Sunday, June 16, 2019 Last Updated 8 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.46 AM

മതവിശ്വാസം വ്രണപ്പെട്ടാല്‍

uploads/news/2019/06/315236/bft1.jpg

ആദ്യം തന്നെ പറയാന്‍ ആഗ്രഹിക്കുന്നു. ഞാനൊരു വിശ്വാസിയാണ്‌. ഇന്നും എനിക്കു ബിഷപ്‌ ഫ്രാങ്കോ കുറ്റം ചെയ്‌ത ആളാണെന്നോ കുറ്റം ആരോപിക്കുന്ന ആളുടെ കൈകള്‍ ശുദ്ധമാണെന്നോ ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ രണ്ടുപേര്‍ക്കും സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നതിന്‌ ഞാന്‍ തയാറുമാണ്‌.
ചേരി തിരിഞ്ഞ്‌ അട്ടഹാസങ്ങള്‍ മുഴക്കുന്നത്‌ എനിക്ക്‌ കൗതുകം ഉണ്ടാക്കുന്നുമില്ല. സഭയും വിശ്വാസവും തകരണമെന്നും തകര്‍ക്കണമെന്നും ആഗ്രഹിച്ച്‌ പ്രവര്‍ത്തിക്കുന്ന കുറച്ചു സുഹൃത്തുക്കളാണ്‌ ആ പ്രശ്‌നത്തില്‍ സമരത്തിനു മുന്നിട്ടിറങ്ങിയത്‌. അവരില്‍ പലരുടെയും വിശ്വാസ്യത അടുത്തറിയാവുന്ന ആളുകള്‍ക്കിടയില്‍ തീരെ കുറവും. ഉത്തമ വിശ്വാസത്തോടെ ആ വിഷയത്തില്‍ ഇടപെട്ട കുറച്ചുപേരും ഉണ്ട്‌. വിശ്വാസികളില്‍നിന്നു പറയത്തക്ക യാതൊരു പങ്കാളിത്തവും ആ സമരത്തില്‍ ഉണ്ടായില്ല. അതുപോലെ ബിഷപ്പിന്റെ സംരക്ഷകരായി വന്നു പരസ്യമായി ആക്രോശങ്ങള്‍ക്ക്‌ ഇറങ്ങിയ പലരും യാതൊരു മര്യാദകളും പൊതുജീവിതത്തില്‍പ്പോലും പാലിക്കാത്തവരുമാണ്‌.
ആ വിഷയമെല്ലാം മുന്‍വിധിക്ക്‌ പകരം കാലത്തിന്റെ വിധിക്ക്‌ വിധേയമായി കടന്നു പോകും.
എന്നാല്‍ കാര്‍ട്ടൂണ്‍ അക്കാദമി പുരസ്‌കാരം നല്‍കിയ കാര്‍ട്ടൂണ്‍ ആണ്‌ ഇപ്പോള്‍ വിഷയം. അതു സഭക്ക്‌ ആക്ഷേപകരമാണ്‌ എന്നതിനു സംശയം ഇല്ല. ആക്ഷേപകരമായ ആ പ്രവൃത്തി ആരോപിക്കാന്‍ ഇടയായ സാഹചര്യവും അതു സാമൂഹിക വിമര്‍ശനമായി ഒരു കാര്‍ട്ടൂണില്‍ പ്രമേയമായതും ആണു ലജ്‌ജാകരം. യഥാര്‍ത്ഥ സഭാസ്‌നേഹികളും വിശ്വാസം മുറുകെ പിടിക്കുന്നവരും ആ സാഹചര്യങ്ങളില്‍ ഏറെ ദുഃഖിതരാവുകയും അതിനു മാറ്റം വരാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയുമാണു ചെയ്യുന്നത്‌.
മതചിഹ്‌നങ്ങളെ അവഹേളിക്കുന്നതിനോട്‌ യോജിക്കാത്തിനു കാരണം, അത്‌ ഒരു വിഭാഗം ജനങ്ങളുടെ ആത്മാര്‍ത്ഥമായ വിശ്വാസ വികാരങ്ങളെ മുറിവേല്‍പ്പിക്കുന്നതിനാല്‍ ആണ്‌.
എന്നാല്‍ മതവികാരം വ്രണപ്പെടുമ്പോള്‍ എങ്ങനെയാണ്‌ അതിനെ നേരിടുന്നത്‌ എന്ന ചോദ്യമാണ്‌ ഏറ്റവും പ്രധാനം. പൊതുജീവിതത്തില്‍ ജനാധിപത്യമൂല്യങ്ങള്‍ സഭ അംഗീകരിക്കുകയും അനവധി രാജ്യങ്ങളില്‍ അതിനുവേണ്ടി പോരാടുകയും ചെയ്‌തുവരുന്നുണ്ട്‌. സഭ അംഗീകരിച്ചാലും ഇല്ലെങ്കിലും തുറന്ന സമൂഹം എന്ന യാഥാര്‍ത്ഥ്യം ആര്‍ക്കും തള്ളിക്കളയാനാകാത്ത അപ്രതിരോധ്യത കൈവരിച്ചുകഴിഞ്ഞു. ഫാസിസ്‌റ്റുകളുടെയും നാസികളുടെയും സംവിധാനങ്ങളെ മാത്രമല്ല ജനം തിരസ്‌കരിച്ചത്‌. മനുഷ്യസമൂഹത്തിന്റെ നന്മയ്‌ക്ക്‌ ഉപകരിക്കും എന്ന്‌ ഏറെ ആളുകള്‍ വിശ്വസിച്ച കമ്യൂണിസ്‌റ്റുകാരുടെ, സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന വ്യവസ്‌ഥിതിയും ജനങ്ങള്‍ നിരാകരിച്ചു. തുറന്ന ജനാധിപത്യ സമൂഹത്തിനു പകരം സ്വാതന്ത്ര്യം അടിച്ചമര്‍ത്തിയാല്‍ അത്‌ ഒരു വലിയ ദുരന്തമായി തീരുന്നതും നന്മകളുടെ കണികകള്‍ പോലും അതിജീവിക്കാത്ത സമൂഹമായി അതു തീരുന്നതും ആണെന്ന്‌ ആധുനിക ചരിത്രം തെളിയിച്ചുകഴിഞ്ഞു. എവിടെയെല്ലാം ആധിപത്യവും അടിച്ചമര്‍ത്തലും ഉണ്ടായോ അവിടങ്ങളില്‍ എല്ലാം ദശലക്ഷകണക്കിന്‌ മനുഷ്യര്‍ കശാപ്പ്‌ ചെയ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.
പാരീസില്‍ ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്‌ ഭീകരാക്രമണത്തിലാണു കലാശിച്ചത്‌. ഒരിക്കലും ആ വിധമല്ല പെരുമാറേണ്ടത്‌ എന്ന്‌ ആരും സമ്മതിക്കും.
വിശ്വാസിയല്ലാത്ത ഒരാളിന്‌ വിമര്‍ശനം അവഹേളനമായി പോലും ഉന്നയിക്കുവാനുള്ള അവകാശമാണു ജനാധിപത്യം. എന്നാല്‍ നമ്മുടെ ഭരണഘടനയിലെ മൗലികാവകാശങ്ങളില്‍ ജീവനും സ്വാതന്ത്ര്യത്തിനുമുള്ളത്‌ ഒഴികെയുള്ള എല്ലാ മൗലികാവകാശങ്ങളും യുക്‌തിസഹമായ നിയന്ത്രണങ്ങള്‍ക്കു വിധേയമാണ്‌. ക്രിമിനല്‍ കുറ്റമായി നിശ്‌ചയിച്ചിരിക്കുന്ന സംഗതികളില്‍ ആ നിയന്ത്രണം ബാധകമാണ്‌. ക്രിമിനല്‍ കുറ്റമായി തീരാത്ത ഏതൊരു അവഹേളനവും അതു നടത്തുന്നവരുടെ അവകാശമാണ്‌. മതവിശ്വാസി ആയിരിക്കാനും അതു പ്രചരിപ്പിക്കാനും എനിക്ക്‌ അവകാശം ഉള്ളതുപോലെ അതു വിശ്വസിക്കാതിരിക്കാനും വിശ്വാസമില്ലായ്‌മ പ്രചരിപ്പിക്കാനും ഏതൊരാള്‍ക്കും അവകാശമുണ്ട്‌. മനഃസാക്ഷിയുടെ സ്വാതന്ത്ര്യം എന്നാണല്ലോ മതസ്വാതന്ത്ര്യത്തെ പറയുന്നത്‌. ആ തത്വം അനുസരിച്ചാണു വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും കൈവരുന്നത്‌.
നടുറോഡില്‍നിന്നു വെറുതെ ഒരു മതവിശ്വാസത്തെ ചീത്തവിളിക്കുക, ഒരു മതവിശ്വാസത്തെ ചീത്തയും തെറിയും വിളിച്ച്‌ പോസ്‌റ്റര്‍ ഒട്ടിക്കുക, അല്ലെങ്കില്‍ അപ്രകാരം അച്ചടിച്ചോ മറ്റു വിധത്തിലോ പരസ്യപ്പെടുത്തുക തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യുന്നത്‌ കുറ്റകരമാണെങ്കില്‍ നടപടി എടുക്കണം.
എന്നാല്‍ വിയോജിക്കുന്നവ ആണെങ്കിലും സര്‍ഗാത്മക കലാ, സാഹിത്യ സൃഷ്‌ടിയായി വരുന്ന ഒന്നിനെ ആവിധം പോലീസ്‌ വാഴ്‌ചയുടെ ബലത്തില്‍ അമര്‍ച്ച ചെയ്യുന്നത്‌ അനുകൂലിക്കാന്‍ കഴിയില്ല. അതു സമൂഹത്തിന്റെ നന്മകളെ ഇല്ലാതാക്കും. എന്നാല്‍ അതിലുള്ള വിയോജിപ്പുകള്‍ സമൂഹത്തില്‍ ഉന്നയിക്കാനും അഭിപ്രായ രൂപീകരണത്തില്‍ സ്വാധീനം ചെലുത്തുവാനും പരസ്യമായ സമാധാനപരമായ പ്രവര്‍ത്തനങ്ങളും പ്രതിഷേധങ്ങളും നടത്തുവാന്‍ അവകാശമുണ്ട്‌.
ഇവിടെ സര്‍ക്കാരിന്റെ പുരസ്‌കാരം നല്‍കി പ്രോല്‍സാഹിപ്പിക്കാമോ എന്ന ചോദ്യം ഉയരും. കാര്‍ട്ടൂണ്‍ അക്കാദമി എന്ന സ്വതന്ത്രമായ ഒരു സര്‍ക്കാര്‍ ഘടകം സ്വതന്ത്രമായ വിലയിരുത്തല്‍ ഒരു സര്‍ഗസൃഷ്‌ടിയില്‍ നടത്തി പുരസ്‌കാരം നല്‍കുന്നത്‌ സര്‍ക്കാരിന്റെ നടപടിയായി വിലയിരുത്തുന്നതും ശരിയല്ല. കലാവിമര്‍ശനത്തിന്റെ സര്‍ഗാത്മക വിമര്‍ശനങ്ങള്‍ അല്ലാതെ മറ്റുള്ളവ അത്ര പ്രസക്‌തമായിരിക്കില്ല. സര്‍ഗസൃഷ്‌ടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്‌ ഒരിക്കലും സമൂഹത്തിനു ഗുണകരമാകില്ല. മതചിഹ്‌നങ്ങളെ ഉപയോഗിച്ചതായി കരുതിയാല്‍ പോലും.
മതവിശ്വാസികള്‍ ആ സഹിഷ്‌ണുത ആര്‍ജിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്‌. യൂറോപ്പിലും അമേരിക്കയിലും ആ തരം സ്‌ഥിതി ഉണ്ട്‌. സര്‍ഗാത്മക വിമര്‍ശനം മാത്രമല്ല ഒരു സര്‍ഗസൃഷ്‌ടി നല്‍കുന്ന സന്ദേശവും വിമര്‍ശന വിധേയമാക്കാന്‍ മതവിശ്വാസികള്‍ക്ക്‌ അവകാശമുണ്ട്‌. അതെല്ലാം പൊതുസമൂഹത്തില്‍ ചര്‍ച്ചക്കുവയ്‌ക്കാനുള്ള ആര്‍ജവമാണു വിശ്വാസികള്‍ നേടേണ്ടത്‌. നന്മകള്‍ക്കൊപ്പം എപ്പോഴോ കയറിക്കൂടിയ തിന്മകളെ പിഴുതെറിയുന്ന ആത്മവിമര്‍ശനത്തിനും അതു സഹായിക്കാം.
ഇവിടെ ഈ കാര്‍ട്ടൂണ്‍ കേസില്‍ മതചിഹ്‌നങ്ങള്‍ അവഹേളിച്ചു എന്ന അഭിപ്രായം എനിക്കില്ല. കാര്‍ട്ടൂണിസ്‌റ്റിന്റെ വീക്ഷണത്തില്‍ അയാള്‍ക്ക്‌ ബോധ്യപ്പെട്ട ആശയത്തില്‍ നടത്തിയ ഒരു സര്‍ഗസൃഷ്‌ടി എന്നു മാത്രമേ അതിനെ കാണാനാകൂ. അത്‌ ഒരുപക്ഷേ, സര്‍ഗസിദ്ധിയില്‍ ദരിദ്രമായിരിക്കാം. വസ്‌തുതാപരവും ആയിരിക്കില്ല. അതു കാലത്തിന്‌ വിടുക മാത്രമാണു കരണീയം. എന്നാല്‍ ആ കാര്‍ട്ടൂണ്‍ വസ്‌തുതയെ വളച്ചൊടിച്ചു എന്ന തോന്നുന്നവര്‍ക്ക്‌ സമാധാനപരമായി പ്രതിഷേധമുയര്‍ത്താന്‍ അവകാശമുണ്ട്‌.
കോടതിയില്‍ വിചാരണ നേരിടുന്ന ഒരാളെ കുറ്റവാളി ആയി വിധിക്കാന്‍ കഴിയില്ല. അതുപോലെ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപെടുന്ന ഒരാള്‍ നടത്തുന്ന പ്രവൃത്തി സാമൂഹികമായ വിമര്‍ശനത്തിനുള്ള സര്‍ഗാത്മക ഉപാധിയാക്കുന്നതും നിഷേധിക്കാനാകില്ല. തുറന്ന വിമര്‍ശനങ്ങളും ചര്‍ച്ചകളും സമൂഹത്തില്‍ ഒഴിവാക്കാന്‍ കഴിയില്ല. അത്തരം തുറന്ന വിമര്‍ശനങ്ങള്‍ മുന്‍വിധിയുള്ളതും മനഃപൂര്‍വമായ ദുരുദ്ദേശ്യം ഉള്ളതുമാണെങ്കില്‍ അതിനെതിരായ ആശയങ്ങള്‍ ഉയര്‍ത്തുകയും അവഗണനയോടെ അത്തരം ചര്‍ച്ചകളില്‍നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുകയുമാണ്‌ ജനാധിപത്യപരമായ രീതി.
ശരിയായ വിശ്വാസം ഒരിക്കലും വിമര്‍ശനംകൊണ്ട്‌ നശിക്കില്ല. വിശ്വാസികളുടെ ജീവിതത്തില്‍ വിശ്വാസത്തിലെ നന്മകള്‍ കെട്ടുപോകുമ്പോഴാണു വിശ്വാസം നശിക്കുന്നത്‌. അത്‌ അനുയായികളെ ബോധ്യപ്പെടുത്തുകയാണ്‌ വേണ്ടത്‌. അതിനു സമാധാനപരമായ പൊതുപരിപാടികള്‍ നടത്താനും അവകാശമുണ്ട്‌.
മതങ്ങളുടെ കാര്യത്തില്‍ മാത്രമല്ല രാഷ്‌ട്രീയ കക്ഷികളുടെ കാര്യത്തിലും അത്തരം സഹിഷ്‌ണുത ആവശ്യമാണ്‌. രാഷ്‌ട്രീയ രംഗത്ത്‌ മഹാത്മാ ഗാന്ധി അത്തരം വിമര്‍ശനങ്ങള്‍ ഏല്‍ക്കുമ്പോഴും അദ്ദേഹത്തിന്‌ വേണ്ടി ആരും അക്രമം കാണിക്കാന്‍ ഉണ്ടാകുന്നില്ല. അദ്ദേഹത്തെ ഒരു ബ്രാഹ്‌മണനാണു വധിച്ചത്‌. എന്നാല്‍ അതിന്റെ പേരില്‍ ഒരാളും ബ്രാഹ്‌മണരെ ആക്രമിച്ചില്ല. മരണാനാന്തരവും അദ്ദേഹത്തിന്‌ വേണ്ടി അക്രമത്തിനിറങ്ങുവാന്‍ ആരുമില്ല.

അഡ്വ. ജോഷി ജേക്കബ്‌
ഫോണ്‍ നമ്പര്‍: 9447347230

Ads by Google
Sunday 16 Jun 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW