ഇക്കുറി മത്സരിച്ചിട്ടില്ല. അതിനുമുമ്പത്തെ യു.പി.എ. സര്‍ക്കാരിന്റെ കാലത്തും വനിതയായിരുന്നു സ്‌പീക്കര്‍, മീരാ കുമാര്‍. വീണ്ടും ഒരു വനിതയാണു സ്‌പീക്കറാകുന്നതെങ്കില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന അംഗം മനേകാ ഗാന്ധിക്കായിരിക്കും സാധ്യത.
പുതിയ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ജൂലൈ നാലിന്‌ ബജറ്റ്‌ അവതരിപ്പിക്കും. തെരഞ്ഞെടുപ്പിനു മുമ്പ്‌ അവതരിപ്പിച്ചത്‌ വോട്ട്‌ ഓണ്‍ അക്കൗണ്ടായതിനാല്‍ ഇക്കുറി സമ്പൂര്‍ണബജറ്റ്‌ ആയിരിക്കും അവതരിപ്പിക്കുക.
പ്രധാനമന്ത്രി നരേന്ദ്രമോഡി അധ്യക്ഷനായും പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ ഉപാധ്യക്ഷനായും ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി പുനസംഘടിപ്പിച്ചിട്ടുണ്ട്‌. രാജ്യസഭയില്‍ സാമൂഹികനീതിവകുപ്പ്‌ മന്ത്രി തവര്‍ചന്ദ്‌ ഗെലോട്ട്‌ ആണ്‌ സഭാനേതാവ്‌. റെയില്‍വേമന്ത്രി പിയൂഷ്‌ ഗോയല്‍ ഉപനേതാവും. കഴിഞ്ഞമോഡി സര്‍ക്കാരിന്റെ കാലത്ത്‌ രാജ്യസഭാ നേതാവായിരുന്ന അരുണ്‍ ജയ്‌റ്റ്‌ലി ആരോഗ്യകാരണങ്ങളാല്‍ മന്ത്രിസഭയില്‍ അംഗമായിട്ടില്ല. അതേസമയം സോണിയാഗാന്ധിയെ അധ്യക്ഷയായി തെരഞ്ഞെടുത്തതൊഴിച്ചാല്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്‌ പാര്‍ലമെന്റിലെ ഔദ്യോഗിക ചുമതലക്കാരെ ഇതുവരെ നിശ്‌ചയിച്ചിട്ടില്ല.

Ads by Google
Monday 17 Jun 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW