Sunday, June 16, 2019 Last Updated 33 Min 34 Sec ago English Edition
Todays E paper
Ads by Google
സജില്‍ ശ്രീധര്‍
Saturday 15 Jun 2019 11.01 PM

മുരളീരവം..!

സമൂഹത്തെ സ്‌നേഹിക്കുകയും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ എനിക്ക്‌ ലഭിക്കുന്ന വ്യക്‌തിപരമായ സന്തോഷം വളരെ വലുതാണ്‌. അതില്‍ സംതൃപ്‌തി കാണാന്‍ ശ്രമിക്കുമ്പോള്‍ സ്വകാര്യമായ ചില സന്തോഷങ്ങള്‍ പിന്‍തളളപ്പെട്ടെന്ന്‌ വരാം.
V. Muraleedharan

വി. മുരളീധരന്‍ ഷഷ്‌ഠിപൂര്‍ത്തിയിലെത്തിയെന്ന്‌ പറഞ്ഞാല്‍ ഒരുപക്ഷേ, അദ്ദേഹം പോലും വിശ്വസിച്ചെന്ന്‌ വരില്ല. വിക്കിപീഡിയയുടെ കണക്കില്‍ അദ്ദേഹം 60 പിന്നിട്ടു. പക്ഷേ, അടിമുടി യുവത്വം തുളമ്പുന്ന ഊര്‍ജ്‌ജസ്വലനായ നേതാവാണ്‌ അദ്ദേഹം. മുരളീധരന്റെ നന്മകള്‍ക്കും പ്രവര്‍ത്തനമികവിനുമുള്ള അംഗീകാരങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹത്തെ തേടിയെത്തിക്കൊണ്ടേയിരിക്കുന്നു. ബി.ജെ.പി. സംസ്‌ഥാന അദ്ധ്യക്ഷപദവിയില്‍ നിന്ന്‌ രാജ്യസഭാംഗമായും ഇപ്പോള്‍ കേന്ദ്രസഹമന്ത്രിയായുമുളള അദ്ദേഹത്തിന്റെ വളര്‍ച്ച കേരളം ആഗ്രഹിച്ചത്‌ തന്നെയാണ്‌.
പുറമെ കാണുന്ന സൗമ്യസ്‌മിതം ആ മനസിന്റെ കണ്ണാടിയാണെന്ന്‌ അടുപ്പമുള്ളവര്‍ ആവര്‍ത്തിച്ച്‌ പറയും. സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കാര്യനിര്‍വഹണത്തിലെ ചടുലതയും മികവും അദ്ദേഹത്തിന്റെ സവിശേഷതകളാണ്‌.

പരമ്പരാഗത അവകാശം പോലെ അധികാര രാഷ്‌ട്രീയം അനന്തര തലമുറകള്‍ക്ക്‌ കൈമാറാന്‍ വെമ്പല്‍ കൊളളുന്നവരാണ്‌ കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ നേതാക്കളില്‍ അധികവും. ഈ ആള്‍ക്കൂട്ടത്തിനിടയില്‍ മുരളീധരന്‍ വ്യത്യസ്‌തനാവുന്നത്‌ പൊതുപ്രവര്‍ത്തനത്തിന്‌ സ്വയം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച, മുന്‍പ്‌ കേട്ടുകേള്‍വിയില്ലാത്ത ചില നിലപാടുകളുടെ പേരിലാണ്‌.
സ്വന്തമായി കുഞ്ഞുങ്ങള്‍ വേണ്ടെന്നും അദ്ധ്വാനവും സമയവും പൂര്‍ണ്ണമായും സമൂഹത്തിന്‌ സമര്‍പ്പിക്കാനാണ്‌ ജീവിതപങ്കാളിക്കൊപ്പം അദ്ദേഹം ആഗ്രഹിച്ചത്‌. രാഷ്‌ട്രീയകേരളത്തിന്‌ അധികം പരിചിതമല്ലാത്ത ആ സ്വകാര്യതകളിലേക്ക്‌.

പുതിയ സ്‌ഥാനലബ്‌ധിയെ എങ്ങനെ കാണുന്നു?

തലശ്ശേരിയിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്‌ വിദ്യാഭ്യാസം കഴിഞ്ഞ്‌ നാല്‌ പതിറ്റാണ്ട്‌ മുന്‍പ്‌ പൊതുരംഗത്ത്‌ വരുമ്പോള്‍ രാഷ്‌ട്രീയത്തില്‍ വളര്‍ന്ന്‌ വരുമെന്നോ ഏതെങ്കിലും പദവിയില്‍ എത്തുമെന്നോ ഉളള പ്രതീക്ഷയോ ആഗ്രഹമോ ഉണ്ടായിരുന്നില്ല. നമ്മള്‍ വിശ്വസിക്കുന്ന പ്രസ്‌ഥാനത്തോടുള്ള മമത മാത്രമാണ്‌ ആ ഘട്ടത്തില്‍ നയിച്ചത്‌. അതൊരു തരം ആവേശമോ, ലഹരിയോ ഒക്കെ ആയിരുന്നു. പില്‍ക്കാലത്ത്‌ സര്‍ക്കാര്‍ ജോലി അടക്കം ഉപേക്ഷിച്ച്‌ പൂര്‍ണ്ണസമയം പൊതുപ്രവര്‍ത്തനത്തിനായി മാറ്റി വയ്‌ക്കാന്‍ പ്രേരിപ്പിച്ചത്‌ ഈ ഒരു സ്‌പിരിറ്റായിരുന്നു.

ഡല്‍ഹിയില്‍ വച്ച്‌ സി.പി.എമ്മിന്റെ ഏറ്റവും ജനകീയനായ നേതാവ്‌ ഇ.കെ. നായനാരെ തടഞ്ഞുവയ്‌ക്കുക. അതിന്റെ പേരില്‍ ജയില്‍വാസം അനുഭവിക്കുക. അത്രയൊക്കെ ചങ്കൂറ്റം ഉളളിലുണ്ടായിരുന്നോ?

ഞാന്‍ പ്രീഡിഗ്രിക്ക്‌ പഠിക്കുന്ന കാലത്ത്‌ അച്‌ഛന്‍ മരിച്ചിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന്‌ ഡിഗ്രി കഴിഞ്ഞ്‌ ഇറങ്ങുമ്പോള്‍ കുടുംബത്തിലെ മൂത്തയാള്‍ എന്ന നിലയില്‍ ജീവിതഭാരം ഭാഗികമായി എന്നിലേക്ക്‌ വന്നു. അമ്മ അദ്ധ്യാപികയായിരുന്നതു കൊണ്ടാണ്‌ ഭാഗികമായത്‌. അങ്ങനെ ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ തന്നെ പി.എസ്‌.സി. പരീക്ഷയെഴുതി എനിക്ക്‌ സര്‍ക്കാര്‍ സര്‍വിസില്‍ ജോലി കിട്ടി. ഡിഗ്രി കഴിഞ്ഞ്‌ പത്തു ദിവസത്തിനുളളിലായിരുന്നു നിയമനം.

ആ സമയത്താണ്‌ കണ്ണൂര്‍ ജില്ലയിലും തലശ്ശേരിയിലും ധാരാളം സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നത്‌. ഞാന്‍ താമസിച്ചിരുന്ന പ്രദേശവും എന്റെ വീടുമൊക്കെ മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയുടെ വലിയ ശക്‌തികേന്ദ്രങ്ങളായിരുന്നു. അവിടെ നിന്ന്‌ അവരുടെ പ്രത്യയശാസ്‌ത്രങ്ങളുമായി യോജിക്കാത്ത പ്രവര്‍ത്തനങ്ങളുമായി ഒരാള്‍ പോവുന്നത്‌ അവര്‍ക്ക്‌ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അതിന്‌ പ്രതിവിധിയായി അവര്‍ കണ്ട മാര്‍ഗം ഒരു കേസില്‍പ്പെടുത്തി അറസ്‌റ്റ് ചെയ്‌ത് വിരട്ടിനോക്കുക എന്നതായിരുന്നു.

ആ വിരട്ടലില്‍ ഞാന്‍ ഒതുങ്ങിപോയാല്‍ അവര്‍ക്ക്‌ എന്നെക്കൊണ്ടുളള തലവേദന തീര്‍ന്നു. ഒരു വധശ്രമമാണ്‌ എനിക്കെതിരെ ചാര്‍ജ്‌ ചെയ്‌ത കേസ്‌. ഞാന്‍ അറിയാത്ത, കേട്ടിട്ടുപോലുമില്ലാത്ത ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ്‌ ആരോപണം. പോലീസ്‌ പാതിരാത്രിയില്‍ വീട്ടില്‍ വന്ന്‌ അറസ്‌റ്റ് ചെയ്‌തു കൊണ്ടു പോയി. ജാമ്യം കിട്ടാതെ രണ്ടുമാസം ജയിലില്‍ കിടന്നു.

ജയില്‍വാസം അസ്വസ്‌ഥതപ്പെടുത്തിയില്ലേ?

എനിക്ക്‌ അങ്ങനെ തോന്നിയില്ല. നമ്മള്‍ ശരിയെന്ന്‌ വിശ്വസിക്കുന്ന ഒരു കാര്യത്തിന്‌ ഇറങ്ങി പുറപ്പെടുമ്പോള്‍ അതുമായി ബന്ധപ്പെട്ട ഏത്‌ ബുദ്ധിമുട്ടും നമ്മെ ബാധിക്കില്ല. ജീവിതത്തില്‍ ഏറ്റവും സുഖകരമായ ഒരു കാലമായിട്ടാണ്‌ ഞാന്‍ അതിനെ കണ്ടത്‌. കാരണം രണ്ടുമാസം കൃത്യസമയത്ത്‌ ഭക്ഷണം, വായിക്കാന്‍ നിറയെ പുസ്‌തകങ്ങള്‍... അങ്ങനെ എല്ലാ സൗകര്യങ്ങളുമുണ്ട്‌ ജയിലില്‍. എനിക്ക്‌ അന്ന്‌ 22 വയസ്‌. എ.ബി.വി.പി.യുടെ സംസ്‌ഥാന ജോയിന്റ സെക്രട്ടറിയാണ്‌. അങ്ങനെയുളള ഒരാളെ പോലീസ്‌ അകാരണമായി അറസ്‌റ്റ് ചെയ്‌തു എന്നത്‌ വിവാദമായി.
അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഡെല്‍ഹി കേരളാ ഹൗസില്‍ ചെന്നപ്പോള്‍ അവിടത്തെ എ.ബി.വി.പി. പ്രവര്‍ത്തകര്‍ എന്റെ പ്രശ്‌നത്തില്‍ നിവേദനം കൊടുക്കാന്‍ ചെല്ലുകയും അദ്ദേഹത്തെ ഘെരാവോ ചെയ്യുകയും ചെയ്‌തു എന്നത്‌ വലിയ വാര്‍ത്തയായി. കേരളത്തിലെ പൊതുസമൂഹത്തിലേക്ക്‌ എന്റെ പേര്‌ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമായത്‌ ആ സംഭവമാണ്‌. ഭീഷണിപ്പെടുത്തി നിശ്ശബ്‌ദനാക്കാന്‍ നടത്തിയ ശ്രമമാണ്‌ വാസ്‌തവത്തില്‍ എന്റെ ജീവിതത്തില്‍ വഴിത്തിരിവായത്‌. ഭീഷണി എന്നെ തളര്‍ത്തുകയല്ല, കൂടുതല്‍ ശക്‌തി പകരുകയാണ്‌ ചെയ്‌തത്‌. പരമാവധി സമയം സംഘടനാപ്രവര്‍ത്തനത്തിനായി നീക്കിവയ്‌ക്കാന്‍ തീരുമാനിക്കുകയും അത്‌ നടപ്പിലാക്കുകയും ചെയ്‌തു.

താങ്കളെ പോലെ തന്നെ പൊതുരംഗത്ത്‌ സജീവമാണ്‌ ഭാര്യ ഡോ. കെ. എസ്‌. ജയശ്രീയും. എന്താണ്‌ ജയശ്രീയുടെ പ്രവര്‍ത്തനങ്ങള്‍?

സ്‌ത്രീപക്ഷത്തു നിന്ന്‌ കാര്യങ്ങളെ നോക്കിക്കാണുകയും ലിംഗ നീതിക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അദ്ധ്യാപന ജോലിക്കിടയില്‍ ഇതിനെല്ലാം സമയം കണ്ടെത്തുന്നു. ഇപ്പോള്‍ നാട്ടിക എസ്‌.എന്‍. കോളജില്‍ അദ്ധ്യാപികയാണ്‌.
'സ്‌ത്രീചേതന' എന്ന സംഘടന രൂപീകരിച്ച്‌ പ്രവര്‍ത്തിക്കുന്നു. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്‌. അതില്‍ ഇടപെട്ട്‌ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നു. വിദ്യാഭ്യാസപരമായി സ്‌ത്രീകള്‍ ഒരുപാട്‌ മുന്നിട്ട്‌ നില്‍ക്കുന്ന സംസ്‌ഥാനമാണ്‌ കേരളം. എന്നാല്‍ ലിംഗസമത്വം കണക്കിലെടുക്കുമ്പോള്‍ സ്‌ത്രീ പുരുഷന്‌ ഒപ്പം എത്തിയിട്ടില്ലെന്ന്‌ തന്നെ പറയാം. സമൂഹത്തിന്റെ വികസനത്തെക്കുറിച്ച്‌ പറയുമ്പോള്‍ ലിംഗനീതി അനിവാര്യമാണ്‌. അതിനു വേണ്ടിയുളള ശ്രമങ്ങളാണ്‌ സ്‌ത്രീചേതന നടത്തിക്കൊണ്ടിരിക്കുന്നത്‌.

ആവിഷ്‌കാരസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ താങ്കളുടെ പാര്‍ട്ടി സ്വീകരിച്ച ചില നിലപാടുകള്‍ വിമര്‍ശന വിധേയമാണ്‌?

ഒരു ജനാധിപത്യ രാഷ്‌ട്രത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം അനിവാര്യമാണ്‌. അതിനെതിരായി അക്രമം പാടില്ലെന്ന്‌ തന്നെയാണ്‌ എന്റെ അഭിപ്രായം. ഒരാള്‍ പറയുന്ന അഭിപ്രായത്തോട്‌ എനിക്ക്‌ യോജിപ്പില്ലെങ്കില്‍ എതിരഭിപ്രായം പറഞ്ഞുകൊണ്ട്‌ എനിക്ക്‌ അതിനെ ഖണ്ഡിക്കാം, പ്രതിരോധിക്കാം. പക്ഷേ, അയാളെ ആക്രമിക്കാന്‍ പാടില്ല. അതുപോലെ പ്രകോപനപരമായ അഭിപ്രായങ്ങള്‍ പറയാതെ സംയമനവും മിതത്വവും പാലിക്കാനും മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാനും അഭിപ്രായം പറയുന്ന ആളും ശ്രദ്ധിക്കണം.

ഒരു ഉദാഹരണം പറയാം. എം.എഫ്‌. ഹുസൈന്‍ പണ്ട്‌ സരസ്വതീദേവിയെ നഗ്നയാക്കി ഒരു ചിത്രം വരച്ചു. അത്‌ അദ്ദേഹത്തിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യമാണെന്ന്‌ ചിലര്‍ ന്യായീകരിച്ചു. എന്നാല്‍ എത്രയോ ദശലക്ഷം ആളുകളുടെ വികാരത്തെയാണ്‌ അത്‌ വ്രണപ്പെടുത്തുന്നത്‌. എം.എഫ്‌. ഹുസൈന്റെ മനസില്‍ പലതും തോന്നാം. അത്‌ അദ്ദേഹത്തിന്റെ വ്യക്‌തിസ്വാതന്ത്ര്യം. എന്നാല്‍ ആവിഷ്‌കാരത്തിന്റെ പേര്‌ പറഞ്ഞ്‌ അത്‌ പ്രകടിപ്പിക്കുകയും പൊതുവേദികളില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതിനെ ന്യായീകരിക്കാനാവില്ല. സ്വാതന്ത്ര്യം എന്നത്‌ എന്തും കാണിക്കാനുളള അവകാശമല്ല. യുവര്‍ ഫ്രീഡം എന്‍ഡ്‌സ് അറ്റ്‌ ദ ടിപ്പ്‌ ഓഫ്‌ മൈ നോസ്‌ എന്ന ചൊല്ല്‌ തന്നെ എത്രയോ അര്‍ത്ഥവത്താണ്‌. ഒരു സമൂഹം എന്ന്‌ പറയുമ്പോള്‍ കൂട്ടായ്‌മയുടേതാണ്‌. മറ്റുളളവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്താതെ ജീവിക്കാന്‍ കഴിയണം.

ഇത്‌ എല്ലാവര്‍ക്കും ബാധകമല്ലേ?

തീര്‍ച്ചയായും. ഒന്നും ഏകപക്ഷീയമാകാന്‍ പാടില്ല. എം.എഫ്‌. ഹുസൈന്‍ പടം വരച്ചപ്പോള്‍ ആവിഷ്‌കാരസ്വാതന്ത്ര്യമാണെന്ന്‌ പറഞ്ഞവര്‍, സമീപകാലത്ത്‌ ഒരു എഴുത്തുകാരന്‍ തന്റെ നോവലിലൂടെ ഹിന്ദുസ്‌ത്രീകളെ അധിക്ഷേപിച്ചപ്പോള്‍ അത്‌ നോവല്‍ അല്ലേ, നിങ്ങള്‍ എന്തിനാണ്‌ പ്രകോപിതരാവുന്നതെന്നാണ്‌ ചോദിച്ചത്‌. അതേ സമയം പ്ര?ഫ. ജോസഫ്‌ അദ്ദേഹത്തിന്റെ ക്ലാസില്‍ ഒരു ടെസ്‌റ്റ് നടത്താനായി മുഹമ്മദ്‌ എന്ന വാക്ക്‌ ഉപയോഗിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കൈ വെട്ടിക്കൊണ്ടാണ്‌ ഒരു കൂട്ടര്‍ പ്രതിഷേധിച്ചത്‌. എല്ലാറ്റിലും പൊതുമാനദണ്ഡം ആവശ്യമാണ്‌. ചില കാര്യങ്ങള്‍ വരുമ്പോള്‍ പ്രകോപിതരാവരുത്‌ എന്ന്‌ പറയുന്ന പുരോഗമന വാദികള്‍ ചില കാര്യങ്ങളില്‍ മൗനം ദീക്ഷിക്കുന്നത്‌ കാണാം.

പൊതുപ്രവര്‍ത്തനത്തിന്‌ വേണ്ടി അനന്തര തലമുറ വേണ്ട എന്ന തീരുമാനം. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒന്നാണ്‌?

നമ്മള്‍ ജീവിക്കുന്ന സമൂഹത്തില്‍ നിരവധി കുഞ്ഞുങ്ങളുണ്ട്‌. എന്നിരുന്നാലും സ്വന്തമായി ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കിയെടുക്കുമ്പോഴുണ്ടാകുന്ന സന്തോഷം വലുതാണ്‌. പലരുടെയും ജീവിതത്തില്‍ നിന്ന്‌ നാം അത്‌ കണ്ടറിഞ്ഞിട്ടുള്ളതാണ്‌. നമുക്കും അത്‌ വിഭാവനം ചെയ്യാന്‍ കഴിയും. എന്നാല്‍ വിവാഹം കഴിഞ്ഞ ശേഷം ഞങ്ങള്‍ കൂട്ടായെടുത്ത തീരുമാനമാണ്‌ കുട്ടികള്‍ വേണ്ട എന്നത്‌. അതിന്‌ പല കാരണങ്ങളുണ്ട്‌. ജയശ്രീ പറയാറുണ്ട്‌, ഭൂമിയില്‍ വന്ന കുട്ടികളൊക്കെ സുഖമായിരിക്കുന്നുണ്ടോ? അവര്‍ക്ക്‌ കിട്ടേണ്ടതൊക്കെ കിട്ടിയിട്ടുണ്ടോ? അവര്‍ക്ക്‌ കൊടുക്കേണ്ടത്‌ കൊടുക്കാന്‍ നമുക്ക്‌ സാധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്‌ കൃത്യമായ ഒരുത്തരം ലഭിച്ചില്ല. അതേസമയം പുതിയ കുട്ടികള്‍ വന്ന്‌ അവരെ താലോലിച്ച്‌ വളര്‍ത്തിയെടുക്കുന്നതിന്റെ ഓരോ ഘട്ടത്തിലും മാതാപിതാക്കള്‍ക്ക്‌ ലഭിക്കുന്ന ഒരു സന്തോഷമുണ്ട്‌. അതിനേക്കാളൊക്കെ പ്രധാനമായിട്ട്‌ ഞങ്ങള്‍ക്ക്‌ തോന്നിയത്‌, നമുക്ക്‌ കഴിയുന്നത്ര കാര്യങ്ങള്‍ സമൂഹത്തിന്‌ വേണ്ടി ചെയ്‌തുകൊണ്ട്‌ അവരോടൊപ്പം ജീവിക്കാം എന്ന തീരുമാനത്തിലാണ്‌. അപ്പോഴും ഒരു കാര്യം ഞങ്ങള്‍ പരസ്‌പരം പറഞ്ഞിരുന്നു. മനുഷ്യന്റെ മനസാണ്‌. അത്‌ ഏത്‌ നിമിഷവും മാറിമറിയാം. നാളെ ഈ തീരുമാനത്തിന്‌ മാറ്റമുണ്ടായാല്‍ കുട്ടികള്‍ ഉണ്ടാവുന്നതിലും രണ്ടുപേരും തടസം നില്‍ക്കേണ്ടതില്ല. പക്ഷേ, പിന്നീട്‌ ഒരു ഘട്ടത്തിലും ഞങ്ങള്‍ക്ക്‌ മാത്രമായി ഒരു കുഞ്ഞിനെ ഭൂമിയിലേക്ക്‌ കൊണ്ടുവരണമെന്ന്‌ തോന്നിയില്ല. അതുകൊണ്ടാവാം എല്ലാ കുട്ടികളെയും സ്വന്തം കുഞ്ഞുങ്ങളെ പോലെ കാണാന്‍ ഞങ്ങള്‍ക്ക്‌ കഴിയുന്നുണ്ട്‌.

ഈ തരത്തില്‍ സമൂഹത്തിന്‌ വേണ്ടി ത്യാഗം ചെയ്യാനുളള മാനസികാവസ്‌ഥ എങ്ങനെ ലഭിച്ചു?

അതൊരു ത്യാഗമായി എനിക്ക്‌ തോന്നിയിട്ടില്ല. സമൂഹത്തെ സ്‌നേഹിക്കുകയും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ എനിക്ക്‌ ലഭിക്കുന്ന വ്യക്‌തിപരമായ സന്തോഷം വളരെ വലുതാണ്‌. അതില്‍ സംതൃപ്‌തി കാണാന്‍ ശ്രമിക്കുമ്പോള്‍ സ്വകാര്യമായ ചില സന്തോഷങ്ങള്‍ പിന്‍തളളപ്പെട്ടെന്ന്‌ വരാം.

ചെറിയ ഒരു ഉദാഹരണം പറയാം. ഡിഗ്രി പഠനകാലം വരെ ഞാന്‍ വീട്ടില്‍ അമ്മയോടൊപ്പം ഓണസദ്യ ഉണ്ടിരുന്നു. പിന്നീട്‌ 17 വര്‍ഷക്കാലം ഓണത്തിന്‌ വീട്ടില്‍ വരാന്‍ കഴിഞ്ഞിട്ടില്ല. എന്റെ കര്‍മ്മമണ്ഡലത്തിന്റെ പ്രത്യേകത അറിയുന്നതു കൊണ്ട്‌ എനിക്കോ കുടുംബത്തിനോ അതൊരു പ്രയാസമായി തോന്നിയിട്ടുമില്ല. വിവാഹശേഷം ചില മാറ്റങ്ങള്‍ വന്നു. ഓണസദ്യ പന്തളത്ത്‌ ജയശ്രീയുടെ വീട്ടില്‍ അവിടത്തെ അമ്മയ്‌ക്കൊപ്പവും വിഷു തലശ്ശേരിയില്‍ എന്റെ അമ്മയ്‌ക്കൊപ്പവുമാക്കി. ആദ്യകാലങ്ങളില്‍ ഓണത്തിന്‌ രണ്ട്‌ മൂന്നു ദിവസം വരെ വീട്ടിലുണ്ടാവുമായിരുന്നു. ഇപ്പോള്‍ കഷ്‌ടിച്ച്‌ ഓണത്തിന്റെ തലേന്ന്‌ എത്തി പിറ്റേന്ന്‌ വൈകുന്നേരം വരെയെങ്കിലും നില്‍ക്കാന്‍ പരമാവധി ശ്രമിക്കും.

ഇതൊന്നും മനഃപൂര്‍വം സംഭവിക്കുന്നതല്ല. 2017 ലെ ഓണക്കാലത്ത്‌ ഡല്‍ഹിയില്‍ മഹാത്മാ അയ്യങ്കാളിയുടെ ശതാബ്‌ദി ആഘോഷം നടക്കുകയാണ്‌. പ്രധാനമന്ത്രി ഉള്‍പ്പെടെ സംബന്ധിക്കുന്ന ചടങ്ങില്‍ നിന്ന്‌ എനിക്ക്‌ മാറി നില്‍ക്കാന്‍ കഴിയില്ല. അന്ന്‌ ഓണത്തിന്‌ വീട്ടില്‍ വരാനേ കഴിഞ്ഞില്ല. പക്ഷേ, വീട്ടിലുളള സമയത്ത്‌ നന്നായി ആഘോഷിക്കും. ഒരു ഓണത്തിന്‌ എവിടന്നോ ഒരു പാചകക്കുറിപ്പ്‌ സംഘടിപ്പിച്ച്‌ പഴം പ്രഥമന്‍ ഞാന്‍ തന്നെ ഉണ്ടാക്കി നോക്കി. നല്ല ടേസ്‌റ്റായിരുന്നുവെന്ന്‌ ജയശ്രീ പറയാറുണ്ട്‌.

പാചകത്തില്‍ മുന്‍പരിചയം?

ജയശ്രീ ആദ്യം ജോലി ചെയ്‌തിരുന്നത്‌ തൃശൂരായിരുന്നു. അന്ന്‌ കോഴിക്കോട്‌ ഞാന്‍ തനിച്ചാണ്‌ താമസം. ആ സമയത്ത്‌ ദോശയൊക്കെ തനിയെ ഉണ്ടാക്കി കഴിച്ചിട്ടുണ്ട്‌. അത്‌ ഓരോ സമയത്തെ ആവശ്യം കൊണ്ട്‌ ചെയ്‌തു പോവുന്നതാണ്‌. ചമ്മന്തി അരച്ചിട്ടുണ്ട്‌, പുളിശേരി ഉണ്ടാക്കിയിട്ടുണ്ട്‌. ചായയും കാപ്പിയും നന്നായിട്ട്‌ ഉണ്ടാക്കാനറിയാം. പിന്നെ പപ്പടം കാച്ചാനും ഗോതമ്പ്‌ ദോശയുണ്ടാക്കാനും ഉപ്പുമാവ്‌ ഉണ്ടാക്കാനും അങ്ങനെ അത്യാവശ്യം ജീവിച്ചു പോകാനുളള കാര്യങ്ങളൊക്കെ അറിയാം. ഇതൊക്കെ എല്ലാവരും അറിഞ്ഞിരിക്കേണ്ടതല്ലേ?

ഇതൊക്കെയായിട്ടും പട്ടിണി കിടന്നിട്ടുണ്ടോ? അത്തരം അനുഭവങ്ങളിലൂടെ കടന്നു പോകാത്ത പൊതുപ്രവര്‍ത്തകരില്ലെന്നാണ്‌ വയ്‌പ്?

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു തിരുവോണനാളില്‍ ഞാനും പട്ടിണി കിടന്നിട്ടുണ്ട്‌. മുരുക്കുംപുഴയില്‍ ഒരു കൊലപാതകം നടന്നതില്‍ പ്രതിഷേധിച്ച്‌ കേരളം മുഴുവന്‍ ഉപവാസസമരം നടന്നിരുന്നു. ഞാന്‍ അന്ന്‌ കോഴിക്കോട്‌ മാനാഞ്ചിറയിലാണ്‌. ഞാനും സംഘടനയുടെ മറ്റ്‌ പ്രവര്‍ത്തകരും ചേര്‍ന്ന്‌ ഓണത്തിന്‌ നിരാഹാരം കിടന്നു. പട്ടിണിയും ഒരു രാഷ്‌ട്രീയപ്രവര്‍ത്തനമാണ്‌.

ധാരാളം വലിയ നേതാക്കളുടെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുള്ള താങ്കളുടെ കാഴ്‌ചപ്പാടില്‍ ആരാണ്‌ ഏറ്റവും നല്ല പ്രാസംഗികന്‍?

നമ്മള്‍ പറയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ മറ്റുളളവര്‍ക്ക്‌ ബോധ്യപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കുന്നതാണ്‌ നല്ല പ്രസംഗം. പല നല്ല പ്രാസംഗികരുടെയും അവതരണരീതി അത്ര ആകര്‍ഷകമാവണമെന്നില്ല. പക്ഷേ, അവര്‍ ജനങ്ങളിലേക്ക്‌ പകരാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കൃത്യമായ ഭാഷയിലും രീതിയിലും അവര്‍ക്ക്‌ അവതരിപ്പിക്കാന്‍ കഴിയുന്നുണ്ട്‌. ശ്രീ.എ.കെ.ആന്റണിയുടെ പ്രസംഗശൈലി അത്ര ഇംപ്രസീവ്‌ അല്ലെന്ന്‌ പ്രത്യക്ഷത്തില്‍ നമുക്ക്‌ തോന്നാം. എന്നാല്‍ താന്‍ ഉദ്ദേശിക്കുന്ന ആശയങ്ങള്‍ കൃത്യമായി അണികളിലേക്ക്‌ എത്തിക്കാന്‍ അദ്ദേഹത്തിന്‌ പ്രത്യേക കഴിവുണ്ട്‌. ആശയതലത്തിലും അവതരണത്തിലും ഒരു പോലെ കഴിവുളള പ്രാസംഗികനാണ്‌ നമ്മുടെ പ്രധാനമന്ത്രി.

നെഹ്‌റു യുവകേന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു?

നെഹ്‌റുയുവകേന്ദ്രയുടെ അദ്ധ്യക്ഷപദവിയില്‍ വരുന്നത്‌ വാജ്‌പേയിയുടെ ഭരണകാലത്താണ്‌. അന്നാണ്‌ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 50-ാം വാര്‍ഷികാഘോഷം നടന്നത്‌. അതിന്റെ കോര്‍ഡിനേഷന്‍ ചുമതല എനിക്കായിരുന്നു. നെഹ്‌റു യുവകേന്ദ്രയിലിരുന്ന്‌ ഇന്ത്യ എമ്പാടുമുളള യുവജനപ്രവര്‍ത്തനങ്ങള്‍ ഞാന്‍ വിശകലനം ചെയ്‌തു. പല ചെറുപ്പക്കാരും വിദ്യാഭ്യാസം കഴിഞ്ഞ്‌ ജോലിക്കൊക്കെ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇടവേളയില്‍ ഒരു നേരംപോക്ക്‌ എന്ന നിലയിലാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്‌. പല യൂത്ത്‌ ക്ലബ്ബുകളുടെയും ദൗത്യങ്ങള്‍ കേവലം എന്റര്‍ടൈന്‍മെന്റ മാത്രമായിരുന്നു. അതിനപ്പുറം സമൂഹത്തിന്‌ പ്രയോജനമുളള ധാരാളം കാര്യങ്ങളിലേക്ക്‌ പരിവര്‍ത്തിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. ഉദാഹരണത്തിന്‌ ലൈബ്രറികളും വായനാമുറികളും നിര്‍മ്മിച്ചു. പാവപ്പെട്ടവര്‍ക്ക്‌ സൗജന്യകിറ്റുകള്‍ നല്‍കി. ഹെല്‍ത്ത്‌ ചെക്കപ്പുകള്‍, സ്‌കുള്‍ തുറക്കുമ്പോള്‍ പുസ്‌തക വിതരണം..അങ്ങനെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ അതിലെ പോരായ്‌മകള്‍ പരിഹരിക്കാനുതകുന്ന പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. വിവിധ പ്രത്യയശാസ്‌ത്രങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഒരുമിച്ചു വന്ന്‌ സമൂഹത്തിന്റെ പൊതുവായ പ്രശ്‌നങ്ങളില്‍ കൂട്ടായി പ്രവര്‍ത്തിച്ച്‌ പരിഹാരം കണ്ടെത്തുക എന്ന സങ്കല്‍പ്പമായിരുന്നു നെഹ്‌റു യുവകേന്ദ്ര നടപ്പിലാക്കാന്‍ ശ്രമിച്ചത്‌. അതുവഴി ഇന്ത്യയിലെ ഗ്രാമങ്ങളെ അടുത്തറിയാനും കഴിഞ്ഞു.

ആദ്യം സംസ്‌ഥാന അദ്ധ്യക്ഷന്‍, പിന്നെ രാജ്യസഭാംഗം, ഇപ്പോള്‍ കേന്ദ്രമന്ത്രി പദവി. ഈ അംഗീകാരങ്ങളെ എങ്ങനെ കാണുന്നു?

കേരളത്തിലെ പാര്‍ട്ടിക്ക്‌ ലഭിച്ച അംഗീകാരമായി കാണുന്നു. വ്യക്‌തിപരമായി ലഭിച്ച പദവികളല്ല ഇതൊന്നും. ഞങ്ങളുടെ കൂട്ടായ പരിശ്രമത്തിന്‌ ലഭിച്ചതാണ്‌. ഏറെ പരിമിതികളില്‍ നിന്ന്‌ 16% വോട്ട്‌ സമാഹരിക്കാന്‍ കഴിവുളള പാര്‍ട്ടിയായി ഞങ്ങള്‍ വളര്‍ന്നത്‌ സംഘടിതപരിശ്രമത്തിലൂടെയാണ്‌.

അങ്ങനെയൊക്കെ പറഞ്ഞാലും ഈ നേട്ടങ്ങള്‍ വ്യക്‌തിപരമായി അഭിമാനിക്കാന്‍ വക നല്‍കുന്നില്ലേ?

ഇതില്‍ അഭിമാനത്തിന്റെയോ പദവിയുടെയോ ഒന്നും പ്രശ്‌നം ഉദിക്കുന്നില്ല. ഓരോരോ കാലഘട്ടങ്ങളില്‍ പാര്‍ട്ടി ഓരോ ചുമതലകള്‍ എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്‌.പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ മൂന്ന്‌ മണ്ഡലങ്ങളുടെ മേല്‍നോട്ട ചുമതല നല്‍കി. ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പില്‍ രണ്ട്‌ പഞ്ചായത്തുകളുടെ ചുമതലയാണ്‌ നല്‍കിയത്‌. അതുപോലെ കേന്ദ്രസര്‍ക്കാരിന്റെ രണ്ട്‌ വകുപ്പുകളുടെ ഉത്തരവാദിത്തം കൂടി എന്നെ ഏല്‍പ്പിച്ചു. എന്റെ കഴിവുകള്‍ക്കും പരിമിതികള്‍ക്കുമുളളില്‍ നിന്ന്‌ ഭംഗിയായി ചെയ്‌തു തീര്‍ക്കും എന്ന്‌ മാത്രമേ ഇത്‌ സംബന്ധിച്ച്‌ പറയാന്‍ സാധിക്കൂ.

വിദേശകാര്യവകുപ്പ്‌ സഹമന്ത്രി എന്ന നിലയില്‍ കേരളത്തിലെ പ്രവാസികള്‍ നേരിടുന്ന ഏതൊക്കെ പ്രശ്‌നങ്ങള്‍ക്കാവും പരിഹാരം കണ്ടെത്തുക?

ഏറ്റവും പ്രധാനപ്രശ്‌നങ്ങളിലൊന്ന്‌ വിമാനയാത്രക്കൂലിയുമായി ബന്ധപ്പെട്ടതാണ്‌. രണ്ട്‌ ഗള്‍ഫ്രാജ്യങ്ങളില്‍ നിന്ന്‌ വിമാനത്തില്‍ മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ വിമാനക്കമ്പനികള്‍ തൂക്കത്തിന്‌ അനുസരിച്ചുളള തുകയാണ്‌ ഈടാക്കുന്നത്‌. ഇത്‌ രണ്ടും സംബന്ധിച്ച്‌ കേന്ദ്രവ്യോമയാനവകുപ്പ്‌ മന്ത്രി ശ്രീ. ഹര്‍ദീപ്‌സിംഗ്‌പുരിയുമായി കഴിഞ്ഞദിവസം ചര്‍ച്ച ചെയ്‌തിരുന്നു. സ്വകാര്യവിമാനക്കമ്പനികളാണ്‌ ഇതെല്ലാം ചെയ്യുന്നത്‌. അവരുടെ തീരുമാനങ്ങള്‍ പുനപരിശോധിപ്പിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ഇന്ത്യയില്‍ നിന്ന്‌ വിദേശത്ത്‌ ജോലി തേടിപോകുന്നയാളുകള്‍ വഞ്ചിക്കപ്പെടുകയും കടുത്ത ചൂഷണം നേരിടുകയും ചെയ്യുന്നുണ്ട്‌. ഈ പ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്താനായിട്ട്‌ ഒരു സമഗ്രമായിട്ടുളള എമിഗ്രേഷന്‍ നിയമം അടിയന്തിരമായി കൊണ്ടുവരാനാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. അധികം വൈകാതെ ആ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ പാസാക്കിയെടുക്കാന്‍ കഴിയുമെന്ന്‌ വിചാരിക്കുന്നു.

രാജ്യസഭയില്‍ ബി.ജെ.പിക്ക്‌ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ണ്ണായക നിയമങ്ങള്‍ എങ്ങനെ പാസാക്കും?

പ്രതിപക്ഷവുമായി സമവായത്തിലുടെ നിയമനിര്‍മ്മാണം നടത്തുക എന്നതാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. ഒരു ഏറ്റുമുട്ടലിന്റെ പാതയിലുടെ സഞ്ചരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്തു കൊണ്ട്‌ നിയമനിര്‍മ്മാണം നടത്തണമെന്നുളളതാണ്‌. രാഷ്‌ട്രീയതാതത്‌പര്യമോ വിഭാഗിയ താത്‌പര്യങ്ങളുടെയോ അടിസ്‌ഥാനത്തിലാവില്ല നിയമനിര്‍മ്മാണം. എല്ലാ വിഭാഗങ്ങളുടെയും പ്രത്യേകിച്ച്‌ പാവപ്പെട്ടവരുടെ ക്ഷേമം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടാവും പ്രവര്‍ത്തനങ്ങള്‍.

മുത്തലാഖ്‌ ബില്‍ തന്നെ പാവപ്പെട്ട മുസ്ലിംസ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. അത്‌ ഏതെങ്കിലും മതവിഭാഗത്തിന്‌ എതിരായിട്ടുളളതല്ല. ഇതുപോലെയുള്ള പല നിയമങ്ങളും സമൂഹത്തിലെ പാവപ്പെട്ടവരും പാര്‍ശ്വവത്‌കരിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്‌ വേണ്ടിയുള്ളതായിരിക്കും. ആയതിനാല്‍ പ്രതിപക്ഷവുമായി പേരാടാതെ പൊതുതാത്‌പര്യാര്‍ത്ഥം ഒരുമിച്ചു നിന്ന്‌ നിയമനിര്‍മ്മാണം നടത്താന്‍ കഴിയുമെന്നാണ്‌ സര്‍ക്കാരിന്റെ പ്രതീക്ഷ.

സജില്‍ ശ്രീധര്‍

Ads by Google
Ads by Google
Loading...
TRENDING NOW