Sunday, June 16, 2019 Last Updated 8 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.45 AM

പീരുമേട്ടില്‍ ശകുന്തള കുളിച്ചു

uploads/news/2019/06/315235/bft2.jpg

നമ്മുടെ ശകുന്തള പീരുമേട്ടിലാണ്‌ കുളിച്ചത്‌. ചെറിയ വെള്ളച്ചാട്ടമുള്ള പെരിയാറിന്റെ കൈവഴിയായിരുന്നു മാലിനിനദി. അവിടെത്തന്നെ കണ്വാശ്രമവും കെട്ടിയുണ്ടാക്കി. ശകുന്തളയും തോഴിമാരായ അനസൂയയും പ്രിയംവദയും കാട്ടാറിന്റെ കരയില്‍ പാറിനടന്നു. കാട്ടുപൂച്ചെടികള്‍ക്കിടയില്‍ ഒളിച്ചും അരുവിയില്‍ തുടിച്ചും അവര്‍ കേളിയാടി.
പക്ഷേ, ഹൈറേഞ്ചിലെ കാലാവസ്‌ഥ മാറിയത്‌ പെട്ടന്നായിരുന്നു. മാനത്ത്‌ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. ഇടിമിന്നി. മഴ അലറിപ്പാഞ്ഞെത്തി. കാട്ടാറില്‍ വെള്ളംപൊങ്ങി. ശകുന്തളയും തോഴിമാരും പെട്ടന്ന്‌ കരയ്‌ക്കുകയറാന്‍ ശ്രമിച്ചു. നല്ല ഒഴുക്ക്‌! അവര്‍ ഒരുവിധം കരയ്‌ക്കുകയറി എണ്ണിനോക്കിയപ്പോള്‍ ഒരു തോഴി കുറവ്‌! വലയുമായി ആള്‍ക്കാര്‍ തെരച്ചില്‍ തുടങ്ങി. ഏതാണ്ട്‌ ഒരു മൈല്‍ താഴെനിന്ന്‌ തോഴി വലയില്‍ വീണു! സഖിക്ക്‌ ചില്ലറ മുറിവുകള്‍ പറ്റിയെന്നു മാത്രം. കുറച്ചു വെള്ളവും കുടിച്ചു!
ഏകദേശം പത്തമ്പതുവര്‍ഷം മുമ്പായിരുന്നു ശകുന്തളയും തോഴിമാരും മലവെള്ളത്തില്‍നിന്ന്‌ ഇങ്ങനെ കഷ്‌ടിച്ചു രക്ഷപ്പെട്ടത്‌. കൃത്യമായിപ്പറഞ്ഞാല്‍ 1965-ല്‍! ഉദയാ സ്‌റ്റുഡിയോയുടെ ബാനറില്‍ കുഞ്ചാക്കോ നിര്‍മിച്ച 'ശകുന്തള'യുടെ ഷൂട്ടിംഗായിരുന്നു ഇത്‌. അക്കാലത്തെ 'സ്ലിം ബ്യൂട്ടി'യായിരുന്ന കെ.ആര്‍. വിജയയായിരുന്നു ശകുന്തള. ദുഷ്യന്തനായത്‌ പ്രേംനസീര്‍. കണ്വമഹര്‍ഷിയുടെ വേഷത്തില്‍ സത്യനും.
സത്യനും കുഞ്ചാക്കോയും നസീറും വയലാറും ആലപ്പുഴയിലെ ഉദയാ സ്‌റ്റുഡിയോയുടെ ക്വാര്‍ട്ടേഴ്‌സിലെ മുറ്റത്തിരുന്ന്‌ വെടിപറഞ്ഞിരിക്കുമ്പോള്‍ വയലാറാണ്‌ ശകുന്തളയെക്കുറിച്ച്‌ പറഞ്ഞു തുടങ്ങിയത്‌.
''നമുക്കിനി കാളിദാസനെ ഒന്നു പിടിച്ചാലെന്താ ചാക്കോച്ചാ?'' - എന്നായിരുന്നു വയലാറിന്റെ ചോദ്യം.
നസീറും അതേറ്റുപിടിച്ചു. പുരാണകഥാപാത്രങ്ങളായ ദുഷ്യന്തനേയും നളനേയുമൊക്കെ ഏറെ ഇഷ്‌ടപ്പെട്ടിരുന്ന നസീറിന്‌ ആ വേഷങ്ങളൊക്കെ കെട്ടാനും ആഗ്രഹമുണ്ടായിരുന്നു.
ശകുന്തളയുടെ കഥ സിനിമയാക്കാന്‍ തീരുമാനമായി. പക്ഷേ, ഒരു പ്രശ്‌നം- കാളിദാസന്റെ കഥയില്‍ ദുഷ്യന്തന്‍ മധ്യവയസ്‌കനായ ചക്രവര്‍ത്തിയാണ്‌. അപ്പോള്‍, സത്യനാണ്‌ ഈ വേഷം ചെയ്യേണ്ടയാള്‍. സിനിമയുടെ അഴകളവുകള്‍ പഠിച്ച വിദഗ്‌ദ്ധന്‍ മാത്രമല്ല, നല്ലൊരു ബിസിനസുകാരനുംകൂടിയായിരുന്ന കുഞ്ചാക്കോ ഇതേക്കുറിച്ച്‌ ആലോചിച്ചിട്ടു പറഞ്ഞു:
''ദുഷ്യന്തന്‍ നസീറായാല്‍ മതി. കണ്വന്റെ റോള്‍ സത്യനു കൊടുക്കാം!''
അക്കാലത്തെ രണ്ടു സൂപ്പര്‍ സ്‌റ്റാറുകളുടെ റോളുകളാണ്‌ കുഞ്ചാക്കോ ഒരു മിനിറ്റുകൊണ്ടു നിശ്‌ചയിച്ചത്‌ എന്നോര്‍ക്കണം. കാനനസുന്ദരിയും ചെറുപ്പക്കാരിയുമായ ശകുന്തളയോടൊപ്പം ആടിപ്പാടി നടക്കാനും മരംചുറ്റി പ്രേമിക്കാനും നല്ലത്‌ നസീറാണെന്നും അങ്ങനെ സിനിമ സൂപ്പര്‍ഹിറ്റാക്കാമെന്നും കുഞ്ചാക്കോ കണക്കുകൂട്ടി. അങ്ങനെ നസീര്‍ ദുഷ്യന്തനായി. വൃദ്ധമുനിയുടെ വേഷം സത്യന്‍ ചെയ്‌തു. ഇന്നായിരുന്നെങ്കില്‍ സൂപ്പര്‍ സ്‌റ്റാറുകള്‍ ഈവിധം സമ്മതിക്കുമായിരുന്നോ? കണ്വനും ദുഷ്യന്തനും തുല്യപ്രാധാന്യം നല്‍കേണ്ടിവരുമായിരുന്നില്ലേ? തിരുവിതാംകൂറിലും മലബാറിലും രണ്ടുതരം ക്ലൈമാക്‌സുകള്‍ വേണ്ടിവരുമായിരുന്നില്ലേ?
(ഇക്കാലത്താണ്‌ ദുഷ്യന്ത്യന്‍ ശകുന്തളയെ കണ്ടിരുന്നതെങ്കില്‍ എന്താകുമായിരുന്നു സ്‌ഥിതി? മധ്യപ്രായം കഴിഞ്ഞ, പാതികിഴവനായ അദ്ദേഹത്തിന്‌ ഷുഗറും പ്രഷറും കൊളസ്‌ട്രോളും ഉറപ്പായും കാണുമായിരുന്നു. ഓര്‍മക്കുറവും സ്വാഭാവികം!)
എന്തായാലും സിനിമയിലെ ദുഷ്യന്തന്‍ ഒരു ചെറുപ്പക്കാരനാണ്‌ എന്ന വസ്‌തുത കണ്ടെത്തിയത്‌ പ്രശസ്‌ത പത്രാധിപരായ കെ. ബാലകൃഷ്‌ണനായിരുന്നു. അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടി സിനിമയെ വിമര്‍ശിക്കുകയും ചെയ്‌തു. എന്നാല്‍, പ്രശസ്‌ത നിരൂപകനായിരുന്ന ഐ.സി. ചാക്കോയാകട്ടെ, നസീറിന്റെ 'യുവ'ദുഷ്യന്തനെ സ്വാഗതം ചെയ്‌തു. അങ്ങനെ, പ്രബുദ്ധകേരളത്തിന്റെ ചിന്താമണ്ഡലത്തില്‍ ഒരു കുഞ്ചാക്കോസിനിമയ്‌ക്ക് ഇടം കിട്ടി.
സിനിമയെക്കുറിച്ചുള്ള ചര്‍ച്ച മുറുകിയപ്പോള്‍ ശകുന്തളയുടെ ക്ലൈമാക്‌സ് മാറ്റാന്‍ ചില സിനിമാ താപ്പാനകള്‍ കുഞ്ചാക്കോയോടു പറയുകയുണ്ടായി. ഗര്‍ഭിണിയായ ശകുന്തള ദുഷ്യന്തന്റെ കൊട്ടാരത്തിലേക്കു പോയത്‌ ശക്രാവതാര തീര്‍ത്ഥത്തിലിറങ്ങി മുങ്ങിയശേഷമാണ്‌ എന്നാണ്‌ മൂലകഥ. മോതിരം നഷ്‌ടപ്പെടലിന്റെ കാര്യം മറച്ചുവച്ച്‌ ഒടുവില്‍ മോതിരകഥ ഫ്‌ളാഷ്‌ബാക്കിലൂടെ പറയാമെന്നായി അവര്‍. അങ്ങനെവരുമ്പോള്‍ ദുഷ്യന്തന്‍ മാലോകരുടെ കണ്ണില്‍ വില്ലനാകും!
ശകുന്തളയോട്‌ പ്രേക്ഷകരുടെ അനുകമ്പ വര്‍ദ്ധിക്കും! പടം, പണം വാരും! കാളിദാസനെ വെല്ലുന്ന മലയാളി ബുദ്ധി!
എന്നാല്‍, കാളിദാസന്റെ പ്രശസ്‌ത നാടകം സിനിമയാക്കുമ്പോള്‍ ഹിറ്റാകാന്‍വേണ്ടി തന്ത്രങ്ങളൊന്നും അരുതെന്നായിരുന്നു നസീറിന്റെ നിലപാട്‌. എങ്കിലും ചിലരൊക്കെ കുഞ്ചാക്കോയെ വീണ്ടും ഉപദേശിച്ചുകൊണ്ടിരുന്നു. ഒടുവില്‍ തിക്കുറിശിയാണ്‌ നസീറിന്റെ പക്ഷം ചേര്‍ന്ന്‌ സിനിമയെ രക്ഷിച്ചത്‌! പ്രേംനസീര്‍ പിന്നീട്‌ ഈ ഓര്‍മകള്‍ പങ്കുവച്ചിട്ടുണ്ട്‌.
ശകുന്തളയെക്കുറിച്ച്‌ വലിയ അറിവില്ലാതെ പരുങ്ങിയിരുന്ന കെ.ആര്‍. വിജയയ്‌ക്ക് വയലാര്‍ ഒരു സ്‌റ്റഡിക്ലാസ്‌ എടുക്കുകയുണ്ടായി. ദുഷ്യന്തനെ ഒരു വില്ലനായിട്ടാണ്‌ വിജയ കരുതിയിരുന്നത്‌. സിനിമയ്‌ക്കു മുമ്പേ തയ്യാറാക്കിയിരുന്ന പാട്ടുകള്‍ അവരുടെ മുന്‍ മനോഭാവം മാറ്റിയെന്നു പറയാം.
'ശകുന്തള'യുടെ മാറ്റു കൂട്ടിയത്‌ വയലാര്‍ എഴുതി ദേവരാജന്‍ സംഗീതം നല്‍കി പി. ലീലയും യേശുദാസും പാടിയ ഗാനങ്ങളായിരുന്നു. സ്വര്‍ണത്താമരയിതളിലുറങ്ങിയ കണ്വതപോവന കന്യകയായ ശകുന്തളയെ ശംഖുപുഷ്‌പം കണ്ണെഴുതുമ്പോഴൊക്കെ നമ്മള്‍ ഓര്‍ക്കാറുണ്ട്‌. ചുംബനമേല്‍ക്കാത്ത പൂവായി അവളെ വയലാര്‍ സങ്കല്‍പിച്ചു. മന്മഥശരമേല്‍ക്കാതെ വളര്‍ന്ന ശകുന്തളയുടെ ചോദ്യം ഓര്‍ക്കുന്നില്ലേ?
-''മനോരഥമെന്നൊരു രഥമുണ്ടോ?
മന്മഥനെന്നൊരു ദേവനുണ്ടോ?''
'കാളിദാസന്‍ മരിച്ചു, കണ്വനാം മുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല...'- എന്ന്‌ കുഞ്ചാക്കോയുടെ തന്നെ 'താര' എന്ന ചിത്രത്തിനുവേണ്ടി പിന്നീട്‌ വയലാര്‍ പാടി.
'ശകുന്തള'യ്‌ക്ക് തിരക്കഥയും സംഭാഷണവും എഴുതിയത്‌ ലളിതാംബിക അന്തര്‍ജനമായിരുന്നു. സിനിമകളെക്കുറിച്ചു വലിയ പരിചയമില്ലാത്ത അവര്‍ അങ്ങനെ മലയാളത്തിലെ ആദ്യത്തെ തിരക്കഥാകാരിയായി. ഈ തിരക്കഥ കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ പുസ്‌തകമാക്കിയിട്ടുണ്ട്‌.
മഹാഭാരതത്തിലെ ആദിപര്‍വം എഴുപത്തിരണ്ടാം അദ്ധ്യായത്തിലാണ്‌ ശകുന്തളയുടെ ജനനത്തെക്കുറിച്ച്‌ പറയുന്നത്‌. വിശ്വാമിത്രന്റെ മനസിളക്കാന്‍ ഇന്ദ്രന്റെ കല്‍പ്പനയനുസരിച്ച്‌ സ്വര്‍ഗലോകത്തുനിന്നെത്തിയ മേനക അല്‍പവസ്‌ത്രയായി മുനിയുടെ മുന്നില്‍ നൃത്തം ചെയ്‌തു എന്നാണ്‌ ഭാരതം കഥയില്‍. ഇന്ദ്രന്‍ പറഞ്ഞതനുസരിച്ച്‌ കാറ്റുവന്ന്‌ മേനകയുടെ വസ്‌ത്രങ്ങള്‍ക്ക്‌ സ്‌ഥാനചലനം വരുത്തിയത്രേ. അങ്ങനെയല്ലാതെ വിശ്വാമിത്രനെ വീഴ്‌ത്താന്‍ വേറെ വഴിയില്ലായിരുന്നു!
'ഭാരതം' കിളിപ്പാട്ടിലൂടെ തുഞ്ചത്ത്‌ എഴുത്തച്‌ഛനും 'അഭിജ്‌ഞാനശാകുന്തള' വിവര്‍ത്തനത്തിലൂടെ കേരളവര്‍മ വലിയകോയിത്തമ്പുരാനും എ.ആര്‍. രാജരാജവര്‍മയും ആറ്റൂര്‍ കൃഷ്‌ണപിഷാരടിയും പണ്ടേ ശകുന്തളയെ കാട്ടിത്തന്നു. വ്യാസമഹാഭാരതം മലയാളത്തിലേക്ക്‌ പത്തു വാല്യങ്ങളിലായി തര്‍ജമ ചെയ്‌ത വിദ്വാന്‍ കെ. പ്രകാശം ശകുന്തളയുടെ കഥാഭാഗം പദാനുപദം വിവര്‍ത്തനംചെയ്‌ത് നമുക്ക്‌ തന്നിട്ടുമുണ്ട്‌. വിശ്രുത കൂടിയാട്ടകലാകാരനായ മാണി മാധവചാക്യാരും ശാകുന്തളത്തെ ആധാരമാക്കി രംഗാവതരണം നടത്തി. സ്‌നേഹ- ത്യാഗങ്ങളിലൂടെ പുരുഷനെ വീണ്ടെടുക്കുന്ന സ്‌ത്രീയാണ്‌ ശകുന്തളയെന്ന്‌ എന്‍.വി. കൃഷ്‌ണവാര്യര്‍ നിരീക്ഷിച്ചിട്ടുണ്ട്‌. ഉണ്ണായിവാര്യരുടെ 'നളചരിത'മാണ്‌ കേരള ശാകുന്തളം എന്ന്‌ മുണ്ടശേരിയും പറഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും സാധാരണക്കാരുടെ മനസുകളിലേക്ക്‌ ശകുന്തളയെ കൊണ്ടുവന്നത്‌ 'ചിത്രമെഴുത്തു തമ്പുരാന്‍' എന്നറിയപ്പെട്ട രാജാ രവിവര്‍മയും പിന്നീട്‌, ആലപ്പുഴയിലെ സിനിമാ മുതലാളിയായിരുന്ന കുഞ്ചാക്കോയുമായിരുന്നു!
ശകുന്തളയുടെ ചിത്രം വരച്ചുകൊണ്ടായിരുന്നു പുരാണകഥാപാത്രങ്ങളെ ആസ്‌പദമാക്കിയുള്ള ചിത്രരചനയ്‌ക്ക് രവിവര്‍മ തുടക്കമിട്ടത്‌. ദുഷ്യന്തനുവേണ്ടി താമരയിലയില്‍ നഖമുനകൊണ്ട്‌ പ്രേമലേഖനമെഴുതുന്ന സുന്ദരിയുടെ ചിത്രമായിരുന്നു അത്‌. ഈ പെയിന്റിംഗ്‌ ലോകപ്രശസ്‌തമായി. ഈ ചിത്രത്തിന്റെ കോപ്പികള്‍ പിന്നീട്‌ രവിവര്‍മ തന്നെ അച്ചടിച്ചു വിതരണം ചെയ്‌തതോടെ അവ നമ്മുടെ നാട്ടിലുമെത്തി. 1878-ല്‍ ഗവര്‍ണര്‍ ജനറലിന്റെ സ്വര്‍ണമെഡല്‍ നേടിയ ഈ ചിത്രം ബക്കിംഗ്‌ഹാം പ്രഭു വിലയ്‌ക്കുവാങ്ങി സ്വന്തം കൊട്ടാരത്തിന്‌ അലങ്കാരമാക്കി. രവിവര്‍മ പിന്നെയും ശകുന്തളയുടെ വ്യത്യസ്‌ത ചിത്രങ്ങള്‍ വരയ്‌ക്കുകയുണ്ടായി.
പ്രശസ്‌ത ഗായികയായിരുന്ന എം.എസ്‌. സുബ്ബലക്ഷ്‌മിയും ഭര്‍ത്താവ്‌ സദാശിവവും ചേര്‍ന്ന്‌ ഒരു സിനിമാ നിര്‍മാണക്കമ്പനി ഉണ്ടാക്കി 'ശകുന്തള' എന്ന തമിഴ്‌ ചിത്രമെടുത്തതും കുഞ്ചാക്കോയെപ്പോലുള്ളവരെ സ്വാധീനിച്ചെന്നു പറയാം. ഇന്ത്യയിലാദ്യമായി 'സ്‌ളോമോഷന്‍' രംഗം ചില ട്രിക്കുകളിലൂടെ ചിത്രീകരിച്ച സിനിമയായിരുന്നു തമിഴ്‌ 'ശകുന്തള'. ശകുന്തളയുടെ മുദ്രമോതിരം നദിയില്‍ വീഴുന്ന രംഗമായിരുന്നു 'സ്‌ളോമോഷനി'ലെടുത്തത്‌. സ്‌ളോമോഷന്‍ കാമറകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത്‌ ഒരു വലിയ സ്‌ഫടികജാറില്‍ മോതിരം ഇട്ടശേഷം ആ ദൃശ്യം ഫിലിമിലാക്കുകയായിരുന്നത്രെ. എം.എസ്‌. സുബ്ബലക്ഷ്‌മി നായികയായി അഭിനയിച്ച ചിത്രം വന്‍ വിജയമായി. പ്രശസ്‌ത നടനായിരുന്ന ടി.എന്‍. ബാലസുബ്രഹ്‌മണ്യമായിരുന്നു ദുഷ്യന്തന്‍. ഈ ചിത്രം കൂടാതെ ശാകുന്തളം വിഷയമായി ഇറങ്ങിയ ഹിന്ദി സിനിമകളും വിജയമായി.
ഭിത്തികളില്‍ വിളങ്ങിയ ശകുന്തള:
കുഞ്ചാക്കോയുടെ 'ശകുന്തള' സിനിമയും നന്നായി ഓടി. പടം ഇറങ്ങിയതോടെ ശകുന്തളയുടെ ചിത്രങ്ങള്‍ നാടെങ്ങും പ്രചരിച്ചു. വീടുകളുടെ ഭിത്തികളില്‍ ദേവീദേവന്മാരുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ കുത്തിനിറച്ചിരുന്ന കാലമായിരുന്നല്ലോ അത്‌. ഈ ചിത്രങ്ങള്‍ക്കിടയില്‍ ശകുന്തളയുടെ കലണ്ടറുകളും കയറിക്കൂടി!

krpramomdenon@gmail.com

Ads by Google
Sunday 16 Jun 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW