Sunday, June 16, 2019 Last Updated 11 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.50 AM

മക്കളെപ്പോലെ...

uploads/news/2019/06/315240/re4.jpg

തീ പിടിച്ച്‌ പൂര്‍ണമായും കത്തിനശിച്ച ഭവനത്തില്‍ നിന്നും ഒരു കുട്ടി മാത്രം ഒരു പരുക്കും ഇല്ലാതെ രക്ഷപ്പെട്ടു. പിന്നീട്‌ ആ കുട്ടിയുടെ കാര്യങ്ങള്‍ തീരുമാനിക്കാനായി ഗ്രാമത്തിലെ മുഖ്യന്മാര്‍ ഒത്തുചേര്‍ന്നു. അവിടെ വച്ച്‌ ആ കുട്ടിയെ തീയില്‍ നിന്നും വലിച്ചെടുത്ത മനുഷ്യന്‍ അവനെ ദത്തെടുക്കുവാനുള്ള താല്‍പര്യം അറിയിച്ചു.
അദ്ദേഹത്തിന്‌ തന്റെ ഭാര്യയെയും കുട്ടിയെയും നേരത്തെ തന്നെ നഷ്‌ടമായതാണ്‌. എന്നാല്‍ ഗ്രാമമുഖ്യന്മാര്‍ നാസ്‌തികനായ ആ മനുഷ്യനെ കുട്ടിയുടെ വളര്‍ത്തച്‌ഛനായി തെരഞ്ഞെടുക്കാന്‍ താല്‌പര്യപ്പെട്ടില്ല. കുട്ടി വളരെ നല്ല ഒരു ക്രിസ്‌തീയ കുടുംബത്തില്‍ വളര്‍ന്നതാണ്‌. ആ മനുഷ്യന്‍ വളരെ താണപേക്ഷിക്കുകയും കുട്ടിയെ രക്ഷപ്പെടുത്തുമ്പോള്‍ തനിക്ക്‌ പറ്റിയ പൊള്ളലുകള്‍ അവരെ കാണിക്കുകയും ചെയ്‌തു. ഏതായാലും അവസാനം അദ്ദേഹം തന്നെ ജയിക്കുകയുണ്ടായി.
കുട്ടി അദ്ദേഹത്തിന്റെ വീട്ടില്‍ വളരെ സന്തോഷത്തോടെ ജീവിച്ചു. ആ മനുഷ്യനെ തന്റെ പിതാവായി കണക്കാക്കുകയും തന്നെ രക്ഷിക്കാനായി അദ്ദേഹം നടത്തിയ സാഹസികോദ്യമത്തെക്കുറിച്ച്‌ പുകഴ്‌ത്തി സംസാരിക്കുകയും പതിവായിരുന്നു.
ഒരിക്കല്‍ അവിടുത്തെ ടൗണ്‍ ഹാളില്‍ ഒരു പെയിന്റിങ്‌ പ്രദര്‍ശനം നടന്നു. അവിടെ പ്രദര്‍ശിപ്പിച്ചിരുന്ന മഹത്തായ സൃഷ്‌ടികള്‍ കാണാന്‍ ആ മനുഷ്യന്‍ കുട്ടിയെയും കൂട്ടിപ്പോയി. അവിടെയുണ്ടായിരുന്ന ഒരു ചിത്രം കുട്ടിയുടെ ശ്രദ്ധയാകര്‍ഷിച്ചു. യേശു തന്റെ ആണിപ്പഴുതേറ്റ കരങ്ങള്‍ സംശയാലുവായ തോമസിനെ കാണിക്കുന്നതായിരുന്നു ആ ചിത്രം. അതിനെപ്പറ്റിയുള്ള വിശദീകരണം കുട്ടി ആവശ്യപ്പെട്ടു. നാസ്‌തികനായ ആ മനുഷ്യന്‍ താന്‍ ആ ചിത്രത്തിന്റെ പുറകിലുള്ള കഥയില്‍ വിശ്വസിക്കുന്നില്ലെന്ന്‌ കുട്ടിയോടു പറഞ്ഞു. കുട്ടി ആ കഥ പറയാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. അനേകരെ കൊല്ലുന്ന രാക്ഷസനായ ജാക്കിന്റെ കഥയൊക്കെ ഡാഡി പറഞ്ഞതല്ലേ. എന്തുകൊണ്ട്‌ ഇതു മാത്രം പറയുന്നില്ല? എന്നിങ്ങനെ കുട്ടി ചോദിച്ചുകൊണ്ടിരുന്നു. അവസാനം ആ മനുഷ്യന്‍ കഥ പറഞ്ഞു. കഥ മുഴുവന്‍ കേട്ടുകഴിഞ്ഞപ്പോള്‍ വളരെ ആകാംക്ഷയോടെ കുട്ടി പറഞ്ഞു: ഡാഡി, താങ്കളും യേശുവിനെപ്പോലെ തന്നെയാണല്ലേ?
താങ്കള്‍ തീജ്വാലകളില്‍ നിന്നെന്നെ വലിച്ചെടുത്തതു പോലെ തന്നെയല്ലേ യേശു ഈ ഭൂമിയെ അഗ്നി നരകത്തില്‍നിന്നും രക്ഷിച്ചത്‌. ഈ വാക്കുകള്‍ ആ മനുഷ്യന്റെ ഹൃദയത്തെ വളരെ ആഴത്തില്‍ സ്‌പര്‍ശിക്കുകയും അദ്ദേഹം തന്റെ ജീവിതം യേശുവിന്റെ ആണിപ്പാടുള്ള കരങ്ങളില്‍ സമര്‍പ്പിക്കുകയും ചെയ്‌തു.
എനിക്കറിയാവുന്ന ഒരു സംഭവം പറയാം. എനിക്ക്‌ ഏറ്റവും അടുത്ത ഒരു സ്‌നേഹിതനുണ്ട്‌. ഒരു വലിയ പട്ടണത്തിലാണ്‌ അദ്ദേഹം വസിക്കുന്നത്‌. മൂന്നു കുഞ്ഞുങ്ങള്‍ ഉണ്ട്‌. മൂത്തമകള്‍ പത്താം ക്ലാസ്‌ കഴിഞ്ഞ്‌ കോളജില്‍ ചേര്‍ന്നു. വീട്ടില്‍ നിന്നും കുറെ ദൂരെയായിരുന്നു കോളജ്‌. കൂട്ടുകാരുമായി ചേര്‍ന്ന്‌ സാഹചര്യത്തിന്റെ ഒഴുക്കില്‍പ്പെട്ട്‌ പാപസ്വഭാവത്തിലേക്ക്‌ അവള്‍ നീങ്ങി. ചുരുങ്ങിയ കാലംകൊണ്ട്‌ മ്ലേച്‌ഛമായ എല്ലാ പ്രവര്‍ത്തനങ്ങളിലേക്കും അവളുടെ ജീവിതം അവള്‍ വിട്ടു കളഞ്ഞു. ലഹരി സാധനങ്ങള്‍ ഉപയോഗിക്കുവാന്‍ ആരംഭിച്ചു. കഞ്ചാവ്‌ അവളുടെ ജീവിതത്തിന്റെ ഏറ്റവും അടുത്ത മിത്രമായി മാറി. വീട്ടുകാര്‍ ഇക്കാര്യമൊന്നും അറിഞ്ഞിരുന്നില്ല. അവസാനം ജീവിതം തെരുവില്‍ ചെലവഴിക്കുവാന്‍ അവള്‍ ആരംഭിച്ചു.
പഠനം, ആരോഗ്യം, ബുദ്ധി, ജീവിതം എല്ലാം അവള്‍ പാഴാക്കി. അവസാനം സുബോധം ഇല്ലാതെ നാടുവിട്ടു പോയി. ഈ പെണ്ണിനെ ഒന്നര വര്‍ഷം കഴിഞ്ഞ ശേഷമാണ്‌ മാതാപിതാക്കള്‍ കണ്ടുപിടിക്കുന്നത്‌. വീട്ടില്‍ കൊണ്ടു വന്ന്‌ ചില ആഴ്‌ചകളും മാസങ്ങളും അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവളോടു സംസാരിക്കുകയും ചെയ്‌തു.
അവസാനം വളരെ നിരാശയുടെയും മുറിവിന്റെയും ദുഃഖത്തിന്റെയും ആഴത്തില്‍ നിന്ന്‌ ദൈവം അവള്‍ക്കു മോചനം കൊടുത്തു. ലഹരി സാധനങ്ങളിലും പാപസ്വഭാവങ്ങളിലും അവളെ കൂട്ടിക്കൊണ്ടു നടന്ന കൂട്ടുകാരിലും നിന്ന്‌ ദൈവം അവളെ രക്ഷിച്ചു. ദൈവം മക്കളെ എന്ന പോലെ നമ്മെ സ്‌നേഹിക്കുന്നു. നമ്മുടെ നന്മയും സമാധാനവുമാണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌. ഈശ്വര സന്നിധിയില്‍ നമുക്ക്‌ ശാന്തിയും സൗഖ്യവും കണ്ടെത്താന്‍ കഴിയും.

Ads by Google
Sunday 16 Jun 2019 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW