Sunday, June 16, 2019 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.21 AM

ഒടുവില്‍ മമത വഴങ്ങി, ചര്‍ച്ചയ്‌ക്ക് തയാറെന്ന്‌

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ഡോക്‌ടര്‍മാരുടെ സമരം അവസാനിപ്പിക്കാനുള്ള അടിയന്തര നടപടികളുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതായും തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും ഡോക്‌ടര്‍മാരോട്‌ മമത അഭ്യര്‍ഥിച്ചു. ഡോക്‌ടര്‍മാര്‍ക്കെതിരേ ഒരു തരത്തിലുള്ള നടപടികളും എടുക്കില്ലെന്നും ആക്രമണത്തില്‍ പരുക്കേറ്റ ഡോക്‌ടറുടെ ചികില്‍സാ ചെലവ്‌ സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അവര്‍ വ്യക്‌തമാക്കി. നേരത്തേ പ്രശ്‌നപരിഹാരത്തിന്‌ സംസ്‌ഥാന സര്‍ക്കാര്‍ രണ്ടു തവണ ചര്‍ച്ചയ്‌ക്ക്‌ ശ്രമിച്ചിരുന്നെങ്കിലും ഡോക്‌ടര്‍മാരുടെ സംഘടന വഴങ്ങിയിരുന്നില്ല.
ബംഗാളിലെ സംഘര്‍ഷങ്ങളിലും ഡോക്‌ടര്‍ സമരത്തിലും നിലപാടു കടുപ്പിച്ചു കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. സമരം ആറാം ദിവസത്തിലേക്കു കടന്നതോടെ സംസ്‌ഥാന സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ശക്‌തമായിരിക്കുകയാണ്‌. വിഷയം ഒത്തുതീര്‍പ്പാക്കണമെന്ന്‌ കൊല്‍ക്കത്ത ഹൈക്കോടതിയും ബംഗാള്‍ ഗവര്‍ണറും മമത സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.
ആശുപത്രികളില്‍ ഡോക്‌ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാതെ തിരികെ ജോലിയില്‍ കയറില്ലെന്നും മമത ബാനര്‍ജി പ്രശ്‌നം പരിഹരിക്കാതെ ഭീഷണിപ്പെടുത്തുകയാണെന്നും ഡോക്‌ടര്‍മാര്‍ ആരോപിച്ചു. ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്‌ടര്‍മാര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നേരത്തേ ഡല്‍ഹി, മുംബൈ, പുണെ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ റെസിഡന്റ്‌ ഡോക്‌ടര്‍മാര്‍ പണിമുടക്കിയിരുന്നു. ഡോക്‌ടര്‍മാരുടെ സുരക്ഷ അവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.
ഇക്കഴിഞ്ഞ 10 നു കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ്‌. മെഡിക്കല്‍ കോളജില്‍ രോഗിയുടെ ബന്ധുക്കള്‍ രണ്ടു ജൂനിയര്‍ ഡോക്‌ടര്‍മാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ്‌ ഡോക്‌ടര്‍മാര്‍ സമരം ആരംഭിച്ചത്‌. പ്രതിഷേധം രാജ്യമൊട്ടാകെ വ്യാപിക്കുകയും ചെയ്‌തിരുന്നു.

Ads by Google
Sunday 16 Jun 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW