Sunday, June 16, 2019 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.40 AM

രണ്ടുകോടി രൂപയുടെ ലഹരിമരുന്നുമായി കോട്ടയം സ്വദേശി പിടിയില്‍

uploads/news/2019/06/315226/c3.jpg

കൊച്ചി: നിശാപാര്‍ട്ടികള്‍ക്കായി സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരിമരുന്ന്‌ എത്തിച്ചുകൊടുക്കുന്ന മാഫിയാസംഘത്തിലെ പ്രധാനകണ്ണി മാരകമായ ലഹരിമരുന്നുകളുമായി എക്‌സൈസിന്റെ പിടിയില്‍. ഈരാറ്റുപേട്ട തടയ്‌ക്കല്‍, പള്ളിത്താഴത്തുവീട്ടില്‍ കുരുവി അഷ്‌റു എന്നു വിളിക്കുന്ന സക്കീര്‍ (33) ആണ്‌ അറസ്‌റ്റിലായത്‌.
രണ്ടുകിലോഗ്രാം ഹാഷിഷ്‌, 95 അല്‍പ്രാസോളം, 35 നൈട്രോസെപാം മയക്കുമരുന്നുഗുളികകള്‍ ഇയാളുടെ പക്കല്‍നിന്ന്‌ കണ്ടെടുത്തു. പിടിച്ചെടുത്ത ഗ്രീന്‍ലേബല്‍ വിഭാഗത്തില്‍പ്പെടുന്ന മുന്തിയ ഇനം ഹാഷിഷ്‌ ഓയിലിന്‌ രാജ്യാന്തരവിപണിയില്‍ രണ്ടുകോടിയിലേറെ രൂപ വിലമതിക്കും.
ഹിമാചല്‍പ്രദേശിലെ കുളു- മണാലി എന്നിവിടങ്ങളില്‍നിന്ന്‌ ഏജന്റുമാര്‍ വഴിയാണ്‌ ഇയാള്‍ ഹാഷിഷ്‌ ഓയില്‍ കേരളത്തില്‍ എത്തിക്കുന്നത്‌. ഗ്രീന്‍ ലേബല്‍ ഇനത്തില്‍ പെടുന്ന ഹാഷിഷ്‌ ഓയിലിന്‌ ആവശ്യക്കാര്‍ ഏറെയാണ്‌. മായം ചേര്‍ക്കാത്ത മയക്കുമരുന്നുകള്‍ വില്‍ക്കുന്നത്‌ കൊണ്ട്‌ ഇയാളുടെ മയക്ക്‌ മരുന്നുകള്‍ക്ക്‌ വന്‍ഡിമാന്റാണെന്ന്‌ എക്‌സൈസ്‌ പറയുന്നു. അര്‍ബുദരോഗികള്‍ക്ക്‌ കീമോതെറാപ്പി ചികിത്സയ്‌ക്കും അമിതമായ ഉത്‌കണ്‌ഠ-ഭയം എന്നിവ ഉള്ളവര്‍ക്ക്‌ നല്‍കുന്നതുമായ അതി മാരകമായ മയക്കുമരുന്നാണ്‌ അല്‍പ്രസോളം. മാനസിക വിഭ്രാന്തിയുള്ളവര്‍ക്ക്‌ ആശ്വാസത്തിനായി നല്‍കുന്നതാണ്‌ നൈട്രോസെപാം ഗുളികകള്‍.
ഈരാറ്റുപേട്ട സ്വദേശിയായ സക്കീര്‍ ആലുവ കുട്ടമശേരിക്കടുത്ത്‌ വാടകയ്‌ക്ക്‌ താമസിക്കുകയാണ്‌. പെരുമ്പാവൂര്‍, വല്ലം കൊച്ചങ്ങാടിയില്‍ ബ്യൂട്ടി പാര്‍ലര്‍ സ്‌ഥാപനമുണ്ട്‌. ഇതിന്റെ മറവില്‍ കഞ്ചാവ്‌ വില്‍പനയായിരുന്നു. മൈസൂരില്‍നിന്നു മൈസൂര്‍ മാങ്കോ എന്ന ഇനത്തില്‍പ്പെടുന്ന കഞ്ചാവ്‌ നാട്ടിലെത്തിച്ചു വിറ്റിരുന്ന ഷക്കീര്‍ സുഹൃത്ത്‌വഴി പരിചയപ്പെട്ട ഇറാനിയന്‍ സ്വദേശിയില്‍നിന്നാണ്‌ ഹാഷിഷ്‌ ഓയില്‍ ഇടപാട്‌ തുടങ്ങിയത്‌. മെസഞ്ചര്‍ ആപ്ലിക്കേഷനായ ടെലിഗ്രാം വഴിയായിരുന്നു വിവരങ്ങള്‍ കൈമാറിയിരുന്നത്‌.
ഹാഷിഷ്‌ ഓയില്‍ ഒരുകിലോയില്‍ കൂടുതല്‍ കൈവശം വയ്‌ക്കുന്നത്‌ 20 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌. രണ്ടുകിലോയിലേറെ ഹാഷിഷ്‌ ഓയിലാണ്‌ സക്കീറില്‍നിന്നു പിടിച്ചെടുത്തത്‌.
സക്കീറിന്റെ സഹായികളെ ആലുവ റേഞ്ച്‌ എക്‌സൈസ്‌ ഷാഡോ ടീം മുമ്പ്‌ കസ്‌റ്റഡിയിലെടുത്തപ്പോള്‍ ഇയാള്‍ അതിവിദഗ്‌ധമായി രക്ഷപ്പെട്ടതാണ്‌. തൃശൂരില്‍നിന്ന്‌ മയക്കുമരുന്നുകളുമായി സക്കീര്‍ ആലുവ ഭാഗത്തേയ്‌ക്ക്‌ വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഷാഡോ ടീം ഇയാള്‍ക്കായി വലവിരിച്ചത്‌. ആലുവ കുട്ടമശേരിക്കടുത്തുവച്ച്‌ കാര്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഇറങ്ങി ഓടിയ സക്കീറിനെ ഓടിച്ചിട്ടാണ്‌ പിടിച്ചത്‌.
ഇതാദ്യമായാണ്‌ കേരളത്തില്‍ ഇത്രയുമധികം അല്‍പ്രോസോളം ഗുളികകള്‍ കണ്ടെടുക്കുന്നത്‌. ഡോക്‌ടറുടെ കുറിപ്പടി പ്രകാരംമാത്രം ലഭിക്കുന്ന ഇത്തരം മയക്കുമരുന്നുകള്‍ മെഡിക്കല്‍ സ്‌റ്റോറുകള്‍ ദുരുപയോഗം ചെയ്യുന്നതായി പ്രതിയില്‍നിന്ന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. അത്തരം മെഡിക്കല്‍ ഷോപ്പുകള്‍ നിരീക്ഷിച്ച്‌ നടപടി സ്വീകരിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.
എറണാകുളം എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനത്തിലാണ്‌ ഷക്കീര്‍ പിടിയിലായത്‌. ആലുവ റേഞ്ച്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍മാരായ വാസുദേവന്‍, അബ്‌ദുള്‍ കരീം, ഷാഡോ ടീം അംഗങ്ങളായ എന്‍.ഡി. ടോമി, എന്‍.ജി. അജിത്‌ കുമാര്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ അഭിലാഷ്‌, സിയാദ്‌, വനിതാ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ വിജു, നീതു എന്നിവര്‍ അടങ്ങിയസംഘമാണ്‌ പ്രതിയെ കസ്‌റ്റഡിയിലെടുത്തത്‌. പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Sunday 16 Jun 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW