Sunday, June 16, 2019 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.45 AM

ജനസംഖ്യാനുപാതത്തില്‍ ന്യൂനപക്ഷ നിര്‍ണയം ഭരണഘടനാവിരുദ്ധം

സംസ്‌ഥാന ജനസംഖ്യാനുപാതത്തില്‍ ന്യൂനപക്ഷങ്ങളെ നിര്‍ണയിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ദേശീയ ന്യൂനപക്ഷ കമ്മിഷനു സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നു. ബി.ജെ.പി. നേതാവ്‌ അശ്വനികുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയില്‍ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയി അടങ്ങുന്ന ബെഞ്ചാണ്‌ ഉത്തരവായിരിക്കുന്നത്‌. ഇത്‌ അപ്രസക്‌തമായ ഹര്‍ജിയായി കാണാന്‍ സാധിക്കില്ല. കാരണം, വടക്കു-കിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ ഹിന്ദു മതത്തില്‍പ്പെട്ടവര്‍ എണ്ണത്തില്‍ കുറവാണ്‌. ഇത്തരത്തില്‍ നിയമഭേദഗതിയുണ്ടായാല്‍ മിസോറം, നാഗാലാന്‍ഡ്‌, മേഘാലയ, കശ്‌മീര്‍, അരുണാചല്‍ പ്രദേശ്‌, മണിപ്പൂര്‍, പഞ്ചാബ്‌ സംസ്‌ഥാനങ്ങളിലും ലക്ഷദ്വീപിലും ഹിന്ദുക്കള്‍ ന്യൂനപക്ഷവമായി മാറും.
ന്യൂനപക്ഷപദവി സംബന്ധിച്ച 1993 ഒക്‌ടോബര്‍ 23ലെ വിജ്‌ഞാപനം ഭരണഘടനാവിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്‌. ന്യൂനപക്ഷ കമ്മിഷന്റെ ചെയര്‍പേഴ്‌സണ്‍ സയ്യിദ്‌ ഗോയറുള്‍ ഹസന്‍ റിസ്‌വിയും വൈസ്‌ ചെയര്‍മാനും മറ്റംഗങ്ങളും ബി.ജെ.പി. നോമിനികളും കടുത്ത സംഘ്‌പരിവാര്‍ പ്രവര്‍ത്തകരുമാണ്‌. ഇത്‌ ആശങ്ക ഉയര്‍ത്തുന്നതാണ്‌. അതിനാല്‍, ഹര്‍ജിക്കാരന്‌ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം. അങ്ങനെ സംഭവിച്ചാല്‍ ഇതു രാജ്യത്തിന്റെ മുഴുവന്‍ ഭരണഘടനാ തത്വങ്ങളും ബി.ജെ.പി. പൊളിച്ചടുക്കുന്നതിന്റെ നാന്ദിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
രാജ്യം അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ചത്‌ എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഭരണഘടന നിലവിലുള്ളതുകൊണ്ടാണ്‌. ധാരാളം മതങ്ങള്‍ ഇവിടെയുണ്ട്‌. ഹിന്ദുക്കളൊഴികെയുള്ളവര്‍ എണ്ണത്തില്‍ കുറവാണ്‌. എങ്കിലും ഓരോ മതവിശ്വാസിയുടെയും ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും രാജ്യം അത്യധികം ആദരിക്കുന്നു. അംഗസംഖ്യയില്‍ കുറവുള്ള മതവിഭാഗങ്ങള്‍ ഭാവിയില്‍ നേരിടാവുന്ന പ്രശ്‌നങ്ങള്‍ മുന്നില്‍ക്കണ്ടാണ്‌ ബി.ആര്‍. അംബേദ്‌കര്‍ നേതൃത്വം നല്‍കിയ ഭരണഘടനാ സമിതി, ന്യൂനപക്ഷാവകാശങ്ങള്‍ രൂപപ്പെടുത്തുകയും അവരെ സംരക്ഷിക്കുന്നതിനാവശ്യമായ നിയമങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തത്‌.
ഭരണഘടന രൂപപ്പെടുത്തിയ കോണ്‍സ്‌റ്റിറ്റുവന്റ്‌ അസംബ്ലിയില്‍ 80 മുസ്ലിംകളും 130 പട്ടികജാതിക്കാരും അഞ്ചു ഗോത്രവര്‍ഗക്കാരും അഞ്ചു ക്രിസ്‌ത്യാനിയും മൂന്ന്‌ ആംഗ്ലോഇന്ത്യാക്കാരും മൂന്നു പാര്‍സികളുമുണ്ടായിരുന്നു. ക്രിസ്‌ത്യന്‍, മുസ്ലിം, സിക്ക്‌, ബുദ്ധ, ജൈന, പാഴ്‌സി മതസ്‌ഥരാണു ന്യൂനപക്ഷങ്ങളായുള്ളത്‌. ഇവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ അട്ടിമറിച്ച്‌, വടക്കു-കിഴക്കന്‍ സംസ്‌ഥനങ്ങളിലെ രാഷ്‌ട്രീയ നേട്ടം ലക്ഷ്യമിടുന്ന ബി.ജെ.പി, രാജ്യത്തിന്റെ ഭരണഘടനയ്‌ക്ക്‌ വെല്ലുവിളി ഉയര്‍ത്തുകയാണ്‌.ന്യൂനപക്ഷങ്ങളെ മതത്തിന്റെയും ഭാഷയുടെയും വംശത്തിന്റെയും ഗോത്രത്തിന്റെയും വര്‍ഗത്തിന്റെയും അടിസ്‌ഥാനത്തില്‍ തരംതിരിച്ചിട്ടുണ്ട്‌. അവരെ മതപരമായാണു പരിഗണിക്കുന്നത്‌. അതുകൊണ്ടാണ്‌ ഭാരതത്തില്‍ മതന്യൂനപക്ഷങ്ങള്‍ എന്ന്‌ അറിയപ്പെടുന്നത്‌. ഇത്‌ ഏകശിലോന്മുഖ പ്രതിഭാസമല്ല. ഹിന്ദുക്കള്‍- 79.8%, മസ്ലീംകള്‍- 14.02%, ക്രിസ്‌ത്യാനികള്‍- 2.35%, സിക്കുകള്‍- 1.7%, ബുദ്ധര്‍- .7%, ജൈനര്‍- .4%, പാഴ്‌സികള്‍- .006% എന്നിങ്ങനെയാണു ജനസംഖ്യാനുപാതം.
ജനസംഖ്യയുടെ പകുതിയില്‍ കൂടുതലുള്ള ഹിന്ദുമതത്തെ ഭൂരിപക്ഷമെന്നും മറ്റ്‌ ആറു മതവിഭാഗങ്ങളെ ന്യൂനപക്ഷമെന്നും വിവക്ഷിക്കുന്നു. ഭൂരിപക്ഷത്തിന്റെ പ്രകോപനമോ, ഭൂരിപക്ഷ- ന്യൂനപക്ഷ സംഘര്‍ഷമോ ഉണ്ടായാല്‍ ന്യൂനപക്ഷ ക്ഷേമമില്ലാതാക്കുകയും സാമൂഹികനീതി ഹനിക്കപ്പെടുകയും ചെയ്യും. ഇത്‌ ഒഴിവാക്കാനാണ്‌ പ്രത്യേക അവകാശങ്ങള്‍ അവര്‍ക്കു ഭരണഘടനയില്‍ വ്യവസ്‌ഥാപിതമാക്കിയത്‌. എന്നാല്‍, വടക്കു-കിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ ഹൈന്ദവരെ ന്യൂനപക്ഷമായി പരിഗണിച്ചാല്‍ ഭാരതത്തിന്റെ അടിസ്‌ഥാന ഭരണഘടനാ തത്വങ്ങള്‍ തകരും. ന്യൂനപക്ഷ അവകാശ സംരക്ഷണം പ്രഹസനമാവുകയും ചെയ്യും. ഇത്‌ നീതിബോധവും ഭരണഘടനാനുസരണയുള്ളതുമായ ജനതയ്‌ക്ക്‌ അംഗീകരിക്കാനാവില്ല.

മനോജ്‌ കോക്കാട്ട്‌
(കെ.പി.സി.സി ന്യൂനപക്ഷ ഡിപ്പാര്‍ട്ട്‌മെന്റ സംസ്‌ഥാന കോ-ഓര്‍ഡിനേറ്ററാണു ലേഖകന്‍.ഫോണ്‍- 9447330367)

Ads by Google
Sunday 16 Jun 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW