Sunday, June 16, 2019 Last Updated 38 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.50 AM

കുറവിലങ്ങാട്‌ നസ്രാണി മഹാസംഗമത്തില്‍ ഏഴ്‌ സഭാതലവന്മാര്‍ , കൂനന്‍കുരിശിന്‌ ശേഷം നസ്രാണി സഭാതലവന്മാര്‍ ഒരേ വേദിയില്‍

കുറവിലങ്ങാട്‌ : 1653ലെ പ്രസിദ്ധമായ കൂനന്‍കുരിശ്‌ സത്യം വരെ ഒരുസഭയായി വളര്‍ന്ന്‌ പിന്നീട്‌ വിവിധ വിഭാഗങ്ങളായി മാറിയ സഭകളുടെ തലവന്മാര്‍ ആദ്യമായി ഒരേ വേദിയിലെത്തുന്നു. കുറവിലങ്ങാട്‌ നസ്രാണി മഹാസംഗമത്തിലാണു നസ്രാണി പാരമ്പര്യം പേറുന്ന ഏഴ്‌ സഭാതലവന്മാരെത്തുക. സംഗമത്തിലും മുന്നോടിയായുള്ള മരിയന്‍ കണ്‍വന്‍ഷനിലുമായി സിറോ മലബാര്‍, സിറോ മലങ്കര, ഓര്‍ത്തഡോക്‌സ്‌, യാക്കോബായ, മാര്‍ത്തോമ്മാ, പൗരസ്‌ത്യ അസീറിയന്‍, മലബാര്‍ സ്വതന്ത്ര സഭാ തലവന്മാരാണെത്തുക. സെപ്‌റ്റംബര്‍ ഒന്നിനു ദേവമാതാ കോളജ്‌ മൈതാനമാണു സംഗമത്തിന്റെ പ്രധാന വേദി.
സിറോ മലബാര്‍ സഭയിലെ ഏക മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അര്‍ക്കദിയാക്കോന്‍ ദേവാലയമായ കുറവിലങ്ങാട്‌ നസ്രാണി മഹാസംഗമത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്‌. സെപ്‌റ്റംബര്‍ ഒന്നിനു രാവിലെ രാജ്യാന്തര മരിയന്‍ സിമ്പോസിയം ദേവമാതാ കോളജ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ്‌ രണ്ടിനു സമ്മേളനം സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും.
ഓര്‍ത്തഡോക്‌സ്‌ സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വീതിയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. സിറോ മലങ്കരസഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്കാബാവ, മാര്‍ത്തോമ്മാസഭാ തലവന്‍ ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, പൗരസ്‌ത്യ അസീറിയന്‍ സഭാ തലവന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്ത, മലബാര്‍ സ്വതന്ത്രസുറിയാനി സഭാ തലവന്‍ സിറിള്‍ മാര്‍ ബസേലിയോസ്‌ മെത്രാപ്പോലീത്ത എന്നിവര്‍ പങ്കെടുക്കും.
സംഗമത്തിന്റെ ആദ്യഘട്ടമായി ഓഗസ്‌റ്റ്‌ 25 മുതല്‍ 29 വരെ ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന മരിയന്‍ കണ്‍വന്‍ഷന്‍ യക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ ഉദ്‌ഘാടനം ചെയ്യും.
സംഗമത്തിന്റെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള അഷ്‌ടഭവനങ്ങളുടെ താക്കോല്‍ ദാനംനടത്തും. സംഗമവിജയത്തിനായി ഇടവകയില്‍ പ്രാര്‍ഥനാമണിക്കൂര്‍ ആചരണവും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നുവരുന്നു.
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ആര്‍ച്ച്‌പ്രീസ്‌റ്റ്‌ ഫാ. ഡോ. ജോസഫ്‌ തടത്തില്‍, സീനീയര്‍ അസി.വികാരി ഫാ. കുര്യാക്കോസ്‌ വെള്ളച്ചാലില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. തോമസ്‌ കുറ്റിക്കാട്ട്‌, അസി.വികാരിമാരായ ഫാ. ജോര്‍ജ്‌ നെല്ലിക്കല്‍, ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ജനറല്‍ കോര്‍ഡിനറ്റര്‍ ഡോ. ടി.ടി മൈക്കിള്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരം അംഗ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
നസ്രാണി മഹാസംഗമത്തിനായി നേരിട്ട്‌ രജിസ്‌റ്റര്‍ ചെയ്യുവാന്‍ എല്ലാ ദിവസവും ഇടവക ദൈവാലയത്തില്‍ അവസരമുണ്ട്‌. ഓണ്‍ലൈനായി രജിസ്‌ട്രേഷന്‌ www.kuravilangapdally.com എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. ഫോണ്‍: 04822 230224, 9447184088.

Ads by Google
Sunday 16 Jun 2019 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW