Sunday, June 16, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.28 AM

ശമ്പളപരിഷ്‌കരണത്തിന്‌ പണമെവിടെ? , ആശങ്കയോടെ ധനവകുപ്പ്‌

uploads/news/2019/06/315212/k6.jpg

തിരുവനന്തപുരം : പതിനൊന്നാം ശമ്പളകമ്മിഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നതിനിടെ ഇതുണ്ടാക്കാവുന്ന അധികബാധ്യത എങ്ങനെ നേരിടുമെന്നറിയാതെ ധനവകുപ്പ്‌. പ്രതീക്ഷിച്ചരീതിയില്‍ വരുമാനം വര്‍ധിക്കാത്ത സാഹചര്യത്തില്‍ പതിനൊന്നാം ശമ്പളപരിഷ്‌ക്കരണ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കേണ്ടിവരിക കൂടി ചെയ്‌താല്‍ സംസ്‌ഥാനത്തിന്റെ സാമ്പത്തികനട്ടെല്ല്‌ തകരുമെന്ന്‌ അവര്‍ സൂചിപ്പിക്കുന്നു.
ശമ്പള- പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പാക്കുമ്പോള്‍ 5,277 കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്നാണ്‌ 2016ല്‍ പത്താം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നത്‌. എന്നാല്‍ ഇത്‌ 7000 കോടിക്ക്‌ മുകളിലാകുമെന്ന്‌ അന്ന്‌ സംസ്‌ഥാന ധനകാര്യകമ്മിഷന്‍ ചെയര്‍മാനായിരുന്ന ഡോ: ബി.ആര്‍. പ്രകാശ്‌ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ബാധ്യത ജി.എസ്‌.ടിയിലൂടെ മറികടക്കാമെന്നായിരുന്നു അന്ന്‌ ശമ്പളപരിഷ്‌ക്കരണ കമ്മിഷനും സര്‍ക്കാരും പ്രതീക്ഷിച്ചിരുന്നത്‌.
എന്നാല്‍ ജി.എസ്‌.ടി നടപ്പാക്കി വര്‍ഷം രണ്ടായിട്ടും ഇതുവരെ സംസ്‌ഥാനത്തിന്‌ അതുകൊണ്ട്‌ വലിയ നേട്ടം ഉണ്ടായിട്ടില്ല. കഴിഞ്ഞ ഒന്നരവര്‍ഷമായി വിവിധ കാരണങ്ങളാല്‍ കേരളത്തിന്റെ സാമ്പത്തികരംഗത്ത്‌ ആകെയുണ്ടായ മുരടിപ്പും വരുമാനത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന്‌ ഇനിയൊരു വലിയ ബാധ്യത എങ്ങനെ ഏറ്റെടുക്കുമെന്ന ചര്‍ച്ച ധനവകുപ്പില്‍ സജീവമായിട്ടുണ്ട്‌.
അടുത്തമാസം ജി.എസ്‌.ടി റിട്ടേണുകള്‍ സമര്‍പ്പിച്ചുകഴിയുമ്പോള്‍ സ്‌ഥിതിഗതിയില്‍ മാറ്റമുണ്ടാകുമെന്നാണ്‌ ധനവകുപ്പിന്റേയൂം മന്ത്രിയുടെയും പ്രതീക്ഷ. ഇതിന്റെ അടിസ്‌ഥാനത്തില്‍ ജി.എസ്‌.ടി വരുമാനത്തില്‍ 30% വളര്‍ച്ചയ്‌ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ജി.എസ്‌.ടി വകുപ്പില്‍ ആരംഭിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി സ്‌ഥാപനങ്ങളില്‍ റെയ്‌ഡുകളും ആരംഭിച്ചിട്ടുണ്ട്‌. എന്നാലും പ്രതീക്ഷിക്കുന്ന അത്രയും നികുതിവര്‍ധനയുണ്ടാകുമോയെന്ന സംശയം ശക്‌തമാണ്‌.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളം, പെന്‍ക്ഷന്‍, പലിശ എന്നീ ഇനങ്ങളില്‍മാത്രം റവന്യുചെലവിന്റെ 65 ശതമാനത്തില്‍പരം വേണ്ടിവരുമെന്നാണ്‌ ധനവകുപ്പിന്റെ കണക്ക്‌. ശമ്പളത്തിനും പെന്‍ഷനുംമാത്രം 50 ശതമാനത്തിലേറെ തുക വേണം. ഇതിനുപുറമെ വിരമിക്കല്‍ ആനുകൂല്യത്തിനും നല്ലൊരുതുക വേണ്ടിവരും.
കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണ കമ്മിഷന്റെ റിപ്പോര്‍ട്ട്‌ പ്രകാരം സംസ്‌ഥാനത്ത്‌ 5,11,000 ജീവനക്കാരാണുള്ളത്‌. പെന്‍ഷന്‍കാരുടെ എണ്ണവും ഇതിനടുത്തുണ്ട്‌. ശമ്പളത്തിനുമാത്രം നടപ്പു സാമ്പത്തികവര്‍ഷം 32,827.43 കോടി രൂപയാണ്‌ വേണ്ടത്‌. പെന്‍ഷനായി 18,911,83 കോടിയും വേണം. പലിശയിനത്തില്‍ സംസ്‌ഥാനത്തിന്‌ പ്രതിവര്‍ഷം ചെലവാകുന്നത്‌ 17,2001 കോടി രൂപയും.
ഈ സാമ്പത്തികവര്‍ഷം സംസ്‌ഥാനം പ്രതീക്ഷിക്കുന്ന റവന്യൂവരുമാനം 11,53,354.71 കോടി രൂപയാണ്‌. ഇതില്‍ 65,784.60 കോടി രൂപ തനത്‌ നികുതിവരുമാനത്തില്‍ നിന്നാണ്‌. ജി.എസ്‌.ടിയില്‍ 30% വര്‍ധന പ്രതീക്ഷിച്ചാണ്‌ ഇതു കണക്കുകൂട്ടിയിരിക്കുന്നത്‌. റവന്യൂചെലവായി 1,24,125 കോടി രൂപയാണ്‌ കണക്കാക്കിയിരിക്കുന്നത്‌. ഇതില്‍നിന്ന്‌ 19,737 കോടി രൂപ മാത്രമാണ്‌ മൂലധനച്ചെലവിനായി മാറ്റിവച്ചിരിക്കുന്നത്‌. ബാക്കിമുഴുവനും നിര്‍ബന്ധിത റവന്യുചെലവുകള്‍ക്കായിട്ടാണ്‌ നീക്കിവച്ചിരിക്കുന്നത്‌.
ഇതോടൊപ്പംതന്നെ സംസ്‌ഥാനത്തിന്റെ കടഭാരവും വന്‍തോതില്‍ വര്‍ധിക്കുന്നുണ്ട്‌. സംസ്‌ഥാനത്തിന്റെ മൊത്തംകടം ഈ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ 2,64,459.28 കോടി രൂപയാകും. പൊതുകടം മാത്രം 1,85,411.42 കോടിയായി മാറും. അടുത്ത സാമ്പത്തികവര്‍ഷം പൊതുകടം തന്നെ രണ്ടുലക്ഷം കോടി രൂപ കടക്കും. അതോടൊപ്പം ശമ്പളപരിഷ്‌ക്കരണത്തിന്റെ ഭാരം കൂടി വരുമ്പോള്‍ സാമ്പത്തിക ബാധ്യത കുതിച്ചുകയറുമെന്നും ധനവകുപ്പ്‌ ചൂണ്ടിക്കാട്ടുന്നു.

ആര്‍. സുരേഷ്‌

Ads by Google
Sunday 16 Jun 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW